|    Nov 20 Tue, 2018 4:12 am
FLASH NEWS
Home   >  National   >  

59 മിനിറ്റ് കൊണ്ട് ഒരു കോടി വരെ വായ്പ; ചെറുകിട, ഇടത്തരം സംരംഭകര്‍ക്കായി പദ്ധതി പ്രഖ്യാപിച്ചു

Published : 2nd November 2018 | Posted By: afsal ph

ന്യൂഡല്‍ഹി: നോട്ട് നിരോധനവും ജിഎസ്ടിയും തകര്‍ത്ത രാജ്യത്തെ ചെറുകിട, ഇടത്തരം സംരംഭകര്‍ക്കായി 59 മിനിറ്റ് കൊണ്ട് ഒരു കോടി വരെ വായ്പ നല്‍കുന്നതുകള്‍പ്പടെയുള്ള പദ്ധതികളുമായി കേന്ദ്രസര്‍ക്കാര്‍. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. തൊഴില്‍ നിയമങ്ങളിലും പരിസ്ഥിതി സംരക്ഷിക്കുന്നതിനുള്ള വ്യവസ്ഥകളിലും ഇളവ് നല്‍കുന്നത് ഉള്‍പ്പടെ 12 പ്രഖ്യാപനങ്ങളാണ് മോദി നടത്തിയത്. ജിഎസ്ടിയില്‍ രജിസ്റ്റര്‍ ചെയ്ത ചെറുകിട ഇടത്തരം സ്ഥാപനങ്ങള്‍ക്കാണ് ആനുകൂല്യം ലഭിക്കുക. ഓണ്‍ലൈന്‍ വഴി അപേക്ഷ നല്‍കി 59 മിനിറ്റിനുള്ളില്‍ ഒരു കോടി വരെ വായ്പ ലഭ്യമാകും. ഇതില്‍ രണ്ടു ശതമാനം നികുതിയിളവോ സഹായമോ ലഭിക്കും. ഇത്തരം സ്ഥാപനങ്ങളില്‍ നിന്നുള്ള കയറ്റുമതിയ്ക്ക് മുന്ന് മുതല്‍ അഞ്ചു ശതമാനം വരെ പലിശ സഹായം ലഭിക്കും.
ഫാക്ടറികളില്‍ പരിശോധന നടത്തുന്ന ഉദ്യോഗസ്ഥരുടെ ശല്യം ഒഴിവാക്കുന്നതിന് അത് കംപ്യൂട്ടര്‍വത്കരിക്കും. ഇതിനായി പരിശോധകര്‍ 48 മണിക്കൂറിനുള്ളില്‍ അവരുടെ റിപോര്‍ട്ട് വെബ്‌സൈറ്റില്‍ അപ് ലോഡ് ചെയ്തിരിക്കണം. ഇതിനായി ഉദ്യോഗസ്ഥര്‍ ഫാക്ടറി സന്ദര്‍ശിക്കേണ്ടതില്ല. ഒരു ഫാക്ടറിയ്ക്ക് പരിസ്ഥിതി അനുമതിയായി വെള്ളം, വായു ക്ലിയറന്‍സ് മാത്രം ലഭിച്ചാല്‍ മതിയാവും. എട്ട് തൊഴില്‍ നിയമം 10 കേന്ദ്ര നിയമം എന്നിവയ്ക്കായി ഒരു വാര്‍ഷിക റിട്ടേണ്‍ മാത്രം സമര്‍പ്പിച്ചാല്‍ മതി. കമ്പനീസ് നിയമത്തില്‍ ചെറിയ ലംഘനങ്ങള്‍ നടത്തുന്നതിന് കടുത്ത പിഴകള്‍ ഉണ്ടാകില്ല. ഇതിനായി ഓര്‍ഡിനന്‍സ് കൊണ്ടുവരും. പൊതുമേഖലയിലെ ചെറുകിട ഇടത്തരം കമ്പനികളിലെ സര്‍ക്കാര്‍ വിഹിതം 20 ശതമാനത്തില്‍ നിന്ന് 25 ശതമാനമായി ഉയര്‍ത്തും. സ്ത്രീകള്‍ നടത്തുന്ന സ്ഥാപനമാണെങ്കില്‍ വേറെയും ഇളവുകളുണ്ടാകും.
പൊതുമേഖലാ സ്ഥാപനങ്ങള്‍ അവശ്യ വസ്തുക്കള്‍ വിവിധ സര്‍ക്കാര്‍ ഡിപ്പാര്‍ട്ട്‌മെന്റുകളില്‍ നിന്ന് ഓണ്‍ലൈന്‍ വഴി ലഭ്യമാക്കുന്നതിന് സര്‍ക്കാര്‍ ഇ മാര്‍ക്കറ്റ് പ്ലേസില്‍ രജിസ്റ്റര്‍ ചെയ്യണം. സാങ്കേതിക വിദ്യാനവീകരണത്തിന് 20 ഹബ്ബുകള്‍ 100 ടൂള്‍ മുറികള്‍ തുടങ്ങിയവ സ്ഥാപിക്കുന്നതിന് 6000 കോടി അനുവദിച്ചു. 500 കോടിയുടെ വിറ്റുവരവുള്ള എല്ലാ കമ്പനികളും ട്രേഡ് റിസീവബിള്‍ ഇ ഡിസ്ട്രിബ്യൂഷന്‍ സിസ്റ്റം സംവിധാനത്തിന്റെ പരിധിയില്‍ വരും. അങ്ങനെ വന്നാല്‍ പണം കൈമാറ്റവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഇല്ലാതാവുമെന്നും മോദി പറഞ്ഞു. ലളിതമായി വ്യവസായ സ്ഥാപനങ്ങള്‍ നടത്തുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ 23ാം സ്ഥാനത്തെത്തുമെന്ന് മോദി അവകാശപ്പെട്ടു. 2014ല്‍ ഇത് 142ാം സ്ഥാനത്തും പിന്നീട് 77ാം സ്ഥാനത്തുമായിരുന്നുവെന്നും മോദി പറഞ്ഞു.
72,000 ചെറുകിട ഇടത്തരം സ്ഥാപനങ്ങളെ ലക്ഷ്യം വച്ചാണ് ഈ പദ്ധതി പൈലറ്റ് പദ്ധതിയായി കണ്ടിരുന്നതെന്നും എന്നാലിപ്പോള്‍ 72,680 കമ്പനികള്‍ ഇതിന്റെ പരിധിയില്‍ വന്നതായും മോദി പറഞ്ഞു. ജിഎസ്ടി റിട്ടേണ്‍ വെബ്‌സൈറ്റ് വഴി ഫയല്‍ ചെയ്യുമ്പോള്‍ തന്നെ നിങ്ങള്‍ക്ക് വായ്പ ആവശ്യമുണ്ടോയെന്ന് ചോദിക്കും. ദീപാവലി സമ്മാനമായാണ് പദ്ധതി നടപ്പാക്കുന്നതെന്നും മോദി പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss