Flash News

'അഖിലേഷും ഇല്ല രാഹുലും ഇല്ല' സഹായമഭ്യര്‍ഥിച്ച് കഫീല്‍ ഖാന്റെ സഹോദരി സീനത്ത് ഖാന്‍

അഖിലേഷും ഇല്ല രാഹുലും ഇല്ല സഹായമഭ്യര്‍ഥിച്ച് കഫീല്‍ ഖാന്റെ സഹോദരി സീനത്ത് ഖാന്‍
X

ഗൊരഖ്പൂര്‍: 'ആരും ഞങ്ങളെ സഹായിക്കുന്നില്ല. അഖിലേഷും ഇല്ല രാഹുലും ഇല്ല. ഒരു നേതാവും ഇല്ല. കുഞ്ഞുങ്ങളുടെ ജീവന്‍ രക്ഷിക്കുന്നത് ഇത്ര വലിയ തെറ്റായിരുന്നോ? അതിന്റെ പേരില്‍ ഞങ്ങളെല്ലാം ഇന്ന് ഇതനുഭവിക്കുന്നു. ഡോ.കഫീല്‍ ഖാന്റെ സഹോദരി സീനത്ത് ഖാന്‍ ചോദിക്കുന്നു. കഫീല്‍ ഖാനും കുടുംബത്തിനും എതിരേ യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ബിജെപി ഭരണകൂടവും യുപി പോലിസും കടുത്ത പീഡനങ്ങള്‍ തുടരുമ്പോളും മുഖ്യധാരാ മാധ്യമങ്ങളും രാഷ്ട്രീയ പാര്‍ട്ടികളും മൗനം പാലിക്കുകയാണ്. യുപി ബഹ്‌റായിച്ച് ജില്ലാ ആശുപത്രിയില്‍ തുടര്‍ച്ചയയുണ്ടായ ശിശു മരണങ്ങളെ തുടര്‍ന്ന് ആശുപത്രി സന്ദര്‍ശിച്ചതിനാണ് ഡോ. കഫീല്‍ ഖാനെ യുപി പോലിസ് അറസ്റ്റ് ചെയ്തത്. ഒന്നര മാസത്തിനിടെ 75 കുരുന്നുകള്‍ കൊല്ലപ്പെട്ടിട്ടും മുഖ്യധാരാ മാധ്യമങ്ങള്‍ വാര്‍ത്ത മൂടിവയ്ക്കുകയായിരുന്നു. ഇതേ തുടര്‍ന്നാണ് ആശുപത്രി സന്ദര്‍ശിച്ച് ഡോ. കഫീല്‍ ഖാന്‍ ചികില്‍സയില്‍ കഴിയുന്ന കുരുന്നുകളെ പരിശോധിച്ചത്. അധികൃതരുടെ അനാസ്ഥ തുടര്‍ന്നാല്‍ മരണ സംഖ്യ ഉയരുമെന്ന വിവരം കഫീല്‍ ഖാന്‍ ഫേസ്ബുക്ക് ലൈവിലൂടെ പുറം ലോകത്തെ അറിയിച്ചു. എന്നാല്‍ ആശുപത്രിയുടെ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്തിയെന്ന് ആരോപിച്ച് യുപി പോലിസ് കഫീല്‍ ഖാനെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതി ജാമ്യം അനുവദിച്ചിട്ടും ഡോ. കഫീല്‍ ഖാനെ പോലിസ് അജ്ഞാത കേന്ദ്രത്തില്‍ പാര്‍പ്പിട്ടിരിക്കുകയാണ്. പോലിസ് ഭാഷ്യം അതേപടി പകര്‍ത്തി ദേശീയ മാധ്യമങ്ങളും വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തു.
ഡോ.കഫീല്‍ ഖാനെ കസ്റ്റഡിയിലെടുത്തതിന് പിന്നാലെ മൂത്ത സഹോദരന്‍ അദീല്‍ അഹമ്മദ് ഖാനെയും യുപി പോലിസ് കസ്റ്റഡിയിലെടുത്തു. കഫീല്‍ ഖാനെതിരേ പ്രതികാര നടപടി തുടരുന്ന യുപി പോലിസ് ഗൊരഖ്പൂരിലെ ഡോക്ടറുടെ വീട്ടിലും റെയ്ഡ് നടത്തി. ബിജെപി നേതാവ് കമലേഷ് പസ്വാന്റെ വധശ്രമത്തെ അതിജീവിച്ച ഇളയ സഹോദരന്‍ കാഷിഫ് മന്‍സൂറിന് വേണ്ടിയും പൊലീസ് തിരച്ചില്‍ നടത്തി.


'അവര്‍ നമ്മുടെ വീട്ടിലേക്ക് വന്നു, നാലഞ്ചു പൊലിസുകാര്‍ യൂണിഫോമിലായിരുന്നു, നാലഞ്ചുപേര്‍ സിവില്‍ ഡ്രസ്സിലും. അവര്‍ അദീല്‍ അഹമ്മദ് ഖാനെയും കസ്റ്റഡിയിലെടുത്തു. സിആര്‍പിസി 151 ആണ് ഡോക്ടര്‍ കഫീലിന്റെ പേരില്‍ ചുമത്തിയിരിക്കുന്നത്. ഹൈക്കോടതി ഡോ. കഫീലിന് ജാമ്യം അനുവദിച്ചിട്ടുണ്ട്. എന്നിട്ടും എന്തിനാണ് ഡോക്ടറെ അവര്‍ കസ്റ്റഡിയില്‍ വെച്ചിരിക്കുന്നത്? ഇപ്പോള്‍ അദീല്‍ ഖാനെയും കസ്റ്റഡിയിലെടുത്തിരിക്കുന്നു. കാഷിഫ് വീട്ടിലുണ്ടായിരുന്നില്ല, പക്ഷേ അവര്‍ കാഷിഫിന് വേണ്ടിയും തിരച്ചില്‍ നടത്തി. അവര്‍ ആ വീട് മുഴുവന്‍ അലങ്കോലപ്പെടുത്തി. ഇപ്പോള്‍ അവിടെ സ്ത്രീകള്‍ മാത്രമാണ് ഉള്ളത്. ഇനി അടുത്തത് എന്താണ് സംഭവിക്കുക എന്നറിയില്ല' ഡോ.കഫീലിന്റെ സഹോദരീ ഭര്‍ത്താവ് സമര്‍ ഖാന്‍ പറഞ്ഞു.
യുപിയിലെ ഗോരഖ് പൂര്‍ സര്‍ക്കാര്‍ ആശുപത്രിയിലേതിന് സമാനമായിരുന്നു ബഹ്‌റായിച്ച് ആശുപത്രിയിലേയും അവസ്ഥ. ഗോരഖ് പൂരില്‍ അധികൃതരുടെ അനാസ്ഥമൂലം ഓക്‌സിജന്‍ തീര്‍ന്ന് പോയതിനെ തുടര്‍ന്ന് നൂറുലധികം കുഞ്ഞുങ്ങള്‍ മരിച്ചിരുന്നു. ഓക്‌സിജന്‍ കിട്ടാതെ കുഞ്ഞുങ്ങള്‍ മരിക്കാന്‍ തുടങ്ങിയതോടെ ഡോ. കഫീല്‍ ഖാനും സഹ പ്രവര്‍ത്തകരും ചേര്‍ന്ന് തൊട്ടടുത്ത ആശുപത്രികളില്‍ നിന്ന് ഓക്‌സിജന്‍ സിലിണ്ടറുകള്‍ എത്തിച്ചു. ഇതുമൂലം നിരവധി കുരുന്നുകളുടെ ജീവനാണ് രക്ഷിക്കാന്‍ കഴിഞ്ഞത്. അധികൃതരെ അറിയിച്ചിട്ടും യാതൊരു നടപടിയും എടുക്കാത്തതിനെ തുടര്‍ന്നാണ് കഫീല്‍ ഖാന്‍ സ്വന്തം ചിലവില്‍ ഓകിസിജന്‍ സിലിണ്ടറുകള്‍ എത്തിച്ചത്. ഈ സംഭവത്തോടെ കഫീല്‍ ഖാനെ പ്രശംസിച്ച് ദേശീയ മാധ്യമങ്ങള്‍ പോലും രംഗത്തെത്തി. എന്നാല്‍ യുപി സര്‍ക്കാറിന്റെ അനാസ്ഥ പുറത്ത് വന്നതോടെ യോഗി ആദിത്യനാഥ് കഫീല്‍ ഖാനെതിരെ പ്രതികാര നടപടികള്‍ ആരംഭിക്കുകയായിരുന്നു. കുരുന്നുകളുടെ മരണത്തിന് ഉത്തരവാദിയെന്ന് ആരോപിച്ച് കഫീല്‍ ഖാനെ യുപി പോലിസ് അറസ്റ്റ് ചെയ്തത് മുതല്‍ തുടങ്ങി അദ്ദേഹത്തിന് നേരെയുള്ള ഭരണകൂട ഭീകരത. മാസങ്ങളോളം ജയിലില്‍ അടച്ച യുപി പോലിസ് കഫീല്‍ ഖാനെതിരേ നിരവധി കള്ളക്കേസുകളും ചുമത്തി. എന്നാല്‍ തെളിവുകളുടെ അഭാവത്തില്‍ കഫീല്‍ ഖാനെതിരായ കേസുകളെല്ലാം കോടതിയില്‍ പരാജയപ്പെടുകയായിരുന്നു. തുടര്‍ന്ന് കോടതി ഡോ. കഫീല്‍ ഖാനെ കുറ്റവിമുക്തനാക്കി ജയിലില്‍ നിന്ന് മോചിപ്പിച്ചു. എന്നാല്‍ യുപി സര്‍ക്കാര്‍ പ്രതികാര നടപടികള്‍ തുടര്‍ന്ന് കൊണ്ടിരുന്നു. കോടതി കുറ്റവിമുക്തനാക്കിയിട്ടും അദ്ദേഹത്തിനെതിരേ സസ്‌പെന്‍ഷന്‍ നടപടി പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. അതിനിടെ ഡോ. കഫീല്‍ ഖാന്റെ ഇളയ സഹോദരന്‍ കാഷിഫ് മുന്‍സൂറിനെ സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ വെടിവച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചു. ഗുരുതരമായി പരിക്കേറ്റ കാഷിഫ് മന്‍സൂര്‍ ഏറെ നാളത്തെ ചികില്‍സക്ക് ശേഷമാണ് ജീവിതത്തിലേക്ക് തിരിച്ചുവന്നത്. ബിജെപി നേതാവ് കമലേഷ് പസ്വാനാണ് വധശ്രമത്തിന് പിന്നിലെന്ന് ആരോപണം ഉയര്‍ന്നിട്ടും യാതൊരു നടപടിയും ഉണ്ടായില്ല.
Next Story

RELATED STORIES

Share it