|    Nov 13 Tue, 2018 7:55 am
FLASH NEWS
Home   >  National   >  

എന്‍ഡിടിവി ടെലിതോണ്‍; കേരളത്തിനുള്ള സഹായം 10 കോടി കവിഞ്ഞു

Published : 27th August 2018 | Posted By: mtp rafeek

ന്യൂഡല്‍ഹി: എന്‍ഡിടിവി ചാനലും ടാറ്റാ സ്‌കൈയും ചേര്‍ന്ന് കേരളത്തിലെ പ്രളയ ദുരിതി ബാധിതരെ സഹായിക്കാനായി സംഘടിപ്പിച്ച ഇന്ത്യ ഫോര്‍ കേരള എന്ന ടെലിതോണ്‍ ചര്‍ച്ചാ പരിപാടിയിലൂടെ ഇതിനകം ലഭിച്ചത് 10.2 കോടി രൂപ. ഞായറാഴ്ച മുംബൈയിലെ ട്രൈഡന്റ് ഹോട്ടലിലായിരുന്ന പ്രമുഖ അതിഥികള്‍ പങ്കെടുത്ത പരിപാടി.

എന്‍ഡിടിവി അവതാരകരായ വിക്രം ചന്ദ്ര, നിഥി കുല്‍പതി എന്നിവര്‍ നേതൃത്വം നല്‍കിയ ചര്‍ച്ചാ പരിപാടിയില്‍ കേന്ദ്ര മന്ത്രിമാര്‍, സംസ്ഥാന മന്ത്രിമാര്‍, സെലിബ്രിറ്റികള്‍ തുടങ്ങിയവര്‍ പങ്കാളികളായി. കേന്ദ്രമന്ത്രിമാരായ നിതിന്‍ ഗഡ്്കരി, അല്‍ഫോണ്‍സ് കണ്ണന്താനം, നീതി ആയോഗ് പ്രതിനിധികളായ ഡോ. രാജീവ് കുമാര്‍, അമിതാഭ് കാന്ത്, മുഖ്യമന്ത്രിമാരായ പിണറായി വിജയന്‍, കോണ്‍റാഡ് സാങ്മ, എന്‍ ബിരേന്‍ സിങ്, രമണ്‍ സിങ്, നവീന്‍ പട്‌നായിക്, ദേവേന്ദ്ര ഫട്‌നാവിസ്, മന്ത്രി തോമസ് ഐസക്, കുശ്ബു സുന്ദര്‍, പ്രിയ ദത്ത്, ആദിത്യ താക്കറേ, ശശി തരൂര്‍ തുടങ്ങി പ്രമുഖര്‍ പരിപാടിയുടെ ഭാഗമായി.

സെലിബ്രിറ്റികളായ രവീണ ടാണ്ടന്‍, റാണ ദഗ്ഗുബതി, ജാവേദ് അക്തര്‍, മനീഷ കൊയ്‌രാള, റസൂല്‍ പൂക്കുട്ടി, ജിമ്മി ഷെര്‍ഗില്‍, അഭിഷേക് ബച്ചന്‍, ആനന്ദ് റായ്, സോനാക്ഷി സിന്‍ഹ, നന്ദിത ദാസ്, മുദസ്സര്‍ അസീസ്, ശ്രുതി ഹാസന്‍, ഉസ്്താദ് അംജദ് അലി ഖാന്‍, അമാന്‍ അലി ബംഗാഷ്, അയാന്‍ അലി ബംഗാഷ്, സോനം കാര്‍ല, അങ്കൂര്‍ തിവാരി, ഷാന്‍, തോച്ചി റെയ്‌ന, കനിക കപൂര്‍, ഹരിഹരന്‍, ശില്‍പ റാവു, പൂര്‍ബയാന്‍ ചാറ്റര്‍ജി, ജസ്ബീര്‍ ജാസി തുടങ്ങിയവരും ടെലിതോണില്‍ സഹകരിച്ചു.

നാവിക സേന, വ്യോമ സേന, കരസേന പ്രതിനിധികളും ചര്‍ച്ചയില്‍ തങ്ങളുടെ അഭിപ്രായങ്ങളും അനുഭവങ്ങളും പങ്കുവച്ചു. കേരളം നേരിടുന്ന മഹാദുരിതത്തിന്റെ ആഴം മനസ്സിലാക്കി നിരവധി കമ്പനികളും വ്യക്തികളും സഹായവുമായി രംഗത്തെത്തി. പരിപാടിയിലൂടെ ശേഖരിക്കുന്ന ഫണ്ടിന്റെ വിതരണച്ചുമതല പ്ലാന്‍ ഇന്ത്യ എന്ന സര്‍ക്കാരേതര സംഘടനയ്ക്കാണ്. പ്രളയം ഏറ്റവും കൂടുതല്‍ ബാധിച്ച മൂന്ന് ജില്ലകള്‍ കേന്ദ്രീകരിച്ചാണ് ദുരിതാശ്വാസ പ്രവര്‍ത്തനം നടത്തുക.

തുടക്കമെന്ന നിലയില്‍ അവശ്യവസ്തുക്കളും ഭക്ഷണ സാധനങ്ങളുമടങ്ങിയ 2000 രൂപയുടെ കിറ്റുകള്‍ ദുരിതബാധിതര്‍ക്ക് വിതരണം ചെയ്യും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss