|    Oct 18 Thu, 2018 3:56 pm
FLASH NEWS
Home   >  Sports  >  Cricket  >  

ധവാനും രോഹിതിനും സെഞ്ച്വറി; ഇന്ത്യക്ക് ഒമ്പത് വിക്കറ്റ് ജയം

Published : 24th September 2018 | Posted By: jaleel mv


ദുബയ്:ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറിലെ സൂപ്പര്‍ പോരിനിറങ്ങിയ ഇന്ത്യ പാകിസ്താനെ ഒമ്പത് വിക്കറ്റിന് തരിപ്പണമാക്കി. ഓപണര്‍മാരായ ധവാനിലൂടെയും (114) രോഹിതിലൂടെയും(111) രണ്ട് സെഞ്ച്വറി പിറന്ന ഇന്ത്യന്‍ ഇന്നിങ്‌സാണ് പാകിസ്താനെ നാണം കെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത പാകിസ്താന്‍ ഷുഐബ് മാലിക്കിന്റെ മിന്നും പ്രകടനത്തില്‍ ഏഴ് വിക്കറ്റിന് 237 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ഇന്ത്യ വെറും 39.3 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയതീരമണിഞ്ഞു. ഇതോടെ ഇന്ത്യ ഫൈനല്‍ പ്രവേശനം ഏറെക്കുറേ ഉറപ്പിച്ചു. ധവാനാണ് കളിയിലെ താരം.


238 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യക്ക് ഉജ്വല തുടക്കമാണ് ഓപണര്‍മാര്‍ നല്‍കിയത്. പാക് ബൗളര്‍മാരെ നിലം തൊടാന്‍ അനുവദിക്കാതെ രോഹിത്-ധവാന്‍ കൂട്ടുകെട്ട് അപരാജിതരായി മുന്നേറി.ഇതിനിടെ രണ്ട് തവണയാണ് ഇന്ത്യന്‍ ക്യാപ്റ്റന് പുതുജീവന്‍ ലഭിച്ചു. സ്‌കോര്‍ 29ല്‍ നില്‍ക്കേ ആറാം ഓവറില്‍ ഇമാമുല്‍ ഹഖും സ്‌കോര്‍ 164ല്‍ നില്‍ക്കേ 28ാം ഓവറില്‍ ഫഖര്‍ സമാനുമാണ് നേരെ കൈയിലെത്തിയ പന്ത് വിട്ടുകളഞ്ഞ് രോഹിതിന് ജീവന്‍ നല്‍കിയത്. 13ാം തവണയാണ് ഇവര്‍ സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയര്‍ത്തുന്നത്. ഇതിനിടെ രോഹിത് ശര്‍മ ഏകദിന കരിയറില്‍ തന്റെ 7000 റണ്‍സും കണ്ടെത്തി. 95 പന്തിലാണ് ധവാന്‍ സെഞ്ച്വറി അടിച്ചെടുത്തത്.
ഇരുവരും ചേര്‍ന്ന് ഇന്ത്യക്ക് 10 വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം സമ്മാനിക്കുമെന്ന് തോന്നിച്ചു. എന്നാല്‍ സ്‌കോര്‍ 210ല്‍ നില്‍ക്കേ 34ാം ഓവറില്‍ അനാവശ്യ റണ്‍സിനായി ഓടിയ ധവാന് റണ്‍ഔട്ടിലൂടെ പവലിയനിലേക്ക് മടങ്ങേണ്ടി വന്നു. 100 പന്തില്‍ 16 ബൗണ്ടറിയുടെയും രണ്ട് സിക്‌സറുടയും അകമ്പടിയോടെ 114 റണ്‍സാണ് ധവാന്‍ അക്കൗണ്ടിലാക്കിയത്. പിന്നീട് വന്ന റായിഡുവിനോടൊപ്പം (12*) കൂട്ടുകെട്ട് സ്ഥാപിച്ച രോഹിത് സെഞ്ച്വറിയും കുറിച്ചു. 106 പന്തിലാണ് താരം സെഞ്ച്വറി കണ്ടെത്തിയത്. പിന്നീട് ജയത്തിലേക്കുള്ള ബാറ്റ് വീശേണ്ട ആവശ്യമേ ഇരുവര്‍ക്കുമുണ്ടായുള്ളൂ. 119 പന്തില്‍ ഏഴു ഫോറും നാലു സിക്‌സറുമുള്‍പ്പെടെയാണ് രോഹിത് 111 റണ്‍സെടുത്തത്.
ടോസ് നേടിയ പാകിസ്താന്‍ ബാറ്റിങ്് സുഖകരമല്ലാത്ത പിച്ചിന്റെ ആനുകൂല്യം മുതലെടുത്ത് ബാറ്റിങിനിറങ്ങുകയായിരുന്നു. ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യക്കെതിരേ നേരിടേണ്ടി വന്ന തകര്‍ച്ച ഇത്തവണ പാകിസ്താന്‍ അഭിമുഖീകരിച്ചില്ല. ഓപണിങിനിറങ്ങിയ ഇമാമുല്‍ ഹഖും ഫക്കര്‍ സമാനും ചേര്‍ന്ന് പാക്പടയ്ക്ക് മികച്ച തുടക്കം നല്‍കാനൊരുങ്ങി. മോശം ബൗളുകളാണ് ഇവര്‍ റണ്‍സ് കണ്ടെത്താന്‍ ഉപയോഗിച്ചത്. എന്നാല്‍ എട്ടാം ഓവറിലെ അവസാന പന്തില്‍ സ്‌കോര്‍ 24ല്‍ നില്‍ക്കേ പാകിസ്താന് ആദ്യ വിക്കറ്റ് നഷ്ടമായി. ഇമാം ഉള്‍ഹഖിനെ (10) ചഹല്‍ എല്‍ബിയില്‍ കുരുക്കി മടക്കി. എങ്കിലും തുടര്‍ന്ന് ഒത്തുചേര്‍ന്ന ഫക്കര്‍ സമനും ബാബര്‍ അസമും ചേര്‍ന്ന് ടീമിനെ 55 റണ്‍സ് വരെ എത്തിച്ചു. അതുവരെ തകര്‍ത്തു കളിച്ച ഫഖര്‍ സമാനെ (31) കുല്‍ദീപ് യാദവ് മടക്കിയതോടെ പാകിസ്താന്റെ രണ്ടാം വിക്കറ്റും വീണു. മൂന്ന് റണ്‍സ് കൂടി ചേര്‍ക്കുന്നതിനിടെ ബാബര്‍ അസം റണ്ണൗട്ടായി മടങ്ങിയതോടെ പാകിസ്താന്‍ മൂന്നിന് 58 എന്ന നിലയിലേക്ക് കൂപ്പുകുത്തി. തുടര്‍ന്നായിരുന്നു പാകിസ്താന്റെ യഥാര്‍ഥ രക്ഷാപ്രവര്‍ത്തനം. മറ്റൊരു വന്‍ തകര്‍ച്ച മുന്നില്‍ കണ്ട അവരെ ഷുഐബ് മാലിക്കും സര്‍ഫ്രാസ് അഹമ്മദും കൂടെ കരകയറ്റുന്നതാണ് പിന്നീട് കണ്ടത്. ഇരുവരും കാര്യമായ ആവേശം കാണിക്കാതെ പേസര്‍മാരെയും സ്പിന്നര്‍മാരെയും നേരിട്ടു.
നാലാം വിക്കറ്റില്‍ ഇവര്‍ 107 റണ്‍സ് കൂട്ടുകെട്ട് പടുത്തുയര്‍ത്തിയപ്പോള്‍ പാക് സ്‌കോര്‍ 39 ഓവറില്‍ 165 റണ്‍സെന്ന ഭേദപ്പെട്ട നിലയിലെത്തി. 44 റണ്‍സ് നേടിയ സര്‍ഫ്രാസിനെ കുല്‍ദീപ് യാദവ് നായകന്റെ കൈകളിലെത്തിച്ച് പുറത്താക്കിയപ്പോള്‍ ഷൊഐബ് മാലിക്കിനു കൂട്ടായി ആസിഫ് അലി എത്തി. വീണ്ടും പാകിസ്താന്റെ രക്ഷാപ്രവര്‍ത്തനം തുടര്‍ന്നു. ഇരുവരും പാക് സ്‌കോര്‍ബോര്‍ഡില്‍ 38 റണ്‍സിന്റെ പാര്‍ട്ട്‌നര്‍ഷിപ്പാണ് സമ്മാനിച്ചത്. എന്നാല്‍ അതുവരെ ടീമിന്റെ നെടുംതൂണായി നിലനിന്ന മാലിക്കിനെ ബൂംറ മടക്കിയതോടെ ഇന്ത്യ ദീര്‍ഘശ്വാസം വലിച്ചു. 70 പന്തില്‍ 78 റണ്‍സ് നേടിയ മാലിക്കിനെ ബുംറ വിക്കറ്റ് കീപ്പര്‍ ധോണിയുടെ കൈകളിലെത്തിക്കുകയായിരുന്നു. തുടര്‍ന്ന് കളത്തില്‍ കൂറ്റനടികള്‍ പുറത്തെടുത്ത ആസിഫ് അലി സംഹാര താണ്ഡവമാടും മുമ്പ് താരത്തിന്റെ കുറ്റി തെറിപ്പിച്ച് ചഹല്‍ കരുത്ത് കാട്ടി. 21 പന്തില്‍ നിന്ന് 30 റണ്‍സാണ് ആസിഫിന്റെ സമ്പാദ്യം. പിന്നീട് വന്നവര്‍ക്ക് കാര്യമായൊന്നും ചെയ്യാന്‍ കഴിയാതെ വന്നതോടെ പാക് പോരാട്ടം 237ല്‍ അവസാനിച്ചു. ഇന്ത്യക്കായി ജസ്പ്രീത് ബുംറ, യൂസ്‌വേന്ദ്ര ചഹല്‍, കുല്‍ദീപ് യാദവ് എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss