|    Dec 14 Fri, 2018 11:19 pm
FLASH NEWS
Home   >  Kerala   >  

കൊലക്കേസ് പ്രതി ഡിവൈഎസ്പി ഹരികുമാര്‍ തൂങ്ങിമരിച്ച നിലയില്‍

Published : 13th November 2018 | Posted By: mtp rafeek

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ സനല്‍ കുമാര്‍ എന്ന യുവാവിനെ വാഹനത്തിന് മുന്നില്‍ തള്ളിയിട്ട് കൊന്ന കേസിലെ പ്രതി ഡിവൈഎസ്പി ഹരികുമാറിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം കല്ലമ്പലത്തെ വീട്ടിലാണ് തൂങ്ങി മരിച്ച നിലയല്‍ ഹരികുമാറിനെ കണ്ടെത്തിയത്.

കൊലപാതകത്തിന് ശേഷം ഒളിവിലായിരുന്നു ഹരികുമാര്‍. ലുക്കൗട്ട് നോട്ടീസ് അടക്കം പുറപ്പെടുവിച്ച് പോലിസ് അന്വേഷണം തുടരുന്നതിനിടെയാണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ഹരികുമാറിനെ പിടികൂടണമെന്നാവശ്യപ്പെട്ട് സനല്‍കുമാറിന്റെ ഭാര്യ ഇന്ന് രാവിലെ നിരാഹാര സമരം ആരംഭിച്ചിരുന്നു.

വാഹനം വരുന്നത് കണ്ട് ഡി.വൈ.എസ്.പി. സനലിനെ തള്ളിയിടുകയായിരുന്നെന്ന െ്രെകംബ്രാഞ്ച് റിപ്പോര്‍ട്ട് ഇന്ന് കോടതിയില്‍ ഹാജരാക്കാന്‍ ഇരിക്കുകയായിരുന്നു. കൊലപാതകം യാദൃശ്ചികമായി പിടിവലിക്കിടയില്‍ സംഭവിച്ചതല്ലെന്നും സനലിന്റെ ചെകിട്ടത്തടിച്ച ശേഷം പാഞ്ഞ് വരുന്ന കാറ് കണ്ടുകൊണ്ട് അതിന് മുന്നിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയതാണെന്നുമാണെന്ന ക്രൈംബ്രാഞ്ച് റിപോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെയാണ് ഹരികുമാറിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

നേരത്തേ ഹരികുമാര്‍ സമര്‍പ്പിച്ച് മൂന്‍കൂര്‍ ജാമ്യാപേക്ഷ കോടതി നവംബര്‍ പതിനാലിലേക്ക് മാറ്റിയിരുന്നു. ഇതേത്തുടര്‍ന്ന് ഹരികുമാര്‍ കീഴടങ്ങാന്‍ ഒരുങ്ങുന്നതായും വാര്‍ത്തകള്‍ വന്നിരുന്നു. കീഴടങ്ങുന്നതിനായാണ് ഇന്നലെ രാത്രി അദ്ദേഹം നാട്ടിലെത്തിയത്. ഇന്ന് രാവിലെ കീഴടങ്ങുമെന്നാണ് പോലിസ് കരുതിയിരുന്നത്. എന്നാല്‍, നാട്ടിലെത്തിയ ശേഷം ഹരികുമാറിനെക്കുറിച്ച് യാതൊരു വിവരവും ഉണ്ടായിരുന്നില്ല. ഇതേ തുടര്‍ന്ന് കീഴടങ്ങല്‍ തീരുമാനം ഉപേക്ഷിച്ച് വീണ്ടും ഹരികുമാര്‍ മുങ്ങിയതായി പോലിസ് സംശയിച്ചിരുന്നു. കഴിഞ്ഞ 10 ദിവസം ഹരികുമാര്‍ കര്‍ണാടകയിലും മറ്റും ഒളിവില്‍ കഴിഞ്ഞിരുന്നതായാണ് സൂചന.

കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് റോഡിലെ തര്‍ക്കത്തിനെ തുടര്‍ന്ന് ഹരികുമാര്‍ പിടിച്ചു തള്ളിയ സനല്‍ കുമാര്‍ എന്നയാള്‍ കാറിടിച്ച് മരിച്ചത്. സംഭവത്തെ തുടര്‍ന്ന് ഹരികുമാറിനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. തുടര്‍ന്നാണ് ഇയാള്‍ ഒളിവില്‍ പോയത്. പിന്നീട് തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കുകയും ചെയ്തു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss