ERNAKULAM

ERNAKULAM
X
കൊച്ചി കോര്‍പ്പറേഷനില്‍  ഇഞ്ചോടിഞ്ച് പോരാട്ടം
കൊച്ചി: കൊച്ചി കോര്‍പറേഷന്‍ ഭരണം നിലനിര്‍ത്താന്‍ യുഡിഎഫും കഴിഞ്ഞ തവണ നഷ്ടപ്പെട്ട അധികാരം ഏതു വിധേനയും തിരിച്ചു പിടിക്കാന്‍ എല്‍ഡിഎഫും കടുത്ത പരിശ്രമമാണ് നടത്തുന്നത്.എറണാകുളം പാര്‍ലമെന്റ് മണ്ഡലവും രണ്ട് അസംബ്ലി മണ്ഡലങ്ങളും (എറണാകുളം,മട്ടാഞ്ചേരി),കണയന്നൂര്‍,കൊച്ചി താലൂക്കുകളും ഉള്‍പ്പെടെ 74 ഡിവിഷനുകള്‍ ഉള്‍പ്പെട്ടതാണ് കൊച്ചി മുന്‍സിപ്പല്‍ കോര്‍പറേഷന്‍. 32 വര്‍ഷമായി ഇടത് പക്ഷത്തിന്റെ കുത്തകയായിരുന്ന കോര്‍പറേഷന്‍ കഴിഞ്ഞതവണ യുഡിഎഫ് സ്വന്തമാക്കി. അതുകൊണ്ട് തന്നെ ഇത്തവണത്തെ തിരഞ്ഞെടുപ്പ്്് ഇരുകൂട്ടര്‍ക്കും അഭിമാനപ്രശ്‌നമാണ്. 2010 ലെ തിരഞ്ഞെടുപ്പില്‍ 74 ഡിവിഷനുകളില്‍ 46 എണ്ണം യു.ഡി.എഫിനും 23 സീറ്റ് എല്‍.ഡി.എഫിനും 2 സീറ്റ് ബി.ജെ.പിക്കും ലഭിച്ചു.

മൂന്ന് സീറ്റുകളില്‍ മറ്റുള്ളവര്‍ വിജയിച്ചു. യുഡിഎഫിലെ ടോണി ചമ്മിണിയാണ് നിലവിലെ മേയര്‍. എന്നാല്‍ ഇത്തവണ കൊച്ചിയിലെ മേയര്‍ കസേര വനിതയക്കാണ്. ഇതിനായി ഇരുമുന്നണികളും തങ്ങളുടെ തട്ടകത്തിലെ കരുത്തരായ വനിതാ സാരഥികളെ കളത്തില്‍ ഇറക്കിയാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്. മേയര്‍ സ്ഥാനത്തേയ്ക്ക്്് ഇരുമുന്നണികളില്‍ നിന്നും പല പ്രമുഖരുടേയും പേരുകള്‍ ആദ്യം ഉയര്‍ന്നെങ്കിലും അവസാനം പ്രമുഖരെ പാര്‍ട്ടി നേതൃത്വങ്ങള്‍ തന്നെ ലിസ്റ്റില്‍ നിന്നും വെട്ടിക്കളഞ്ഞു. നിലവിലെ കൗണ്‍സിലറും പൊതുമരാമത്ത് സ്റ്റാന്‍ഡിംങ് കമ്മിറ്റി ചെയര്‍ പേഴ്‌സണുമായ സൗമിനി ജെയിന്‍,ഗ്രേസ് ബാബു ജേക്കബ് എന്നിവരാണ് യുഡിഎഫിന്റെ മേയര്‍ സ്ഥാനാര്‍ഥികളില്‍ പ്രമുഖര്‍. മുന്‍മുഖ്യമന്ത്രി ഇ കെ നായനാരുടെ മകള്‍ ഉഷ പ്രവീണ്‍,ഡോ. പൂര്‍ണിമ നാരായണന്‍,പ്രഫ. മോനമ്മ കോക്കാട് എന്നിവരാണ് ഇടത്പക്ഷത്തിന്റെ മേയര്‍ സ്ഥാനാര്‍ഥികള്‍. യുഡിഎഫിനും എല്‍ഡിഎഫിനും വെല്ലുവളി ഉയര്‍ത്തി ശക്തമായ റിബല്‍ സ്ഥാനാര്‍ഥികളും സജീവമാണ്.യുഡിഎഫിനാണ് റിബല്‍ വെല്ലുവിളി ഏറ്റവും അധികം ഉള്ളത്്.

സിറ്റിംഗ് കൗണ്‍സിലര്‍മാര്‍ മല്‍സരിക്കുന്ന പല വാര്‍ഡുകളിലും  ശക്തമായ വെല്ലുവിളിയാണ് റിബല്‍ സ്ഥാനാര്‍ഥികള്‍ ഉയര്‍ത്തിയിട്ടുള്ളത്്.എല്‍ഡിഎഫിനും ബിജെപിക്കും റിബല്‍ സ്ഥാനാര്‍ഥികള്‍ ഉണ്ട്.എസ്ഡിപി ഐയും കൊച്ചി കോര്‍പറേഷനില്‍ മല്‍സരിക്കുന്നുണ്ട്.45 ാംഡിവിഷനിലാണ് ഇരു മുന്നണികള്‍ക്കും വെല്ലുവിളി ഉയര്‍ത്തി എസ്ഡിപിഐ മല്‍സരിക്കുന്നത്.റസിയ ടീച്ചര്‍ ആണ് സ്ഥാനാര്‍ഥി.ഭരണ നേട്ടങ്ങള്‍ ഉയര്‍ത്തി ഭരണത്തുടര്‍ച്ചയ്ക്കായി യുഡിഎഫ് വോട്ട് അഭ്യര്‍ഥിക്കുമ്പോള്‍ ഭരണ മുന്നണിയുടെ പരാജയത്തിന്റെ കണക്കുകള്‍ നിരത്തിയാണ് ഇടത്പക്ഷം കൈവിട്ട ഭരണം തിരിച്ചു പിടിക്കാന്‍ നെട്ടോട്ടമോടുന്നത്. 
 

 
എറണാകുളം ജില്ലാ പഞ്ചായത്ത് ആരോടൊപ്പം ?

EKM one
കൊച്ചി:  കഴിഞ്ഞ തവണ 26 ഡിവിഷനാണ് ജില്ലാ പഞ്ചായത്തില്‍ ഉണ്ടായിരുന്നത്. ഇക്കുറി ഒരു ഡിവിഷന്‍ കൂടി വര്‍ധിച്ച് 27 ഡിവിഷനായി. 26 ഡിവിഷനില്‍ 23ഉം നേടിയാണ് കഴിഞ്ഞ തവണ യുഡിഎഫ് ഭരണത്തിലേറിയത്.
എന്നാല്‍, ഇക്കുറി ഭരണം പിടിക്കുമെന്ന നിശ്ചയദാര്‍ഢ്യത്തോടെ എല്‍ഡിഎഫും പ്രചാരണരംഗത്തു മുന്നേറുമ്പോള്‍ മൂന്ന് വാര്‍ഡില്‍ ഇരുമുന്നണികള്‍ക്കും ഭീഷണിയുയര്‍ത്തി എസ്ഡിപിഐയും മല്‍സര രംഗത്തുണ്ട്. 27 ഡിവിഷനുകളില്‍ യുഡിഎഫില്‍ കോണ്‍ഗ്രസ് 19 സീറ്റിലാണ് മല്‍സരിക്കുന്നത്.

EKM two

കേരളാ കോണ്‍ഗ്രസ് (മാണി)-രണ്ട്, മുസ്‌ലിം ലീഗ്-രണ്ട്, കേരളാ കോണ്‍ഗ്രസ് (ജേക്കബ്)-രണ്ട്, ജെഡിയു-ഒന്ന്്, ആര്‍എസ്പി-ഒന്ന് എന്നിങ്ങനെയാണ് യുഡിഎഫിലെ മറ്റു കക്ഷികള്‍ മല്‍സരിക്കുന്നത്. എല്‍ഡിഎഫില്‍ സിപിഎം 16 സീറ്റില്‍ മല്‍സരിക്കുമ്പോള്‍ സിപിഐ-അഞ്ച്, എന്‍സിപി-രണ്ട്, കേരളാ കോണ്‍ഗ്രസ്, കേരളാ കോണ്‍ഗ്രസ്(ബി), ജനതാദള്‍, കോണ്‍ഗ്രസ് (എസ്) എന്നിവര്‍ ഒരോ സീറ്റിലും മല്‍സരിക്കുന്നു.
കീഴ്മാട്, എടത്തല, വാളകം എന്നിവിടങ്ങളിലാണ് എസ്ഡിപിഐ മല്‍സരിക്കുന്നത്.
കീഴ്മാട്് പ്രഫ. അനസും എടത്തലയില്‍ അബ്ദുള്‍റഷീദും വാളകത്ത് വി വി കുഞ്ഞുമുഹമ്മദുമാണ് മല്‍സരിക്കുന്നത്. ഈ മൂന്നു സീറ്റിലും ത്രികോണ മല്‍സരമാണ്. അതുകൊണ്ടുതന്നെ വിജയത്തിന്റെ കാറ്റ് എങ്ങോട്ടുവേണമെങ്കിലും വീശാമെന്നതാണ് അവസ്ഥ. ആലങ്ങാട്, കടുങ്ങല്ലൂര്‍, വെങ്ങോല, നെടുമ്പാശ്ശേരി, ഭൂതത്താന്‍കെട്ട്, ആവോലി, പുത്തന്‍കുരിശ്, കോലഞ്ചേരി, പുല്ലുവഴി, കാലടി, കോട്ടുവള്ളി എന്നീ ഡിവിഷനുകളില്‍ എസ്ഡിപിഐ ശക്തമാണ്. ഈ ഡിവഷനുകളിലെ സ്ഥാനാര്‍ഥികളുടെ വിജയത്തില്‍ എസ്ഡിപിഐയുടെ നിലപാട് നിര്‍ണായകമാണ്.

ഇത്തവണ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്സ്ഥാനം വനിതയ്ക്കാണ്. മുന്‍ മുഖ്യമന്ത്രി പി കെ വാസുദേവന്‍ നായരുടെ മകള്‍ ശാരദാ മോഹന്‍ അടക്കം നിരവധി പ്രമുഖരെ അണിനിരത്തി എല്‍ഡിഎഫ്് പോരാട്ടത്തിനിറങ്ങു മ്പോള്‍ ആശാ സനില്‍ അടക്കമുള്ളവരെ അണിനിരത്തിയാണ് യുഡിഎഫ് ഭരണം നിലനിര്‍ത്താന്‍ അങ്കത്തട്ടില്‍ ഇറങ്ങുന്നത്. ബിജെപിയും മല്‍സരരംഗത്തുണ്ട്.  എസ്എന്‍ഡിപിയുമായുള്ള സഖ്യത്തിലൂടെ കഴിഞ്ഞതവണത്തേക്കാള്‍ നില മെച്ചപ്പെടുത്താമെന്നാണ് ബിജെപിയുടെ പ്രതീക്ഷയെങ്കിലും ഇത് എത്രകണ്ട് വിജയിക്കുമെന്ന കാര്യം സംശയമാണ്.



Next Story

RELATED STORIES

Share it