|    Oct 24 Wed, 2018 11:11 am
FLASH NEWS
Home   >  Kerala   >  

വീടുകള്‍ വാസയോഗ്യമാക്കുന്നതിന് ആവശ്യമായ തുക ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി

Published : 23rd August 2018 | Posted By: G.A.G

പ്രളയാനന്തരം വീടുകളിലേക്ക് മടങ്ങുന്നവര്‍ക്ക് അവരവരുടെ വീടുകള്‍ വാസയോഗ്യമാക്കുന്നതിന് ആവശ്യമായ തുക ലഭ്യമാക്കുന്നതിനുള്ള നടപടികളിലേക്ക് കടക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ബാങ്കുകളുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുകയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി
മുഖ്യമന്ത്രി പറഞ്ഞത് :
വീടുകള്‍ വൃത്തിയാക്കിക്കഴിഞ്ഞാല്‍ പഴയ തരത്തിലുള്ള ജീവിതം ആരംഭിക്കണമെങ്കില്‍ വീടുകളില്‍ ഉണ്ടായിരുന്ന സാധന സാമഗ്രികള്‍ ഉപയോഗിക്കാനാവണം. പല സാധനസാമഗ്രികളും ഉപയോഗശൂന്യമായിട്ടുണ്ടാവും. അക്കാര്യത്തില്‍ റിപ്പയര്‍ ചെയ്ത് ഉപയോഗിക്കാന്‍ പറ്റുന്ന സ്ഥിതി പല വസ്തുക്കളുടെ കാര്യത്തിലും ഉണ്ടാകണമെന്നില്ല. ഈ പ്രതിസന്ധിയെ എങ്ങനെ മറികടക്കാമെന്നത് പ്രധാന പ്രശ്‌നമായി സാധാരണ ജനങ്ങളെ അലട്ടുന്നുണ്ട്. ഇതിനായൊരു കര്‍മ്മപദ്ധതി ആവിഷ്‌കരിക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.

കേരളത്തില്‍ എല്ലാ കുടുംബങ്ങള്‍ക്കും ബാങ്ക് അക്കൗണ്ട് ഉണ്ട്. ബാങ്കുകളുമായി സഹകരിച്ച് ഇവര്‍ക്ക് വീടുകള്‍ സജ്ജമാക്കുന്നതിന് ആവശ്യമായ തുക ലഭ്യമാക്കുന്നതിനുള്ള നടപടികളിലേക്കാണ് സര്‍ക്കാര്‍ കടക്കാന്‍ ഉദ്ദേശിക്കുന്നത്. ഇക്കാര്യത്തിന് ഒരു ലക്ഷം രൂപ വരെ ലഭ്യമാക്കാനുള്ള പദ്ധതിയാണ് ഉദ്ദേശിക്കുന്നത്. ഇതിന്റെ വിവിധ വശങ്ങള്‍ സര്‍ക്കാര്‍ പരിശോധിച്ചുവരികയാണ്. കുടുംബനാഥയ്ക്ക് ഈ തുക ലഭിക്കുന്ന തരത്തിലുള്ള സംവിധാനമാണ് ഉദ്ദേശിക്കുന്നത്. പലിശരഹിത വായ്പ എന്ന നിലയിലാണ് ഇത് ലഭ്യമാക്കുക. ഇതിലൂടെ പഴയ ജീവിത സൗകര്യങ്ങളെങ്കിലും വീടുകളില്‍ നിലനിര്‍ത്താനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.

വീടുകള്‍ നഷ്ടപ്പെട്ടുപോയവരുടെ പ്രശ്‌നം കൂടുതല്‍ ഗൗരവകരമാണ്. നമ്മുടെ ദുരിതാശ്വാസ കേന്ദ്രങ്ങള്‍ പലതും പ്രവര്‍ത്തിക്കുന്നത് സ്‌കൂളുകളിലും കോളേജുകളിലുമാണ്. ഓണ അവധി കഴിഞ്ഞ് ഇവ തുറന്നുപ്രവര്‍ത്തിപ്പിക്കേണ്ടതുമുണ്ട്. അതേ അവസരത്തില്‍ വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് തിരിച്ചുപോകാനുമാവില്ല. അതുകൊണ്ട്, അവര്‍ക്ക് അവരുടെ വീട് സജ്ജമാകുന്നതുവരെ താല്‍ക്കാലിക താമസസൗകര്യം ഏര്‍പ്പെടുത്തേണ്ടിവരും. കല്ല്യാണമണ്ഡപങ്ങള്‍ അതുപോലുള്ള മറ്റ് സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തിക്കൊണ്ട് ഈ പ്രശ്‌നം താല്‍ക്കാലികമായി പരിഹരിക്കണം. അതോടൊപ്പം, അവര്‍ക്ക് വീട് ഉറപ്പുവരുത്തുന്നതിനുള്ള പരിപാടികളും സമാന്തരമായി നടത്തണമെന്നാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.
പുനരധിവാസം നടത്തുമ്പോള്‍ ചില കാര്യങ്ങള്‍ കൂടി പരിഗണിച്ചുകൊണ്ടാണ് അവ നടത്താന്‍ കഴിയുക. ഇല്ലെങ്കില്‍ ഇത്തരം ദുരിതങ്ങളില്‍ വീണ്ടും അവര്‍ പെട്ടുപോകാനിടയുണ്ട്. അതനുസരിച്ചുള്ള പ്രാഥമിക ചര്‍ച്ചകള്‍ സര്‍ക്കാര്‍ ആരംഭിച്ചുകഴിഞ്ഞിട്ടുണ്ട്.

പ്രകൃതിക്ഷോഭത്തില്‍ സ്ഥിരമായി വിധേയമാകുന്ന പ്രദേശങ്ങള്‍, നദീതീരങ്ങള്‍, ഉരുള്‍പൊട്ടല്‍, മലയിടിച്ചില്‍, കടല്‍ക്ഷോഭമുണ്ടാകുന്ന സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍നിന്ന് ആള്‍ക്കാരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് പുനരധിവസിപ്പിക്കേണ്ടിവരും. അങ്ങനെ പുനരധിവസിപ്പിക്കേണ്ടിവരുമ്പോള്‍ആവശ്യമായ ഭൂമി ഉണ്ടായിക്കൊള്ളണമെന്നില്ല. ഇത് പരിഹരിക്കുന്നതിന് ഫ്‌ളാറ്റ് പോലുള്ള സംവിധാനങ്ങളെക്കുറിച്ചും ആലോചിക്കേണ്ടിവന്നേക്കാം. വിശദമായ ചര്‍ച്ചകള്‍ക്കുശേഷം ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടിവരും. എന്തായാലും പൊതുവായ അഭിപ്രായത്തിന്റെ അടിസ്ഥാനത്തിലായിരിക്കും ഇത്തരമൊരു തീരുമാനത്തിലേക്ക് എത്താനാവുക.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss