|    Nov 19 Mon, 2018 6:49 am
FLASH NEWS
Home   >  Pravasi  >  Gulf  >  

ഐ.ഡി.സി ഇരുപതാം വാര്‍ഷികാഘോഷങ്ങള്‍ക്ക് തുടക്കം

Published : 3rd November 2018 | Posted By: G.A.G

ജിദ്ദ: ജിദ്ദ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇസ്ലാമിക് ദഅവാ കൌണ്‍സിലിന്റെ (ഐ.ഡി.സി) ഇരുപതാം വാര്‍ഷികാഘോഷങ്ങള്‍ക്ക് തുടക്കമായി. ‘ദയാഭരിതം ദശകദ്വയം; എന്ന ശീര്‍ഷകത്തില്‍ ഇരുപതാഴ്ച നീണ്ടു നില്‍ക്കുന്ന ആഘോഷ പരിപാടികള്‍ പ്രമുഖ അറബ് പണ്ഡിതന്‍ ഹാമിദ് അസ്സഗാഫ് ഉദ്ഘാടനം ചെയ്തു. പ്രവാചക ദര്‍ശനങ്ങള്‍ക്ക് പ്രസക്തി വര്‍ധിച്ച കാലഘട്ടമാണ് ഇതെന്നും പ്രവാചക ചര്യ പിന്‍പറ്റുന്നതിലൂടെ മാത്രമേ സമാധാനവും ഭക്തിയും ലഭിക്കുകയുള്ളൂവെന്നും സഗ്ഗാഫ് പറഞ്ഞു. പണ്ഡിതനും വാഗ്മിയുമായ അബ്ദുറഹ്മാന്‍ ആശ്വാത്തിരി ചടങ്ങിനെ അഭിസംബോധന ചെയ്തു.
ഐ.ഡി.സി അമീര്‍ ഹുസൈന്‍ ബാഖവി പൊന്നാടിന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ ജിദ്ദയിലെ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു. മുസാഫിര്‍ (മലയാളം ന്യൂസ്), ഹസന്‍ ചെറൂപ്പ (ഇന്ത്യന്‍ മീഡിയ ഫോറം), അബൂബക്കര്‍ അരിമ്പ്ര (കെ.എം.സി.സി), ഷിബു തിരുവനന്തപുരം (നവോദയ), എ.പി കുഞ്ഞാലിഹാജി (ഒ.ഐ.സി.സി), ഒ.ബി നാസര്‍, നാസര്‍ ചാവക്കാട്, ജലീല്‍ കണ്ണമംഗലം, ഹനീഫ പാറക്കല്ലില്‍, ഇബ്രാഹീം ചെറുവാടി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ഇരുപതാം വാര്‍ഷിക ലോഗോ തയ്യാറാക്കിയ ഒ.ബി നാസറിനുള്ള ഐ.ഡി.സിയുടെ ഉപഹാരം അബ്ദുറഹ്മാന്‍ ആശ്വാതിരി സമ്മാനിച്ചു.

സൗദിയിലും കേരളത്തിലുമായി ഇരുപത് ആഴ്ച നീണ്ടു നില്‍ക്കുന്ന ഇരുപതിന പരിപാടിയാണ് ആഘോഷങ്ങളുടെ ഭാഗമായി ആസൂത്രണം ചെയ്തിരിക്കുന്നത്. വാര്‍ഷിക സ്മരണിക, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍, പ്രബോധന പ്രവര്‍ത്തനങ്ങള്‍, ലഹരിവിരുദ്ധ കാമ്പയിന്‍, പഠന വിനോദ യാത്രകള്‍, കലാകായിക മത്സരങ്ങള്‍, മെഡിക്കല്‍ കേമ്പ്, ആദ്യകാല പ്രവര്‍ത്തകരെ ആദരിക്കല്‍, ലഘുലേഖ വിതരണം, വനിതാ സംഗമം, ഐ.ടി കാമ്പയിന്‍, മാധ്യമ ശില്‍പശാല, സൗഹൃദ സന്ദര്‍ശനം, ഫോട്ടോഗ്രാഫി മത്സരം, പ്രദര്‍ശനം, സെമിനാറുകള്‍ തുടങ്ങിയവ കാമ്പയിന്റെ ഭാഗമായി സംഘടിപ്പിക്കുമെന്ന് ഐ.ഡി.സി ഭാരവാഹികള്‍ അറിയിച്ചു. പാവപ്പെട്ടവര്‍ക്ക് വീട്, കിണര്‍ തുടങ്ങിയവ നിര്‍മിച്ച് നല്‍കല്‍, പാവപ്പെട്ടവരുടെ ചികിത്സ, വിദ്യാഭ്യാസം എന്നിവയില്‍ സാമ്പത്തിക സഹായം തുടങ്ങിയവ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ജിദ്ദയില്‍ നടക്കുന്ന പരിപാടികളില്‍ സംബന്ധിക്കാന്‍ വിവിധ ഘട്ടങ്ങളില്‍ കേരളത്തില്‍ നിന്നും പ്രമുഖരെത്തും.
സാമൂഹിക, സാംസ്‌കാരിക, പ്രബോധന, ജീവകാരുണ്യ മേഖലയില്‍ വിപ്ലവം സൃഷ്ടിച്ച്‌കൊണ്ട് 1998ലാണ് ഐ.ഡി.സി രൂപം കൊണ്ടത്. വിശ്വാസത്തില്‍ പാരമ്പര്യം കാത്തു സൂക്ഷിക്കുന്നതോടൊപ്പം പ്രവര്‍ത്തനങ്ങളില്‍ നൂതനമായ ശൈലി സ്വീകരിക്കുന്ന ഐ.ഡി.സി ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഗള്‍ഫിലെ മുഖ്യാധാരാ കൂട്ടായ്മകളില്‍ ഇടംനേടി. കക്ഷിരാഷ്ട്രീയ അഭിപ്രായ ഭിന്നതകള്‍ മറന്നു എല്ലാവര്‍ക്കും ഒരു കുടക്കീഴില്‍ പ്രവര്‍ത്തിക്കാന്‍ വേദിയൊരുക്കി ഇതര സംഘടനകളില്‍ നിന്നും ഐ.ഡി.സി വേറിട്ടുനിന്നു. പ്രസിദ്ധീകരണം, ഓണ്‍ലൈന്‍ പോര്‍ട്ടല്‍, പുസ്തകകേസറ്റ് ലൈബ്രറികള്‍, സാഹിത്യരാഷ്ട്രീയ ചര്‍ച്ചകള്‍, ജേര്‍ണലിസം സ്‌കൂള്‍ തുടങ്ങി നിരവധി സംരംഭങ്ങള്‍ക്ക് മതത്തിന്റെ ചട്ടക്കൂടില്‍ നിന്ന് കൊണ്ട്തന്നെ സംഘടന തുടക്കം കുറിച്ചു. രണ്ടു പതിറ്റാണ്ടിന്റെ പ്രവര്‍ത്തനങ്ങളിലൂടെ ആയിരക്കണക്കിന് പാവങ്ങളുടെ കണ്ണീരൊപ്പാനും ഐ.ഡി.സിക്ക് സാധിച്ചതായി ഭാരവാഹികള്‍ അറിയിച്ചു.

ഷറഫിയ ധര്‍മപുരി ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ജനറല്‍ സെക്രട്ടറി റഹീം ചെറൂപ്പ സ്വാഗതവും സുബൈര്‍ പട്ടാമ്പി നന്ദിയും പറഞ്ഞു. മുഹമ്മദ് ചാവക്കാട് ഖിറാഅത്തും മുഹമ്മദ് ബാഖവി പ്രവാചക കീര്‍ത്തനവും അവതരിപ്പിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss