|    Nov 21 Wed, 2018 3:01 am
FLASH NEWS
Home   >  Kerala   >  

കുടുങ്ങിക്കിടക്കുന്നത് പതിനായിരങ്ങള്‍; സൈന്യം നിയന്ത്രണം ഏറ്റെടുക്കണം

Published : 17th August 2018 | Posted By: afsal ph

മഹാദുരന്തം, കേരളം ഇതുവരേ കണാത്ത അസാധാരണ ദുരന്തം. ചെങ്ങന്നൂര്‍, ചാലക്കുടി, ആലുവ, ആലപ്പുഴ, പത്തനംതിട്ട തുടങ്ങി പ്രളയം സംഹാരതാണ്ഡവമാടിയ മേഖലകളില്‍ കുടുങ്ങിക്കിടക്കുന്നത് പതിനായിരങ്ങള്‍. സഹായത്തിന് വേണ്ടി കരഞ്ഞുനിലവിളിക്കുന്നവര്‍ കുരുന്നുകളും സ്ത്രീകളും കുഞ്ഞുങ്ങളുമടക്കം പതിനായിരങ്ങള്‍. സംസ്ഥാനത്തിന് ലഭ്യമായ എല്ലാ സംവിധാനവും മഹാപ്രളയത്തെ നേരിടാന്‍ പൂര്‍ണ സജ്ജമായി രംഗത്തിറങ്ങിയിട്ടും ജീവന് വേണ്ടി നിലവിളിക്കുന്നവര്‍ക്ക് അടുത്തെത്താന്‍ പോലും കഴിഞ്ഞിട്ടില്ല. അസാധാരണ സാഹചര്യം നേരിടാന്‍ ദേശീയ ദുരന്തമായി പ്രഖ്യാപിച്ച് സൈന്യം നിയന്ത്രണം ഏറ്റെടുക്കണമെന്ന ആവശ്യം ശക്തമാകുകയാണ്. ചെങ്ങന്നൂരില്‍ ഭക്ഷണം പോലുമില്ലാതെ കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാന്‍ സൈന്യത്തിന്റെ സഹായം യാചിക്കുകയാണ് സജി ചെറിയാന്‍ എംഎല്‍എ. മൂന്ന് ദിവസമായി പതിനായിരങ്ങളാണ് ചെങ്ങന്നൂരില്‍ കുടുങ്ങിക്കിടക്കുന്നതെന്ന് സജി ചെറിയാന്‍ എംഎല്‍എ അറിയിച്ചു. സൈന്യത്തിന്റെ സഹായമില്ലാതെ ഇവരെ രക്ഷിക്കാനാവില്ല. പതിനായിരങ്ങളെ മരണത്തിന് വിട്ടുകൊടുക്കരുതെന്ന് അദ്ദേഹം കരഞ്ഞുകൊണ്ടാണ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞത്.
പതിനായിരങ്ങളില്‍ വീടുകളില്‍ കുടുങ്ങിക്കിടന്നിട്ടും സൈന്യത്തിന്റെ സാന്നിധ്യം നാമമാത്രമാണ്. 10 കോളം സൈന്യം മാത്രമാണ് ദുരന്തമേഖലയില്‍ ഉള്ളത്. ജമ്മുവില്‍ 85 കോളവും ഉത്തരാഘണ്ടില്‍ പ്രളയമുണ്ടായപ്പോള്‍ 85 കോളവും സൈന്യം ഇറങ്ങിയിരുന്നു. കേരളം നൂറ്റാണ്ടിലെ ഏറ്റവും വലിയ ദുരന്തം അഭിമുഖീകരിക്കോമ്പോളും ആവശ്യത്തിന് കേന്ദ്ര സഹായം എത്താത്ത സാഹചര്യമാണുള്ളത്. ഹെലികോപ്റ്റര്‍ എത്തി സഹായം നല്‍കിയില്ലെങ്കില്‍ 50000 പേര്‍ മരിക്കുമെന്നാണ് ചെങ്ങന്നൂര്‍ എംഎല്‍എ സജി ചെറിയാന്‍ പറയുന്നത്. ചാലക്കുടി, ആലുവ, പത്തനംതിട്ട മേഖലയിലും പതിനായിരങ്ങളാണ് സഹായമഭ്യര്‍ത്ഥിച്ച് വിളിച്ചുകൊണ്ടിരിക്കുന്നത്.
പ്രളയം ദേശീയദുരന്തത്തിന്റെ വ്യാപ്തിയിലേക്കെത്തിയിട്ടും പ്രഖ്യാപിക്കാന്‍ വൈകുന്നതെന്തുകൊണ്ടാണെന്ന് ചോദ്യം ഉയരുകയാണ്. ദേശീയദുരന്തമായി പ്രഖ്യാപിക്കാന്‍ പ്രത്യേക മാനദണ്ഡങ്ങളൊന്നും നിലവിലില്ലെന്ന് കേന്ദ്രവൃത്തങ്ങള്‍ പറയുന്നതിന്റെ പശ്ചാത്തലത്തിലാണ് ചോദ്യം. അതീവ ഗുരുതരമായ സാഹചര്യം നേരിടാന്‍ സൈന്യം നേരിട്ട് നിയന്ത്രണം ഏറ്റെടുക്കണമെന്ന ആവശ്യം മുഖവിലക്കെടുത്തില്ലെങ്കില്‍ നാള നല്ല വാര്‍ത്തകളായിരിക്കില്ല ചെങ്ങന്നൂരില്‍ നിന്ന് പുറത്ത് വരികയെന്നും സജി ചെറിയാന്‍ എംഎല്‍എ പറയുന്നു. ഇതേ സാഹചര്യം തന്നേയാണ് ചാലക്കുടി, ആലുവ മേഖലയിലും നിലനില്‍ക്കുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss