|    Oct 17 Wed, 2018 6:11 pm
FLASH NEWS
Home   >  Kerala   >  

മണ്ണിടിച്ചില്‍: പളളിവാസല്‍ പ്ലം ജൂഡി റിസോട്ടില്‍ വിനോദസഞ്ചാരികള്‍ കുടുങ്ങികിടക്കുന്നു

Published : 10th August 2018 | Posted By: sruthi srt

അടിമാലി: മൂന്നാര്‍ പളളിവാസല്‍ പ്ലം ജൂഡി റിസോട്ടിന് സമീപത്ത് മണ്ണിടിഞ്ഞ് വിദേശികളുള്‍പെടെ മുപ്പതോളം വിനോദ സഞ്ചാരികള്‍ കുടുങ്ങി കിടക്കുന്നു. രാവിലെ ഏഴുമണിയോടെയാണ് മണ്ണിടിച്ചലും മഴവെള്ള പാച്ചിലും ഉണ്ടായത്. കനത്തമഴയില്‍ റിപ്പോര്‍ട്ടിന് സമീപത്തെ ടണല്‍ കടന്നു പോകുന്ന ഭാഗത്ത് മലയിടിയുകയും മലവെള്ളപാച്ചില്‍ ഉണ്ടാകുകയുമായിരുന്നു. പാറക്കല്ലുകളും മണ്ണ് പതിച്ചതോടെ വാഹനങ്ങള്‍ക്കൊന്നും കടന്നു പോകാന്‍ പറ്റാത്ത അവസ്ഥയാണ്. ഇന്നലെ ഉച്ചയോടെ ദേവികുളം സബ് കളക്ടര്‍ വി.ആര്‍ പ്രേം കുമാറിനെ വിവരം അറിയിച്ചിരുന്നു. സബ് കളക്ടര്‍ അടിമാലിയിലായതിനാല്‍ സന്ദേശം റവന്യു അധികൃതര്‍ക്ക് കൈമാറിയെങ്കിലും ഇവര്‍ ആരും തന്നെ പ്ലം ജൂഡി റിസോര്‍ട്ടിലേക്ക് പോകാന്‍ തയ്യറായില്ല. ഇന്നലെ റിസോര്‍ട്ടിലെ 21 ന്ന് മുറികളില്‍ മുപ്പതോളം സന്ദര്‍ശകരുണ്ടായിരുന്നു. ഇവരാണ് മൂന്നാറിലേക്കെത്താന്‍ കഴിയാതെ കുടുങ്ങിക്കിടക്കുന്നത്.

കഴിഞ്ഞ കാലവര്‍ഷത്തില്‍ രണ്ട് തവണ റിസോര്‍ട്ടിന് സമീപത്ത് പാറ അടര്‍ന്ന് വീണിരുന്നു. അതിനെ തുടര്‍ന്ന് ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദ്ദേശപ്രകാരം ദേവികുളം സബ് കളക്ടര്‍ കെട്ടിടം അടച്ചുപൂട്ടി. എന്നാല്‍ കോടതിയുടെ നിര്‍ദ്ദേശ പ്രകാരം വീണ്ടും റിസോര്‍ട്ട് തുറന്ന് പ്രവര്‍ത്തിക്കുകയായിരുന്നു. റിസോര്‍ട്ടിന് സമീപത്തും വാഹനം കടന്നു പോകുന്ന പാതകളിലും മഴവെള്ളം ശക്തമായി ഒഴുകുന്നത് അപകടങ്ങള്‍ക്ക് കാരണമാകാനിടയുണ്ട്.
സംസ്ഥാനത്തിന് പുറത്ത് നിന്നും എത്തിയ വിനോദ സഞ്ചാരികളാണ് കുടുങ്ങിയിരിക്കുന്നത്. കൊച്ചിധനുഷ്‌കോടി ദേശീയപാതയില്‍ പലയിടത്തും മണ്ണിടിഞ്ഞ് വാഹനം ഗതാഗതം നിലച്ചിരിക്കുന്നതിനാല്‍ രക്ഷാ പ്രവര്‍ത്തകര്‍ക്ക് ഇവിടേക്കെത്തിച്ചേരാന്‍ കഴിയാത്ത അവസ്ഥയാണ്. റിസോര്‍ട്ടുകാര്‍ സ്വന്തം നിലയില്‍ ജെ. എസി. ബി എത്തിച്ച് വെള്ളം വഴി മാറ്റി വിടുന്നതിനും, മണ്ണ് മാറ്റുന്നതിനും നടപടികള്‍ തുടങ്ങി. ഇവിടേക്കുളള റോഡ് കെ.എസ്.ഇബിയുടേതാണ്. അനുമതിയില്ലാതെയുള്ള റോഡിലെ ജെസിബി ഉപയോഗത്തിനെതിരേ കെഎസ്ഇബിയും രംഗത്തുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss