|    Sep 19 Wed, 2018 4:46 pm
FLASH NEWS
Home   >  Sports  >  Athletics  >  

4-400 റിലേ: വനിതകള്‍ക്ക് സ്വര്‍ണം;പുരുഷന്‍മാര്‍ക്ക് വെള്ളി

Published : 31st August 2018 | Posted By: jaleel mv


ജക്കാര്‍ത്ത:4-400 മീറ്റര്‍ റിലേയില്‍ ഇന്ത്യന്‍ വനിതകള്‍ സ്വര്‍ണം ഓടിയെടുത്തപ്പോള്‍ പുരുഷന്‍മാര്‍ വെള്ളിയും കൈക്കലാക്കി. ഇഞ്ചിയോണ്‍ ഗെയിംസിലെ സ്വര്‍ണനേട്ടം ഇന്നലെയും വനിതകള്‍ നിലനിര്‍ത്തുകയായിരുന്നു.
മലയാളി താരം വിസ്മയ കോറോത്ത്, 400 മീറ്ററില്‍ വെള്ളി നേടിയ ഹിമാ ദാസ്,എം ആര്‍ പൂവമ്മ, സരിത എന്നിവര്‍ ചേര്‍ന്ന് മൂന്ന് മിനിറ്റ് 28.72 സെക്കന്‍ഡ് കൊണ്ട് മല്‍സരം പൂര്‍ത്തിയാക്കിയാണ് ഇന്ത്യന്‍ അക്കൗണ്ടില്‍ ഒരു സ്വര്‍ണം കൂടി ചേര്‍ത്തത്. ബഹ്‌റൈന്‍ വെള്ളിയും വിയറ്റ്‌നാം വെങ്കലവും നേടി. തുടക്കത്തില്‍ ഹിമാ ദാസ് സമ്മാനിച്ച ലീഡ് ഇന്ത്യ നിലനിര്‍ത്തുകയായിരുന്നു. നാലാമതായി ഓടിയ വിസ്മയ ലീഡ് കൈവിടാതെ കുതിച്ചപ്പോള്‍ റിലേയില്‍ വീണ്ടും പൊന്‍തിളക്കം.


പുരുഷന്‍മാരുടെ 4-400 മീറ്റര്‍ റിലേയില്‍ ഖത്തറിന്റെ ആഫ്രിക്കന്‍ വംശജരുടെകൂടെ ഓടിയ ഇന്ത്യന്‍ താരങ്ങള്‍ക്ക് സ്വര്‍ണം നേടാനായില്ല. മുഹമ്മദ് അനസ്, കുഞ്ഞുമുഹമ്മദ് എന്നീ മലയാളി താരങ്ങള്‍ക്കൊപ്പം ധരുണ്‍ അയ്യാസാമിയും രാജീവ് ആരോക്യയും ഇന്ത്യക്ക് വീണ്ടുമൊരു വെള്ളി സമ്മാനിച്ചു. 3 മിനിറ്റ് 00.56 സെക്കന്‍ഡോടെ പുതിയ ഏഷ്യന്‍ റെക്കോഡ് കുറിച്ച ഖത്തറിന് പിന്നില്‍ മൂന്ന് മിനിറ്റ് 01.85 സെക്കന്‍ഡ് കൊണ്ടാണ് ഇന്ത്യ അവസാന വരയും കടന്നത്. ജപ്പാനാണ് ഈ ഇനത്തില്‍ വെങ്കലം.
മല്‍സരത്തില്‍ ഒന്നാമതായി ഓടിയ കുഞ്ഞുമുഹമ്മദിന് ലീഡ് നേടാനായില്ല. ഇന്ത്യക്ക് വേണ്ടി രണ്ടാമതായി ഓടിയ ധരുണ്‍ അയ്യാസ്വാമി മൂന്നാമതായാണ് അനസിന് ബാറ്റണ്‍ കൈമാറിയത്. എന്നാല്‍ ബാറ്റണുമായി കുതിച്ചോടിയ അനസിലൂടെ ഇന്ത്യ രണ്ടാമതെത്തുകയായിരുന്നു. പിന്നീട് ആരോക്യരാജീവും കുതിച്ചോടിയെങ്കിലും ആഫ്രിക്കന്‍ വംശജരായ ഖത്തറില്‍ നിന്നും സ്വര്‍ണം പിടിച്ചെടുക്കാന്‍ ഇന്ത്യക്കായില്ല.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss