|    Nov 16 Fri, 2018 2:02 pm
FLASH NEWS
Home   >  News now   >  

മഹാപ്രളയം, ഉരുള്‍പൊട്ടല്‍; വിറങ്ങലിച്ച് കേരളം-Live Updates

Published : 16th August 2018 | Posted By: mtp rafeek

കോഴിക്കോട്: തോരാതെ പെയ്യുന്ന മഴയും, തുറന്നു വിട്ട ഡാമുകളും കേരളത്തെ മുക്കുന്നു. സംസ്ഥാനം നേരിടുന്നത് ഈ നൂറ്റാണ്ടിലെ തന്നെ മഹാദുരന്തത്തെ. ഇടുക്കിയിലും എറണാകുളത്തിന്റെ ചില ഭാഗങ്ങളിലും മാത്രം ഒതുങ്ങുമെന്ന് കരുതിയിരുന്ന പ്രളയ സാഹചര്യം കേരളത്തിലെ പതിനാല് ജില്ലകളെയും ബാധിച്ചിരിക്കുന്നു. ട്രെയിന്‍, റോഡ് ഗതാഗതം താറുമാറായി.

വലിയ പ്രളയം നേരിടുന്ന പത്തനംതിട്ട അതീവ ഗുരുതര സാഹചര്യത്തെയാണ് നേരിടുന്നത്. നിരവധി പേര്‍ വീടുകളില്‍ കുടുങ്ങിക്കിടക്കുകയാണ്. ആശുപത്രിയില്‍ ഉള്‍പ്പെടെ രോഗികള്‍ കുടുങ്ങി. ആറന്മുള സെന്റ് തോമസ് ആശുപത്രിയില്‍ 80ഓളം രോഗികളാണ് കുടുങ്ങിയിരിക്കുന്നത്. ഭക്ഷണം വെള്ളവുമില്ലാതെ വലയുകയാണ് രോഗികള്‍. ആശുപത്രിയിലെ ഓക്‌സിജന്റെ അളവ് കുറയുന്നതും ആശങ്കയുളവാക്കി.

മുല്ലപ്പെരിയാറില്‍ നിന്ന് ഒഴുക്കി വിടുന്ന വെള്ളം തമിഴ്‌നാട് കൂട്ടിയതോടെ ആലുവ പൂര്‍ണമായും വെള്ളത്തിനടിയിലായി. ഇടുക്കി അണക്കെട്ടില്‍ നിന്ന് സെക്കന്റില്‍ 1500 ഘന ലിറ്റര്‍ വെള്ളം ഒഴുക്കിവിടുന്നുണ്ടെങ്കിലും വെള്ളത്തിന്റെ അളവില്‍ മാറ്റമില്ല.

അടിയന്തര സഹായത്തിന് 1077 എന്ന ടോള്‍ഫ്രീ നമ്പറിലേക്ക് വിളിക്കാം. സ്ഥലത്തെ STD code ചേര്‍ത്ത് വേണം 1077ലേക്ക് വിളിക്കാന്‍. ഉദാഹരണത്തിന് 0495 1077

Live Updates

 • 7.01 PM വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക നാളെ മുതല്‍ ഓണം അവധി. പൊതു വിദ്യാലയങ്ങള്‍ നാളെ അടച്ച് 29ന് തുറക്കും.
 • 6.25 PM ട്രെയ്‌നുകള്‍ പലതും റദ്ദാക്കിയതോടെ ദീര്‍ഘദൂര യാത്രക്കാര്‍ പലരും വിവിധ റെയില്‍വേ സ്റ്റേഷനുകളില്‍ കുടുങ്ങി
 • 6.25 PM കൊല്ലം ജില്ലയില്‍ 56 ദുരിതാശ്വാസ ക്യാംപുകളിലായി 1023 കുടുംബങ്ങളില്‍നിന്നു 3600 പേര്‍
 • 5.00 PM മണ്ണാര്‍ക്കാട് ഉരുള്‍പൊട്ടല്‍; ഒരാള്‍ മരിച്ചു; രണ്ടുപേരെ കാണാതായി
 • 3.08 PM കണ്ണൂര്‍ ജില്ലയില്‍ 13 ദുരിതാശ്വാസ ക്യാംപുകളിലായി 1100 പേര്‍. ശിവപുരം വില്ലേജില്‍ കുണ്ടേരിപ്പൊയില്‍ 25 വീടുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ആളുകളെ ബന്ധുവീടുകളിലേക്കും അയല്‍പക്കങ്ങളിലേക്കും മാറ്റി.
 • 3.05 PM കാസര്‍കോട് അതീവ ജാഗ്രത നിര്‍ദ്ദേശം
 • 3.04 PM ആലുവയില്‍ രക്ഷാപ്രവര്‍ത്തനത്തിന് കൂടുതല്‍ ബോട്ടുകളും തോണികളും രംഗത്ത്
 • 2.46 PM പാലക്കാട് ജില്ലയിലെ വിവിധയിടങ്ങളിലേക്ക് രക്ഷാ പ്രവർത്തനത്തിനായി കോയമ്പത്തുരിൽ നിന്നുള്ള 200 സിആർപിഎഫ് റാപ്പിഡ് ആക്ഷൻ ഫോഴ്സ് ഉടനെത്തും
 • 2.44 PM ഉരുള്‍ പൊട്ടി 9 മരണം: മലപ്പുറം അരീക്കോട് ഊര്‍ങ്ങാട്ടിരി രണ്ടാം വാര്‍ഡ് ആദിവാസി കോളനിയില്‍ ഉരുള്‍ പൊട്ടി. 9 പേര്‍ മരിച്ചു. ആറു പേരുടെ മൃതദേഹങ്ങള്‍ കിട്ടി. ബാക്കിയുള്ളവര്‍ക്ക് വേണ്ടി തിരച്ചില്‍ തുടരുന്നു. മാത, ഉണ്ണി കൃഷ്ണന്‍, അമ്പിളി, ചിരുത, ഷിബിന, നൊട്ടി, സരോജിനി, സുന്ദരന്‍, സുജീഷ് എന്നിവരാണ് മരിച്ചത്.
 • 2.36 PM പിഎസ്എസി പരീക്ഷകള്‍ മാറ്റിവെച്ചു: പിഎസ്എസി നാളെയും മറ്റെന്നാളും (വെള്ളി, ശനി) നടത്താനിരുന്ന ഡിപ്പാര്‍ട്ട്‌മെന്റ് പരീക്ഷകള്‍, ഇന്റര്‍വ്യൂ, സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേന്‍ എന്നിവ മാറ്റിവച്ചു.
 • 2.34 PM മലപ്പുറം കരുവാരക്കണ്ട് വില്ലേജിലെ നളന്ദ ക്യാംപില്‍ നിന്ന് മഞ്ചേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച കല്യാണി(75) മരിച്ചു.
 • 2.27 PM തൊടുപുഴ- ഇടുക്കി റൂട്ടിൽ കുളമാവിനു സമീപം റോഡ് ഇടിഞ്ഞു
 • 2.27 PM കോഴിക്കോട് ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ ( 17.08.2018) ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു.

————————————–

മരണ സംഖ്യ ഉയരുന്നു
പ്രളയത്തിനോടൊപ്പം വടക്കന്‍ കേരളത്തിലെ പല ജില്ലകളിലു തുടരുന്ന ഉരുള്‍പൊട്ടലില്‍ നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. പ്രളയത്തിലും ഉരുള്‍പൊട്ടലിലുമായി ഇന്ന് 20ലേറെ പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. രണ്ട് ദിവസത്തിനിടെ 58 പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്.

ഗതാഗതം സ്തംഭിച്ചു
പ്രളയത്തെ തുടര്‍ന്ന് സംസ്ഥാനത്തെ റോഡ്, ട്രെയിന്‍ ഗതാഗതം സ്തംഭിച്ചു. പല സ്ഥലങ്ങളിലും റെയില്‍ പാളങ്ങളില്‍ വെള്ളവും മറ്റ് തടസ്സങ്ങളും കാരണം ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. ഇത് എപ്പോള്‍ പുന:സ്ഥാപിക്കും എന്ന കാര്യത്തില്‍ റെയില്‍വേയും കൃത്യമായ നിര്‍ദേശങ്ങളൊന്നും നല്‍കിയിട്ടില്ല. തിരുവനന്തപുരത്ത് റെയില്‍വേ സ്‌റ്റേഷനില്‍ ടിക്കറ്റ് നല്‍കുന്നത് നിര്‍ത്തിവെച്ചു. നിരവധിയാളുകള്‍ വിവിധ സ്‌റ്റേഷനുകളില്‍ കുടുങ്ങിക്കിടക്കുകയാണ്. കോഴിക്കോട് ഭാഗത്ത് ഷൊര്‍ണൂര്‍ ഭാഗത്തേക്ക് പോവേണ്ട എല്ലാ ട്രെയ്‌നുകളും പിടിച്ചിട്ടിരിക്കുകയാണ്.

സതേണ്‍ റെയില്‍വേ ഡിവിഷനില്‍ അഞ്ച് ട്രെയിനുകള്‍ പൂര്‍ണമായും റദ്ദാക്കി. എറണാകുളം ജങ്ഷന്‍ ആലപ്പുഴ പാസ്സഞ്ചര്‍, ആലപ്പുഴ എറണാകുളം പാസ്സഞ്ചര്‍, എറണാകുളം ജങ്ഷന്‍ കോട്ടയം പാസ്സഞ്ചര്‍, കോട്ടയം എറണാകുളം ജങ്ഷന്‍ പാസ്സഞ്ചര്‍, പാലക്കാട് എറണാകുളം ജങ്ഷന്‍ പാസ്സഞ്ചര്‍ എന്നീ ട്രെയിനുകളാണ് റദ്ദാക്കിയത്.

പെരിയാറില്‍ ജലനിരപ്പ് ഉയര്‍ന്നതിനാല്‍ ആലുവയ്ക്കും ചാലക്കുടിക്കുമിടയില്‍ ട്രെയിന്‍ ഗതാഗതം നിര്‍ത്തി വെച്ചിരിക്കയാണ്. പല ട്രെയിനുകളും പാലക്കാട് വരെയായി വെട്ടിച്ചുരുക്കി. ട്രിവാന്‍ട്രം-മംഗളൂരു മാംഗളൂര്‍ എക്‌സ്പ്രസ് ചാലക്കുടിയില്‍ നിര്‍ത്തിയിട്ടിരിക്കയാണ്. ഏറനാട് എക്‌സ്പ്രസ് ഹരിപ്പാട് പിടിച്ചിട്ടിരിക്കയാണ്. പരശുറാം എക്‌സ്പ്രസ് കൊയിലാണ്ടിയില്‍ പിടിച്ചിട്ടു. മംഗള എക്‌സ്പ്രസ് കോഴിക്കോട് പിടിച്ചിട്ടു. ഈ ട്രെയിനുകള്‍ എപ്പോള്‍ പുറപ്പെടും എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. കുര്‍ളനേത്രാവതി വണ്ടി കണ്ണൂരില്‍ യാത്ര അവസാനിപ്പിച്ചേക്കും.

ട്രെയിന്‍ ഗതാഗതത്തിന് പുറമെ പല സ്ഥലങ്ങളിലും ബസ് ഗതാഗതവും ഭാഗിഗമായോ പൂര്‍ണമായോ നിലച്ച അവസ്ഥയാണ്. തിരുവല്ല എറണാകുളം ഭാഗത്തേക്കുള്ള എം.സി റോഡില്‍ ഗതാഗതം നിരോധിച്ചു. തൃശൂരില്‍ നിന്നും പാലക്കാട് പോകുവാന്‍ കുതിരാന്‍ അടച്ചു. ഷൊര്‍ണൂര്‍ വഴി പലയിടങ്ങളിലും വെള്ളം കയറി കിടക്കുന്നതിനാല്‍ ഗതാഗതം സ്തംഭിച്ചു. കോയമ്പത്തൂര്‍ എയര്‍പോര്‍ട്ടിലിറങ്ങിയ വിദേശ മലയാളികള്‍ക്ക് നാട്ടിലെത്താന്‍ സാധിക്കുന്നില്ല. കര്‍ണാടക റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ കേരളത്തിലേക്കുള്ള എല്ലാ ബസ് സര്‍വീസുകളും നിര്‍ത്തിവെച്ചു.

അടിയന്തര സഹായത്തിനായി വിളിക്കേണ്ട നമ്പറുകള്‍ ചുവടെ

തിരുവനന്തപുരം 0471 2730045
കൊല്ലം 0474 2794002
പത്തനംതിട്ട 0468 2322515
ആലപ്പുഴ 0477 2238630
കോട്ടയം 0481 2562201
ഇടുക്കി 0486 2233111
എറണാകുളം 0484 2423513
തൃശ്ശൂര്‍ 0487 2362424
പാലക്കാട് 0491 2505309
മലപ്പുറം 0483 2736320
കോഴിക്കോട് 0495 2371002
വയനാട് 9207985027
കണ്ണൂര്‍ 0468 2322515

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss