|    Jan 19 Thu, 2017 7:49 am
FLASH NEWS

ഫാറൂഖ് കോളേജിനെതിരായി നടക്കുന്നത് ദുഷ്പ്രചരണം; പ്രിന്‍സിപ്പാള്‍

Published : 10th November 2015 | Posted By: swapna en

relese

കോഴിക്കോട്: ക്ലാസ് റൂമില്‍ പെണ്‍ കുട്ടിയുടെ കൂടെ ഇരുന്ന ആണ്‍ കുട്ടിയെ ഫാറൂഖ് കോളേജ്  പുറത്താക്കി എന്നും ആണ്‍ പെണ്‍ വിവേചനം സ്ഥാപനവത്ക്കരിക്കാനുള്ള പുതിയ ശ്രമങ്ങളുമായി സ്വയം ഭരണ പദവി ലഭിച്ച കോളേജ് മധ്യ കാലത്തേക്ക് തിരിച്ച് പോവുന്ന എന്നം മറ്റും  ധ്വനിപ്പിക്കുന്ന വാര്‍ത്തകള്‍ ഒരു കൂട്ടം പൊതു പ്രവര്‍ത്തകരും അതിനെ അവലംബിച്ച് ചില മാധ്യമങ്ങളും പ്രചരിപ്പിക്കുന്ന വാര്‍ത്ത അവാസ്തവവും തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്ന് കോളജ് പ്രിന്‍സിപ്പാള്‍ പ്രെഫസര്‍ ഇ പി ഇമ്പിച്ചികോയ.  യാഥാര്‍ത്യങ്ങളോട് പുല ബന്ധം പുലര്‍ത്താത്ത കാര്യങ്ങളാണ് പത്രങ്ങളിലൂടെയും വിഷ്വല്‍ മീഡിയയിലൂടെയും സോഷ്യല്‍ മീഡിയയിലൂടെയും പ്രചരിപ്പിക്കപ്പെടുന്നത.് നാളിത് വരെയായി ഫാറൂഖ് കോളേജില്‍ തുടര്‍ന്ന് കൊണ്ടിരിക്കുന്ന കാമ്പസ് സംസ്‌കാരത്തില്‍ പുതുതായി യാതൊന്നും സംഭവിക്കുകയോ കുട്ടികളെ നിയന്ത്രിക്കന്നതിനായി പുതിയ ഏതെങ്കിലും നിയമങ്ങള്‍ നടപ്പിലാക്കുകയോ നടപടികള്‍ എടുക്കുകയോ ചെയ്തിട്ടില്ല. മാത്രവുമല്ല, ആണ്‍കുട്ടികളും പെണ്‍കുട്ടികളും ക്ലാസില്‍ ഒരുമിച്ചിരുന്നതിന് ഒരു വിദ്യാര്‍ത്ഥിക്കെതിരെയും കോളേജ് നടപടി എടുത്തിട്ടുമില്ല. കാര്യങ്ങള്‍ ഇതായിരിക്കേ, ഫാറൂഖ് കോളേജ് സ്ത്രീ പുരുഷ വിവേചനത്തെ പ്രോത്സാഹിപ്പിക്കുന്നു എന്ന് പ്രചരണത്തിന് ആധാരം ഒക്ടോബര്‍ ഇരുപതാം തിയ്യതി മലയാളം കോമ്മണ്‍ ക്ലാസ്സില്‍ നടന്ന ഒരു സംഭവമാണ്.

നൂറ്റി മുപ്പതോളം വിദ്യാര്‍ത്ഥികള്‍ ഇരിക്കുന്ന മലയാളം ഉപഭാഷാ ക്ലാസില്‍ ഒരു ബെഞ്ചില്‍ തന്നെ എട്ടോളം വിദ്യാര്‍ത്ഥികള്‍ ഞെരുങ്ങിയാണ് ഇരിക്കാറുള്ളത്. ഇത്തരമൊരു ക്ലാസ്സിലെ പുറകിലെ ബെഞ്ചില്‍ ഒരു ചെറിയ വിഭാഗം ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഇട കലര്‍ന്നും തിങ്ങിയും ഇരുന്നു. അസാധാരണമായ ഈ നടപടി ക്ലാസിന്റെ അച്ചടക്കത്തെ ബാധിക്കുമെന്ന് കണ്ടപ്പോള്‍ ഇട കലര്‍ന്നിരുന്ന വിദ്യാര്‍ത്ഥികളോട് മാറി ഇരിക്കാന്‍ ആവശ്യപ്പെടുകയാണ് അധ്യാപകന്‍ ചെയ്തത്-പ്രിന്‍സിപ്പള്‍ പറഞ്ഞു.  എന്നാല്‍ ഇത് ലിംഗ നീതിക്കെതിരാണെന്ന് വാദിച്ച വിദ്യാര്‍ത്ഥികളോട് നിങ്ങള്‍ മാറിയിരുന്നെങ്കിലേ ക്ലാസ് എടുക്കാന്‍ കഴിയുകയുള്ളൂ എന്ന് അറിയിച്ചപ്പോള്‍, ‘അങ്ങനെയാണെങ്കില്‍ ഞങ്ങള്‍ ഇറങ്ങിപ്പോവുന്നു’ എന്ന് പറഞ്ഞ് ദിനു എന്ന വിദ്യാര്‍ത്ഥിയുടെ നേതൃത്വത്തില്‍ ക്ലാസില്‍ നിന്ന് ഒന്‍പത് വിദ്യാര്‍ത്ഥികള്‍  ഇറങ്ങിപ്പോവുകയും പ്രിന്‍സിപ്പലിനും വകുപ്പ് മേധാവിക്കും ഞങ്ങള്‍ ക്ലാസ്സില്‍ നിന്നും ഇറങ്ങിപ്പോയിട്ടുണ്ടെന്നും ആ പിരീയഡിലെ അറ്റന്‍ഡന്‍സ് അനുവദിച്ച് തരണമെന്ന് ആവിശ്യപ്പെട്ട് അപേക്ഷ നല്‍കുകയും ചെയ്തു. ക്ലാസില്‍ നിന്ന് ഇറങ്ങിയ വിദ്യാര്‍ത്ഥികള്‍ എതാണ്ട് ഒരു മണിക്കൂര്‍ കഴിയുന്നതിന്ന് മുമ്പ് തന്നെ കോളേജിന്റെ കവാടത്തിലേക്ക് വിഷ്വല്‍ മീഡിയ അടക്കമുള്ള മാധ്യമ റിപ്പോര്‍ട്ടര്‍മാരെ വിളിച്ച് വരുത്തി കാമ്പസില്‍ ലിംഗ വിവേചനമാണെന്നും ആണ്‍ പെണ്‍ വിദ്യാര്‍ത്ഥികള്‍ ഒരുമിച്ചിരുന്നതിന്റെ പേരില്‍ അവരെ പുറത്താക്കി എന്നും മറ്റും വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കുകയുമാണ് ചെയ്തതെന്ന് കോളജ് ഇന്ന് പുറത്തുവിട്ട പത്രക്കുറിപ്പില്‍ പറയുന്നു.

സോഷ്യല്‍ മീഡിയ അടക്കമുള്ള മാധ്യമങ്ങളിലൂടെ ഈ വ്യാജ വാര്‍ത്തക്ക് യാഥാര്‍ത്യത്തിന്റെ പദവി ലഭിക്കുകയായിരുന്നു.
ക്ലാസ്സില്‍ നടന്ന കാര്യങ്ങളെ കുറിച്ച് അധ്യാപകനും മറ്റ് വിദ്യാര്‍ത്ഥികളും അടക്കമുള്ളവരെ വിളിച്ച് പ്രാഥമിക അന്വേഷണം നടത്താന്‍ പോലും അധികാരികള്‍ക്ക് സമയം നല്‍കിയില്ല.  ക്യാമ്പസിനകത്ത് പ്രശ്‌നങ്ങളുണ്ടായാല്‍ അത് പരിഹരിക്കാന്‍ കോളേജിനകത്ത് തന്നെയുള്ള പരാതി
പരിഹാര കമ്മിറ്റി, വിമന്‍സ് സെല്‍, സ്റ്റുഡന്‍സ് അഡൈ്വസറി കമ്മിറ്റി തുടങ്ങിയ കമ്മിറ്റികളെ സമീപിച്ചു പരിഹാരം നേടുവാന്‍ ശ്രമിച്ചില്ല.  ക്ലാസിലെ സംഭവം കഴിഞ്ഞു പൊടുന്നനെ തന്നെ മേല്‍ പറഞ്ഞ പ്രകാരം മാധ്യമങ്ങള്‍ക്ക് വ്യാജ വാര്‍ത്ത നല്‍കിയത് സ്ഥാപനത്തെ
അപകീര്‍ത്തിപ്പെടുത്താന്‍ മാത്രം ചെയ്തതാണ്-പ്രിന്‍സിപ്പള്‍ പറഞ്ഞു.

വിദ്യാര്‍ത്ഥികള്‍ ചെയ്തതിലെ അപകടം അവരെയും രക്ഷിതാക്കളെയും ബോധ്യപ്പെടുത്തുന്നതിനും അഭിപ്രായം ആരായുന്നതിനും വേണ്ടി ഈ ഒന്‍പത് വിദ്യാര്‍ത്ഥികളില്‍ ദിനു എന്ന വിദ്യാര്‍ത്ഥി ഒഴികെ മറ്റെല്ലാ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും പ്രിന്‍സിപ്പലിനെ നേരില്‍ വന്ന് കാണുകയും സംസാരിക്കുകയും പറ്റിപ്പോയ തെറ്റുകള്‍ക്ക് മാപ്പപേക്ഷിക്കുകയും ചെയ്തു. എന്നാല്‍ ദിനു എന്ന വിദ്യാര്‍ത്ഥി മാത്രം രക്ഷിതാവിനെ കൊണ്ട് വരാതിരിക്കുകയും സോഷ്യല്‍ മീഡിയയിലൂടെയും മറ്റ് മാധ്യമങ്ങളിലൂടെയും കോളേജിനെതിരെ വ്യാപകമായ രീതിയില്‍ ദുഷ്:പ്രചാരണങ്ങള്‍ അഴിച്ച് വിട്ട് കൊണ്ടിരിക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് കോളേജ് കൗണ്‍സിലും പി.ടി.എ എക്‌സിക്യുട്ടീവും സ്റ്റാഫ് കൗണ്‍സിലും പ്രസ്തുത വിഷയവുമായി ബന്ധപ്പെട്ട് നടപടികള്‍ കൈക്കൊള്ളാന്‍ ഏകകണ്ഠമായി പ്രിന്‍സിപ്പലിനോട് ആവശ്യപ്പെടുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ ദിനു എന്ന വിദ്യാര്‍ത്ഥിയെ അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്യുകയും പ്രസ്തുത വിവരം വിദ്യാര്‍ത്ഥിയെയും രക്ഷിതാവിനെയും രേഖാമൂലം അറിയിക്കുകയും ചെയ്തു.

പഠന പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ക്കോ വിദ്യാര്‍ത്ഥികളുടെ ആത്മപ്രകാശനത്തിനോ ആണ്‍ പെണ്‍ വിദ്യാര്‍ത്ഥികള്‍ ആരോഗ്യകരമായി സംവദിക്കുന്നതിനോ പരസ്പര ബഹുമാനത്തോടെ വര്‍ത്തിക്കുന്നതിനോ കോളേജ് കാമ്പസില്‍ യാതൊരു തടസ്സങ്ങളും ഇല്ല. 1948ല്‍ സ്ഥാപിക്കപ്പെട്ട ഫാറൂഖ് കോളേജ് അക്കാദമിക, അക്കദമികേതര വിഷയങ്ങളില്‍ എന്നും ഇന്ത്യയിലെ ഏറ്റവും മികച്ച കോളേജുകള്‍ക്കൊപ്പമാണ് നിലയുറപ്പിച്ചിട്ടുള്ളത്. അതിനുള്ള മികച്ച ഉദാഹരണമാണ് ഈയിടെ കിട്ടിയ ഓട്ടോണമസ് പദവിയെന്നും പ്രിന്‍സിപ്പള്‍ വ്യക്തമാക്കി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 176 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക