|    Nov 22 Thu, 2018 2:11 am
FLASH NEWS
Home   >  Kerala   >  

വടക്കന്‍ കേരളത്തില്‍ കനത്ത മഴ; വീണ്ടും ഉരുള്‍പൊട്ടല്‍ ഭീഷണി, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

Published : 14th August 2018 | Posted By: mtp rafeek


കണ്ണൂര്‍: മലബാര്‍ മേഖലയില്‍ വീണ്ടും മഴ കനത്തു. കോഴിക്കോട്, വയനാട്, പാലക്കാട്, മലപ്പുറം ജില്ലകളില്‍ മഴ തുടരുകയാണ്. മഴ പൊതുവേ കുറവായിരുന്ന കാസര്‍കോഡ് ജില്ലയിലും ഇന്നലെ രാത്രി മുതല്‍ മഴ ശക്തമായി. വയനാട്ടില്‍ നേരത്തെ ഉരുള്‍പ്പൊട്ടിയ കുറിച്ച്യന്‍ മലയിലും മക്കിമലയിലും ഉരുള്‍പ്പൊട്ടല്‍ ഭീഷണി തുടരുകയാണ്.

കാസര്‍കോഡ് ജില്ലയിലെ തൃക്കരിപ്പൂര്‍, പടന്ന പ്രദേശങ്ങളില്‍ ഇന്നലെ രാത്രിയോടെ ശക്തമായ ചുഴലിക്കാറ്റുണ്ടായി. നിരവധി മരങ്ങള്‍ കടപുഴകി വീഴുകയും വീടുകളും കടകളുടെയും മുകള്‍ നിലയിലെ ഗ്ലാസുകള്‍ തകരുകയും ചെയ്തു. ഇന്നലെ രാത്രി ചിറ്റാരിക്കല്‍ കുന്നുങ്കൈ ജങ്ഷനില്‍ റോഡിലേക്ക് മണ്ണിടിഞ്ഞു വീണ് ഗതാഗതം തടസ്സപ്പെട്ടു.

അതേസമയം വയനാട്ടിലെ ബാണാസുരസാഗര്‍ അണക്കട്ടിന്റെ ഷട്ടര്‍ ഇനി ഉയര്‍ത്തേണ്ട സാഹചര്യമില്ലെന്ന് അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ ദിവസം മൂന്ന് ഷട്ടറുകള്‍ 60 സെന്റീമീറ്റര്‍ ഉയര്‍ത്തിയിരുന്നു. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് മഴയ്ക്ക് നേരിയ ശമനമുണ്ടെന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം. നേരത്തെ വെള്ളം കയറിയ അണക്കെട്ടിന് താഴെയുള്ള പ്രദേശങ്ങളില്‍ വീട് വൃത്തിയാക്കാനും മറ്റു പ്രവര്‍ത്തനങ്ങളും ആരംഭിച്ചതിനിടെയാണ് ഇന്നലെ വീണ്ടും ഷട്ടറുകള്‍ തുറന്നത്. ഇതോടെ 64 കുടുംബങ്ങളെ വീണ്ടും ദുരിതാശ്വാസ ക്യാംപിലേക്ക് മാറ്റുകയായിരുന്നു. വയനാട്ടില്‍ 124 ദുരിതാശ്വാസ ക്യാംപുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

കോഴിക്കോട് ജില്ലയില്‍ 12 മണിക്കൂറായി ശക്തമായ മഴ തുടരുകയാണ്. ഇന്നലെ ഉച്ചയോടെ തുടങ്ങിയ മഴ രാവിലെ 11 മണിവരെയും തോര്‍ന്നിട്ടില്ല. മലയോര പ്രദേശങ്ങളെല്ലാം ഉരുള്‍പ്പൊട്ടല്‍ ഭീഷണിയിലാണ്. നദികള്‍ കരകവിഞ്ഞൊഴുകുന്നതിനാല്‍ കനത്ത ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം നിര്‍ദേശം നല്‍കിയിട്ടുണ്ട്. മുത്തപ്പന്‍ പുഴയിലും ഇരവഴിഞ്ഞി പുഴയിലും ഒഴുക്ക് വര്‍ധിച്ചിട്ടുണ്ട്.

വയനാട്, കോഴിക്കോട് , മലപ്പുറം, ഇടുക്കി ജില്ലകളില്‍ വരുന്ന മണിക്കൂറില്‍ ഇടിയോടു കൂടിയ മഴക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.

നാദാപുരം കുറ്റിയാടി പാതയില്‍ കടകളിലും വീടുകളിലും വെള്ളം കയറി. മഴ ശക്തമായതോടെ പാലക്കാട് ജില്ലയിലെ കല്‍പാത്തി, ശേഖരീപുരം, പുത്തൂര്‍ പ്രദേശങ്ങളിലെ വീടുകള്‍ വീണ്ടും വെളളപ്പൊക്ക ഭീഷണിയിലായി.

അതേസമയം, ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് കുറഞ്ഞു. നേരിയ മഴ തുടരുന്നുണ്ടെങ്കിലും വൃഷ്ടിപ്രദേശത്ത് ശക്തമായ മഴയില്ലെന്നതാണ് ആശ്വാസം. ഇടുക്കി അണക്കെട്ടില്‍ ആശങ്ക കുറയുമ്പോഴും മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയരുന്നത് ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്. മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 136 അടിയിലെത്തിയിട്ടുണ്ട്. ജലനിരപ്പ് ഉയര്‍ന്നതോടെ മാട്ടുപ്പെട്ടി അണക്കെട്ടിന്റെയും ഷട്ടര്‍ തുറന്നു. തമിഴ്‌നാട് ഉദ്യോഗസ്ഥര്‍ ജില്ലാ കലക്ടര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

കനത്ത മഴ തുടരുന്നതിനാല്‍ കോഴിക്കോട്, മലപ്പുറം ജില്ലകളിലെ പ്രഫഷനല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചു. ഇടുക്കി, ദേവികുളം, ഉടുമ്പന്‍ചോല, പീരുമേട് താലൂക്കുകളിലെയുള്ള പ്രഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധിയാണ്. പാലക്കാട്, വയനാട് ജില്ലയിലെ പ്രഫഷനല്‍ കോളജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധിയാണ്. പത്തനംതിട്ട ജില്ലയിലെ തിരുവല്ല, കോഴഞ്ചേരി താലൂക്കുകളിലെ ദുരിതാശ്വാസ ക്യാംപുകള്‍ പ്രവര്‍ത്തിക്കുന്ന എല്ലാ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധിയായിരിക്കും. കണ്ണൂര്‍ സര്‍വകലാശാല ഇന്ന് നടത്താനിരുന്ന എല്ലാപരീക്ഷകളും മാറ്റി. പുതിയതീയതി പിന്നീട് അറിയിക്കും

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss