|    Sep 25 Tue, 2018 11:02 am
FLASH NEWS
Home   >  Kerala   >  

തുന്നല്‍ വിട്ട ജീവിതം: അവര്‍ക്ക് ഉടുപ്പുതുന്നി നല്‍കി ലിന്‍ഡയും മേഴ്‌സിയും

Published : 20th August 2018 | Posted By: sruthi srt

പ്രളയത്തിന്റെ താണ്ഡവത്തില്‍ നിസ്സഹായരായി കുട്ടനാട്ടില്‍ നിന്ന് കുടിയിറക്കപ്പെട്ടവര്‍ക്ക് ക്യാമ്പിലെത്തി ഉടുപ്പുതുന്നി നല്‍കി മാതൃകയാവുകയാണ് മായിത്തറ സ്വദേശികളായ മൂന്നു സ്ത്രീകള്‍. മായിത്തറ സെന്റ് മൈക്കിള്‍സ് കോളജിലെ ക്യാമ്പിലാണ് തങ്ങള്‍ പഠിച്ച തൊഴില്‍ കൊണ്ട് കുറച്ചുപേര്‍ക്കെങ്കിലും ആശ്വാസം പകരാന്‍ അവര്‍ തയ്യല്‍ മെഷീനുമായി ഇരുന്നത്.

തറയകാട്ടില്‍ ലിന്‍ഡ തോമസ്, പള്ളിപ്പറമ്പ് മേഴ്‌സി ബാബു, ലിന്‍ഡ ജോയി എന്നിവര്‍ രാവിലെ മുതല്‍ മൂന്നുമെഷീനുകളുമായി ക്യാമ്പിലെത്തി അംഗങ്ങള്‍ക്ക് ലഭിച്ച ഉടുപ്പും വസ്ത്രങ്ങളും അവര്‍ക്കനുയോജ്യമായ വിധം ഷേപ്പ് ചെയ്തു നല്‍ുകകയായിരുന്നു. ഇവര്‍ വന്നതറിഞ്ഞതോടെ ഏറെപ്പേര്‍ ക്യാമ്പിലെ ഉപയോഗത്തിന് ലഭിച്ച വസ്ത്രങ്ങളുമായി സമീപിക്കാന്‍ തുടങ്ങി. പലര്‍ക്കും ക്യാമ്പില്‍ ലഭിച്ച വസ്ത്രങ്ങള്‍ ശരീരപ്രകൃതിക്ക് യോജിക്കാത്തതും ഇറക്കം കൂടിയതും ചെറുതുമൊക്കെയായിരുന്നു. ചുരീദാര്‍ ഇടുന്നവര്‍ക്ക് അത് ഷേപ്പ് ചെയ്ത് നല്‍കേണ്ടിയും വന്നു. വൈകുന്നേരമായതോടെ ഒരു മെഷീന്‍ കൂടി കൊണ്ടുവരേണ്ടിവന്നു. ഏതാണ്ട് അഞ്ഞൂറോളം വസ്ത്രങ്ങളാണ് ഇവര്‍ സൗജന്യമായി ക്യാമ്പംഗങ്ങള്‍ക്ക് ഇടാന്‍ പറ്റുന്ന രീതിയിലാക്കി നല്‍കിയത്. കേരള ലാറ്റിന്‍ കാത്തോലിക് അസോസിയേഷന്‍ പ്രവര്‍ത്തകരാണ് മൂന്നുപേരും. ക്യാമ്പിലേക്കാവശ്യമായ ഭക്ഷണവും വെള്ളവും സര്‍ക്കാര്‍ സംവിധാനം വഴി കോളജില്‍ എത്തിച്ചു. എടത്വ,കുട്ടനാട്, നെടുമുടി, പുളിങ്കുന്ന് പ്രദേശങ്ങളില്‍ നിന്ന് പ്രളയ ഭീതിയില്‍ വീടൊഴിഞ്ഞ് വന്നവരാണ് ക്യാമ്പംഗങ്ങള്‍. അയ്യായിരത്തോളം പേരാണ് ക്യാമ്പിലുള്ളത്. കുട്ടനാട് നൂറുശതമാനം ഒഴിപ്പിക്കല്‍ പൂര്‍ത്തിയായിട്ടുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss