|    Dec 15 Sat, 2018 4:40 pm
FLASH NEWS
Home   >  Kerala   >  

പിണറായി വഞ്ചിയില്‍ അച്ഛനും മോദീവഞ്ചിയില്‍ മകനും; കള്ളക്കച്ചവടനാടകമല്ല കേരളത്തിന്റെ നവോത്ഥാനമുന്നേറ്റമെന്ന് കെ കെ രമ

Published : 3rd December 2018 | Posted By: afsal ph

കോഴിക്കോട്: പിണറായി വഞ്ചിയില്‍ അച്ഛനും മോദീ വഞ്ചിയില്‍ മകനും ഒരേനേരം തുഴയുന്ന കള്ളക്കച്ചവടനാടകമല്ല കേരളത്തിന്റെ നവോത്ഥാനമുന്നേറ്റമെന്ന് കെ കെ രമ ഫേസ്ബുക്കില്‍ കുറിച്ചു. ഈ കപടവേഷങ്ങളുടെ മുഖത്തുനോക്കി നാം ഉറക്കെയും ഉറപ്പിച്ചും പറയുക തന്നെ വേണം. പെണ്‍മതിലുയര്‍ത്താന്‍ രൂപീകൃതമായ സംഘാടകസമിതിയില്‍ പെണ്ണൊരുത്തിയും മരുന്നിന് പോലും പെട്ടില്ലെന്ന വൈചിത്ര്യത്തില്‍ നിന്നു തന്നെ ഈ സര്‍ക്കാര്‍ സ്‌പോണ്‍സേഡ് നവോത്ഥാനത്തിന്റെ ലിംഗബോധം വ്യക്തവുമാണ്. ഈ നവോത്ഥാന മൂല്യസംരക്ഷണ കൂട്ടായ്മയിലേക്ക് കൃസ്ത്യന്‍, മുസ്്‌ലിം,ആദിവാസി വിഭാഗങ്ങളൊന്നും ക്ഷണിക്കപ്പെടാതിരുന്നതിന്റെ ന്യായമെന്താണ്?! അവര്‍ക്കീ നാടിന്റെ നവോത്ഥാനത്തില്‍ പങ്കൊന്നുമില്ലേ?! വനിതാമതിലില്‍ അവര്‍ പങ്കുചേരേണ്ടതില്ലേ?!. കെ കെ രമ ചോദിച്ചു.

കെ കെ രമയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം

“കേരളീയ നവോത്ഥാനം സംരക്ഷിക്കാന്‍ നവവര്‍ഷദിനത്തില്‍ ‘വനിതാമതില്‍’ സൃഷ്ടിക്കുമെന്ന പ്രഖ്യാപനം വന്നിരിക്കുന്നു. പരിപാടിയുടെ സംഘാടകസമിതിയിലേക്ക് കണ്ണോടിച്ചാല്‍ തന്നെ സര്‍ക്കാരിന്റെ കൊടുംകാപട്യം പകല്‍ പോലെ തെളിയും. നവോത്ഥാന പൈതൃകത്തഴമ്പുള്ളവരെന്ന പേരില്‍ പിണറായി വിജയന്‍ ലജ്ജയില്ലാതെ ക്ഷണിച്ചിരുത്തിയവരില്‍ വലിയ പങ്ക് തികവുറ്റ സംഘീ സവര്‍ണ രാഷ്ട്രീയം കൊണ്ടുനടക്കുന്നവരും പുനരുത്ഥാനവാദികളും ലക്ഷണമൊത്ത സ്ത്രീവിരുദ്ധരും സാമുദായകച്ചവടക്കാരുമാണെന്ന് ആര്‍ക്കാണ് അറിയാത്തത്?! പിണറായി വഞ്ചിയില്‍ അച്ഛനും മോദീവഞ്ചിയില്‍ മകനും ഒരേനേരം തുഴയുന്ന കള്ളക്കച്ചവടനാടകമല്ല കേരളത്തിന്റെ നവോത്ഥാനമുന്നേറ്റമെന്ന് ഈ കപടവേഷങ്ങളുടെ മുഖത്തുനോക്കി നാം ഉറക്കെയും ഉറപ്പിച്ചും പറയുക തന്നെ വേണം.
പെണ്‍മതിലുയര്‍ത്താന്‍ രൂപീകൃതമായ സംഘാടകസമിതിയില്‍ പെണ്ണൊരുത്തിയും മരുന്നിന് പോലും പെട്ടില്ലെന്ന വൈചിത്ര്യത്തില്‍ നിന്നു തന്നെ ഈ സര്‍ക്കാര്‍സ്‌പോണ്‍സേഡ് നവോത്ഥാനത്തിന്റെ ലിംഗബോധം വ്യക്തവുമാണ്. ഈ നവോത്ഥാന മൂല്യസംരക്ഷണ കൂട്ടായ്മയിലേക്ക് കൃസ്ത്യന്‍, മുസ്ലീം,ആദിവാസി വിഭാഗങ്ങളൊന്നും ക്ഷണിക്കപ്പെടാതിരുന്നതിന്റെ ന്യായമെന്താണ്?! അവര്‍ക്കീ നാടിന്റെ നവോത്ഥാനത്തില്‍ പങ്കൊന്നുമില്ലേ?! വനിതാമതിലില്‍ അവര്‍ പങ്കുചേരേണ്ടതില്ലേ?!
നവോത്ഥാനമെന്ന പെരുംകള്ളം പറഞ്ഞ് കേരളത്തെ ജാതീയമായും സാമുദായികമായും വിഭജിച്ച് വോട്ടുരാഷ്ട്രീയനേട്ടം കൊയ്യാനുള്ള വിലകെട്ട അധികാരക്കളി മാത്രമാണീ മതിലുപണിയെന്ന് വ്യക്തം.
പ്രളയാനന്തര കേരളത്തെ നവലിബറല്‍ കോര്‍പ്പറേറ്റിസത്തിന് വില്‍പ്പനക്കിട്ടതും കൊടിയ അഴിമതികളും ബന്ധുനിയമനവിവാദങ്ങളുമടക്കമുള്ള ജനവിരുദ്ധതകളെ മുഴുവന്‍ വിശ്വാസ നവോത്ഥാന ബഹളങ്ങളുടെ കര്‍ട്ടനിട്ടുമറക്കുന്ന കൊടുംതട്ടിപ്പിനപ്പുറമൊന്നും ഈ സര്‍ക്കാരിന്റെയും അതിന്റെ മുഖ്യന്റെയും വാചകമടികളിലില്ലെന്ന് പലവുരു തെളിഞ്ഞിരിക്കുന്നു. പിണറായി വിജയന്റെ നവോത്ഥാന വീമ്പുപറച്ചില്‍ വിശ്വസിച്ച് മലചവിട്ടാനെത്തിയ വനിതകള്‍ നേരിട്ട ഭീകരവും ദാരുണവുമായ അനുഭവങ്ങളുടെ നേര്‍സാക്ഷികളാണ് നാം. പുത്തരിക്കണ്ടത്ത് നവോത്ഥാനത്തിനൊപ്പം ഗീര്‍വാണം മുഴക്കുകയും സന്നിധാനത്ത് സംഘീക്രിമിനലുകള്‍ക്കൊപ്പം പെണ്‍വേട്ട നടത്തുകയും ചെയ്യുന്ന ഈ സര്‍ക്കാരിന്റെ ‘നവോത്ഥാനപ്രതിബദ്ധത’യ്ക്ക് ഇനിയൊരു വിശദീകരണവും ആവശ്യമില്ല.

തന്റെ മൈതാനപ്രസംഗങ്ങളില്‍ വിശ്വസിച്ച് മലചവിട്ടാനെത്തിയ സ്ത്രീകള്‍ പുരയിടത്തിലും തൊഴിലിടത്തിലും തെരുവിലുമെല്ലാം ഇപ്പോഴും ആക്രമിക്കപ്പെടുമ്പോള്‍ സുരക്ഷയുടെ ഒരു ഈര്‍ക്കില്‍വേലി പോലും കെട്ടിക്കൊടുക്കാത്ത പിണറായി വിജയന്‍ ഇപ്പോള്‍ ‘പെണ്‍മതില്‍’ കെട്ടാനിറങ്ങുന്നതുപോലെ പരിഹാസ്യമായി മറ്റെന്താണുള്ളത്?!! ആളെപ്പറ്റിക്കുന്ന അങ്ങാടിപ്രസംഗങ്ങളും കൈയ്യടിക്കുന്ന അരാഷ്ട്രീയ അനുചരക്കൂട്ടങ്ങളും അതിനൊത്ത പ്രചാരണ മാനേജ്‌മെന്റ് സംവിധാനങ്ങളും കൊണ്ട് ഏത് കപടവേഷത്തെയും നവോത്ഥാന നായകനാക്കി കളയാമെന്ന് കരുതുന്നവരുടെ ആത്മവിശ്വാസം സഹതാപം പോലും അര്‍ഹിക്കുന്നില്ല.

തീഷ്ണമായ സത്യസന്ധതയും തീവ്രമായ മാനവികതയുമായിരുന്നു കേരളീയ നവോത്ഥാനത്തിന്റെ ഉള്‍ക്കരുത്തെന്നറിയുന്നവര്‍ക്ക് നാടിനെ ചതിക്കുന്ന ഈ കള്ളവേഷങ്ങളോട് സന്ധിചെയ്യാനുമാവില്ല”.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss