|    Nov 21 Wed, 2018 9:07 am
FLASH NEWS
Home   >  Sports  >  Cricket  >  

ലോര്‍ഡ്‌സില്‍ ഇംഗ്ലണ്ടിന് ലീഡ്

Published : 11th August 2018 | Posted By: jaleel mv

 

ലണ്ടന്‍: ഇന്ത്യക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ആതിഥേയരായ ഇംഗ്ലണ്ടിന് ഒന്നാം ഇന്നിങ്‌സ് ലീഡ്. മഴമാറി നിന്ന മൂന്നാം ദിനം മറുപടിക്കിറങ്ങിയ ഇംഗ്ലണ്ട് ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 357 റണ്‍സെന്ന നിലയിലാണുള്ളത്. സെഞ്ച്വറിയോടെ ക്രിസ് വോക്‌സും (120) സാം കുറാനുമാണ് (22) ക്രീസില്‍. ജോണി ബെയര്‍സ്‌റ്റോ അര്‍ധ സെഞ്ച്വറി കുറിച്ച്(79) ഇംഗ്ലണ്ടിന് കരുത്തേകി. നിലവില്‍ 250 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡാണ് ഇംഗ്ലണ്ടിനുള്ളത്. ബാറ്റിങ് ദുഷ്‌കരമായ മൈതാനത്ത് ഇംഗ്ലണ്ടിന് ഭേദപ്പെട്ട തുടക്കമാണ് അലെസ്റ്റര്‍ കുക്കും (21) കീറ്റന്‍ ജെന്നിങ്‌സും (11) ചേര്‍ന്ന് ഇംഗ്ലണ്ടിന് സമ്മാനിച്ചത്. ഇരുവരും ചേര്‍ന്ന് സ്‌കോര്‍ബോര്‍ഡില്‍ 28 റണ്‍സ് ചേര്‍ത്തപ്പോഴേക്കും ജെന്നിങ്‌സിനെ മുഹമ്മദ് ഷമി എല്‍ബിയില്‍ കുരുക്കി. അധികം വൈകാതെ കുക്കിനെ ഇഷാന്ത് ശര്‍മ ദിനേഷ് കാര്‍ത്തികിന്റെ കൈകളിലെത്തിച്ചു. കുക്ക് മടങ്ങുമ്പോള്‍ രണ്ട് വിക്കറ്റിന് 32 റണ്‍സെന്ന നിലയിലായിരുന്നു ഇംഗ്ലണ്ട്. മൂന്നാം വിക്കറ്റില്‍ നായകന്‍ ജോ റൂട്ടും (19) പുതുമുഖ താരം ഒലി പോപ്പും (28) ചേര്‍ന്ന് നേരിയെ ചെറുത്ത് നില്‍പ്പ് നടത്തി. മോശം പന്തുകളെ ആക്രമിച്ച് റണ്‍സുയര്‍ത്തിയ പോപ്പിനെ ഹര്‍ദിക് പാണ്ഡ്യ കൂടാരം കയറ്റി. സ്‌കോര്‍ബോര്‍ഡില്‍ 12 റണ്‍സ് കൂട്ടിച്ചേര്‍ത്തപ്പോഴേക്കും റൂട്ടിനെ എല്‍ബിയില്‍ കുരുക്കി ഷമി വീണ്ടും ഇന്ത്യക്ക് പ്രതീക്ഷ നല്‍കി. എന്നാല്‍ അഞ്ചാം വിക്കറ്റില്‍ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ജോസ് ബട്‌ലറും (24) ജോണി ബെയര്‍സ്‌റ്റോയും ശ്രദ്ധയോടെ ബാറ്റുവീശിയതോടെ ലീഡും ആതിഥേയര്‍ അക്കൗണ്ടിലാക്കി. എന്നാല്‍ കൂട്ടുകെട്ട് കൂടുതല്‍ അപകടം സൃഷ്ടിക്കും മുമ്പേ ബട്‌ലറെ മടക്കി ഷമി വീണ്ടും ഇന്ത്യയുടെ രക്ഷകനായി. പക്ഷേ ആറാം വിക്കറ്റിലൊത്തുചേര്‍ന്ന ക്രിസ് വോക്‌സും ബെയര്‍സ്‌റ്റോയും ചേര്‍ന്ന് ഇന്ത്യയുടെ കണക്കുകൂട്ടലുകള്‍ തെറ്റിക്കുകയായിരുന്നു. ബെന്‍ സ്‌റ്റോക്‌സിന് പകരക്കാരനായെത്തിയ വോക്‌സ് അതിവേഗം ബാറ്റുവീശിയതോടെ ഇംഗ്ലണ്ട് സ്‌കോര്‍ബോര്‍ഡുയര്‍ന്നു. 113 പന്തുകള്‍ നേരിട്ട് 13 ഫോറുകള്‍ ഉള്‍പ്പെടെയാണ് വോക്‌സ് പുറത്താവാതെ നില്‍ക്കുന്നത്. ഇന്ത്യയുടെ രണ്ട് നിര്‍ണായക വിക്കറ്റുകള്‍ സ്വന്തമാക്കിയ വോക്‌സ് ബാറ്റുകൊണ്ടും ഇംഗ്ലണ്ടിന് കരുത്താവുകയായിരുന്നു. ബെയര്‍സ്‌റ്റോ 125 പന്തുകള്‍ നേരിട്ട് 11 ഫോറുകളും അക്കൗണ്ടിലാക്കിയിട്ടുണ്ട്. ഇന്ത്യക്കുവേണ്ടി മുഹമ്മദ് ഷമി മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ ഹര്‍ദിക് പാണ്ഡ്യ രണ്ടും ഇശാന്ത് ശര്‍മ ഒന്നുംവിക്കറ്റുകളെടുത്തു. നേരത്തെ അഞ്ച് വിക്കറ്റ് വീഴ്ത്തിയ ജെയിംസ് ആന്‍ഡേഴ്‌സണിന്റെ ബൗളിങ് മികവിന് മുന്നില്‍ 107 റണ്‍സിന് ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് അവസാനിച്ചിരുന്നു. ആദ്യ ദിനം മഴമൂലം മല്‍സരം നടന്നിരുന്നില്ല. 2014ന് ശേഷം ലോര്‍ഡ്‌സില്‍ ചരിത്ര ജയം പ്രതീക്ഷിച്ചിറങ്ങിയ ഇന്ത്യക്ക് ഇംഗ്ലണ്ട് പേസ് കരുത്തിന് മുന്നില്‍ കാലിടറുകയായിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss