Flash News

സങ്കടങ്ങളുടെ ഉരുള്‍പൊട്ടല്‍ അവസാനിക്കാതെ ഇടുക്കി

സങ്കടങ്ങളുടെ ഉരുള്‍പൊട്ടല്‍ അവസാനിക്കാതെ ഇടുക്കി
X


പ്രളയാനന്തര ഇടുക്കിയുടെ കര്‍ഷകഹൃദയത്തില്‍ ജീവിതസങ്കടങ്ങളുടെ ഉരുള്‍പൊട്ടല്‍ തുടരുകയാണ്. അതിനു അന്ത്യമുണ്ടാവുമോയെന്നും സംശയം. കാരണം മലയോര ജീവിതം ഉയര്‍ത്തുന്ന വെല്ലുവിളികള്‍ അതിജീവിക്കാന്‍ കരുത്തു നേടിയൊരു തലമുറ മുമ്പുണ്ടായിരുന്നു. ഇപ്പോഴത്തെ തലമുറയ്ക്ക് അത്രകണ്ട് കരുത്തുപോരെന്നാണു ഹൈറേഞ്ചില്‍ നിന്നുള്ള കൊഴിഞ്ഞുപോക്കുകള്‍ നല്‍കുന്ന സൂചന.
പ്രളയാനന്തരം ഹൈറേഞ്ച് ജീവിതം ഇന്ന് നിവൃത്തികേടിന്റെ പേരില്‍ തുടരുന്ന കഥ മാത്രമാണെന്നാണു വിലയിരുത്തല്‍. ഇപ്പോഴത്തെ ന്യൂനമര്‍ദം മഴയായി വന്നില്ലെങ്കില്‍ അതിന്റെ കണക്കുതീര്‍ക്കാന്‍ പോന്നതാവുമോ തുലാവര്‍ഷം എന്നാണ് ഉള്ളിലെ ഹൈറേഞ്ചിന്റെ ഭയം. ഏതു കൊടുംതണുപ്പിലും ഹൈറേഞ്ചുകാരുടെ നെഞ്ചില്‍ തീപ്പിടിക്കാന്‍ കാരണങ്ങള്‍ ഓരോന്നുണ്ടാകും.
ഇടുക്കിയുടെ യഥാര്‍ഥ നാശനഷ്ടങ്ങള്‍ പൊതുസമൂഹത്തിന് ഇനിയും പൂര്‍ണമായി ബോധ്യപ്പെട്ടിട്ടുണ്ടോ എന്നു സംശയമാണ്. കാരണം പ്രളയദിനങ്ങളില്‍ ഇടുക്കിയെന്ന ഭൂപ്രദേശം തന്നെ രണ്ടു ദിവസത്തോളം പൂര്‍ണമായി ഒറ്റപ്പെട്ടിരുന്നു. പോലിസ് വയര്‍ലെസ് സംവിധാനമായിരുന്നു ആകെ ആശ്രയം. ആളുകള്‍ ഒരോ ദുരിതതുരുത്തുകളില്‍ പെട്ടുപോയ അവസ്ഥ. അതില്‍ നിന്നു മോചനമുണ്ടായപ്പോഴേക്കും തൃശൂര്‍, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ വെള്ളപ്പൊക്ക കെടുതികള്‍ വാര്‍ത്തകളില്‍ മേല്‍ക്കൈ നേടി. മാത്രമല്ല, ഇടുക്കിയുടെ നാശം റിപോര്‍ട്ട് ചെയ്യുന്നതിന് എത്തിപ്പെടാനുള്ള റോഡും മറ്റു സംവിധാനങ്ങളും ഉണ്ടായിരുന്നതുമില്ല. ഇപ്പോള്‍ പോലും അവ പൂര്‍ണമായി പുനസ്ഥാപിച്ചെന്നു പറയാനാവില്ല. ഒടുവില്‍ തനിക്കു താനും പുരയ്ക്കു തൂണും എന്ന അവസ്ഥയിലാണ് ഇടുക്കിയുടെ ജനജീവിതം.
ഇടുക്കിയുടെ ഹൈറേഞ്ചിനെ കശക്കിയെറിയുകയാണ് മഹാമാരി ചെയ്തത്. ഇഞ്ചത്തൊട്ടിയിലെ ദേവസ്യ എന്ന കര്‍ഷകന്റെ ജീവിതം ഹൈറേഞ്ച് കര്‍ഷകന്റെ തകര്‍ന്നടിഞ്ഞ ജീവിതത്തിന്റെ നേരടയാളമാണ്. മൂന്നേക്കര്‍ ഭൂമിയില്‍ കൃഷിയിറക്കുന്നതിനായി അഞ്ചുലക്ഷം രൂപയാണ് ഇദ്ദേഹം വായ്പയെടുത്തത്.
ഉരുള്‍പൊട്ടലിലും മണ്ണിടിച്ചിലും മലവെള്ളപ്പാച്ചിലും കൂടി കൃഷിയും ഭൂമിയും കൊണ്ടുപോയി. അവശേഷിക്കുന്നത് ഭൂമിയുണ്ടായിരുന്നുവെന്നു തെളിയിക്കുന്ന രേഖ മാത്രമാണ്. ഇദ്ദേഹത്തിന്റെ സങ്കടം നേരിട്ടറിഞ്ഞ റവന്യൂ, ബാങ്ക് അധികൃതര്‍ സഹായ വാഗ്ദാനവുമായെത്തി. ബാങ്ക് ഈ ദുരന്തം ഒരു പ്രത്യേക കേസായി പരിഗണിച്ച് വായ്പ വീണ്ടും നല്‍കാന്‍ തയ്യാറായി. എന്നാല്‍ ഒരു ചോദ്യം ദേവസ്യയുടെ മുന്നില്‍ ഉയര്‍ന്നു. കൃഷിഭൂമിയെവിടെ?
മണ്ണെറിഞ്ഞാല്‍ പൊന്നുവിളയുമായിരുന്ന ഇദ്ദേഹത്തിന്റെ ഭൂമി വീണ്ടുമൊരു കൃഷിക്ക് അനുയോജ്യമല്ലായിരുന്നു. അതോടെ ഇദ്ദേഹത്തിന്റെ ജീവിതം വലിയ പ്രതിസന്ധിയിലായി. ഇനിയെങ്ങനെ എന്നറിയാതെ ഉഴലുന്ന നൂറുകണക്കിന് ദേവസ്യമാര്‍ ഇങ്ങനെ ഇവിടുത്തെ മലയോര ഗ്രാമങ്ങളിലുണ്ട്. വിണ്ടുകീറിയ മലകളിലും അടര്‍ന്നുവീഴുമോയെന്നു പേടിപ്പിച്ചു കൊണ്ടിരിക്കുന്ന കുന്നുകളിലുമായി നിരവധി കുടുംബങ്ങള്‍ ഇപ്പോഴും തുലാവര്‍ഷ മഴയെ നെഞ്ചിടിപ്പോടെ കാത്തിരിക്കുകയാണ്. ഇവരുടെ പ്രശ്‌നങ്ങളെ എങ്ങനെ നേരിടുമെന്നും അവ പരിഹരിക്കാന്‍ എത്ര ഉത്തരവുകള്‍ പുതുക്കിയും തിരുത്തിയും ഇറക്കേണ്ടിവരുമെന്നമറിയാതെ കുഴങ്ങുകയാണു ജില്ലാ ഭരണകൂടം. ഉള്‍ഗ്രാമങ്ങളിലെ മനുഷ്യജീവിതം ഇനിയെങ്ങനെ എന്നതിന് ഉത്തരം നല്‍കാന്‍ സര്‍ക്കാരിനോ, ജനപ്രതിനിധികള്‍ക്കോ ആവുന്നില്ലെന്നതാണു ഹൈറേഞ്ചുകാരുടെ ദുരന്തം.
Next Story

RELATED STORIES

Share it