|    Dec 11 Tue, 2018 10:24 pm
FLASH NEWS
Home   >  Kerala   >  

സിജി സ്ഥാപകന്‍ ഡോ.കെ എം അബൂബക്കര്‍ അന്തരിച്ചു

Published : 27th November 2018 | Posted By: afsal ph

കോഴിക്കോട്: സിജി (സെന്റര്‍ ഫോര്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഗൈഡന്‍സ് ഇന്ത്യ) യുടെ സ്ഥാപകനും, ബാബാ അറ്റോമിക്ക് റിസര്‍ച്ച് സെന്റര്‍ മുന്‍ സൈന്റിഫിക്ക് ഓഫീസറുമായ ഡോ കെ എം അബൂബക്കര്‍ (90 വയസ്സ്) എറണാകുളത്ത് അന്തരിച്ചു. ഫാറൂക്ക് കോളജ് അധ്യാപകന്‍, അലീഗഡ് മുസ്്‌ലിം സര്‍വ്വകലാശാല ഫാക്കല്‍റ്റി അംഗം, അല്‍ഫാറൂഖ് എഡ്യുക്കേഷണല്‍ സെന്റര്‍ സ്ഥാപക ഡയറക്ടര്‍, ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കമ്പനി സെക്രട്ടറീസ് ഓഫ് ഇന്ത്യയുടെ ദക്ഷിണമേഖലാ കൗണ്‍സില്‍ ഡയറക്ടര്‍ തുടങ്ങിയ നിലകളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.അലിഗഡ് മുസ്്‌ലിം സര്‍വ്വകലാശാലയില്‍ മലയാളി അസോസിയേഷന്‍ സ്ഥാപിക്കുന്നതിലും, 1957ലെ കേരളപ്പിറവി ആഘോഷിക്കുന്നതിലും നേതൃത്വപരമായ പങ്ക് വഹിച്ചു. 1966ല്‍ ബാര്‍ക്ക് ഓഫീസേഴ്സ് അസോസിയേഷനും (ബാബാ അറ്റോമിക്ക് റിസേര്‍ച്ച് സെന്റര്‍ ഓഫീസേഴ്സ് അസോസിയേഷന്‍), ബോംബെയില്‍ ബാര്‍ക്ക് റസിഡന്‍സ് സഹകരണ സംഘവും സ്ഥാപിച്ചു. ബുദ്ധിമാന്ദ്യമുള്ള കുട്ടികള്‍ക്കായി മുംബൈയില്‍ ആണവശക്തി നഗറില്‍ സ്പെഷ്യല്‍ സ്‌കൂള്‍ സ്ഥാപിച്ചു. 15 വര്‍ഷംആറ്റോമിക്ക് എനര്‍ജി എഡ്യുക്കേഷന്‍ സൊസൈറ്റിയുടെ ഓണററി സെക്രട്ടറിയായിരുന്നു.
1996 നവംബര്‍ 1ന് ഡോ. കെ എം അബൂബക്കറിന്റെ നേതൃത്വത്തില്‍ സ്ഥാപിതമായ സിജി, ഉപരിപഠന തൊഴില്‍ മാര്‍ഗനിര്‍ദ്ദേശക രംഗത്ത് രാജ്യത്തിനകത്തും പുറത്തും കഴിഞ്ഞ 22 വര്‍ഷമായി സേവനം നടത്തുന്നു. 2003ല്‍ വിശിഷ്ട സേവനത്തിനുള്ള പീവീസ് ദേശീയ പുരസ്‌കാരം, മികച്ച സാമുഹ്യ സേവനത്തിനുള്ള ഹദ്ദാദ് പുരസ്‌കാരം തുടങ്ങിയ ലഭിച്ചിട്ടുണ്ട്. അലീഗഡ് മുസ്്‌ലിം യൂനിവേഴ്സിറ്റി സിവില്‍ സര്‍വീസ് ഗൈഡന്‍സ് സെന്റര്‍ ഉപദേശകസമിതി, കാലിക്കറ്റ് സര്‍വകലാശാല ഇസ്്‌ലാമിക് ചെയര്‍ എക്സിക്യൂട്ടീവ് കമ്മിറ്റി എന്നിവയില്‍ അംഗമാണ്. എസ്്‌സിഇആര്‍ടിയുടെയും വാഴയൂര്‍ സാഫി യുടെയും സ്ഥാപകാംഗമായിരുന്നു. കുറ്റിയാടി എജുകെയര്‍ ഇന്ത്യ ചാരിറ്റബിള്‍ ട്രസ്റ്റ് സ്ഥാപക ചെയര്‍മാനായിരുന്നു.
എറണാകുളം മഹാരാജാസ് കോളേജില്‍ നിന്ന് ബിഎസ്‌സി കെമിസ്ട്രിയും,അലീഗഡ് മുസ്്‌ലിം സര്‍വ്വകാലാശാലയില്‍ നിന്നും ഒന്നാം റാങ്കോടെ എംഎസ്‌സിയും അവിടെനിന്ന് തന്നെ പിഎച്ച്ഡിയും കരസ്ഥമാക്കിയ ഡോ. കെ എം അബൂബക്കര്‍ 1959 മുതല്‍ 1989 വരെ ബാബ ആറ്റോമിക്ക് റിസര്‍ച്ച് സെന്ററില്‍ സേവനമനുഷ്ഠിച്ചു.ആറ്റോമിക്ക് എനര്‍ജി എഡ്യുക്കേഷന്‍ സൊസൈറ്റിയുടെ ഓണററി സെക്രട്ടറി എന്ന നിലയില്‍ സെക്കണ്ടറി ഹയര്‍സെക്കണ്ടറി സ്‌കൂളുകള്‍ സ്ഥാപിക്കുന്നതില്‍ നേതൃത്വപരമായ പങ്ക് വഹിച്ചിട്ടുണ്ട്. ഭാര്യമാര്‍: ഹാജറ,പരേതയായ ആയിഷ. മക്കള്‍: സായ (അബൂദാബി മിലിട്ടറി ആശുപത്രിയില്‍ ബയോടെക്നോളജി വിഭാഗം മേധാവി),നാസ് (വാഷിംങ്ടണില്‍ ജോണ്‍ ഹോപ്കിന്‍സ് ഇന്‍സ്റ്റിറ്റിയൂട്ടില്‍ സീനിയര്‍ ജെറിയാട്രീഷ്യന്‍). ഗുല്‍നാര്‍ (നജു-ബാര്‍ക്കില്‍ മെറ്റലര്‍ജി വിഭാഗം മേധാവി. മരുമക്കള്‍: ഡോ. അബ്ദുല്‍ റഹ്മാന്‍ പുളുക്കൂല്‍, ഡോ. ഐജാസ് ഹുസൈന്‍, വി എ അബ്ദുല്‍ കരീം ഖബറടക്കം എറണാകുളം എടവനക്കാട് നായരമ്പലം ജുമാമസ്ജിദില്‍ ബുധനാഴ്ച്ച രാവിലെ 10:30ന് നടക്കും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss