|    Dec 11 Tue, 2018 7:01 pm
FLASH NEWS
Home   >  National   >  

ഡിസംബര്‍ 6 ബാബരി ദിനം: നീതി നിഷേധത്തിന്റെ 26 വര്‍ഷം

Published : 6th December 2018 | Posted By: afsal ph

ഡിസംബര്‍ 6. ഗാന്ധി വധത്തിന് ശേഷം ഇന്ത്യന്‍ മതേതര സങ്കല്‍പ്പങ്ങള്‍ തകര്‍ന്നടിഞ്ഞ ദിനം. 26 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഈ ദിനത്തിലാണ് യുപിയിലെ അയോധ്യയില്‍ ബാബരി മസ്ജിദ് ഹിന്ദുത്വര്‍ തകര്‍ത്തത്. നരസിംഹ റാവുവിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ്സ് ഭരണകൂടം നോക്കുകുത്തിയായപ്പോള്‍ സംഘ്പരിവാര്‍ ഭരണത്തിലേക്കുള്ള രഥയാത്ര പൂര്‍ത്തിയാക്കുകയായിരുന്നു. ബി.ജെ.പി നേതാക്കളായ എല്‍.കെ അദ്വാനി, ഉമാഭാരതി, മുരളീ മനോഹര്‍ ജോഷി എന്നിവരുടെ നേതൃത്വത്തില്‍ ലക്ഷക്കണക്കിന് കര്‍സേവകരാണ് നൂറ്റാണ്ടുകള്‍ പഴക്കമുള്ള ബാബരി മസ്ജിദിന്റെ താഴികക്കുടങ്ങള്‍ തകര്‍ത്ത് തരിപ്പണമാക്കിയത്. പള്ളി തകര്‍ത്തതോടെ ഇന്ത്യയിലൊട്ടാകെ വ്യാപകമായി വര്‍ഗീയ കലാപങ്ങളും നടന്നു. മസ്ജിദ് തകര്‍ന്നതിനെ തുടര്‍ന്നുണ്ടായ കലാപത്തില്‍ രണ്ടായിരത്തോളം പേരാണ് ഇന്ത്യയൊട്ടാകെ കൊല്ലപ്പെട്ടത്.


ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയുടെ നേതൃത്വത്തില്‍ ഗുജറാത്തില്‍ നിന്ന് അയോധ്യയിലേക്ക് നടന്ന രഥയാത്രയെ തുടര്‍ന്ന് ഇന്ത്യയൊട്ടാകെ വര്‍ഗീയ കലാപങ്ങള്‍ പൊട്ടിപ്പുറപ്പെട്ടിരുന്നു. 1992 ഡിസംബര്‍ ആറിന് ബി.ജെ.പിയും വി.എച്ച്.പിയും സംയുക്തമായി സംഘടിപ്പിച്ച ഒന്നരലക്ഷം കര്‍സേവകരുടെ റാലി അക്രമാസക്തമായി. കര്‍സേവകരെ പള്ളി തകര്‍ക്കാന്‍ പ്രേരിപ്പിക്കുന്ന പ്രസംഗങ്ങളാണ് ബി.ജെ.പി നേതാക്കളായ എല്‍.കെ അദ്വാനി, ഉമാഭാരതി, മുരളീ മനോഹര്‍ ജോഷി, വി.എച്ച്.പി നേതാവ് വിനയ് കത്യാര്‍ എന്നിവര്‍ നടത്തിയത്.

ബാബരി മസ്ജിദ് തകര്‍ക്കാന്‍ ആവശ്യമായ സാഹചര്യം ഒരുക്കി കൊടുത്തത് അന്നത്തെ കോണ്‍ഗ്രസ്സ് സര്‍ക്കാരാണ്. സൈന്യവും പോലിസും നോക്കുകുത്തിയായി നിന്നു. കര്‍സേവകരെ തടയാന്‍ പുറപ്പെട്ട റാപ്പിഡ് ആക്ഷന്‍ ഫോര്‍സിനെ സര്‍ക്കാര്‍ ഇടപെട്ട് മടക്കി അയച്ചു. പതിനാറാം നൂറ്റാണ്ടില്‍ മുഗള്‍ ചക്രവര്‍ത്തി ബാബറുടെ ഗവര്‍ണറായിരുന്ന മീര് ബാഖിയാണ് അയോധ്യയില്‍ ബാബരി മസ്ജിദ് പണികഴിപ്പിച്ചത്. ബ്രിട്ടീഷ് കാലത്ത് തന്നെ, പള്ളി സ്ഥിതി ചെയ്യുന്നത് ശ്രീരാമന്‍ ജനിച്ചയിടത്താണെന്ന അവകാശവാദം ഹിന്ദു സംഘടനകള്‍ ഉന്നയിച്ചിരുന്നു. ഇത് സംബന്ധിച്ച് കോടതിയില്‍ കേസുകള്‍ തുടരുന്നതിനിടെ പള്ളിക്കകത്ത് ശ്രീരാമന്റെ വിഗ്രഹം പ്രത്യക്ഷപ്പെടുകയും ബാബരി പള്ളി തര്‍ക്കമന്ദിരമായി പ്രഖ്യാപിക്കുകയും ചെയ്യുകയായിരുന്നു. ബാബരി മസ്ജിദ് സ്ഥിതി ചെയ്യുന്ന ഭൂമിയുടെ അവകാശത്തര്‍ക്കം ഇപ്പോള്‍ സുപ്രിം കോടതിയുടെ പരിഗണനയിലാണ്. നിര്‍മോഹി അഖാഡ, രാം ലല്ല ട്രസ്റ്റ്, സുന്നി വഖഫ് ബോര്‍ഡ!് എന്നിവരാണ് ഈ കേസിലെ കക്ഷികള്‍. ഈകേസ് വരുന്ന ജനുവരിയില്‍ സുപ്രീം കോടതിയുടെ പ്രത്യേക ബെഞ്ച് പരിഗണിക്കും.
ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ എല്‍.കെ അദ്വാനി, ഉമാഭാരതി, മുരളീ മനോഹര്‍ ജോഷി എന്നിവരും ലക്ഷത്തിലേറെ കര്‍സേവകര്‍ക്കുമെതിരായ കേസ് ഇപ്പോള്‍ കോടതിയുടെ പരിഗണനയിലാണ്. പള്ളി തകര്‍ക്കുന്ന സമയത്ത് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായിരുന്ന കല്യാണ്‍ സിങിനെതിരെയും കേസെടുക്കണമെന്ന് നേരത്തെ സുപ്രിം കോടതി നിര്‍ദേശിച്ചിരുന്നു. നിലവില്‍ രാജസ്ഥാന്‍ ഗവര്‍ണറാണ് കല്യാണ്‍ സിങ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss