|    Dec 11 Tue, 2018 12:05 pm
FLASH NEWS
Home   >  Kerala   >  

ഹിന്ദു ഐക്യവേദി ഹര്‍ത്താലില്‍ വ്യാപക അക്രമം

Published : 17th November 2018 | Posted By: mtp rafeek

കോഴിക്കോട്: ഹിന്ദു ഐക്യവേദി നേതാവ് കെ പി ശശികലയെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ വ്യാപക അക്രമം. പുലര്‍ച്ചെ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ അറിയാതെ വാഹനവുമായി നിരത്തില്‍ ഇറങ്ങിയവര്‍ക്കു നേരെയും കടകള്‍ തുറന്നവര്‍ക്കു നേരെയുമാണ് അക്രമം നടന്നത്.

ഹര്‍ത്താലാണെന്നറിയാതെ സര്‍വീസ് നടത്താനെത്തിയ ബസ്സിന് നേരെ തിരൂരില്‍ സംഘപരിവാര പ്രവര്‍ത്തകര്‍ അക്രമം അഴിച്ചുവിട്ടു. തിരൂരില്‍ നിന്നു കടുങ്ങാത്ത്കുണ്ട് വഴി കോട്ടക്കലിലേക്ക് സര്‍വീസ് നടത്തുന്ന ഫ്രണ്ട്‌സ് ബസ്സിനു നേരെയാണ് അക്രമമുണ്ടായത്. അക്രമത്തില്‍ ബസ് െ്രെഡവര്‍ കുറുകത്താണി കൈതക്കല്‍ നിയാസ് (28), കണ്ടക്ടര്‍ കോഴിയകത്ത് ജംഷീര്‍(20) എന്നിവര്‍ക്ക് പരിക്കേറ്റു. ബൈക്കിലെത്തിയ ഏഴംഗ സംഘം ബസ് തടഞ്ഞ് നിര്‍ത്തി മര്‍ദ്ദിക്കുകയായിരുന്നു. പരിക്കേറ്റ രണ്ട് പേരും തിരൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി.

കോഴിക്കോട് കാരന്തൂരില്‍ ലോറിക്ക് നേരെ ഹര്‍ത്താല്‍ അനുകൂലികള്‍ അക്രമം അഴിച്ചുവിട്ടു. ഗുരുതരമായി പരിക്കേറ്റ ലോറി ഡ്രൈവറെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

എറണാകുളം വരാപ്പുഴയില്‍ കെഎസ്ആര്‍ടിസി ബസ്സിനു നേരെ കല്ലേറുണ്ടായി. ഇതേ തുടര്‍ന്ന് കോഴിക്കോട് ഗുരുവായൂര്‍ ഭാഗങ്ങളില്‍ നിന്നു എറണാകുളത്തേക്ക് പുറപ്പെട്ട ബസ്സുകള്‍ വടക്കന്‍ പറവൂരില്‍ സര്‍വീസ് അവസാനിപ്പിച്ചു. പിന്നീട് പൊലിസെത്തിയാണ് യാത്രക്കാരെ റെയില്‍വേ സ്‌റ്റേഷനിലടക്കം എത്തിച്ചത്.

ചാലക്കുടിയില്‍ കെഎസ്ആര്‍ടിസി ബസ് ആക്രമിച്ച ശബരിമല കര്‍മസമിതി പ്രവര്‍ത്തകനെ പൊലിസ് അറസ്റ്റ് ചെയ്തു. ഇതില്‍ പ്രതിഷേധിച്ച് ഇരുനൂറോളം ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ചാലക്കുടി പൊലിസ് സ്‌റ്റേഷനു മുന്നില്‍ നാമജപ ഉപരോധം നടത്തുകയാണ്.

ഹര്‍ത്താല്‍ ആരംഭിച്ചപ്പോള്‍ തന്നെ തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ കെഎസ്ആര്‍ടിസി ബസ്സുകള്‍ക്ക് നേരെ കല്ലേറുണ്ടായി. കരകുളം ഏണിക്കരയില്‍ വാഹനങ്ങള്‍ തടഞ്ഞു. തെക്കന്‍ ജില്ലകളില്‍ പലയിടത്തും ഒറ്റപ്പെട്ട രീതിയില്‍ വാഹനങ്ങള്‍ തടയുന്നുണ്ട്. ബാലരാമപുരത്ത് നിരത്തിലിറങ്ങിയ വാഹനങ്ങള്‍ക്ക് നേരെ കല്ലേറുണ്ടായി. കണ്ണൂര്‍, ആലപ്പുഴ, കോഴിക്കോട് ജില്ലകളില്‍ വിവിധ പ്രദേശങ്ങളില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ വാഹനങ്ങള്‍ തടഞ്ഞു.

പുലര്‍ച്ചെ ഏതാനും ദീര്‍ഘ ദൂര ബസ്സുകള്‍ സര്‍വീസ് നടത്തിയത് ഒഴിച്ചാല്‍ കെഎസ്ആര്‍ടിസി അടക്കം ബസ്സുകളൊന്നും ഇപ്പോള്‍ സര്‍വീസ് നടത്തുന്നില്ല. ആവശ്യമായ പോലിസ് സംരക്ഷണമില്ലാതെ സര്‍വീസ് നടത്താനാവില്ലെന്നാണ് കെഎസ്ആര്‍ടിസിയുടെ നിലപാട്. കഴിഞ്ഞ ഹര്‍ത്താലില്‍ കെഎസ്ആര്‍ടിസിക്ക് ലക്ഷങ്ങളുടെ നഷ്ടമാണുണ്ടായതെന്ന് എംഡി പറഞ്ഞു. അത്യാവശ്യമായി ഓടുന്ന സ്വകാര്യ വാഹനങ്ങളും ഇരു ചക്രവാഹനങ്ങളുമൊഴിച്ച് മറ്റ് വാഹനങ്ങളൊന്നും തന്നെ നിരത്തിലിറങ്ങിയിട്ടില്ല.

അതേസമയം, ഹര്‍ത്താല്‍ മലപ്പുറം ജില്ലയില്‍ ഭാഗികമാണ്. ഒട്ടുമിക്ക ഇടങ്ങളിലും കടകള്‍ തുറന്നു. സ്വകാര്യ വാഹനങ്ങള്‍ സര്‍വീസ് നടത്തുന്നുണ്ട്. കോഴിക്കോട് വിമാനത്താവളത്തില്‍ നിന്നും വാഹനങ്ങള്‍ പോകുന്നുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss