|    Nov 21 Wed, 2018 9:44 am
FLASH NEWS
Home   >  Dont Miss   >  

മോദിയെ വിമര്‍ശിച്ചു; എബിപി ന്യൂസിലെ മൂന്നുപേര്‍ക്ക് പണി പോയി

Published : 3rd August 2018 | Posted By: mtp rafeek

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിനെയും നരേന്ദ്രമോദിയെയും വിമര്‍ശിക്കുന്ന ദേശീയ മാധ്യമങ്ങള്‍ക്കെതിരായ സമ്മര്‍ദ്ദ തന്ത്രവും പ്രതികാര നടപടികളും തുടരുന്നു. വലിയ തോതില്‍ പ്രേക്ഷകരുള്ള എബിപി ന്യൂസിലെ മൂന്ന് മാധ്യമപ്രവര്‍ത്തകരാണ് ഏറ്റവുമൊടുവില്‍ മോദിയുടെ അനിഷ്ടത്തിനിരയായത്.

എബിപി ന്യൂസിലെ മുതിര്‍ന്ന രണ്ട് എഡിറ്റര്‍മാരുടെ രാജിയും മൂന്നാമതൊരാളുടെ മാറിനില്‍ക്കലും കേന്ദ്ര സര്‍ക്കാര്‍ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണെന്ന് ദി വയര്‍ റിപോര്‍ട്ട് ചെയ്യുന്നു. ചാനലിന്റെ എഡിറ്റര്‍ ഇന്‍ ചീഫ് മിലിന്ദ് ഖണ്ഡേക്കറുടെ രാജി മാനേജ്‌മെന്റ് ബുധനാഴ്ച പ്രഖ്യാപിച്ചു. ‘മാസ്റ്റര്‍ സ്‌ട്രോക്ക്’ എന്ന പ്രശസ്തമായ ഷോയുടെ അവതാരകനായ പുണ്യ പ്രസൂണ്‍ ബാജ്‌പേയുടെ വിടപറയലിനു തൊട്ടുപിന്നാലെയായിരുന്നു ഇത്.

ബാജ്‌പേയ് സ്വയം രാജി വച്ചതാണോ അതോ ചാനല്‍ അധികൃതര്‍ പുറത്തു പോകാന്‍ പറഞ്ഞതാണോ എന്നു വ്യക്തമല്ല. എന്നാല്‍, മോദി കൊട്ടിഘോഷിച്ച ഒരു അവകാശവാദത്തെ പൊളിച്ചടുക്കി ഏതാനും ആഴ്ചകള്‍ക്കുള്ളിലാണ് ബാജ്‌പേയ് പുറത്തു പോകുന്നത്.

ഛത്തിസ്ഗഢിലെ ഒരു സ്ത്രീയുടെ വരുമാനം ഇരട്ടിയായത് ഒരു ഉദാഹരണമായി കാണിച്ച് മോദി രംഗത്തു വന്നതിനു പിന്നാലെ അതു വ്യാജമാണെന്നും ആ സ്ത്രീയ്ക്ക് അത്തരം ഒരു വരുമാന വര്‍ധനയും ഉണ്ടായിട്ടില്ലെന്നു നേരിട്ടു തെളിയിക്കുകയുമാണ് പുണ്യ പ്രസൂണ്‍ ബാജ്‌പേയ് ചെയ്ത അപരാധം.

ഈ പരിപാടി സംപ്രേക്ഷണം ചെയ്ത് രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ ‘മാസ്റ്റര്‍ സ്‌ട്രോക്ക്’ എന്ന പരിപാടി ഇനി ബാജ്‌പേയി അവതരിപ്പിക്കേണ്ട എന്ന അറിയിപ്പാണ് ചാനലില്‍ നിന്ന് കിട്ടിയത്. മുതിര്‍ന്ന സ്ഥാനം വഹിക്കുന്ന രണ്ടു പേരുടെ പുറത്താകലിനൊപ്പം മറ്റൊരാള്‍ കൂടി എബിപി ന്യൂസില്‍ നിന്നു മാറി നില്‍ക്കുകയാണ്.

അഭിശര്‍ ശര്‍മ എന്ന വാര്‍ത്താ അവതാരകനെ ആണ് 15 ദിവസത്തേയ്ക്ക് ജോലിയില്‍ നിന്നു മാറ്റി നിര്‍ത്തിയിരിക്കുന്നത്. അവതരിപ്പിക്കുന്ന പരിപടികളില്‍ മോദി സര്‍ക്കാരിനെതിരായ വിമര്‍ശനം ഉണ്ടാകരുതെന്ന് മാനേജ്‌മെന്റ് അഭിശര്‍ ശര്‍മയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും റിപോര്‍ട്ടില്‍ പറയുന്നു.

അഭിശര്‍ മാറി നില്‍ക്കേണ്ടി വരുന്നതും മോദിയുടെ ഒരു അവകാശവാദത്തിന്റെ പൊള്ളത്തരം പുറത്തുകൊണ്ടുവന്നതിനാണ്. ഉത്തര്‍ പ്രദേശിലെ ക്രമസമാധാന നില അത്ഭുതകരമാം വണ്ണം ബിജെപി മെച്ചപ്പെടുത്തിയെന്നു ലഖ്‌നോവില്‍ നടത്തിയ പ്രസംഗത്തില്‍ മോദി പറഞ്ഞിരുന്നു. അതിനു തൊട്ടടുത്ത ദിവസം രാജ്യം ഞെട്ടുന്ന രീതിയില്‍ നടന്ന രണ്ട് ക്രൂര കൊലപാതകങ്ങളെ പരാമര്‍ശിച്ച് മോദിയുടെ അവകാശ വാദത്തെ എതിര്‍ക്കുകയായിരുന്നു അഭിശര്‍ ശര്‍മ.

അഭിശറിന്റെ ഷോ തുടങ്ങിയ ഉടന്‍ തന്നെ നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെട്ട് എബിപി ന്യൂസ് നെറ്റ് വര്‍ക്ക് സിഇഒ അതിദേബ് സര്‍ക്കാര്‍ ഇടപെട്ടിരുന്നു. എന്നാല്‍, അഞ്ച് മിനിറ്റ് മാത്രം പിന്നിട്ട ഷോ നിര്‍ത്തിവയ്ക്കാനാവില്ലെന്ന് എഡിറ്റര്‍ ഇന്‍ ചീഫ് ഖണ്ഡേക്കര്‍ ശഠിച്ചതിനെ തുടര്‍ന്നാണ് അദ്ദേഹത്തിന്റെ സ്ഥാനം പോയതെന്നാണ് സൂചന.

‘എബിപി ന്യൂസിനെ ഒരു പാഠം പഠിപ്പിക്കും’ എന്ന് അമിത് ഷാ കഴിഞ്ഞ ദിവസം ചില മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss