|    Dec 17 Mon, 2018 5:39 am
FLASH NEWS
Home   >  National   >  

ഛത്തീസ്ഗഢില്‍ വോട്ടെടുപ്പ് ആരംഭിച്ചു; ദന്തേവാഡയില്‍ മാവോവാദി ആക്രമണം

Published : 12th November 2018 | Posted By: sruthi srt

റായ്പുര്‍: അഞ്ചു സംസ്ഥാനങ്ങളില്‍ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ട വോട്ടെടുപ്പ് ഛത്തീസ്ഗഢില്‍ ആരംഭിച്ചു. മാവോവാദി മേഖലയിലുള്ള 18 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് ആരംഭിച്ചത്. കനത്ത സുരക്ഷയിലാണ് വോട്ടെടുപ്പ് നടക്കുന്നത്.തിരഞ്ഞെടുപ്പിന് ആരംഭിക്കുന്നതിന് തൊട്ടു മുമ്പ് ദന്തേവാഡയില്‍ കതേകല്യാണ്‍ ബ്ലോക്കിലെ തുമക്പാല്‍ ക്യാമ്പില്‍ തിരഞ്ഞെടുപ്പ് ബൂത്തിന്റെ സുരക്ഷാ ചുമതലയുള്ള സിആര്‍പിഎഫ് ജവാന്മാര്‍ക്ക് നേരെ മാവോവാദി ആക്രമണം നടന്നു. ആര്‍ക്കും പരിക്കില്ല.

പത്തു മണ്ഡലങ്ങള്‍ അതീവ പ്രശ്‌നബാധിത മേഖലകളാണ്. ദന്തേവാഡ,  മന്‍പുര്‍, അന്തഗഡ്, ഭാനുപ്രതാപ്പുര്‍, കാന്‍കര്‍, കേശ്കല്‍, കൊണ്ടഗാവ്, നാരായണ്‍പുര്‍, ബിജാപുര്‍, കോണ്ട എന്നിവയാണ് പ്രശ്‌നമണ്ഡലങ്ങളായി തിരഞ്ഞെടുപ്പ് കമ്മിഷന്‍ കണക്കാക്കുന്നത്.
മാവോയിസ്റ്റ് സ്വാധീന ജില്ലകളായ ബസ്തര്‍, ചിത്രകോട്ട് ഉള്‍പ്പെടെയുള്ള 18 മണ്ഡലങ്ങളിലാണ് ഇന്നു തിരഞ്ഞെടുപ്പ് നടക്കുക. മുഖ്യമന്ത്രി രമണ്‍സിങ് മല്‍സരിക്കുന്ന രാജ്‌നന്ദ്ഗാവ് അടക്കമുള്ള മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ്. രാവിലെ ഏഴു മണി മുതല്‍ വൈകുന്നേരം മൂന്നു മണി വരെയാണ് വോട്ടെടുപ്പ്. എന്നാല്‍, ചില മേഖലകളില്‍ രാവിലെ എട്ടു മുതല്‍ അഞ്ചു മണി വരെയും വോട്ട് രേഖപ്പെടുത്താന്‍ സൗകര്യമൊരുക്കിയിട്ടുണ്ട്. മാവോയിസ്റ്റുകള്‍ തിരഞ്ഞെടുപ്പ് ബഹിഷ്‌കരണത്തിന് ആഹ്വാനം ചെയ്തിരിക്കുന്നതിനാല്‍ ശക്തമായ സുരക്ഷാക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. പ്രശ്‌നബാധിത പ്രദേശങ്ങളില്‍ പോളിങ് ഉദ്യോഗസ്ഥരെ എത്തിക്കുന്നതിന് 12 ഹെലികോപ്റ്ററുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ആദ്യഘട്ടത്തില്‍ തിരഞ്ഞെടുപ്പ് നടക്കുന്ന 18 മണ്ഡലങ്ങളിലേക്ക് 190 സ്ഥാനാര്‍ഥികളാണ് മല്‍സരരംഗത്തുള്ളത്. 4,336 പോളിങ് ബൂത്തുകളിലായി 31,79,520 വോട്ടര്‍മാരാണ് ഇന്നു സമ്മതിദാനാവകാശം വിനിയോഗിക്കുക. ഇതില്‍ 15,57,592 പേര്‍ വനിതകളും 89 പേര്‍ മൂന്നാംലിംഗക്കാരുമാണ്. സംസ്ഥാനത്തെ 60 ശതമാനം വോട്ടര്‍മാരും 18നും 39നും ഇടയില്‍ പ്രായമുള്ളവരാണ്. വനിതകള്‍ക്കു വോട്ട് ചെയ്യാനായി സ്ത്രീസൗഹൃദ പോളിങ് ബൂത്തുകളും സജ്ജമാക്കിയിട്ടുണ്ട്. ഇത്തരം ബൂത്തുകളിലെ മുഴുവന്‍ പോളിങ്, സുരക്ഷാ ഉദ്യോഗസ്ഥരും വനിതകളായിരിക്കും. യുവ വോട്ടര്‍മാരെ ആകര്‍ഷിക്കുന്നതിനായി എല്ലാ പോളിങ് ബൂത്തുകളിലും ‘വോട്ടര്‍ സെല്‍ഫി സോണ്‍’ സ്ഥാപിച്ചിട്ടുണ്ടെന്നും ഓരോ മണ്ഡലത്തില്‍ നിന്നും തിരഞ്ഞെടുക്കുന്ന മികച്ച അഞ്ചു സെല്‍ഫികള്‍ക്ക് അവാര്‍ഡ് നല്‍കുമെന്നും മുഖ്യ തിരഞ്ഞെടുപ്പു കമ്മീഷണര്‍ സുബ്രത് സാഹൂ പറഞ്ഞു.
90 നിയമസഭാ സീറ്റുള്ള ഛത്തീസ്ഗഡില്‍ രണ്ടാംഘട്ട പോളിങ് നടക്കുന്നത് ഈ മാസം 20നാണ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss