|    Dec 12 Wed, 2018 8:11 am
FLASH NEWS
Home   >  News Today   >  

സുലൈമാന്‍ സേട്ട്: ഒരിന്ത്യന്‍ വീരഗാഥ’ പ്രകാശനം നിര്‍വ്വഹിച്ചു

Published : 26th November 2018 | Posted By: afsal ph

ജിദ്ദ: മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനുമായ ഹസന്‍ ചെറൂപ്പ രചിച്ച സുലൈമാന്‍ സേട്ട്: ഒരിന്ത്യന്‍ വീരഗാഥ എന്ന പുസ്തകത്തിന്റെ ഗള്‍ഫ്തല പ്രകാശനം പ്രൗഡോജ്വലമായ ചടങ്ങില്‍ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ മുഹമ്മദ് നൂര്‍ റഹ്മാന്‍ ശൈഖ് അബീര്‍ മെഡിക്കല്‍ ഗ്രൂപ്പ് പ്രസിഡന്റ് ആലുങ്ങല്‍ മുഹമ്മദിന് നല്‍കി നിര്‍വ്വഹിച്ചു. സീസണ്‍സ് റസ്‌റ്റോറന്റില്‍ നടന്ന ചടങ്ങില്‍ ജിദ്ദയിലെ പ്രവാസി സമൂഹത്തിലെ വിവിധ സംഘടനാ പ്രതിനിധികളും സൗദി പ്രമുഖരുമുള്‍പ്പെടെ നിരവധി പേര്‍ സന്നിഹിതരായിരുന്നു.
ഇന്ത്യന്‍ മുസ്്‌ലിംകളുടെ മെഹ്ബൂബെ മില്ലത്തായ ഇബ്രാഹീം സൂലൈമാന്‍ സേട്ട് എന്ന ഇതിഹാസ നായകനെ നേരില്‍ കാണാന്‍ സൗഭാഗ്യമുണ്ടായിട്ടില്ലെങ്കിലും അദ്ദേഹത്തിന്റെ ജീവിതത്തെ കുറിച്ച് മനസ്സിലാക്കാന്‍ സാധിച്ചിരുന്നതായി കോണ്‍സല്‍ ജനറല്‍ പ്രസ്താവിച്ചു. ഇന്ത്യ മതേതരതവും നാനാത്വത്തിലെ ഏകത്വവും ഉയര്‍ത്തിപിടിക്കുന്ന രാജ്യമാണെന്നും അദ്ദേഹം കുട്ടിച്ചേര്‍ത്തു. ഇന്ത്യന്‍ മുസ്്‌ലിംകളുടെ അജയ്യനായ നേതാവായിരുന്നു സുലൈമാന്‍ സേട്ടെന്ന് മുഖ്യ പ്രഭാഷണം നിര്‍വ്വഹിച്ച പ്രമുഖ സൗദി മാധ്യമ പ്രവര്‍ത്തകന്‍ ഖാലിദ് അല്‍ മഈന പ്രസ്താവിച്ചു. ജിദ്ദ നാഷണല്‍ ഹോസ്പിറ്റല്‍ ചെയര്‍മാന്‍ വി.പി മുഹമ്മദലി അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി കോണ്‍സല്‍ ജനറല്‍ മുഹമ്മദ് ഷാഹിദ് ആലം, സൗദി ഗസറ്റ് എക്‌സിക്യൂട്ടീവ് എഡിറ്റര്‍ റാം നാരായണ്‍ അയ്യര്‍, അറബ് ന്യൂസ് മാനേജിംഗ് എഡിറ്റര്‍ സിറാജ് വഹാബ്, ഒ.ഐ.സി യുനൈറ്റഡ് ന്യൂസ് ഏജന്‍സീസ് എഡിറ്റര്‍ ഹസിം അബ്ദു, ആലുങ്ങല്‍ മുഹമ്മദ്, ടി.എ.എം. റഊഫ്, സലാഹ് കാരാടന്‍ എന്നിവര്‍ സംസാരിച്ചു. റഹീം പട്ടര്‍ക്കടവിന് കോപ്പി നല്‍കി ഹസന്‍ സിദ്ധീഖ് ബാബു പുസ്തക വില്‍പ്പനോദ്ഘാടനം നിര്‍വഹിച്ചു. ഫിറ്റ് ജിദ്ദ നിര്‍മിച്ച് സാദിഖലി തുവ്വൂരിന്റെ നേതൃത്വത്തില്‍ അവതരിപ്പിച്ച ‘ലെഗസി ഓഫ് എ ലെജന്ഡറി ലീഡര്‍’ എന്ന ഡോക്യുമെന്ററി ശ്രദ്ധേയമായി. നേരത്തെ നടന്ന ചര്‍ച്ചാ സമ്മേളനം
കേരള നദ് വത്തുല്‍ മുജാഹിദീന്‍ സംസ്ഥാന സെക്രട്ടറി സലാഹുദ്ദീന്‍ മദനി ഉദ്ഘടനം ചെയ്തു. വിദ്യാര്‍ത്ഥി ജീവിത കാലത്ത് തന്നെ സേട്ടിന്റെ ജീവിതത്തില്‍ ആകൃഷ്ടനായിരുന്നുവെങ്കിലും എറണാകുളത്ത് താന്‍ ഖതീബായി പ്രവര്‍ത്തിക്കുന്ന അതേ മസ്ജിദില്‍ തന്നെയായിരുന്നു സേട്ട് നമസ്‌കാരത്തിന് എത്തിയിരുന്നത് എന്നത് ബന്ധം കൂടുതല്‍ സുദൃഢമാവാന്‍ കാരണമായതായി അദ്ദേഹം പറഞ്ഞു. കറകളഞ്ഞ വ്യക്തിത്വത്തിന്റെ ഉടമയായിരുന്ന സുലൈമാന്‍ സേട്ട് അസാമാന്യമായ ഇഛാശക്തിയുള്ള നേതാവായിരുന്നു. ഒരു ഭീഷണിക്ക് മുന്നിലും പതറാതെ എടുത്ത തീരുമാനവുമായി ഏത് പ്രതിസന്ധിയിലും അദ്ദേഹം മുന്നോട്ട് ഗമിച്ചു. സേട്ടിന്റെ ചരിത്രം മാത്രം പറയുന്ന ഒരു പുസ്തകമല്ല ഇതെന്നും സ്വാതന്ത്ര്യാനന്തരമുള്ള ഇന്ത്യന്‍ മുസ്്‌ലിംകളുടെ ചരിത്രവിവരണം കൂടി ഇതില്‍ പ്രതിപാദിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുസ്തഫ വാക്കാലൂര്‍ അധ്യക്ഷത വഹിച്ചു.
സുലൈമാന്‍ സേട്ട്: ഒരിന്ത്യന്‍ വീരഗാഥ എന്ന പുസ്തകം ഓരോ വായനക്കാരനും ഓരോ അനുഭൂതിയാണ് സമ്മാനിക്കുന്നതെന്നും ജീവിതം മുഴുവന്‍ ആരാധനയായി കണ്ട മഹാമനീഷിയായിരുന്നു അദ്ദേഹമെന്നും പുസ്തകാസ്വദനം നിര്‍വ്വഹിച്ച് സംസാരിച്ച പ്രൊഫ. ഇസ്മായില്‍ മരിതേരി പറഞ്ഞു. സര്‍ക്കാരില്‍ നിന്ന് ഒരു ആനുകൂല്യവും അദ്ദേഹം കൈപറ്റിയിരുന്നില്ല. മാനവികതയില്‍ ഊന്നിനിന്ന് ജീവിതം നയിച്ച അപൂര്‍വ്വ രാഷ്ട്രീയ നേതാവായിരുന്നു അദ്ദേഹം.
മതേതര കൂട്ടായ്മക്ക് വേണ്ടി അവസാന നിമിഷം വരെ ശ്രമിച്ച മഹാനായിരുന്നു സുലൈമാന്‍ സേട്ടെന്ന് ഗ്രന്ഥത്തിന്റെ രചയിതാവ് കൂടിയായ ഹസന്‍ ചെറൂപ്പ പറഞ്ഞു. ആറ് മാസം കൊണ്ട് എഴുതി തീര്‍ക്കണമെന്ന് വിചാരിച്ച് തുടക്കം കുറിച്ച ഗ്രന്ഥം രചിക്കാന്‍ വര്‍ഷങ്ങള്‍ വേണ്ടിവന്നത് യാദൃശ്ചികമല്ലെന്ന് പാരാവാരം പോലുള്ള ജീവിതത്തിലൂടെ കടന്ന്‌പോയപ്പോള്‍ അനുഭവത്തിലൂടെ ബോധ്യമായതായി അദ്ദേഹം പറഞ്ഞു. അബൂബക്കര്‍ അരിമ്പ്ര, വി.കെ.റഊഫ്, ഗോപി നെടുങ്ങാടി, കെ.യു ഇഖ്ബാല്‍, പി. ശംസുദ്ദീന്‍, കെ.ടി.എ മുനീര്‍,
സി.കെ. മുഹമ്മദ് നജീബ്, നാസര്‍ ചാവക്കാട്, പി.പി റഹീം, ഉബൈദുല്ല തങ്ങള്‍, നൗഷാദ് ചിറയിന്‍കീഴ്, അബ്ദുറഹിമാന്‍ കാളമ്പ്രാട്ടില്‍, മുസ്തഫ വാക്കാലൂര്‍ കബീര്‍ കൊണ്ടോട്ടി എ.എം അബ്ദുള്ളക്കുട്ടി ഇസ്ഹാക്ക് പൂണ്ടോളി എന്നിവര്‍ സംസാരിച്ചു.
അഷ്‌റഫ് പട്ടത്തില്‍ സാദിഖലി തുവ്വൂര്‍ ഇബ്രാഹിം ശംനാട് പി.എ ഗഫൂര്‍ മന്‍സൂര്‍ അബ്ദുറഹിം ചെറൂപ്പ എന്നിവര്‍ പരിപാടി നിയന്ത്രിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss