|    Nov 20 Tue, 2018 9:56 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

ഹാഷിംപുര; നേരിന്റെ സാക്ഷിയായി പ്രവീണ്‍ ജെയിനിന്റെ ചിത്രങ്ങള്‍

Published : 2nd November 2018 | Posted By: kasim kzm

നസീറ നീലോത്ത്

കോഴിക്കോട്: ‘ഈ കേസിന്റെ തെളിവുകള്‍ നശിപ്പിക്കാന്‍ പോലീസുകാര്‍ ശ്രദ്ധാപൂര്‍വ്വം ശ്രമങ്ങള്‍ നടത്തിയിട്ടുണ്ട്. അവര്‍ അന്വേഷണത്തില്‍ പിഴവുകളുണ്ടാക്കി കാലതാമസം വരുത്തി. ആദ്യദിവസം തന്നെ ആളുകളെ പിടിച്ചുകൊണ്ടുപോയ ട്രക്ക് കസ്റ്റഡിയിലെടുക്കാത്തത് വഴി തെളിവുകള്‍ നശിപ്പിക്കാന്‍ അവസരം നല്‍കി’. ഹാഷിംപുര കൂട്ടക്കൊലക്കേസില്‍ പ്രതിപ്പട്ടികയിലുണ്ടായിരുന്ന 16 പേരേയും ശിക്ഷിച്ചുകൊണ്ടുള്ള ഡല്‍ഹി ഹൈക്കോടതിയിലെ ജസ്റ്റിസ് മുരളീധറിന്റെ വിധിന്യായത്തിലുള്ളതാണിത്.

മീറത്ത് കലാപം നിയന്ത്രിക്കാനെന്ന പേരില്‍ 42 മുസ്‌ലിം യുവാക്കളെ ഉത്തര്‍പ്രദേശ് പ്രൊവിന്‍ഷ്യല്‍ ആമ്ഡ് കോണ്‍സ്റ്റാബുലറി (പിഎസി) എന്ന പ്രത്യേക സേന പിടിച്ചുകൊണ്ടുപോയി വെടിവച്ച് കൊന്നത് 1987 മെയ് 22നാണ്. കൊലപാതകങ്ങള്‍ക്കു ശേഷം ഇവരെ കനാലിലേക്ക് വലിച്ചെറിയുകയായിരുന്നു. കൊല്ലപ്പെട്ടവരില്‍ 11 പേരുടെ മൃതദേഹങ്ങള്‍ മാത്രമാണ് തിരിച്ചറിയാനായത്. പലരുടെയും മൃതദേഹങ്ങള്‍ കണ്ടെത്താനും കഴിഞ്ഞില്ല. പക്ഷേ, അവരില്‍ അഞ്ചുപേര്‍ മരണത്തെ തോല്‍പ്പിച്ച് കൂട്ടക്കൊലയെക്കുറിച്ച് ലോകത്തോട് വിളിച്ചുപറയാന്‍ ബാക്കിയായി.

പ്രവീണ്‍ ജെയിന്‍

കൂട്ടക്കൊലയുടെ എല്ലാ തെളിവുകളും ഇല്ലാതാക്കാന്‍ ഭരണകൂടം കിണഞ്ഞു പരിശ്രമിച്ചെങ്കിലും മനുഷ്യാവകാശപ്രവര്‍ത്തകരുടെയും മറ്റും ഇടപെടലിലൂടെ വിഷയം പൊതുശ്രദ്ധയിലെത്തി. അതോടൊപ്പം ആളുകളെ ഗ്രാമത്തില്‍ നിന്നു പിടിച്ചുകൊണ്ടുപോവുന്നതിന്റെയും ഉപദ്രവിക്കുന്നതിന്റെയും സാക്ഷിയായ പ്രവീണ്‍ ജെയിന്‍ എന്ന പത്രഫോട്ടോഗ്രാഫറും അദ്ദേഹത്തിന്റെ ചിത്രങ്ങളും പോലിസ് ക്രൂരതയുടെ നേര്‍ചിത്രങ്ങളായി വിചാരണക്കോടതിക്കു മുമ്പിലുമെത്തി.

കോടതിയിലെത്തി തന്നെക്കൂടി സാക്ഷിയാക്കണമെന്നുള്ള ജെയ്‌ന്റെ വാദം കോടതി അംഗീകരിച്ചു. ഫോട്ടോകളുടെ നെഗറ്റീവ് സഹിതം ജെയിന്‍ തെളിവുകള്‍ നല്‍കി. കൂട്ടക്കൊലയെ അതിജീവിച്ചവരുടെയും കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെയും നീതിക്കായുള്ള പോരാട്ടത്തില്‍ അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ വിലമതിക്കാനാവാത്തതായി.

സണ്‍ഡേ മെയില്‍ പത്രത്തില്‍ ഫോട്ടോഗ്രാഫറായിരിക്കെയാണ് ഹാഷിംപുരയില്‍ റിപോര്‍ട്ടിങിനായി ജെയിന്‍ എത്തുന്നത്. യുവാക്കളെയും മുതിര്‍ന്നവരെയും സേന തോക്കിന്റെ പാത്തികൊണ്ട ഉപദ്രവിക്കുന്നത് ജെയിന്‍ കാമറയില്‍ പകര്‍ത്തി. ഒളിച്ചിരുന്നാണ് ജെയിന്‍ പടങ്ങള്‍ പകര്‍ത്തിയത്.

2015ല്‍ പ്രതിപ്പട്ടികയിലുള്ള 16 പേരെയും വിചാരണക്കോടതി സംശയത്തിന്റെ ആനുകൂല്യത്തില്‍ വെറുതെ വിട്ടിരുന്നു. അതിനെതിരേ ഡല്‍ഹി ഹൈക്കോടതിയില്‍ സമര്‍പ്പിക്കപ്പെട്ട അപ്പീലിലാണ് 16 പ്രതികള്‍ക്കും ജീവപര്യന്തം ശിക്ഷ നല്‍കിക്കൊണ്ടുള്ള വിധി പ്രഖ്യാപിച്ചത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss