|    Aug 22 Wed, 2018 11:19 am
FLASH NEWS
Home   >  Sports  >  Cricket  >  

രണ്ടാം ടെസ്റ്റിലും ഇന്ത്യക്ക് തകര്‍ച്ച ; 107 ന് ഓള്‍ ഔട്ട്‌

Published : 10th August 2018 | Posted By: jaleel mv

ലണ്ടന്‍ :ആദ്യ മല്‍സരത്തിലേറ്റ തിരിച്ചടിക്ക് രണ്ടാം മല്‍സരത്തിലൂടെ മറുപടി നല്‍കാനിറങ്ങിയ ഇന്ത്യക്ക് ചുവട് പിഴച്ചു. ആദ്യ ദിനത്തില്‍ മഴ വില്ലനായതോടെ രണ്ടാം ദിനം കളു തുടങ്ങേണ്ടി വന്ന മല്‍സരത്തില്‍ വീണ്ടും മഴ മല്‍സരത്തിന്റെ ആവേശം കെടുത്തി. എന്നാല്‍ മഴ ശമിച്ചതോടെ ബാറ്റിങ് ലഭിച്ച ഇന്ത്യ ബാറ്റിങിനിറങ്ങിയ ആദ്യ ദിനം തന്നെ 107 റണ്‍സെടുത്ത് ഓള്‍ ഔട്ടായി. ഇംഗ്ലീഷ് പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സന്റെ അഞ്ച് വിക്കറ്റ് പ്രകടനമാണ് ഇന്ത്യയെ ദയനീയ ടോട്ടലിലേക്ക് തള്ളിവിട്ടത്. 29 റണ്‍സെടുത്ത ആര്‍ അശ്വിനാണ് ഇന്ത്യന്‍ നിരയിലെ ടോപ് സ്‌കോറര്‍. ആദ്യ ടെസ്റ്റില്‍ സെഞ്ച്വറി പ്രകടനവുമായി തിളങ്ങിയ നായകന്‍ കോഹ്‌ലിക്ക് 23 റണ്‍സേ എടുക്കാനായുള്ളൂ.
മഴ അരങ്ങ് തകര്‍ത്ത രണ്ടാം ദിനം ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 8.3 ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ 15 റണ്‍സിനെന്ന നിലയിലാണ് ഇന്ത്യ. ടോസ് വിജയിച്ച ഇംഗ്ലീഷ് നായകന്‍ ജോ റൂട്ട് ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ആദ്യ ടെസ്റ്റില്‍ നിറം മങ്ങിയ ശിഖര്‍ ധവാനെയും ഹര്‍ദിക് പാണ്ഡ്യയെയും പുറത്തിരുത്തി ചേതേശ്വര്‍ പൂജാരയ്ക്കും കുല്‍ദീപ് യാദവിനും ടീമിലിടം നല്‍കിയാണ് ഇന്ത്യ രണ്ടാം ടെസ്റ്റിനിറങ്ങിയത്. തന്റെ ബൗളിങ് നിരയില്‍ റൂട്ട് സൂക്ഷിച്ച വിശ്വാസം ഇംഗ്ലീഷ് ബൗളര്‍മാര്‍ മൈതാനത്തും ആവര്‍ത്തിച്ചു. മദ്യപിച്ച് പൊതു സ്ഥലത്ത് പ്രശ്‌നമുണ്ടാക്കിയതിന്റെ പേരില്‍ മല്‍സരത്തില്‍ നിന്നും വിട്ടു നില്‍ക്കുന്ന പേസര്‍ ബെന്‍ സ്‌റ്റോക്ക്‌സിന്റെ അഭാവം ഒരു തരത്തിലും പ്രകടമാക്കാതെയായിരുന്നു ഇംഗ്ലീഷ് ബൗളിങ് നിര പന്തെറിഞ്ഞത്. ഒരര്‍ത്ഥത്തില്‍ ഇന്ത്യന്‍ ബാറ്റിങ് നിരയെ ജെയിംസ് ആന്‍ഡേഴ്‌സന്റെ നേതൃത്വത്തില്‍ ഇംഗ്ലീഷ് ബൗളിങ് നിര വരിഞ്ഞു മുറുക്കി. ആദ്യ മല്‍സരത്തില്‍ ഒരു കൈയകലത്ത് ഇന്ത്യന്‍ വിജയപ്രതീക്ഷകള്‍ എറിഞ്ഞിട്ട ഇംഗ്ലീഷ് ബൗളര്‍മാര്‍ രണ്ടാം മല്‍സരത്തിലും അതേ ഫോം തുടര്‍ന്നു. ആദ്യ ഓവറില്‍ തന്നെ ഓപണറായ മുരളി വിജയിയെ മടക്കിക്കൊണ്ട് ജെയിംസ് ആന്‍ഡേഴ്‌സനാണ് ഇന്ത്യക്ക് ആദ്യ പ്രഹരമേല്‍പ്പിച്ചത്. വെറും 5 പന്തുകള്‍ മാത്രം നേരിട്ട വിജയ് റണ്ണൊന്നുമെടുക്കാതെ സംപൂജ്യനായാണ് മടങ്ങിയത്. തൊട്ടു പിന്നാലെ ആദ്യ ടെസ്റ്റിന്റെ ആവര്‍ത്തനമെന്നവണ്ണം 8 റണ്‍സെടുത്ത കെ എല്‍ രാഹുലിനേയും പുറത്താക്കിക്കൊണ്ട് ആന്‍ഡേഴ്‌സണ്‍ വീണ്ടും ആഞ്ഞടിച്ചു. അടുത്ത ഊഴം ഇന്ത്യന്‍ ടെസ്റ്റ് ബാറ്റിങിന്റെ നെടുംതൂണെന്നറിയപ്പെടുന്ന ചേതേശ്വര്‍ പൂജാരയുടേതായിരുന്നു. 25 പന്തുകളില്‍ നിന്ന് ഒരു റണ്‍സ് മാത്രം നേടിയ പൂജാര ഇല്ലാത്ത റണ്ണിനോടി. പോപ റണ്ണൗട്ടാക്കുകയായിരുന്നു. കൊഹ്‌ലിയുടെ പിഴവില്‍ നിന്നാണ് പൂജാരയുടെ വിക്കറ്റ് ഇന്ത്യക്ക് നഷ്ടമായത്. അതിവേഗത്തില്‍ സിംഗിള്‍ ഓടിയെടുക്കാനായി മറുവശത്തു നിന്ന പൂജാരയെ വിളിച്ച കോഹ്‌ലി അപകടം മണത്തപ്പോള്‍ കോഹ്‌ലി തിരികെ ക്രീസില്‍ കയറിയെങ്കിലും പൂജാര പുറത്ത് തന്നെ. ഫലമോ ഇന്ത്യന്‍ സ്‌കോര്‍ മുന്ന് വിക്കറ്റ് നഷ്ടത്തില്‍ 15 റണ്‍സ്. പൂജാരയുടെ വിക്കറ്റ് വീണയുടന്‍ വീണ്ടും മഴയെത്തിയതോടെ മല്‍സരം ചായക്കു പിരിഞ്ഞു. ചായ സമയത്തിനു ശേഷവും മഴക്കു ശമനമില്ലാത്തതിനാല്‍ മല്‍സരം വീണ്ടും തടസ്സപ്പെടുകയായിരുന്നു. തുടര്‍ന്ന് കളി പുനരാരംഭിച്ചതോടെ ഇന്ത്യ വീണ്ടും വീണുടയുന്ന കാഴ്ചയാണ് കണ്ടത്. കോഹ് ലി (23), രഹാനെ (18), ഹര്‍ദിക് പാണ്ഡ്യ (11) ദിനേശ് കാര്‍ത്തിക് (0), അശ്വിന്‍ (29) കുല്‍ദീപ് യാദവ് (0) ഇശാന്ത് ശര്‍മ( 0) എന്നിവരെ ഇംഗ്ലീഷ് ബൗളര്‍മാര്‍ ഒട്ടും വാഴിക്കാതെ പവലിയനിലേക്ക് മടക്കിയതോടെ രണ്ടാം ദിനം സ്റ്റംപെടുക്കുമ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ 10 വിക്കറ്റ് നഷ്ടത്തില്‍ വെറും 107 റണ്‍സ് മാത്രം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss