|    Nov 14 Wed, 2018 5:49 am
FLASH NEWS
Home   >  Kerala   >  

ഏഴ് മാസത്തിനിടെ മരിച്ചത് 1200 കുരുന്നുകള്‍; ഗോരഖ്പൂര്‍ കൂട്ടക്കൊലയുടെ ഒന്നാംവര്‍ഷത്തില്‍ ഡോ. കഫീല്‍ഖാന്‍

Published : 10th August 2018 | Posted By: afsal ph

കോഴിക്കോട് തേജസ് ഹെഡ് ഓഫിസ് സന്ദര്‍ശിച്ച ഡോ. കഫീല്‍ഖാന്‍ മാധ്യമപ്രവര്‍ത്തകരുമായി സംവദിക്കുന്നു. തേജസ് എഡിറ്റര്‍ കെ എച്ച് നാസര്‍, പിഎഎം ഹാരിസ് സമീപം

‘കുരുന്നുകള്‍ ശ്വാസം കിട്ടാതെ മരിച്ചു കൊണ്ടിരിക്കുന്നു. ആശുപത്രിയിലെ ഓക്‌സിജന്‍ സിലിണ്ടറുകള്‍ തീര്‍ന്നു. ജംബോ സിലിണ്ടറും ശൂന്യമായി കൊണ്ടിരിക്കുന്നു’. കോഴിക്കോട് ഫറൂഖ് കോളജില്‍ വിദ്യാര്‍ഥികള്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കും മുന്നില്‍ ഗോരഖ്പൂര്‍ കൂട്ട വംശഹത്യയെ കുറിച്ച് വിവരിക്കുമ്പോള്‍ കഫീല്‍ ഖാന്‍ വികാരഭരിതനായിരുന്നു. ‘2017 ഓഗസ്റ്റ് 10നായിരുന്നു ആ സംഭവം. ഇന്നേക്ക് കൃത്യം ഒരു വര്‍ഷം തികയുന്നു. ഡോ. കഫീല്‍ ഖാന്‍ പറഞ്ഞു തുടങ്ങി. ‘രാത്രിയില്‍ ഞങ്ങളുടെ വാട്‌സ് ആപ്പ് ഗ്രൂപ്പിലായിരുന്നു ആദ്യ സന്ദേശം എത്തിയത്. വിവരം അറിഞ്ഞതോടെ ഞാന്‍ ആശുപത്രിയിലേക്ക് ഓടി. സീനിയര്‍ ഡോക്ടറേയും വകുപ്പ് തലവനേയും ആശുപത്രി പ്രിന്‍സിപ്പലിനേയും ഞാന്‍ വിളിച്ചു. പക്ഷെ, ഒന്നും സംഭവിച്ചില്ല. യാതൊരു നടപടിയും ഉണ്ടായില്ല. ഞാനും സഹപ്രവര്‍ത്തകരായ ജൂനിയര്‍ ഡോക്ടര്‍മാരും ചേര്‍ന്ന് അടുത്തുള്ള ആശുപത്രികളില്‍ നിന്ന് ഓക്‌സിജന്‍ സിലിണ്ടറുകള്‍ സംഘടിപ്പിച്ചു. കുരുന്നുകളുടെ ജീവന്‍ രക്ഷിക്കാന്‍ 48 മണിക്കൂറും വിശ്രമമില്ലാതെ ഞങ്ങള്‍ ഓടി. 48 മണിക്കൂറിനുള്ളില്‍ 500 ഓക്‌സിജന്‍ സിലിണ്ടറുകളാണ് ഞങ്ങള്‍ ഗൊരഖ്പൂര്‍ ബിആര്‍ഡി ഗവ. മെഡിക്കല്‍ കോളജില്‍ എത്തിച്ചത്. എന്നിട്ടും 45 കുരുന്നുകളുടെ ജീവന്‍ ഞങ്ങള്‍ക്ക് രക്ഷിക്കാനായില്ല’.


‘സിലിണ്ടറുകള്‍ കൊണ്ടുവന്ന് ഹീറോ ആയി എന്നു നീ കരുതുന്നുണ്ടോ? നിനക്ക് ഞാന്‍ കാണിച്ചു തരാം’. ഗോരഖ്പൂര്‍ ദുരന്തത്തിന്റെ രണ്ടാംദിവസം ഓഗസ്റ്റ് 13ന് ആശുപത്രി സന്ദര്‍ശിച്ച യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഡോ. കഫീല്‍ ഖാനോട് പറഞ്ഞതാണിത്. ‘അതൊരു ഭീഷണിയായിരുന്നു. അതോടെ എന്റെ ജീവിതം മാറിമറിഞ്ഞു. പോലിസ് എന്നെ വേട്ടയാടാന്‍ തുടങ്ങി. എന്നെ മാത്രമല്ല, എന്റെ കുടുംബത്തേയും. അതുവരെ എന്നെ ദൈവമായും അല്ലാഹുവായും ഭഗവാനായും വിശേഷിപ്പിച്ച മാധ്യമങ്ങള്‍ തന്നെ മണിക്കൂറുകള്‍ക്കകം എന്നെ വില്ലനായി ചിത്രീകരിക്കാന്‍ തുടങ്ങി. എനിക്കെതിരേ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച കഥകള്‍ മാധ്യമങ്ങളും അതേപടി ഏറ്റുപിടിച്ചു. എന്നെ അവര്‍ കൊലയാളിയായി ചിത്രീകരിച്ചു. വെറുമൊരു ജൂനിയര്‍ ഡോക്ടറായ എന്റെ തലയില്‍ സംഭവങ്ങളുടെ മുഴുവന്‍ ഉത്തരവാദിത്വം അടിച്ചേല്‍പ്പിക്കാനുള്ള ശ്രമമായിരുന്നു പിന്നീട് നടന്നത്. ജൂനിയര്‍ ഡോക്ടര്‍ മാത്രമായ എന്നെ ബിആര്‍ഡി മെഡിക്കല്‍ കോളജിലെ വൈസ് പ്രിന്‍സിപ്പലായും, വകുപ്പ് തലവനായും മാധ്യമങ്ങള്‍ വിശേഷിപ്പിച്ചു. എന്നെ ആശുപത്രി സൂപ്രണ്ട് വരേയാക്കി ചില മാധ്യമങ്ങള്‍. കുരുന്നുകളുടെ മരണത്തിന് ഉത്തരവാദിയാക്കി ദേശീയ മാധ്യമങ്ങള്‍ എനിക്കെതിരേ നിരന്തരം വാര്‍ത്തകള്‍ പടച്ചുവിട്ടു. രണ്ട് ദിവസത്തിനുള്ളില്‍ സ്വന്തം പ്രയത്‌നം കൊണ്ട് 500 സിലിണ്ടറുകള്‍ ആശുപത്രിയില്‍ എത്തിച്ച എന്നെ അവര്‍ സിലിണ്ടറുകള്‍ മോഷ്ടിച്ചവനായി ചിത്രീകരിച്ചു. ആശുപത്രിയില്‍ നിന്നും ഓക്‌സിജന്‍ സിലിണ്ടറുകള്‍ കടത്തിയതായും പൈപ്പ് ലൈനിലൂടെ ചോര്‍ത്തിയതായും ഇല്ലാകഥകള്‍ മെനഞ്ഞു. മുംബൈയിലും ഡല്‍ഹിയിലും ഇരുന്ന് വാര്‍ത്തകള്‍ പടച്ചുവിടുകയായിരുന്നു മാധ്യമ പ്രവര്‍ത്തകര്‍ ചെയ്തത്. സോഷ്യല്‍മീഡിയ ആയിരുന്നു അവരുടെ വാര്‍ത്താഉറവിടം.


മാധ്യമങ്ങളുടെ കുപ്രചരണങ്ങള്‍ക്കൊടുവില്‍ എനിക്കെതിരേ പോലിസ് കേസെടുത്തു. അഴിമതി, കള്ളയൊപ്പിടല്‍, മനപ്പൂര്‍വ്വമായ നരഹത്യ, മെഡിക്കല്‍ നെഗ്ലജന്‍സ് തുടങ്ങി പത്തോളം കുറ്റകൃത്യങ്ങള്‍ ചുമത്തി എന്നെ ജയിലിലടച്ചു. എന്റെ മെഡിക്കല്‍ ഡിഗ്രി കള്ളമാണെന്ന വാദവും അവര്‍ ഉ്ന്നയിച്ചു. എന്നാല്‍, എനിക്കെതിരേ ഓരു തെളിവ് പോലും ഹാജരാക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞില്ല. എല്ലാം കള്ളക്കേസുകളാണെന്ന് തെളിഞ്ഞ് ഹൈകോടതി എനിക്ക ജാമ്യം അനുവദിച്ചു.
എന്നാല്‍, ചെയ്യാത്ത തെറ്റിന് കഫീല്‍ഖാനെ ജയിലില്‍ അടച്ചിട്ടും അദ്ദേഹത്തോടുള്ള ഭരണകൂട പകപോക്കല്‍ അവസാനിച്ചില്ല. 2018 ജൂണ്‍ 9ന് ഡോ. കഫീലിന്റെ ചെറിയ സഹോദരന്‍ കാഷിഫ് മന്‍സൂറിന് നേരെ വധശ്രമമുണ്ടായി. റംസാന്‍ മാസത്തില്‍ പ്രാര്‍ത്ഥന കഴിഞ്ഞ് മടങ്ങവെ കാഷിഫിനെ മുന്നില്‍ നിന്നും പിന്നില്‍ നിന്നും വെടിവെച്ച് സംഘപരിവാര്‍ കൊലപ്പെടുത്താന്‍ ശ്രമിച്ചു. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ക്ഷേത്രസന്ദര്‍ശനത്തിനായി സംഭവം നടന്നതിന്റെ പരിസരത്ത് തന്നെ ഉണ്ടായിരുന്നു. ബി.ജെ.പി എം.പി കമലേഷ് പസ്വാനും ഭരണകൂടവുമാണ് ഇതിനു പിന്നിലെന്ന് ഡോ. കഫീല്‍ ഖാന്‍ വാര്‍ത്താസമ്മേളനം നടത്തി ലോകത്തെ അറിയിച്ചു. പിന്നെയും സംഘപരിവാര്‍ മാധ്യമങ്ങള്‍ ഗൊരഖ്പൂര്‍ ഓക്‌സിജന്‍ ദുരന്തത്തില്‍ കുറ്റാരോപിതനായ ഡോ. കഫീല്‍ഖാന്‍ എന്നു തന്നെയെഴുതി.
സംഭവം നടന്ന് ഒന്നര മാസം പിന്നിട്ടിട്ടും പ്രതികള്‍ക്കു വേണ്ടി അന്വേഷണം നടത്തുകയോ തിരിച്ചറിയുകയോ അറസ്റ്റ് ചെയ്യുകയോ ചെയ്തിട്ടില്ല ഉത്തര്‍പ്രദേശ് പോലീസ്. സംഭവത്തില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ഡോ. കഫീലിന്റെ മൂത്ത സഹോദരന്‍ അദീല്‍ അഹമദ് ഖാന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ കണ്ടിരുന്നു. അലഹബാദ് ഹൈക്കോടതിയും കൊലപാതക ശ്രമത്തില്‍ കൃത്യമായ അന്വേഷണം നടത്തണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
രാജ്യത്തെ തന്നെ ഞെട്ടിച്ച ദുരന്തം നടന്നിട്ടും ഗോരഖ്പൂര്‍ ബിആര്‍ഡി ഗവ. മെഡിക്കല്‍ കോളജില്‍ സംഭവങ്ങള്‍ ഇപ്പോഴും യാതൊരു മാറ്റവുമില്ലാതെ തുടരുകയാണ്. 2018 ജനുവരി മുതല്‍ ജൂലൈ നാല് വരേ 1200 കുരുന്നുകളാണ് ഗോരഖ്പൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ചുവീണത്. ഉത്തര്‍പ്രദേശിലെ ആരോഗ്യമേഖലയില്‍ നടക്കുന്ന ചൂഷണങ്ങളെപ്പറ്റിയോ അനാസ്ഥയെപ്പറ്റിയോ യോഗി ആഥിത്യനാഥിന്റെ ഹിന്ദുത്വ തീവ്രവാദ ഭരണകൂടത്തെപ്പറ്റിയോ ഒരിക്കലും മറുപടി കിട്ടാത്ത ചോദ്യങ്ങളുമായി പൊതുജനമധ്യത്തിലോ മാധ്യമങ്ങളോടോ സംസാരിക്കാന്‍ കഴിയാതെ ജീവിക്കുകയാണ് കൊല്ലപ്പെട്ട കുഞ്ഞുങ്ങളുടെ രക്ഷിതാക്കള്‍. കോഴിക്കോട് രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനെത്തിയ ഡോ. കഫീല്‍ ഖാന്‍ തേജസ് ഹെഡ് ഓഫിസും സന്ദര്‍ശിച്ചു. തേജസ് എഡിറ്റര്‍ കെ എച്ച് നാസര്‍, എക്‌സിക്യൂട്ടിവ് എഡിറ്റര്‍ പിഎഎം ഹാരിസ്, തേജസ് ജീവനക്കാര്‍ ചേര്‍ന്ന് അദ്ദേഹത്തെ സ്വീകരിച്ചു. ഗോരഖ് പൂര്‍ കൂട്ടക്കൊലയെ കുറിച്ചും തനിക്കെതിരേ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ നടത്തുന്ന വേട്ടയെ കുറിച്ചും അദ്ദേഹം വിവരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss