Flash News

ആറാടിത്തകര്‍ത്ത് ഇംഗ്ലീഷ് ജയം

ആറാടിത്തകര്‍ത്ത് ഇംഗ്ലീഷ് ജയം
X

നിഷ്‌നി നൊവഗോര്‍ഡോ: ഹാരി കെയ്‌നും സംഘനും പാനമയുടെ ഗോള്‍പോസ്റ്റില്‍ ഗോള്‍മഴപെയ്യിച്ചപ്പോള്‍ ഉജ്ജ്വല ജയത്തോടെ ഇംഗ്ലണ്ട് പ്രീക്വാര്‍ട്ടറില്‍. ഒന്നിനെതിരേ ആറ് ഗോളുകള്‍ക്കായിരുന്നു ഇംഗ്ലീഷ് നിരയുടെ വിജയം. ഹാരി കെയ്ന്‍ ഹാട്രിക്ക് നേടി മുന്നില്‍ നിന്ന് നയിച്ചപ്പോള്‍ ജോണ്‍ സ്‌റ്റോണിസ് രണ്ടു ഗോളും ജെസി ലിങ്കാര്‍ഡ് ഒരു ഗോളും അക്കൗണ്ടിലാക്കി. തുടര്‍ച്ചയായ രണ്ടാം ജയത്തോടെ ഗ്രൂപ്പ് ജിയില്‍ ഇംഗ്ലണ്ട് പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ചപ്പോള്‍ കന്നി ലോകകപ്പിനെത്തിയ പാനമ പ്രീക്വാര്‍ട്ടര്‍ കാണാതെ പുറത്തുപോയി.
ഹാരി കെയ്‌നെയും സ്റ്റെര്‍ലിങിനെയും മുന്നില്‍ നിര്‍ത്തി 3-5-2 ഫോര്‍മാറ്റില്‍ ഇംഗ്ലീഷ് നിരയെ സൗത്ത്‌ഗേറ്റ് ബൂട്ടണിയിച്ചപ്പോള്‍ 4-5-1 ഫോര്‍മാറ്റിലായിരുന്നു പാനമ കളത്തിലിറങ്ങിയത്. ദുര്‍ബലരായ പാനമയ്‌ക്കെതിരേ ആക്രമണം ആയുധമാക്കി പന്ത് തട്ടിയ ഇംഗ്ലീഷ് നിര എട്ടാം മിനിറ്റില്‍ത്തന്നെ അക്കൗണ്ട് തുറന്നു. ട്രിപ്പയറെടുത്ത കോര്‍ണര്‍കിക്കിനെ ബുള്ളറ്റ് ഹെഡ്ഡറിലൂടെ വലയിലെത്തിച്ച് സ്‌റ്റോണിസാണ് ഇംഗ്ലണ്ടിന്റെ വലകുലുക്കിയത്. 1-0ന് ഇംഗ്ലണ്ട് മുന്നില്‍. തുടക്കത്തില്‍ത്തന്നെ ആധിപത്യം നേടിയെടുത്ത ഇംഗ്ലീഷ് നിര പാനമയുടെ ഗോള്‍മുഖത്തേക്ക് നിരന്തരം പന്തെത്തിച്ചു.  നിരന്തരം അവസരം സൃഷ്ടിച്ചുകൊണ്ടിരുന്നു ഇംഗ്ലണ്ടിനെത്തേടി 22ാം മിനിറ്റില്‍ പെനല്‍റ്റി ഭാഗ്യവുമെത്തി. ലിംഗാര്‍ഡിനെ ബോക്‌സില്‍വച്ച് എസ്‌കോബാര്‍ ഫൗള്‍ ചെയ്ത് വീഴ്ത്തിയതിനാണ് ഇംഗ്ലണ്ടിന് അനുകൂലമായി പെനല്‍റ്റി ലഭിച്ചത്. കിക്കെടുത്ത ഇംഗ്ലീഷ് നായകന്‍ കെയ്‌ന്റെ ഉന്നം പിഴക്കാതിരുന്നതോടെ ഇംഗ്ലണ്ട് അക്കൗണ്ടില്‍ രണ്ടാം ഗോള്‍ പിറന്നു. കെയ്‌ന്റെ റഷ്യന്‍ ലോകകപ്പിലെ മൂന്നാം ഗോള്‍കൂടിയായിരുന്നു ഇത്.
രണ്ട് ഗോളിന്റെ ലീഡിലേക്കെത്തിയതോടെ പൂര്‍ണമായും പന്തടക്കിവച്ച് മുന്നേറിയ ഇംഗ്ലണ്ട് 36ാം മിനിറ്റില്‍ വീണ്ടും ലീഡുയര്‍ത്തി. റെഹിം സ്റ്റെര്‍ലിങിന്റെ അസിസ്റ്റില്‍ ബോക്‌സിന് പുറത്തുവച്ച് ലിംഗാര്‍ഡ് തൊടുത്ത ബുള്ളറ്റ് ഷോട്ട് പാനമ ഗോള്‍കീപ്പറേയും മറികടന്ന് ഗോള്‍വലയില്‍ പതിച്ചു. ഇംഗ്ലണ്ട് 3-0ന് മുന്നില്‍. നാല് മിനിറ്റിനുള്ളില്‍ ഇംഗ്ലീഷ് നിര അക്കൗണ്ടില്‍ നാലാം ഗോള്‍ ചേര്‍ത്തു. ഇത്തവണയും സ്‌റ്റോണിസ് ഹെഡ്ഡറിലൂടെ വലകുലുക്കിയതോടെ ഇംഗ്ലണ്ട് ലീഡ് നില 4-0മാക്കി ഉയര്‍ത്തി. ആദ്യ പകുതിയുടെ അധിക സമയത്ത് വീണ്ടും പെനല്‍റ്റി ഭാഗ്യം ഇംഗ്ലണ്ടിനെത്തേടിയെത്തി. ബോക്‌സിനുള്ളില്‍വച്ച് കെയ്‌നെ ഗൊഡോയ്്ന്‍ വീഴ്ത്തിയതിന് ലഭിച്ച പെനല്‍റ്റി കെയ്ന്‍ തന്നെ ലക്ഷ്യത്തിലെത്തിച്ചതോടെ ആദ്യ പകുതി 5-0 എന്ന കരുത്തുറ്റ ലീഡുമായാണ് ഇംഗ്ലണ്ട് പിരിഞ്ഞത്. ആദ്യ പകുതിയില്‍ 59 ശതമാനം പന്തടക്കത്തില്‍ മുന്നിട്ട് നിന്ന ഇംഗ്ലണ്ട് ഏഴ് തവണ ഗോള്‍ശ്രമം നടത്തിയപ്പോള്‍ അതില്‍ അഞ്ച് തവണയും ഷോട്ട് ലക്ഷ്യം കണ്ടു.
രണ്ടാം പകുതിയില്‍ മാറ്റങ്ങളില്ലാതെയാണ് ഇംഗ്ലണ്ട് ഇറങ്ങിയത്. ആദ്യ പകുതിയേക്കാള്‍ മികച്ച പ്രതിരോധം പാനമ പുറത്തെടുത്തെങ്കിലും 62ാം മിനിറ്റില്‍ കെയ്ന്‍ ഇംഗ്ലണ്ട് നിരയില്‍ ഹാട്രിക്ക് പൂര്‍ത്തിയാക്കി. ലോഫ്റ്റസ് ചീക്ക് പാനമ ഗോള്‍പോസ്റ്റിലേക്ക് തൊടുത്ത ഷോട്ട് ഹാരി കെയ്‌നിന്റെ കാലില്‍തട്ടി വലയില്‍ കയറുകയായിരുന്നു. ഇതോടെ അഞ്ച് ഗോളുകളുമായി റഷ്യന്‍ ലോകകപ്പിലെ ഗോള്‍ വേട്ടക്കാരില്‍ കെയ്ന്‍ ഒന്നാമതെത്തി. നാല് ഗോളുകളുമായി പോര്‍ച്ചുഗലിന്റെ ക്രിസ്റ്റിയാനോ റൊണാള്‍ഡോയും ബെല്‍ജിയത്തിന്റെ റോമലു ലുക്കാക്കുവുമാണ് ഗോള്‍വേട്ടയില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നത്.
തൊട്ടുപിന്നാലെ ഇംഗ്ലണ്ട് ടീമില്‍ മാറ്റങ്ങള്‍ വരുത്തി. കെയ്‌ന് പകരം വാര്‍ഡിയും ലിംഗാര്‍ഡിന് പകരം ഡെല്‍ഫും ഇംഗ്ലണ്ട് നിരയില്‍ കളത്തിലിറങ്ങി. 70ാം മിനിറ്റില്‍ ടിപ്പിയറെ പിന്‍വലിച്ച് ഡാനി റോസിനെയും ഇംഗ്ലണ്ട് കളത്തിലിറക്കിയെങ്കിലും പിന്നീട് ലക്ഷ്യം കാണാന്‍ സാധിച്ചില്ല. ആശ്വാസ ഗോളിനായി പൊരുതിക്കളിച്ച പാനമ 78ാം മിനിറ്റില്‍ ഒരു ഗോള്‍മടക്കി. ഫെലിപ്പ് ബലോയിയാണ് പാനമയ്ക്കായി ലക്ഷ്യം കണ്ടത്. ലോകകപ്പില്‍ ഗോളടിക്കുന്ന ഏറ്റവും പ്രായം കൂടിയ നാലാമത്തെ താരമാണ് 37കാരനായ ബലോയ്. പിന്നീടുള്ള സമയത്ത് ഗോളകന്ന് നിന്നതോടെ 6-1ന്റെ തകര്‍പ്പന്‍ ജയം ഇംഗ്ലണ്ടിനൊപ്പം നിന്നു. ഇംഗ്ലണ്ടിന്റെ ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ വിജയമാണിത്.
Next Story

RELATED STORIES

Share it