Flash News

യുവേഫ നാഷന്‍സ് ലീഗ്: ഹോളണ്ടിനെതിരേ ഫ്രാന്‍സിന് ത്രസിപ്പിക്കുന്ന ജയം

യുവേഫ നാഷന്‍സ് ലീഗ്: ഹോളണ്ടിനെതിരേ ഫ്രാന്‍സിന് ത്രസിപ്പിക്കുന്ന ജയം
X

പാരിസ്: യുവേഫ നാഷണ്‍സ് ലീഗില്‍ ലോകചാംപ്യന്‍മാരായ ഫ്രാന്‍സിന് വിജയം. ഫ്രാന്‍സിന്റെ സ്വന്തം തട്ടകമായ പാരിസ് സെന്റ് ഡെനിസ് സ്റ്റേഡിയത്ത് ഹോളണ്ടുമായി
നടന്ന ആവേശകരമായ പോരാട്ടത്തില്‍ അവരെ 2-1 നാണ് പരാജയപ്പെടുത്തിയത്. ഫ്രാന്‍സിന് വേണ്ടി യുവതാരം കൈലിയന്‍ എംബാപ്പെയും ഒളിവര്‍ ജിറൗഡും ഗോള്‍ നേടിയപ്പോള്‍ റയാന്‍ ബേബലാണ് ഹോളണ്ടിന് വേണ്ടി വല കുലുക്കിയത്. ലോകകപ്പിന് ശേഷം ഫ്രാന്‍സ് നേടുന്ന ആദ്യ വിജയമാണിത്. ഇതോടെ ജര്‍മനിയും ഹോളണ്ടുമടങ്ങുന്ന ലീഗ് എയിലെ ഒന്നാം ഗ്രൂപ്പില്‍ നാല് പോയിന്റുമായി ഫ്രാന്‍സ് ഒന്നാം സ്ഥാനത്തെത്തി. നേരത്തെ ആദ്യ മല്‍സരത്തില്‍ ഫ്രാന്‍സ് ജര്‍മനിയുമായി സമനിലയില്‍ പിരിഞ്ഞിരുന്നു.
ജിറൗഡിനെ ആക്രമണ കുന്തമുനയാക്കി കോച്ച് ദിദിയര്‍ ദെഷാംപ്‌സ് ഫ്രാന്‍സിനെ 4-2-3-1 എന്ന ശൈലിയില്‍ കളത്തിലിറക്കിയപ്പോള്‍ യുവനിരയെ കളത്തിലിറക്കിയാണ് നാട്ടുകാരനായ ഹോളണ്ട് കോച്ച് റൊണാള്‍ഡ് കോയിമാന്‍ കളി മെനഞ്ഞത്. പന്തടക്കത്തിലും ഗോള്‍ ശ്രമത്തിലും ഹോളണ്ടിനെതിരേ ഫ്രാന്‍സിനാണ് കളിയില്‍ മുന്‍ തൂക്കം. 53 ശതമാനവും പന്തടക്കി വച്ച ഫ്രാന്‍സ് 14 ഗോള്‍ ശ്രമങ്ങളാണ് എതിര്‍പോസ്റ്റിലേക്ക് ഉതിര്‍ത്തത്.
തുടക്കത്തില്‍ തന്നെ ആക്രമണം അഴിച്ചു വിട്ട ഫ്രാന്‍സ് അവസാനം വരെ ഇത് തുടര്‍ന്നു.
മല്‍സരം തുടങ്ങി 14ാം മിനിറ്റില്‍ പിഎസ്ജി താരം എംബാപ്പെയാണ് ഫ്രഞ്ച് പടയുടെ ലീഡ് സ്വന്തമാക്കിയത്.
ബ്ലെയ്‌സ് മറ്റിയൂഡി നല്‍കിയ കിടിലന്‍ പാസ് ഒന്ന് വലയിലെത്തിക്കേണ്ട കാര്യമേ എംബാപ്പെയ്ക്കുണ്ടായിരുന്നുള്ളൂ. പിന്നീടുള്ള ആദ്യ പകുതിയില്‍ ഗോളുകളൊന്നും പിറന്നില്ല. രണ്ടാം പകുതിയിലെ 67ാം മിനിറ്റില്‍ റയാന്‍ ബേബല്‍ ഫ്രഞ്ച് വല ഭേദിച്ചുകൊണ്ട് ഹോളണ്ടിനെ ഒപ്പമെത്തിച്ചു.
എന്നാല്‍ ഏഴ് മിനിറ്റിനുള്ളില്‍ ഫ്രാന്‍സ് വീണ്ടും ലീഡ് തിരിച്ചുപിടിച്ചു. മെന്‍ഡിയുടെ പാസില്‍ ഒളിവര്‍ ജിറൗഡാണ് ലക്ഷ്യം കണ്ടത്. ഫ്രഞ്ച് ജഴ്‌സിയില്‍ ജിറൗഡിന്റെ 32ാം ഗോളായിരുന്നു അത്. 11 മല്‍സരങ്ങള്‍ക്കു ശേഷമാണ് ജിറൗഡ് ഫ്രാന്‍സിനായി ഗോള്‍ നേടുന്നത്. തുടര്‍ന്ന് ഗോളുകള്‍ വീഴ്ത്താന്‍ ഫ്രാന്‍സ് സമ്മതിക്കാതെ വന്നതോടെ 2-1ന്റെ ജയത്തോടെ ആരാധകര്‍ക്ക് വിജയ വിരുന്നൊരുക്കാനും ഫ്രഞ്ച് പടയ്ക്കായി.
Next Story

RELATED STORIES

Share it