|    Oct 15 Mon, 2018 11:30 pm
FLASH NEWS
Home   >  Kerala   >  

ന്യൂനമര്‍ദം : തമിഴ് നാടിന്റെ നിയന്ത്രണത്തിലുള്ള ഡാമുകള്‍ മുന്‍കൂട്ടി തുറന്ന് വിടണമെന്ന് ദുരന്ത നിവാരണ അതോറിറ്റി

Published : 4th October 2018 | Posted By: G.A.G

തിരുവനന്തപുരം : തമിഴ് നാടിന്റെ നിയന്ത്രണത്തില്‍ ഉള്ള എല്ലാ ഡാമുകളും ഇവ മുന്‍കൂട്ടി തുറന്ന് വിടുവാന്‍ ആവശ്യമായ നിര്‍ദേശം നല്‍കണമെന്ന് കേന്ദ്ര ജല കമ്മീഷനോട് ആവശ്യപ്പെടുവാന്‍ കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗം തീരുമാനിച്ചു. ഈ ഡാമുകളെല്ലാം തന്നെ പരമാവധി സംഭരണ ശേഷിക്കടുത്താണ് എന്നതിനാലാണിത്.
ഷോളയാര്‍ അണക്കെട്ടിലെ ജലനിരപ്പ് പ്രവചിക്കപ്പെട്ട മഴ കൂടി കണക്കില്‍ എടുത്ത് ആവശ്യത്തിന് കുറച്ച് നിര്‍ത്തുവാന്‍ ഉള്ള നടപടി സ്വീകരിക്കുവാന്‍ കെ.എസ്.ഇ.ബിയോട് യോഗം നിര്‍ദേശിച്ചു. അണക്കെട്ടുകള്‍ തുറക്കുന്നത്, വേലിയേറ്റ, വേലിയിറക്ക സാഹചര്യവും കൂടി പരിഗണിച്ച് വേണമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
കേന്ദ്ര കാലാവസ്ഥ വകുപ്പ് പുറപ്പെടുവിച്ചിട്ടുള്ള ന്യൂനമര്‍ദ്ദ മുന്നറിയിപ്പും, അതിതീവ്ര മഴയുടെ മുന്നറിയിപ്പും പരിഗണിച്ചുകൊണ്ടാണ്് മുഖ്യ മന്ത്രിയുടെ നിര്‍ദേശം അനുസരിച്ച് സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മറ്റി യോഗം ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നത്.
ആഭ്യന്തര വകുപ്പ് അഡി. ചീഫ് സെക്രട്ടറി, ദുരന്ത നിവാരണ വകുപ്പ് അഡി. ചീഫ് സെക്രട്ടറി, ഫിനാന്‍സ് വകുപ്പിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറി, ജലവിഭവ വകുപ്പിന്റെ സെക്രട്ടറി, വൈദ്യുതി വകുപ്പിന്റെ സെക്രട്ടറി, ചെയര്‍മാന്‍, കെ.എസ്.ഇ.ബി, ജലവിഭവ വകുപ്പ് ചീഫ് എഞ്ചിനീയര്‍, ഐ.ഡി.ആര്‍.ബി ചീഫ് എഞ്ചിനീയര്‍, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മെമ്പര്‍ സെക്രട്ടറി എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

ജലവിഭവ വകുപ്പും, കെ.എസ്.ഇ.ബി യും ഡാമുകളിലെക്ക് എത്തുന്ന ജലവും, നിലവിലെ സ്ഥിതിയും, ഡാമിലെ ദീര്‍ഘകാല ജല അളവുകളും, മഴയുടെ പ്രവചനവും പരിഗണിച്ച് ഒരു നിയന്ത്രണ ചട്ടക്കൂട് തയ്യാറാക്കി സര്‍ക്കാരിന്റെ പരിഗണനയ്ക്ക് നല്‍കുവാന്‍ യോഗം നിര്‍ദേശിച്ചു.

ഡാമുകള്‍ നിയന്ത്രിക്കുന്ന എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍മാര്‍ നിരന്തരം ജില്ലാ കളക്ടറുമാരുമായി സമ്പര്‍ക്കം പുലര്‍ത്തുകയും മുന്‍കൂട്ടി ജില്ലാ കളക്ടര്‍മാരെ അറിയിച്ച് അനുമതി വാങ്ങിയതിന് ശേഷം മാത്രമേ ഡാമുകളുടെ ഷട്ടറുകള്‍ തുറക്കാന്‍ പാടുള്ളു എന്നും നിര്‍ദേശിച്ചു.

സംസ്ഥാന അതോറിറ്റിയുടെ നിര്‍ദേശം അനുസരിച്ച് തീരരക്ഷാ സേനാ കപ്പലുകളും, ഡോണിയര്‍ വിമാനങ്ങളും കേരളത്തിന്റെ തീരത്തോട് അടുത്തുള്ള അറബിക്കടല്‍ മേഘലയില്‍ മത്സ്യ ബന്ധനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് മുന്നറിയിപ്പ് മൈക്കിലൂടെയും റേഡിയോ വഴിയും 1102018 മുതല്‍ നല്‍കി വരുന്നുണ്ട്.

ഇന്നത്തെ പ്രവചനം അനുസരിച്ച് ഇടുക്കി ജില്ലയില്‍ ഇന്നുമുതല്‍ ഒക്ടോബര്‍ 6 വരെ, ഓറഞ്ചു അലേര്‍ട്ടും, 7അം തീയതി റെഡ് അലേര്‍ട്ടും, 8അം തീയതി ഓറഞ്ചു അലേര്‍ട്ടും, തൃശൂരില്‍ 6ന് ഓറഞ്ചു അലേര്‍ട്ടും, 7ന് റെഡ് അലേര്‍ട്ടും, പാലക്കാട് 6ന് ഓറഞ്ചു അലേര്‍ട്ടും, 7ന്‌റെഡ് അലേര്‍ട്ടും, കോഴിക്കോട്, വയനാട് എന്നീ ജില്ലകളില്‍ ഇന്നുമുതല്‍ 8 വരെ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss