|    Nov 21 Wed, 2018 1:03 am
FLASH NEWS
Home   >  Editpage  >  Lead Article  >  

പേടിപ്പെടുത്തുന്നു, പദ്ധതികള്‍

Published : 25th August 2018 | Posted By: kasim kzm

പ്രളയം പതിയെ പടിയിറങ്ങുകയാണ്. ദുരിതാശ്വാസ ക്യാംപുകളില്‍ നിന്നു ജനങ്ങള്‍ സാധാരണ ജീവിതത്തിലേക്കു മടങ്ങുന്ന അവസരത്തില്‍ പദ്ധതികളെക്കുറിച്ചാണ് സര്‍ക്കാരിനു പറയാനുള്ളത്. സത്യം പറയാമല്ലോ, കേട്ടിട്ടുതന്നെ പേടിയാവുന്നു. പദ്ധതി എന്ന പദം ഭയപ്പെടുത്തുന്നു. പദ്ധതിച്ച് പദ്ധതിച്ച് പശ്ചിമഘട്ടം മൊത്തത്തില്‍ തന്നെ ടിപ്പറിലേറി മലയിറങ്ങിക്കഴിഞ്ഞു. ബാക്കിയുള്ള ഭാഗങ്ങള്‍ ഉരുള്‍പൊട്ടലില്‍ അടര്‍ന്നുവീണുകൊണ്ടേയിരിക്കുന്നു.

തുറന്നുവിട്ട അണക്കെട്ടുകള്‍ വെറും പദ്ധതികളായിരുന്നില്ല, ബൃഹദ് പദ്ധതികള്‍ തന്നെയായിരുന്നു. മഹാപ്രളയത്തിന് ഏതാനും ദിവസം മുമ്പാണ് ആതിരപ്പിള്ളി പദ്ധതി നടപ്പാക്കണമെന്നതാണ് തന്റെ മനസ്സിലിരിപ്പെന്ന് മന്ത്രി പറഞ്ഞത്. ഇതേ മന്ത്രി തന്നെ ദുരന്തത്തിനു ശേഷം പറഞ്ഞത്, ഇത്ര വലിയ മഴ പെയ്യുമെന്നും അണക്കെട്ട് തുറന്നുവിടേണ്ടിവരുമെന്നും കരുതിയില്ലെന്നാണ്.
വിഴിഞ്ഞമാണ് മറ്റൊരു പദ്ധതി. കടലില്‍ ഇടാന്‍ കല്ലു തീര്‍ന്നതിനെ തുടര്‍ന്ന് പണി മുടങ്ങുമെന്ന അവസ്ഥയിലാണ് എന്നാണ് ഏറ്റവുമൊടുവില്‍ കേട്ടത്. മലേസ്യയില്‍ നിന്നോ മറ്റോ കല്ല് കൊണ്ടുവരാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ടത്രേ. അത്രയ്ക്ക് രൂക്ഷമാണ് കരിങ്കല്ല് ക്ഷാമമെന്നര്‍ഥം. കേന്ദ്രാവിഷ്‌കൃതവും സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയതുമായ പലവിധ പദ്ധതികള്‍ക്കൊപ്പം ജനങ്ങളും കൈയിലുള്ള പണത്തിനനുസരിച്ചുള്ള പദ്ധതികള്‍ നടപ്പാക്കിയതിന്റെ ഫലം. ഹൈവേകളുടെയും ബൈപാസുകളുടെയും വീതിയും നീളവുമേറുമ്പോള്‍ പശ്ചിമഘട്ടം പൊടിച്ചെടുക്കാതെ വയ്യല്ലോ.

കീഴാറ്റൂരിലെ ഏക്കറുകണക്കിന് നെല്‍വയലുകള്‍ നികത്തി ബൈപാസ് ഉണ്ടാക്കാനുള്ളതാണ് നിലവിലുള്ള മറ്റൊരു പദ്ധതി. വയലിന് മീതെ മേല്‍പ്പാത നിര്‍മിച്ച് ബദല്‍ പാതയൊരുക്കാനുള്ള മറ്റൊരു പരിഹാരപദ്ധതിയെക്കുറിച്ചും കേള്‍ക്കുന്നു. അതിനും കല്ലിനായി മല കയറുക തന്നെ വേണം. ഏതച്ഛന്‍ വന്നാലും അമ്മയുടെ മുതുകത്ത് എന്നു പറഞ്ഞപോലെയാണു സ്ഥിതി. ആറന്‍മുളയിലായിരുന്നു മറ്റൊരു പദ്ധതി നടപ്പാക്കാന്‍ ഉദ്ദേശിച്ചത്. വയല്‍ നികത്തി വിമാനത്താവളമുണ്ടാക്കാന്‍ നിശ്ചയിച്ച പദ്ധതിപ്രദേശത്തുനിന്ന് ഇനിയും വെള്ളമിറങ്ങിയിട്ടില്ലത്രേ.
പൊതുജനങ്ങള്‍ക്കുമുണ്ടായിരുന്നു പദ്ധതികള്‍. അധ്വാനിച്ചും അല്ലാതെയും ഉണ്ടാക്കുന്ന പണം മുഴുവന്‍ ഫഌറ്റുകളും പാര്‍പ്പിടങ്ങളും നിര്‍മിച്ചു കൂട്ടാന്‍ ഉപയോഗിക്കുക എന്നതായിരുന്നു അതില്‍ പ്രധാനം. സംസ്ഥാനത്ത് ഏഴുലക്ഷത്തിലേറെ വീടുകളില്‍ ആരും താമസിക്കുന്നില്ല എന്ന സെന്‍സസ് റിപോര്‍ട്ട് ഓര്‍ക്കുക- വീടില്ലാത്തവരുടെ കണക്കിനേക്കാള്‍ അധികമായിരുന്നുവത്രേ അത്. ഇനിയുമെത്രയോ പദ്ധതികള്‍ ഉയരങ്ങളില്‍ നടക്കുന്നുണ്ടെന്നുവേണം കരുതാന്‍. മലമുകളില്‍നിന്നൊരു ജലബോംബ് വന്നു പതിച്ച് നിരവധി ജീവനെടുത്തപ്പോഴാണ് കട്ടിപ്പാറയിലുള്ളവര്‍ അത്തരമൊരു പദ്ധതിയെക്കുറിച്ച് അറിഞ്ഞത്.
ഒടുവില്‍ പ്രകൃതിയും കേരളത്തില്‍ വലിയൊരു പദ്ധതി നടപ്പാക്കി. അതുണ്ടാക്കിയ ദുരിതങ്ങളില്‍ നിന്ന് പൂര്‍ണമായി കരകയറിയിട്ടില്ലാത്തതുകൊണ്ടുതന്നെയാവും പദ്ധതി എന്ന വാക്ക് കേള്‍ക്കുമ്പോള്‍ തന്നെ ഭയം അരിച്ചിറങ്ങുകയാണ്, മനസ്സില്‍.
ഉയര്‍ന്നുകേള്‍ക്കുന്നത് പുനരധിവാസത്തെയും പുനര്‍നിര്‍മാണത്തെയും സംബന്ധിച്ച പദ്ധതിപ്രഖ്യാപനങ്ങളാണ്. ഒരു ബൃഹദ് പദ്ധതി തന്നെ തയ്യാറാക്കി കേന്ദ്രസര്‍ക്കാരിനു സമര്‍പ്പിക്കാനാണ് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം. പുനര്‍നിര്‍മാണത്തിന് വന്‍തോതില്‍ പണം ആവശ്യമുണ്ടെന്നും മുഖ്യമന്ത്രി വിശദീകരിച്ചിട്ടുണ്ട്. പശ്ചാത്തലസൗകര്യങ്ങളുടെ പുനര്‍നിര്‍മാണം, കൃഷി, ജലസേചനം തുടങ്ങിയ മേഖലകളിലെ ‘പദ്ധതികള്‍ക്കായി പ്രത്യേക പദ്ധതി’ നടപ്പാക്കണമെന്ന് നബാര്‍ഡിനോട് ആവശ്യപ്പെടുമെന്നും അറിയിച്ചിട്ടുണ്ട്.
മുങ്ങിയ ജീവിതങ്ങളെ കൈപിടിച്ചു കരകയറ്റാന്‍ പദ്ധതികള്‍ വേണ്ടെന്നല്ല. ലക്കും ലഗാനുമില്ലാത്ത വികസന പാച്ചിലിനിടയില്‍ ചെയ്തുകൂട്ടിയ തെറ്റുകള്‍ക്ക് പ്രായശ്ചിത്തം ചെയ്യാന്‍ ഒരു അവസരം കൂടിയാണു പുനര്‍നിര്‍മാണം. മാധവ് ഗാഡ്ഗില്‍ അടക്കമുള്ള പരിസ്ഥിതി പ്രവര്‍ത്തകര്‍ കാലങ്ങളായി ചൂണ്ടിക്കാട്ടുന്ന പ്രശ്‌നങ്ങളും വസ്തുതകളും കണക്കിലെടുത്താവണം പുനര്‍നിര്‍മാണം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss