|    Nov 19 Mon, 2018 3:00 am
FLASH NEWS
Home   >  Kerala   >  

പുണ്യഭൂമിയില്‍ കര്‍മനിരതരായി ഫ്രറ്റേണിറ്റി ഹജ്ജ് വോളന്റിയര്‍മാര്‍

Published : 23rd August 2018 | Posted By: G.A.G

ജിദ്ദ: ഒന്നര പതിറ്റാണ്ട് കാലത്തെ ഹജ്ജ് സന്നദ്ധസേവന പാരമ്പര്യം കൈമുതലാക്കി അല്ലാഹുവിന്റെ അതിഥികളെ സേവിച്ചുവരുന്ന ഇന്ത്യ ഫ്രറ്റേണിറ്റി ഫോറത്തിന്റെ പ്രവര്‍ത്തനങ്ങള്‍ സൗദി അധികാരികളുടെയും ഹാജിമാരുടെയും മനംകവര്‍ന്നു. സൗദി ഗവണ്‍മെന്റിനു കീഴിലുള്ള മറാകിസുല്‍ അഹ്‌യയുമായി സഹകരിച്ച് 1500 ഫ്രറ്റേണിറ്റി വോളന്റിയര്‍മാരാണ് പുണ്യഭൂമിയില്‍ സേവനം ചെയ്തുവരുന്നത്. ഫോറം വോളന്റിയര്‍മാര്‍ സേവനം ചെയ്യുന്ന വീഡിയോ കഴിഞ്ഞ ദിവസം മറാകിസുല്‍ അഹ്‌യയുടെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ പ്രസിദ്ധീകരിച്ചിരുന്നു.
മറാകിസുല്‍ അഹ്‌യ പ്രതിനിധികള്‍ കഴിഞ്ഞ ദിവസം നേരിട്ടെത്തി ഫോറത്തിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയുണ്ടായി. മറാകിസുല്‍ അഹ്‌യ മക്ക ഏരിയ മാനേജര്‍ ശെയഖ് മുഹമ്മദ് ബാസിം, വോളന്റിയര്‍ സൂപ്പര്‍വൈസര്‍ മുഹമ്മദ് സിദ്ദീഖി, മക്ക എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം യഹ്‌യ തുര്‍ക്കി എന്നിവര്‍ സേവനപ്രവര്‍ത്തനങ്ങളില്‍ അതീവ സംതൃപ്തി രേഖപ്പെടുത്തി. ഇന്ത്യന്‍ ഹാജിമാര്‍ക്ക് മാത്രമല്ല, ലോകത്തിന്റെ നാനാഭാഗത്തുനിന്നെത്തിയ മുഴുവന്‍ അതിഥികളിലേക്കും സേവനമെത്തിക്കാന്‍ ഫോറത്തിന് സാധിക്കുന്നുണ്ടെന്ന് ശെയഖ് മുഹമ്മദ് ബാസിം വിലയിരുത്തി. അതിരുകളില്ലാത്ത അല്ലാഹുവിന്റെ ഖജനാവില്‍ നിന്നുള്ള കാരുണ്യവും പ്രതിഫലവും ഏവര്‍ക്കും ലഭിക്കട്ടെയെന്നും അദ്ദേഹം പ്രാര്‍ത്ഥിച്ചു.
വിവിധ ഭാഷകളില്‍ പ്രാവീണ്യമുള്ള ഫ്രറ്റേണിറ്റി വോളന്റിയര്‍മാരുടെ സേവനം ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഹാജിമാര്‍ക്കും വിദേശ ഹാജിമാര്‍ക്കും ഏറെ പ്രയോജനം ചെയ്യുന്നുണ്ട്. അറഫ ദിനത്തില്‍ 250 വോളന്റിയര്‍മാരാണ് ഇവിടെ കര്‍മരംഗത്തുണ്ടായിരുന്നത്. മിനായിലെ സേവനം അവസാന ഹാജിയും നഗരി വിടുന്നതു വരെ തുടരും. ഹാജിമാരെ മെട്രോ സ്‌റ്റേഷനുകളില്‍ എത്തിക്കുന്നതിനും ട്രെയിനില്‍ കയറ്റുന്നതിനും തിരികെ ടെന്റുകളില്‍ എത്തിക്കുന്നതിനും സഹായംചെയ്തുവരുന്നു. വഴിയറിയാതെയും കൂട്ടംതെറ്റിയും പ്രയാസത്തിലായ ഹാജിമാര്‍ക്ക് ഈ സേവനം വളരെയധികം ഉപകാരപ്രദമാകുന്നുണ്ട്. അവശരായ ഹാജിമാരെ കര്‍മങ്ങള്‍ ചെയ്യിക്കാനും ടെന്റുകളിലേക്കും തിരിച്ചും എത്തിക്കാനും വീല്‍ചെയര്‍ സേവനം നല്‍കിവരുന്നു.
ഇന്ത്യന്‍ ഹജ്ജ് മിഷന്റെ ആവശ്യപ്രകാരം മക്ക ഹറം പരിസരത്ത് ആരംഭിച്ച ഫോറത്തിന്റെ പ്രത്യേക ഹറം മിഷന്‍ ടീം നാല് സംഘങ്ങളായി 24 മണിക്കൂറും സേവനം നടത്തിവരുന്നുണ്ട്. 150 പേരടങ്ങിയ സംഘം 45 ദിവസമാണ് സേവനം ചെയ്യുന്നത്. 80,000 ഇന്ത്യന്‍ ഹാജിമാര്‍ ഉപയോഗപ്പെടുത്തുന്ന മസ്ബഹ് ജിന്ന് ബസ് പോയിന്റ് ഉള്‍പ്പെടെയുള്ള ബസ് സ്‌റ്റേഷനുകളിലും ക്ലിനിക്കുകളിലും ആശുപത്രികളിലും ഫോറം വോളന്റിയര്‍മാര്‍ സേവനസജ്ജരാണ്. ഫ്രറ്റേണിറ്റി വനിതാ വോളന്റിയര്‍ കോര്‍ മക്കയിലെ ഹജ്ജ് മിഷന്റെ രണ്ട് ക്ലിനിക്കുകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചുവരുന്നു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss