Athletics

കായികമേളയില്‍ ട്രാക്കുണര്‍ത്തി എറണാകുളം

കായികമേളയില്‍ ട്രാക്കുണര്‍ത്തി എറണാകുളം
X

തിരുവനന്തപുരം: പ്രളയം തകര്‍ത്ത സ്വപ്‌നങ്ങളില്‍ നിന്നും നേടിയ അതിജീവനത്തിന്റെ കരുത്തുമായി കായികകൗമാരം ട്രാക്കിലിറങ്ങി. ആര്‍ഭാടം കുറവെങ്കിലും ആവേശത്തിന് കുറവില്ല. കുതിപ്പിന്റെ, വാശിയുടെ,ആഘോഷത്തിന്റെ,ചിരിയുടെ,കണ്ണീരിന്റെ,ദിനങ്ങള്‍ക്ക് തുടക്കം. അറുപത്തിരണ്ടാമത് സംസ്ഥാന സ്‌കൂള്‍ കായികോല്‍സവത്തിനാണ് അനന്തപുരിയിലെ യൂനിവേഴ്‌സിറ്റി സ്‌റ്റേഡിയത്തില്‍ തുടക്കമായത്.

ആദ്യസ്വര്‍ണവുമായി ആതിഥേയര്‍
സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ ആതിഥേയരായ തിരുവനന്തപുരത്തിന്റെ സ്വര്‍ണവാര്‍ത്തയോടെയാണ് ആദ്യദിനം ട്രാക്കുണര്‍ന്നത്. രാവിലെ നടന്ന ജൂനിയര്‍ ആണ്‍കുട്ടികളുടെ 3000 മീറ്ററില്‍ സായിയുടെ സല്‍മാന്‍ ഫറൂക്കിലൂടെയാണ് അനന്തപുരി സ്വര്‍ണമണിഞ്ഞത്. കോതമംഗലം മാര്‍ബേസില്‍ സ്‌കൂളിലെ എം വി അമിത്ത് വെള്ളിയും കരസ്ഥമാക്കി. തുടര്‍ന്നു എറണാകുളത്തിന്റെയും പാലക്കാടിന്റെയും മുന്നേറ്റങ്ങള്‍ക്കാണ് യൂനിവേഴ്‌സിറ്റി സ്‌റ്റേഡിയം സാക്ഷ്യം വഹിച്ചത്. സീനിയര്‍ ആണ്‍കുട്ടികളുടെ 3000 മീറ്ററില്‍ എറണാകുളം സ്വര്‍ണം നേടി. കോതമംഗലം മാര്‍ ബേസിലിന്റെ ആദര്‍ശ് ഗോപിക്കാണ് സ്വര്‍ണ്ണം. പാലക്കാട് സിഎംടി മാത്തൂരിന്റെ എം അജിത്തിന് വെള്ളി മെഡല്‍ ലഭിച്ചു.

ബഹുദൂരം എറണാകുളം
പാലക്കാടോ എറണാകുളമോ മുമ്പന്‍ എന്ന പതിവ് ചോദ്യം മാത്രമേ ഇത്തവണയും സംസ്ഥാന സ്‌കൂള്‍ കായികോല്‍സവത്തിനുള്ളൂ എന്നാണ് ആദ്യ ദിനത്തിലെ പ്രകടനം തെളിയിക്കുന്നത്. ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ വീശിയടിച്ച പാലക്കാടന്‍ കാറ്റിനെ ബഹുദൂരം പിന്തള്ളിയാണ് എറണാകുളം ആദ്യദിനത്തെ മുമ്പന്‍മാരായത്. ഒന്‍പതു സ്വര്‍ണവും 12 വെള്ളിയും ഏഴു വെങ്കലവും സഹിതം 88 പോയിന്റുമായാണ് എറണാകുളം മുന്നിലെത്തിയത്. ആറു സ്വര്‍ണവും നാലുവീതം വെള്ളിയും വെങ്കലവും ഉള്‍പ്പെടെ 46 പോയിന്റുമായി പാലക്കാട് രണ്ടാമതുണ്ട്. നാലുവീതം സ്വര്‍ണവും വെള്ളിയും മൂന്നു വെങ്കലവും ഉള്‍പ്പെടെ 35 പോയിന്റുമായി കോഴിക്കോടാണ് മൂന്നാമതുള്ളത്. മൂന്നു സ്വര്‍ണവും അഞ്ച് വെള്ളിയും ഒരു വെങ്കലവുമടക്കം 31 പോയിന്റുമായി തൃശൂര്‍ നാലാംസ്ഥാനത്തും നാല് സ്വര്‍ണവും നാല് വെങ്കലവുമടക്കം 24 പോയിന്റുമായി ആലപ്പുഴ അഞ്ചാം സ്ഥാനത്തുമാണ്.

എതിരില്ലാതെ മാര്‍ബേസില്‍
സ്‌കൂളുകളുടെ ഇനത്തില്‍ ആദ്യ ദിനം കോതമംഗലം മാര്‍ബേസില്‍ സ്‌കൂളിന്റെ കുതിപ്പായിരുന്നു. മൂന്നു വീതം സ്വര്‍ണവും ഒരു വെങ്കലവും ഉള്‍പ്പെട 25 പോയിന്റുമായി നിലവിലെ ചാംപ്യന്‍മാരായ കോതമംഗലം മാര്‍ ബേസില്‍ ഒന്നാം സ്ഥാനത്തെത്തി. മാര്‍ ബേസില്‍ നിന്നും കിരീടം തട്ടിയെടുക്കുമെന്ന് വെല്ലുവിളിച്ചെത്തിയ കോതമംഗലം സെന്റ് ജോര്‍ജിന് മീറ്റിന്റെ തുടക്കത്തില്‍ നേട്ടമുണ്ടാക്കാന്‍ സാധിച്ചിട്ടില്ല. എന്നിരുന്നാലും രണ്ടു സ്വര്‍ണവും മൂന്നു വെള്ളിയും നാലു വെങ്കലവും ഉള്‍പ്പെടെ 23 പോയിന്റുമായി കോതമംഗലം സെന്റ് ജോര്‍ജ് തൊട്ടുപിന്നിലുണ്ട്. സെന്റ് ജോസഫ് പുല്ലൂരാംപാറ (രണ്ടു സ്വര്‍ണം, മൂന്നു വെള്ളി, ഒരു വെങ്കലം 20 പോയിന്റ്), കെ.എച്ച്.എസ്. കുമാരംപുത്തൂര്‍ (മൂന്നു സ്വര്‍ണം, ഒരു വെള്ളി, ഒരു വെങ്കലം 19 പോയിന്റ്), നാട്ടിക ഗവണ്‍മെന്റ് ഫിഷറീസ് എച്ച്എസ്എസ് (മൂന്നു സ്വര്‍ണം, ഒരു വെള്ളി, ഒരു വെങ്കലം 19 പോയിന്റ്) എന്നിവര്‍ പിന്നാലെയുണ്ട്. സ്‌പോര്‍ട്‌സ് ഹോസ്റ്റലുകളുടെ വിഭാഗത്തില്‍ രണ്ടു സ്വര്‍ണവും ആറ് വെങ്കലവുമടക്കം 16 പോയിന്റുമായി തിരുവനന്തപുരം സായി ഒന്നാം സ്ഥാനത്തും,ഒരു സ്വര്‍ണവും രണ്ടു വെള്ളിയുമടക്കം 11 പോയിന്റുമായി കോതമംഗലം എംഎ കോളജ് സ്‌പോര്‍ട്‌സ് ഹോസ്റ്റല്‍ രണ്ടാം സ്ഥാനത്തും ഒരു സ്വര്‍ണവും ഒരു വെള്ളിയുമടക്കം എട്ടു പോയിന്റുമായി കോഴിക്കോട് സായി മൂന്നാം സ്ഥാനത്തുമാണുള്ളത്.

രണ്ട് റെക്കോഡുകളുടെ തിളക്കം..
അറുപത്തിരണ്ടാമത് സംസ്ഥാന സ്‌കൂള്‍ കായികോല്‍സവത്തില്‍ ആദ്യദിനം റെക്കോഡ് പുസ്തകത്തില്‍ പേരെഴുതിച്ചേര്‍ത്തത് രണ്ടു പേരായിരുന്നു. ജൂനിയര്‍ ആണ്‍കുട്ടികളുടെ പോള്‍വാട്ടില്‍ പാലക്കാട് കല്ലടി കുമരംപുത്തൂര്‍ ഹയര്‍സെക്കന്ററി സ്‌കൂളിലെ മുഹമ്മദ് ബാസിമാണ് ആദ്യ റെക്കോഡിന് ഉടമയായത്. 4.6 മീറ്റര്‍ ചാടിയാണ് താരം സ്വര്‍ണമണിഞ്ഞത്. 2016ല്‍ അനീഷ് മധുവിന്റെ 4.5 മീറ്റര്‍ ഉയരമാണ് ഇന്നലെ ബാസിം മറികടന്നത്. ജൂനിയര്‍ പെണ്‍കുട്ടികളുടെ 400 മീറ്ററില്‍ എറണാകുളത്തിന്റെ എഎസ് സാന്ദ്രയിലൂടെയായിരുന്നു രണ്ടാം മീറ്റ് റെക്കോഡ് പിറന്നത്. 2014ല്‍ കോഴിക്കോടിന്റെ ജിസ്‌ന മാത്യു സ്ഥാപിച്ച 54.77 സെക്കന്റ് സമയമാണ് 55.95 സെക്കന്റിലൂടെ സാന്ദ്ര മറി കടന്നത്. തേവര സേക്രട്ട്ഹാര്‍ട്ട് ഹയര്‍സെക്കന്ററി സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ് സാന്ദ്ര.

96 ഇനങ്ങള്‍; 2200 താരങ്ങള്‍...
96 ഇനങ്ങളില്‍ 2200 താരങ്ങളാണ് ഇക്കുറി മത്സത്തിനെത്തിയിരിക്കുന്നത്. ആദ്യദിനം 31 ഇനങ്ങളിലാണ് ഫൈനല്‍ നടന്നത്. മൂന്നു ദിവസത്തെ മീറ്റ് ഞായറാഴ്ച സമാപിക്കും. സ്‌കൂളുകളില്‍ കോതമംഗലം മാര്‍ബേസിലും ജില്ലകളില്‍ എറണാകുളവുമാണ് നിലവിലെ ചാംപ്യന്‍മാര്‍. പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ കായികമേള നടക്കുമോയെന്ന ശങ്കയുണ്ടായിരുന്നു. പക്ഷേ, കുട്ടികളുടെ അവസരം നഷ്ടമാകാതിരിക്കാന്‍ സംഘടിപ്പിക്കുകയായിരുന്നു. അതിനാല്‍ ആഡംബരങ്ങളൊന്നുമുണ്ടാകില്ല. ജില്ലകളിലെ മൂന്നാം സ്ഥാനക്കാരെ ഒഴിവാക്കി പങ്കാളിത്തം കുറച്ചിട്ടുണ്ട്. നാലുദിവസമായി നടത്തിയിരുന്ന മീറ്റ് ഇക്കുറി മൂന്നു ദിവസമാക്കി. പെണ്‍കുട്ടികള്‍ക്കും 400 മീറ്റര്‍ ഹര്‍ഡില്‍സ് ഉള്‍പ്പെടുത്തിയതും സീനിയര്‍ പെണ്‍കുട്ടികളുടെ 5000 മീറ്റര്‍ ഒഴിവാക്കിയതുമടക്കം മല്‍സരഘടനയില്‍ മാറ്റങ്ങളുമുണ്ട്.
Next Story

RELATED STORIES

Share it