|    Nov 21 Wed, 2018 3:57 am
FLASH NEWS
Home   >  News Today   >  

ഇടക്കാല തിരഞ്ഞെടുപ്പിലെ തോല്‍വി: മാധ്യമങ്ങളോട് ക്ഷുഭിതനായി ട്രംപ്

Published : 8th November 2018 | Posted By: basheer pamburuthi


വാഷിങ്ടണ്‍: അമേരിക്കന്‍ കോണ്‍ഗ്രസിലേക്കു നടന്ന ഇടക്കാല തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടിക്കു പിന്നാലെ മാധ്യമങ്ങളോട് ക്ഷുഭിതനായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. വാര്‍ത്താസമ്മേളനത്തില്‍ നിരന്തരം ചോദ്യങ്ങളുന്നയിച്ച മാധ്യമപ്രവര്‍ത്തകനോടാണ് പൊതുവേദിയില്‍ ട്രംപ് ക്ഷുഭിതനായി പെരുമാറിയത്. മാത്രമല്ല, നിരന്തരം ചോദ്യങ്ങളുന്നയിച്ച അന്താരാഷ്ട്ര വാര്‍ത്താ ചാനലായ സിഎന്‍എന്‍ വൈറ്റ് ഹൗസ് പ്രതിനിധി ജിം അകോസ്റ്റയുടെ പ്രസ് പാസ് വൈറ്റ് ഹൗസ് റദ്ദാക്കുകയും ചെയ്തു. പ്രസിഡന്റിന്റെ പ്രത്യേക നിര്‍ദേശപ്രകാരമാണു പ്രസ് പാസ് റദ്ദാക്കിയതെന്നാണു വിവരം. അമേരിക്കയില്‍ നടന്ന ഇടക്കാല തിരഞ്ഞെടുപ്പിന്റെ തൊട്ടുപിറ്റേന്ന് നടന്ന വാര്‍ത്താസമ്മേളനത്തിലാണ് നാടകീയരംഗങ്ങളുണ്ടായത്. മധ്യഅമേരിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരുടെ അമേരിക്കയിലേക്കുള്ള കുടിയേറ്റവുമായി ബന്ധപ്പെട്ട വിഷയമാണ് സിഎന്‍എന്‍ പ്രതിനിധി ജിം അകോസ്റ്റ ട്രംപിനോട് ചോദിച്ചത്. ചോദ്യങ്ങള്‍ക്കു വ്യക്തമായ മറുപടി പറയനാവാതെ അസ്വസ്ഥനായ ട്രംപ് മൈക്ക് താഴെയിടാന്‍ ആവശ്യപ്പെടുകയും ചെയ്തു. പ്രസംഗപീഠത്തില്‍ നിന്നു ഇറങ്ങാന്‍ ശ്രമിക്കുകയും ചെയ്തു. എന്നാല്&്വംഷ; ട്രംപിന്റെ ആജ്ഞ നിരസിക്കുകയും ചോദ്യങ്ങള്‍ ആവര്‍ത്തിക്കുകയും ചെയ്തതോടെ, ജിം മര്യാദയില്ലാത്ത, ഭയങ്കരനായ വ്യക്തിയാണെന്നും ജനങ്ങളുടെ ശത്രുവാണെന്നും പിറുപിറുക്കുകയായിരുന്നു. ഇതിനു തൊട്ടുപിന്നാലെയാണ് ജിമ്മിന്റെ പ്രസ് പാസ് റദ്ദാക്കിയതായി വൈറ്റ് ഹൗസ് അറിയിച്ചത്.
കഴിഞ്ഞ ദിവസം നടന്ന ഇടക്കാല തിരഞ്ഞെടുപ്പില്‍ ജനപ്രതിനിധി സഭയുടെ നിയന്ത്രണം ഡെമോക്രാറ്റുകള്‍ പിടിച്ചെടുത്തിരുന്നു. 435 അംഗ ജനപ്രതിനിധി സഭയില്‍ 414 സീറ്റുകളിലെ ഫലം പുറത്തുവന്നതില്‍ 220ഉം ഡെമോക്രാറ്റുകള്‍ക്കായിരുന്നു പിന്‍ബലം. രണ്ടുവര്‍ഷം കഴിഞ്ഞു നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ട്രംപിനു കനത്ത തിരിച്ചടിയുണ്ടാവുമെന്നാണു തിരഞ്ഞെടുപ്പുഫലം നല്‍കുന്ന സൂചനയെന്നാണു രാഷ്ട്രീയനിരീക്ഷകരുടെ വിലയിരുത്തല്‍.

അതിനിടെ, യുഎസ് അറ്റോര്‍ണി ജനറലും ട്രംപ് അനുകൂലിയുമായ ജെഫ് സെഷന്‍സ് തദ്സ്ഥാനം രാജിവച്ചു. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രത്യേക അഭ്യര്‍ഥന പ്രകാരമാണു രാജിയെന്ന് സെഷന്‍സ് രാജിക്കത്തില്‍ അറിയിച്ചു. മാത്യു വിറ്റേക്കറെ താല്‍ക്കാലി അറ്റോര്‍ണി ജനറലായി നിയമിക്കുകയും ചെയ്തിട്ടുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss