മുന്‍ ഐപിഎസ് ഓഫിസര്‍ സഞ്ജീവ് ഭട്ട് കസ്റ്റഡിയില്‍

മുന്‍ ഐപിഎസ് ഓഫിസര്‍ സഞ്ജീവ് ഭട്ട് കസ്റ്റഡിയില്‍
X


അഹ്്മദാബാദ്: മുന്‍ ഗുജറാത്ത് ഐപിഎസ് ഓഫിസര്‍ സഞ്ജീവ് ഭട്ടിന് 1996ലെ ഒരു കേസുമായി ബന്ധപ്പെട്ട് ഗുജറാത്ത് സിഐഡി കസ്റ്റിഡിയിലെടുത്തു. മയക്കു മരുന്ന് കേസില്‍ കുടുക്കി എന്നാരോപിച്ച് രാജസ്ഥാനിലെ അഭിഭാഷകന്‍ നല്‍കിയ പരാതിയിലാണ് സംഘപരിവാരത്തിന്റെ കടുത്ത വിമര്‍ശകനായ സഞ്ജീവ് ഭട്ടിനെ പിടികൂടിയിരിക്കുന്നത്.

ഗുജറാത്ത് ഹൈക്കോടതി നാല് മാസം മുമ്പ് ഈ കേസില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കാന്‍ ആവശ്യപ്പെട്ടിരുന്നുവെന്നും അന്വേഷണത്തില്‍ സഞ്ജീവ് ഭട്ട് അഭിഭാഷകനെതിരേ വ്യാജ കേസ് ചമച്ചതായി ബോധ്യപ്പെട്ടുവെന്നും സിഐഡി ക്രൈം ഡിജിപി അശീഷ് ഭാട്ടിയ പറഞ്ഞു. ചോദ്യം ചെയ്യുന്നതിനായാണ് ഭട്ടിനെ കസ്റ്റഡിയിലെടുത്തത്. ഭട്ട് ഉള്‍പ്പെടെ ഏഴ് പേരെ കേസില്‍ പിടികൂടിയതായും അദ്ദേഹം അറിയിച്ചു.

ചോദ്യം ചെയ്യലിന് ശേഷം ഭട്ടിനെ അറസ്റ്റ് ചെയ്യാനാണ് സാധ്യതയെന്ന് പോലിസ് വൃത്തങ്ങള്‍ അറിയിച്ചു. ബനസ്‌കന്ത ജില്ലയിലെ അന്നത്തെ എസ്പിയായിരുന്ന ഭട്ടിനും മറ്റ് ചിലര്‍ക്കുമെതിരേ സുര്‍സിങ് രാജ്പുരോഹിത് എന്നയാളാണ് കേസ് കൊടുത്തത്. രാജസ്ഥാനിലെ പാലിയില്‍ പരാതി നല്‍കി 22 വര്‍ഷത്തിന് ശേഷമാണ് ഗുജറാത്ത് ഹൈക്കോടതി, സിഐഡി പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് കേസ് അന്വേഷിക്കാന്‍ ഉത്തരവിട്ടിരിക്കുന്നത്.

ഗുജറാത്ത് ഹൈക്കോടതിയിലെ മുന്‍ സിറ്റിങ് ജഡ്്ജി ജസ്റ്റിസ് ജെയിന്‍, ഭട്ടിന്റെ സഹപ്രവര്‍ത്തകര്‍ എന്നിവര്‍ക്കെതിരേയും രാജ്പുരോഹിത് പരാതി നല്‍കിയിരുന്നു. ജസ്റ്റിസ് ജയിന്റെ സഹോദരിയുടെ ഉടമസ്ഥതയിലുള്ള വാടക കെട്ടിടം ഒഴിയുന്നതിന് വേണ്ടി തന്നെ തട്ടിക്കൊണ്ടു പോയി വ്യാജ മയക്കുമരുന്നു കേസില്‍ ഉള്‍പ്പെടുത്തിയെന്നായിരുന്നു രാജ്പുരോഹിതിന്റെ പരാതി.

ഗുജറാത്തിലെ പാലന്‍പൂരിലുള്ള ഹോട്ടല്‍ മുറിയില്‍ ഒരു കിലോഗ്രാം ഓപിയം കണ്ടെടുത്തതിനെ തുടര്‍ന്നാണ് ബനസ്‌കന്ത പോലിസ് രാജ്പുരോഹിതിനെ അറസ്റ്റ് ചെയ്തത്. എന്നാല്‍, താന്‍ ഒരിക്കലും ആ ഹോട്ടല്‍ മുറിയില്‍ കഴിഞ്ഞിരുന്നില്ലെന്ന് രാജ്പുരോഹിത് അവകാശപ്പെടുന്നു. തന്നെ പാലന്‍പൂരിലെക്ക് തട്ടിക്കൊണ്ടു വന്ന് വാടക സ്ഥലം ഒഴിഞ്ഞില്ലെങ്കില്‍ മയക്കുമരുന്ന് കേസില്‍ ഉള്‍പ്പെടുത്തുമെന്നു ഭട്ടും സഹപ്രവര്‍ത്തകരും ഭീഷണിപ്പെടുത്തിയതായും രാജ്പുരോഹിതിന്റെ പരാതിയില്‍ പറയുന്നു.

അനധികൃതമായി അവധിയെടുത്തു എന്ന കാരണം പറഞ്ഞ് 2015ല്‍ ഗുജറാത്ത് ആഭ്യന്തര മന്ത്രാലയം ഭട്ടിനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടുകയായിരുന്നു 2002ലെ ഗുജറാത്ത് കലാപത്തില്‍ അന്നത്തെ മുഖ്യമന്ത്രി നരേന്ദ്ര മോദിക്ക് പങ്കുണ്ടെന്ന് സുപ്രിംകോടതിയില്‍ സത്യവാങ്മൂലം നല്‍കിയതിന്റെ പേരില്‍ 2011ല്‍ അദ്ദേഹത്തെ സസ്‌പെന്റ് ചെയ്യുകയും ചെയ്തിരുന്നു.
Next Story

RELATED STORIES

Share it