|    Aug 18 Sat, 2018 8:27 am
FLASH NEWS
Home   >  Kerala   >  

മഴക്കെടുതിയില്‍ മരണം 29, ദുരിതാശ്വാസക്യാമ്പുകളില്‍ അരലക്ഷത്തിലേറെപ്പേര്‍

Published : 10th August 2018 | Posted By: G.A.G

തിരുവനന്തപുരം : ഇന്നു വൈകിട്ട് നാലുമണി വരെയുള്ള കണക്കനുസരിച്ച് സംസ്ഥാനത്ത് മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 29 ആയി. 71 വീടുകള്‍ ഭാഗികമായും 29 വീടുകള്‍ പൂര്‍ണമായും നശിച്ചു.
439 ദുരിതാശ്വാസ ക്യാമ്പുകളിലായി 12240 കുടുംബങ്ങളിലെ 53501 പേര്‍ കഴിയുന്നതായും സര്‍ക്കാര്‍ അറിയിച്ചു. 25 പേര്‍ മണ്ണിടിച്ചിലിലും നാലു പേര്‍ മുങ്ങിയുമാണ് മരിച്ചത്. പാലക്കാടും എറണാകുളത്തുമാണ് രണ്ടു പേര്‍ വീതം മുങ്ങിമരിച്ചത്. മലപ്പുറത്ത് ആറും ഇടുക്കിയില്‍ 12ഉം കോഴിക്കോട് ഒന്നും കണ്ണൂരില്‍ രണ്ടും വയനാട്ടില്‍ നാലും പേര്‍ മണ്ണിടിഞ്ഞ് വീണ് മരിച്ചു.
ഇടുക്കിയില്‍ രണ്ടും മലപ്പുറത്തും പാലക്കാടും ഓരോരുത്തരെയും കാണാതായിട്ടുണ്ട്. 21 പേര്‍ക്ക് പരിക്കേറ്റു.
ആലപ്പുഴയില്‍ നേരത്തെ പ്രവര്‍ത്തിച്ചിരുന്ന ക്യാമ്പുകളില്‍ ഇപ്പോഴും ജനങ്ങള്‍ കഴിയുന്നുണ്ട്. എറണാകുളത്ത് 68 ക്യാമ്പുകളിലായി 2795 കുടുംബങ്ങളിലെ 9476 പേര്‍ കഴിയുന്നു. മലപ്പുറത്ത് 13 ക്യാമ്പുകളില്‍ 1050 പേര്‍ കഴിയുന്നുണ്ട്. ഇടുക്കിയില്‍ പത്ത് ക്യാമ്പുകളില്‍ 533 പേരുണ്ട്. കോഴിക്കോട് 848 പേര്‍ പതിനെട്ട് ക്യാമ്പുകളില്‍ കഴിയുന്നു. കണ്ണൂരില്‍ പത്ത് ക്യാമ്പുകളിലായി 539 പേരുണ്ട്. തൃശൂരില്‍ 13 ക്യാമ്പുകളില്‍ 1029 പേര്‍ താമസിക്കുന്നു. വയനാട് 113 ക്യാമ്പുകളിലായി 7367 പേര്‍ കഴിയുന്നു. പാലക്കാട് 19 ക്യാമ്പുകളില്‍ 3000 പേരുണ്ട്.
ഇടുക്കി അണക്കെട്ട് തുറന്ന സാഹചര്യവും പ്രളയവും മഴക്കെടുതികളും നേരിടുന്നതിന് സംസ്ഥാനത്തെ സഹായിക്കാന്‍ എല്ലാ വിധ സജ്ജീകരണങ്ങളുമായി ദേശീയ ദുരന്ത പ്രതികരണ സേനയും ( എന്‍. ഡി. ആര്‍. എഫ്) പ്രതിരോധ സേനാംഗങ്ങളും രംഗത്തുണ്ട്്്. എന്‍. ഡി. ആര്‍. എഫിന്റെ 14 സംഘങ്ങളാണ് കേരളത്തിന്റെ വിവിധ ജില്ലകളില്‍ എത്തിയിരിക്കുന്നത്. പെരിയാറില്‍ വെള്ളം ഉയരുന്ന സാഹചര്യം കണക്കിലെടുത്ത് പാലക്കാട് ജില്ലയില്‍ പ്രവര്‍ത്തിച്ചിരുന്ന സംഘത്തെ തൃശൂരിലേക്ക് മാറ്റിയിട്ടുണ്ട്. നേരത്തെ തന്നെ ആലുവയില്‍ ഒരു സംഘം നിലയുറപ്പിച്ചിട്ടുണ്ട്. ഇടുക്കി ചെറുതോണിയിലും വാത്തിക്കുടിയിലും ഓരോ ടീമുകളെ നിയോഗിച്ചിരിക്കുകയാണ്. കോഴിക്കോടു നിന്ന് മറ്റൊരു സംഘം തൃശൂരിലേക്ക് നീങ്ങിയിട്ടുണ്ട്. കോഴിക്കോട്, മലപ്പുറം, വയനാട്, ആലപ്പുഴ എന്നിവിടങ്ങളിലാണ് മറ്റു ടീമുകള്‍. ആരക്കോണത്ത് നിന്നുള്ള 90 അംഗ സംഘവും ഗുണ്ടൂരില്‍ നിന്നുള്ള 15 അംഗ സംഘവും കൊച്ചി നേവല്‍ ബേസിലെത്തിയിട്ടുണ്ട്. എല്ലാ വിധ ആധുനിക സംവിധാനങ്ങളോടെയാണ് ഇവര്‍ എത്തുന്നത്.
നേവിയുടെ 15 ഡൈവര്‍മാര്‍ ഉള്‍പ്പെടെയുള്ള സംഘം മലപ്പുറത്തുണ്ട്. അഞ്ച് നേവി ഡൈവര്‍മാരടങ്ങുന്ന 36 അംഗ സംഘത്തെ വയനാട്ടില്‍ വിന്യസിച്ചിട്ടുണ്ട്. ടെറിട്ടോറിയല്‍ ആര്‍മിയുടെ 60 അംഗ സംഘവും ഇവിടെയുണ്ട്. നിലമ്പൂര്‍ ചുങ്കത്തറയില്‍ ആര്‍മിയുടെ ഒരു കോളവും ഇടുക്കി ദേവികുളത്ത് മറ്റൊരു കോളവും ഉണ്ട്. ഓഫീസര്‍മാര്‍ ഉള്‍പ്പെടെയുള്ള 105 അംഗ ടീം കണ്ണൂരില്‍ നിലയുറപ്പിച്ചിട്ടുണ്ട്. എറണാകുളത്തെ താഴ്ന്ന പ്രദേശങ്ങളില്‍ കോസ്റ്റ് ഗാര്‍ഡിന്റെ സേവനം വിനിയോഗിക്കുന്നുണ്ട്. മൂന്ന് എ. എല്‍. എച്ച് ഹെലികോപ്റ്ററുകളും രണ്ട് എം. ഐ 17 വി ഹെലികോപ്റ്ററുകളും നാല് എ. എന്‍ 32 ഉം, രണ്ട് ആര്‍ട്ടിലറി യൂണിറ്റുകളും ഒരു മദ്രാസ് റെജിമെന്റ് യൂണിറ്റും ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്.
ബാംഗഌരില്‍ നിന്നുള്ള മിലിട്ടറി എന്‍ജിനിയറിംഗ് ഗ്രൂപ്പിന്റെ 37 അംഗ സംഘം മലപ്പുറത്തുണ്ട്. 37 അംഗങ്ങളുള്ള മറ്റൊരു സംഘത്തെ ഇടുക്കിയിലേക്ക് മാറ്റിയിരിക്കുകയാണ്. ഹൈദരാബാദില്‍ നിന്നുള്ള 32 ഓഫീസര്‍മാരുടെ സംഘത്തെ ആലുവയിലെത്തിച്ചിട്ടുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss