|    Nov 20 Tue, 2018 8:58 pm
FLASH NEWS
Home   >  National   >  

റഫേല്‍: ഡാസോ അംബാനിക്ക് 284 കോടി നല്‍കിയതായി രാഹുല്‍

Published : 2nd November 2018 | Posted By: afsal ph

ന്യൂഡല്‍ഹി: റഫേല്‍ വിഷയത്തില്‍ മോദിക്കെതിരേ കടുത്ത ആരോപണങ്ങളുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. അനില്‍ അംബാനിയുടെ റിലയന്‍സ് ഡിഫന്‍സിന് ഫ്രഞ്ച് വിമാനക്കമ്പനി ഡാസോ ഏവിയേഷന്‍ 284 കോടി രൂപ കൈക്കൂലി നല്‍കിയതായും റഫേല്‍ വിഷയത്തില്‍ ഡാസോ ഏവിയേഷന്‍ സിഇഒ കള്ളം പറയുകയാണെന്നും രാഹുല്‍ പറഞ്ഞു. കൈക്കൂലിയുടെ ആദ്യഗഡുവാണ് ഡാസോ നല്‍കിയത്. വിഷയത്തില്‍ അന്വേഷണം നടന്നാല്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അതിജീവിക്കില്ലെന്നത് ഉറപ്പാണ്.
രാജ്യത്തെ നയിക്കുന്നയാളെ രക്ഷിക്കാന്‍ വേണ്ടിയുള്ള ശ്രമങ്ങളാണ് നടക്കുന്നത്. നരേന്ദ്രമോദിയുടെ പേരു പറയാതെയായിരുന്നു രാഹുലിന്റെ വിമര്‍ശനം. അനില്‍ അംബാനിക്ക് 30,000 കോടി നല്‍കാനുള്ള നരേന്ദ്രമോദിയുടെ ഇടപാടായിരുന്നു കരാറെന്നു പറഞ്ഞാണ് മോദി സര്‍ക്കാരിനെ രാഹുല്‍ കടന്നാക്രമിച്ചത്.
അനില്‍ അംബാനിക്ക് ഭൂമിയുണ്ടായിരുന്നതുകൊണ്ടാണ് പൊതുമേഖലാ കമ്പനിയായ എച്ച്എഎല്ലിന് കരാര്‍ നല്‍കാതിരുന്നെതന്നാണ് ഡാസോ സിഇഒ പറയുന്നത്. എന്നാല്‍, ഈ ഭൂമി ഡാസോ നല്‍കിയ തുകകൊണ്ട് വാങ്ങിയതാണെന്ന് ഇപ്പോള്‍ വെളിപ്പെട്ടിരിക്കുകയാണെന്നും രാഹുല്‍ പറഞ്ഞു. റഫേല്‍ വിമാനങ്ങളുടെ തുക സംബന്ധിച്ച വിവരങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ നല്‍കാത്തതിനെയും രാഹുല്‍ വിമര്‍ശിച്ചു.
റഫേല്‍ ഇടപാടില്‍ വിവാദങ്ങള്‍ നിലനില്‍ക്കെ, അനില്‍ അംബാനിയുടെ മറ്റൊരു നിഷ്‌ക്രിയ കമ്പനിയില്‍ കൂടി ഡാസോ ഏവിയേഷന്‍ നിക്ഷേപം നടത്തിയതിന്റെ തെളിവുകള്‍ ന്യൂസ് പോര്‍ട്ടലായ ദ വയര്‍ കഴിഞ്ഞദിവസം പുറത്തുവിട്ടിരുന്നു. റിലയന്‍സ് എയര്‍പോര്‍ട്ട് ഡവലപ്പേഴ്‌സ് ലിമിറ്റഡ് (ആര്‍എഡിഎല്‍) എന്ന കമ്പനിക്കാണ് ഡാസോ നിക്ഷേപം വഴി 284 കോടി രൂപ ലഭിച്ചതെന്നും ഈ തുകയ്ക്ക് നാഗ്പൂരില്‍ റിലയന്‍സ് എയ്‌റോ സ്ട്രക്ചര്‍ ഭൂമി വാങ്ങിയെന്നും രേഖകള്‍ വ്യക്തമാക്കിയിരുന്നു. ഒരു രൂപപോലും ലാഭമുണ്ടാക്കാത്ത കമ്പനിയാണ് ആര്‍എഡിഎല്‍ എന്നതും രേഖകളിലുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss