Flash News

ഒറ്റപ്പെട്ട ഗവിക്ക് ആശ്വാസമായി സീതത്തോട് പഞ്ചായത്ത്

ഒറ്റപ്പെട്ട ഗവിക്ക് ആശ്വാസമായി സീതത്തോട് പഞ്ചായത്ത്
X
പത്തനംതിട്ട: കനത്ത മഴയിലും മണ്ണിടിച്ചിലും ഒറ്റപ്പെട്ട ഗവിക്ക് ആശ്വാസമായി സീതത്തോട് പഞ്ചായത്ത് അധികൃതര്‍. ആദിവാസികള്‍ ഉള്‍പ്പെടെ 1700 ഓളം ആളുകളാണ് മൂന്നാഴ്ചയായി പുറം ലോകവുമായി ബന്ധമില്ലാതെ ഇവിടെ കഴിയുന്നത്. പ്രളയ സമയത്ത് ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും മൂലം ഗവിയിലേക്കുള്ള റോഡുകള്‍ തകര്‍ന്നതാണ് പ്രദേശം തീര്‍ത്തും ഒറ്റപ്പെടാന്‍ കാരണം. സീതത്തോട്ടില്‍നിന്നും 78 കിലോമീറ്റര്‍ താണ്ടിയാലെ ഗവിയില്‍ എത്താന്‍ കഴിയു. ഈ പാതയില്‍ 27 കിലോമീറ്റര്‍ ദൂരമേ വാഹനങ്ങള്‍ക്ക് പോകാനാകൂ. മലയിടിഞ്ഞ് റോഡ് പൂര്‍ണമായും തകര്‍ന്നു. ഗവിയില്‍ നിന്നും പ്രദേശവാസികള്‍ പുറം ലോകത്തേക്ക് പോകാനുള്ള മറ്റൊരുമാര്‍ഗ്ഗം വണ്ടിപ്പെരിയാറാണ്. ഇവിടെയെത്താന്‍ 27 കിലോമീറ്റര്‍ വനപാത താണ്ടണം.



വണ്ടിപ്പെരിയാറ്റില്‍നിന്നും ജീപ്പിന് 2000 രൂപയും ഓട്ടോയ്ക്ക് 1700 രൂപയും നല്‍കിയെങ്കില്‍ മാത്രമേ ഗവിയിലേയ്ക്ക് എത്താനും തിരികെ പോകാനും കഴിയു. ഈ വഴിയില്‍ 20 ഇടങ്ങളില്‍ ഉരുള്‍പൊട്ടി മണ്ണും കല്ലും ചെളിയും റോഡില്‍ കിടക്കുകയാണ്. ചെറിയ വാഹനങ്ങള്‍ക്ക് മാത്രം കഷ്ടിച്ച് പോകാം. പ്രദേശത്ത് വൈദ്യുതി ബന്ധം നിലച്ചിട്ട് മൂന്നാഴ്ചയായി. മൊബൈല്‍ ഫോണിന് റേഞ്ചും ലഭ്യമല്ല. ഈ വഴിയിലൂടെ ബുദ്ധിമുട്ടുകളും പ്രതിസന്ധികളും മറി കടന്നാണ് സീതത്തോട് പഞ്ചായത്ത് അധികൃതര്‍ അവര്‍ക്കാവശ്യമായ ഭക്ഷണവും കുടിവെള്ളവും എത്തിക്കുന്നത്. മാത്രമല്ല, കാന്‍സര്‍ അടക്കമുള്ള രോഗം ബാധിച്ചവരും ഇവിടെയുണ്ട്. ഇവര്‍ക്കും മെഡിക്കല്‍ സഹായങ്ങളും പഞ്ചായത്ത് ഒരുക്കുന്നുണ്ട്. കിഴക്കന്‍ കാട്ടിനുള്ളില്‍ കിലോമീറ്ററുകള്‍ ദൂരത്തിലാണ് റോഡ് കാണാന്‍ പറ്റാത്ത വിധം മലയിടിഞ്ഞത്. പ്രകൃതി സൗഹൃദ ടൂറിസത്തിനായി നൂറുകണക്കിന് സഞ്ചാരികളുടെ വാഹനങ്ങള്‍ കടന്നുപോയിരുന്ന റോഡ് ചില സ്ഥലങ്ങളില്‍ കാണാനേയില്ല. കക്കി ഡാമിനും വാല്‍വ് ഹൗസിനും മധ്യേയുള്ള പ്രദേശത്ത് വന്‍മലകള്‍ ഇടിഞ്ഞുവീണിരിക്കുകയാണ്. ഈ ഭാഗത്ത് റോഡ് പഴയ രീതിയിലാക്കണമെങ്കില്‍ മാസങ്ങള്‍ വേണ്ടി വരും.
Next Story

RELATED STORIES

Share it