|    Dec 14 Fri, 2018 3:17 pm
FLASH NEWS
Home   >  National   >  

ഹിന്ദുത്വ നെറ്റ് വര്‍ക്കുകള്‍ സജീവം; ലോകത്ത് ഏറ്റവും കൂടുതല്‍ വ്യാജവാര്‍ത്തകളുടെ പ്രചാരകര്‍ ഇന്ത്യക്കാരെന്ന് ബി.ബി.സി

Published : 13th November 2018 | Posted By: afsal ph

ലോകത്ത് ഏറ്റവും കൂടുതല്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് ഇന്ത്യക്കാരാണെന്ന് ബി.ബി.സി. ദേശീയതയുടെ മറ പിടിച്ച് ഹിന്ദുത്വ നെറ്റ് വര്‍ക്കുകള്‍ പടച്ചു വിടുന്ന വ്യാജ വാര്‍ത്തകള്‍ പരിശോധിക്കുക പോലും ചെയ്യാതെയാണ് ഇന്ത്യയിലെ സാധാരണക്കാര്‍ പങ്കുവയ്ക്കുന്നതെന്ന് ബിബിസിയുടെ പഠനത്തില്‍ പറയുന്നു. നുണകളിലും വര്‍ഗീയ പ്രചരണങ്ങളിലും കെട്ടിപ്പടുത്തതാണ് മോദി ഭരണകൂടമെന്ന ആക്ഷേപം ശക്തമാകുന്നതിനിടേയാണ് ബിബിസിയുടെ പഠന റിപ്പോര്‍ട്ട്.
സാധാരണക്കാര്‍ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതില്‍ എങ്ങനെ പങ്കാളികളാകുന്നുവെന്നും തെറ്റായ വിവരങ്ങളും വ്യാജ വാര്‍ത്തകളും എങ്ങനെ ജനങ്ങളെ ബാധിക്കുമെന്നും കണ്ടെത്താന്‍, ബിബിസി വേള്‍ഡ് സര്‍വീസ് ബിയോണ്ട് ഫെയ്ക്ക് ന്യൂസ് എന്ന പേരില്‍ നടത്തുന്ന ഗവേഷണത്തിലാണ് ഇക്കാര്യം തെളിഞ്ഞിരിക്കുന്നത്.
ദേശീയതയെന്ന ആവേശത്തില്‍ വസ്തുതകള്‍ പരിശോധിക്കാതെയാണ് രാജ്യത്ത് വാര്‍ത്തകള്‍ ഷെയര്‍ ചെയ്യുന്നത്. ആസൂത്രിതമായി പ്രവര്‍ത്തിക്കുന്ന ഹിന്ദുത്വ നെറ്റ്‌വര്‍ക്കുകള്‍ ദേശീയതക്ക് ഊന്നല്‍ നല്‍കുന്നതെന്ന വ്യാജേന കൃത്രിമമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയാണ്. ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കേണ്ടത് രാജ്യ സ്‌നേഹത്തിന്റെ ഭാഗമാണെന്ന് സാധാരണക്കാര്‍ വിശ്വസിച്ചിരിക്കുന്നത്. എന്നാല്‍, ഇത്തരം വാര്‍ത്തകളെ പ്രതിരോധിക്കേണ്ട ഇടതുപക്ഷ നെറ്റ്‌വര്‍ക്കുകള്‍ ദുര്‍ബലമാണെന്ന് സമൂഹ മാധ്യമങ്ങളെ കുറിച്ച് നടത്തിയ ഈ പഠനം പറയുന്നു.

16,000 ട്വിറ്റര്‍ അക്കൗണ്ടുകളും 3,200 ഫേസ്ബുക്ക് പേജുകളുമാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. ട്വിറ്ററും പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ പിന്തുണക്കുന്ന മറ്റു നെറ്റ്‌വര്‍ക്കുകളുമാണ് വ്യാജ വാര്‍ത്തകളുടെ മുഖ്യസ്രോതസ്സ് എന്നും ഗവേഷണം ചൂണ്ടിക്കാട്ടുന്നു.

സാധാരണക്കാര്‍ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതില്‍ എങ്ങനെ പങ്കാളികളാകുന്നുവെന്നായിരുന്നു ബിബിസിയുടെ പഠനം. അതിലാണ് രാജ്യത്ത് വ്യാജവാര്‍ത്തകളാണ് കൂടുതലായി പ്രചരിക്കപ്പെടുന്നതെന്ന് തെളിഞ്ഞത്. ഇതോടൊപ്പം കെനിയ, നൈജീരിയ എന്നീ രാജ്യങ്ങളിലും സാധാരണക്കാര്‍ക്കിടയില്‍ ഗവേഷണം നടത്തി.
ശബരിമല, നോട്ട് നിരോധനം, ഇന്ധന വിലവര്‍ദ്ധന, റഫേല്‍ വിഷയങ്ങളില്‍ സമീപകാലത്ത് ഹിന്ദുത്വരുടെ വ്യാജ പ്രചരണങ്ങള്‍ ചര്‍ച്ചയായതാണ്. ശബരിമല വിഷയത്തില്‍ അയ്യപ്പഭക്തനെ പോലിസ് മര്‍ദിക്കുന്ന വ്യാജചിത്രങ്ങള്‍ സംഘ്പരിവാര്‍ ദേശീയ തലത്തില്‍ പ്രചരിപ്പിച്ചത് കഴിഞ്ഞ ദിവസമാണ്. കറുപ്പ് വേഷത്തില്‍ തലയില്‍ ഇരുമുടി കെട്ടോടു കൂടിയുള്ള അയ്യപ്പഭക്തനെ പോലിസ് മര്‍ദിക്കുന്ന വ്യാജചിത്രത്തിന്റെ ഒരു ലക്ഷം കോപ്പികള്‍ അച്ചടിച്ച് ദേശീയ തലത്തില്‍ സംഘപരിവാരത്തിന്റെ പ്രചരണം.കാറുകളിലും ബൈക്കുകളിലും ഒട്ടിക്കാന്‍ അച്ചടിച്ചതെന്ന് വ്യക്തമാക്കി സേവ് ശബരിമലയെന്ന ടാഗോടു കൂടിയുള്ള ചിത്രം ഫേസ് ബുക്കിലൂടെ പങ്ക് വച്ചത് ബിജെപിയുടെ ഡല്‍ഹി വക്താവ് തേജിന്ദര്‍ പാല്‍ സിങ് ബാഗയാണ്. കലാപത്തിനുള്ള ബിജെപിയുടെ നീക്കമായാണ് ഇതിനെ വിലയിരുത്തുന്നത്. 100 കോടിയായ ഹിന്ദുക്കളുടെ വിശ്വാസത്തെ മര്‍ദ്ദിക്കുന്നത് അവസാനിപ്പിക്കൂ എന്നും ചിത്രത്തിനൊപ്പം ചേര്‍ത്തിട്ടുണ്ട്. ഫോട്ടോയുണ്ടാക്കി കലാപത്തിന് ആസൂത്രണം ചെയ്ത ആര്‍എസ്എസ് പ്രവര്‍ത്തകനായ രാജേഷ് കുറുപ്പ് എന്നയാളെ കേരള പോലിസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇതൊന്നും പരിഗണിക്കാതെയാണ് സംഘ്പരിവാറിന്റെ വ്യാജ പ്രചരണം. ഹിന്ദുത്വ ഫാക്ടറികള്‍ പടച്ചുവിടുന്ന വ്യാജ വാര്‍ത്തകള്‍ പിന്നീട് അവര്‍ക്ക് ഏറെ ഗുണം ചെയ്തതായി നിരവധി ഉദാഹരണങ്ങളുണ്ട്. ബാബരി മസ്ജിദ് തകര്‍ച്ച, ഗോധ്ര സംഭവം, ഗുജറാത്ത് കലാപം തുടങ്ങിയ വിഷയങ്ങളിലും ഹിന്ദുത്വ നുണ ഫാക്ടറികള്‍ കൃത്യമായി പ്രവര്‍ത്തിച്ചിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss