Flash News

നട്ടുച്ചക്കും നേരം വെളുക്കാത്തവര്‍

നട്ടുച്ചക്കും നേരം വെളുക്കാത്തവര്‍
X


രിത്രപരമായ മണ്ടത്തരം ആവര്‍ത്തിക്കാനുളള തങ്ങളുടെ അവകാശവും അധികാരവും പി ബിക്കു പിന്നാലെ സിപിഎം കേന്ദ്രകമ്മറ്റിയും ഒരിക്കല്‍ കൂടി  കൃത്യമായി ഉപയോഗിച്ചിരിക്കുന്നു. ഫാഷിസ്റ്റ് ശക്തികളുടെ വര്‍ഗീയവൈരവും വംശീയ വിദ്വേഷവും  ലോകത്തിന്റെ മുമ്പില്‍ രാജ്യത്തിന്റെ തന്നെ അഭിമാനമായ ചരിത്രസ്മാരകങ്ങളെപ്പോലും വേട്ടയാടിക്കൊണ്ടിരിക്കുന്ന കലികാലത്തും ഫാഷിസത്തെ നേരിടാന്‍ രാജ്യത്തെ മുഖ്യപ്രതിപക്ഷമായ കോണ്‍ഗ്രസുമായി കൈകോര്‍ക്കാന്‍ പാടില്ലെന്നാണ് പാര്‍ട്ടിയുടെ തീരുമാനം. മുഖ്യശത്രുവിന്റെ സ്ഥാനത്തു നിന്നും മെലിഞ്ഞൊട്ടിയ കോണ്‍ഗ്രസിനെ മാറ്റി തടിച്ചു കൊഴുത്ത് ആക്രമണോല്‍സുകയായ ബിജെപിയെ പ്രതിഷ്ഠിച്ചിട്ടുണ്ടെങ്കിലും  ശത്രുവിനെ നേരിടേണ്ട വിധമെങ്ങനെ എന്ന കാര്യത്തില്‍ പാര്‍ട്ടിക്ക് ഇനിയും അഭിപ്രായ ഐക്യത്തിലെത്താന്‍ സാധിച്ചിട്ടില്ല.
ശരിയാണ്,സ്വാതന്ത്യം കിട്ടിയതു മുതല്‍ ഇന്ത്യയിലെ കമ്മ്യൂണിസ്റ്റുകാരന്‍ മുഷ്ടിചുരുട്ടി വിളിക്കാന്‍ തുടങ്ങിയതാണ് കോണ്‍ഗ്രസ് മുര്‍ദാബാദ് എന്ന്. സോഷ്യലിസ്റ്റും ജനാധിപത്യവാദിയുമായിരുന്ന നെഹ്‌റുവിന്റെ കോണ്‍ഗ്രസിനെ അക്കാലത്ത് പാര്‍ട്ടി എതിര്‍ത്തുവെങ്കില്‍ മൃദു ഹിന്ദുത്വ-നിയോ ലിബറല്‍  സാമ്പത്തിക നയങ്ങളുടെ പ്രയോക്താക്കളായ ഇന്നത്തെ കോണ്‍ഗ്രസിനെ പാര്‍ട്ടിക്ക് എതിര്‍ക്കാന്‍ എന്തു കൊണ്ടും ന്യായമുണ്ട്. സിപിഎം വിശേഷിപ്പിക്കാറുളളതു പോലെ കോണ്‍ഗ്രസ് ഒരു വലതുപക്ഷ പാര്‍ട്ടിയാണെന്നതോ ആ പാര്‍ട്ടി അധികാരത്തിലിരിക്കുമ്പോള്‍ നടപ്പാക്കാറ് ഇടതുപ്രസ്ഥാനങ്ങള്‍ക്ക് ഒരു നിലക്കും യോജിക്കാനാവാത്ത നവ ഉദാരീകരണ നയങ്ങളാണെന്നതോ വിസ്മരിക്കുന്നുമില്ല.
പക്ഷെ പ്രധാനപ്പെട്ട രണ്ടു കാര്യങ്ങള്‍ മറന്നുകൂടാ. ഒന്ന്, ഇപ്പോഴത്തെ അവസ്ഥയില്‍ സ്വന്തം നയങ്ങള്‍ യഥേഷ്ടം നടപ്പാക്കാവുന്ന രീതിയില്‍ ഒറ്റകക്ഷിയായി അധികാരത്തില്‍ മടങ്ങിയെത്താന്‍ സമീപഭാവിയിലൊന്നും കോണ്‍ഗ്രസിന് സാധ്യമല്ല. രണ്ടാമത്തതേത്  കോണ്‍ഗ്രസിന്റെ നയങ്ങള്‍ ചര്‍ച്ച ചെയ്യേണ്ട സാഹചര്യമല്ല ഇപ്പോള്‍. ഗോതങ്കവാദികളും സ്വാധി-പ്രാച്ചിമാരും ജ്വലിപ്പിച്ച് കൊണ്ടിരിക്കുന്ന വര്‍ഗീയ വൈരത്തിന്റെ അഗ്‌നിപര്‍വതം പൊട്ടിയൊലിച്ച് നൂറ്റാണ്ടുകളുടെ പാരമ്പര്യമുളള ഈ മഹാ രാജ്യം ഭസ്മമാകുന്നതിനെ തടയിടുക എന്നതാണ് അടിയന്തര പ്രശ്‌നം. മാത്രമല്ല  ഇന്നത്തെ സാഹചര്യത്തില്‍ സിബിഐ അടക്കമുളള കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സികളുടെ കണ്ണുരുട്ടലുകള്‍ വകവെക്കാതെ ദേശീയാടിസ്ഥാനത്തില്‍ ബിജെപിക്കെതിരെ പടനയിക്കാന്‍ രാഹുല്‍ഗാന്ധിക്കും കോണ്‍ഗ്രസിനും മാത്രമേ സാധിക്കുകയുളളൂ എന്നതും കാണാതിരുന്നു കൂടാ.
പക്ഷെ, കോണ്‍ഗ്രസിന് ഇനിയും ഒരമ്പത് വര്‍ഷം കൂടി ഭരിക്കാന്‍ അവസരം ലഭിച്ചാല്‍ പോലും സംഭവിക്കാനിടയില്ലാത്ത അരുതായ്മകളാണ് ഇനി ഒരഞ്ചു വര്‍ഷം കൂടി ഫാഷിസ്റ്റ് ശക്തികള്‍ക്ക് അവസരം ലഭിച്ചാല്‍ സംഭവിക്കാനിരിക്കുന്നതെന്ന സാദാ പത്രം വായനക്കാരനറിയുന്ന നഗ്ന സത്യം  പോളിറ്റ്ബ്യൂറോയിലെ ജെ എന്‍യു ബുദ്ധിരാഷസന്‍മാര്‍ക്ക് മനസ്സിലാവുന്നില്ല.
ഒച്ചിന്റെ പുറംതോടു പോലെ  സിപിഎമ്മിന്റെ മുതുകില്‍ ഒട്ടിപ്പിടിച്ചിരിക്കുന്ന പ്രത്യയശാസ്ത്ര മാറാപ്പിനെ വലിച്ചെറിയാന്‍ അവര്‍ക്ക് സാധിക്കുന്നില്ല. ചൊട്ടയിലേ ഊണിലും ഉറക്കിലും കോണ്‍ഗ്രസ് വിരുദ്ധ മുദ്രാവാക്യങ്ങള്‍ വിളിച്ച് ശീലിച്ച അവര്‍ കാലമേറെ കടന്നു പോയതും കോണ്‍ഗ്രസ് അരിവാള്‍ രോഗികളെപ്പോലെ മെലിഞ്ഞൊട്ടി പേക്കോലമായി അത്യാസന്ന നിലയില്‍ വെന്റിലേറ്ററില്‍ പ്രവേശിപ്പിക്കപ്പെട്ടതുമൊന്നുമറിയാതെ പഴയ മുദ്രാവാക്യങ്ങള്‍ സ്ഥലകാലബോധമില്ലാതെ ആവര്‍ത്തിക്കുകയാണ്.

കേന്ദ്രഭരണത്തിന് പുറമേ ഭൂരിപക്ഷം സംസ്ഥാനങ്ങളുടെയും നിയന്ത്രണം കയ്യിലാക്കിയിരുന്ന ഫാഷിസ്റ്റ് ശക്തികള്‍ക്ക് രാഷ്ട്രപതിഭവന്റെ അധികാരംകൂടി ലഭിച്ചിരിക്കുന്ന അത്യപൂര്‍വ്വമായ സ്ഥിതിവിശേഷത്തിലൂടെയാണ് രാജ്യം കടന്നുപോയിക്കൊണ്ടിരിക്കുന്നത്. തെരുവുപട്ടികള്‍ക്കു ലഭിക്കുന്ന പരിരക്ഷ പോലും ലഭിക്കാതെ  ദലിതുകളും ന്യൂനപക്ഷങ്ങളും നിത്യേനയെന്നോണം പേപ്പട്ടിയെപ്പോലെ തല്ലിചതക്കപ്പെടുന്ന വാര്‍ത്തകളാണ് രാജ്യത്തിന്റെ വിവിധകോണുകളില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. കാവിവല്‍ക്കരണം പളളിക്കൂടങ്ങളും സര്‍വ്വകലാശാലകളും പിന്നിട്ട് ആരോഗ്യരംഗത്തേക്കു പോലും പ്രവേശിച്ചിരിക്കുന്നു. പ്രാകൃതമനുഷ്യന്റെ സമാന്യയുക്തിക്കു പോലും നിരക്കാത്ത വിധം അബദ്ധജടിലവും അശാസ്ത്രീയവുമായ കാര്യങ്ങള്‍ വമ്പിച്ച ശാസ്ത്രീയ തത്വങ്ങളായി അവതരിപ്പിക്കപ്പെട്ടു കൊണ്ടിരിക്കുകയാണ്.
രാജ്യത്തെ ശാസ്ത്രഗവേഷണരംഗത്തെ മികവിന്റെ കേന്ദ്രങ്ങളായ ഐഐടികള്‍ക്ക് പുതുതായി നല്‍കിയിരിക്കുന്ന ദൗത്യം  ചാണകത്തിന്റെയും ഗോമൂത്രത്തിന്റെയും ഔഷധഗുണങ്ങള്‍ കണ്ടുപിടിക്കാനാണ്. അഥവാ രാജ്യത്തെ ആശുപത്രികള്‍ വഴി ഇവ രണ്ടും വിതരണം ചെയ്യപ്പെടുന്ന കാലം വിദൂരമല്ലെന്നര്‍ത്ഥം. ബിബിസി പോലുളള അന്താരാഷ്ട്ര മാധ്യമങ്ങള്‍ ഇക്കാര്യം പറഞ്ഞ് ഇന്ത്യയെ പരിഹസിക്കാന്‍ തുടങ്ങിയിരിക്കുന്നു. അഴിമതി വിരുദ്ധതയും വികസനവും മുദ്രാവാക്യമാക്കി അധികാരത്തിലേറിയവര്‍ അഴിമതിയെക്കുറിച്ച് സംസാരിക്കുന്നതും കോടതി കയറുന്നതും നിയമം മൂലം വിലക്കാനുളള പരിശ്രമത്തിലാണ്. 'സ്ട്രാറ്റജിക് സ്‌ട്രൈക്കുകള്‍' സമ്മാനിച്ച വികസനമുരടിപ്പും സാമ്പത്തിക മാന്ദ്യവും ഭീകര യാഥാര്‍ത്ഥ്യങ്ങളായി സാധാരണക്കാരനെ തുറിച്ചു നോക്കുന്നു.
മറുവശത്ത് ബിജെപിയെ പ്രതിരോധിക്കാന്‍ കോണ്‍ഗ്രസ് സിപിഎമ്മുമായി സഹകരിക്കാന്‍ തയ്യാറായപ്പോഴൊക്കെ 'പ്രത്യയശാസ്ത്ര വുളു' മുറിയുമെന്ന പേടിയാല്‍ സിപിഎം ആ സഹായഹസ്തം തട്ടിമാറ്റിയതാണ് ചരിത്രം. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് കോണ്‍ഗ്രസ് സഹായത്തോടെ പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ  രാജ്യസഭയിലേക്ക് അയക്കേണ്ടതില്ലെന്ന് പാര്‍ട്ടിയുടെ ഇരു പരമോന്നത സമിതികളും തീരുമാനിച്ചതാണ് . മൂന്നുപതിറ്റാണ്ടിലേറെക്കാലം ഇടതടവില്ലാതെ ചുവന്ന പട്ടില്‍ സൂക്ഷിച്ചിരുന്ന വംഗനാട്ടിലെ  കിരീടവും ചെങ്കോലും സിംഗൂരിലും നന്ദിഗ്രാമിലും തട്ടി നഷ്ടപ്പെട്ടതില്‍ പിന്നെ കയ്യാലപുറത്തായ പാര്‍ട്ടിക്ക് സ്വന്തം നിലയില്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയെ രാജ്യസഭയില്‍ എത്തിക്കാനുളള ചുറ്റുപാടില്ല.
ഈ  കെട്ടകാലത്ത് സര്‍ക്കാരിന്റെ ഫാഷിസ്റ്റ് നയങ്ങളെ ചോദ്യം ചെയ്യാനും തിരുത്തിക്കാനും രാജ്യസഭയില്‍ യെച്ചൂരിയെപ്പോലത്തെ പരിണിതപ്രജ്ഞരായ നേതാക്കളുടെ സാന്നിധ്യം തികച്ചും അനിവാര്യമാണ് എന്ന് നൂറുവട്ടം ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് കോണ്‍ഗ്രസ് പ്രസിഡണ്ട് സോണിയാഗാന്ധി സി പി എം പലവട്ടം നിരസിച്ചിട്ടും സഹായഹസ്തവുമായി വീണ്ടും വീണ്ടും പിന്നാലെ നടന്നത്. പക്ഷെ എന്തു ചെയ്യാം, ഭര്‍ത്താവിന്റെ ആകസ്മികനിര്യാണം വരെ വെറുമൊരു വീട്ടമ്മയായിരുന്ന സോണിയാഗാന്ധിക്കുളള  രാഷ്ട്രീയവിദ്യാഭ്യാസം പോലും പാര്‍ട്ടിക്ലാസുകളിലിരുന്ന് വേരുപിടിച്ച കടല്‍ക്കിഴവന്‍മാര്‍ക്കില്ലാതെ പോയി.
ഇത് ആദ്യമായല്ല സിപിഎം ഇപ്രകാരം സാഹചര്യങ്ങള്‍ മനസ്സിലാക്കാതെ തളികയില്‍ വെച്ചുനീട്ടപ്പെടുന്ന അവസരങ്ങള്‍ തട്ടിക്കളയുന്നത്. നേരത്തെ പാര്‍ട്ടിക്ക് വെച്ചു നീട്ടിയ പ്രധാനമന്ത്രിപദം  സ്വീകരിക്കാനുളള പ്രത്യുല്‍പന്നമതിത്വം പാര്‍ട്ടി കാണിച്ചില്ല.1996 ലെ പൊതുതിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം ലഭിച്ച ബിജേപിയേതര-കോണ്‍ഗ്രസേതര സര്‍ക്കാറിനെ നയിക്കാന്‍ മൂന്നാം മുന്നണി നേതൃത്വം അന്നത്തെ ബംഗാള്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായിരുന്ന ജോതിബസുവിനെ കണ്ടെത്തിയപ്പോഴായിരുന്നു അത്.

ബൂര്‍ഷാപാര്‍ട്ടിയായ കോണ്‍ഗ്രസിന്റെ പിന്തുണയോടെ ഭരിക്കുന്നത് അംഗീകരിക്കാനാവില്ലെന്നായിരുന്നു സി പി എം പോളിറ്റ്ബ്യൂറോയുടെ നിലപാട്. സി പി എമ്മിന്റെ ആ നിലപാടിനെ ഉള്‍ക്കൊളളാന്‍ തലമുതിര്‍ന്ന നേതാവായ ജോതിബസുവിനു പോലും സാധിച്ചില്ല എന്നതാണ് ഏറ്റവും വിചിത്രം. ചരിത്രപരമായ മണ്ടത്തരം എന്നായിരുന്നു സ്വന്തം പാര്‍ട്ടിയുടെ ആ തീരുമാനത്തെ ബസു പരസ്യമായി വിശേഷിപ്പിച്ചിരുന്നത്.
ജ്യോതിബസുവിനെ പ്രധാനമന്ത്രിയാകുന്നതില്‍ നിന്നും തടഞ്ഞിരുന്നത് പ്രധാനമായും യെച്ചൂരിയും പ്രകാശ്കാരാട്ടുമായിരുന്നു. മുന്‍ ലോകസഭാസ്പീക്കര്‍ സോമനാഥ് ചാറ്റര്‍ജിയെ രാഷ്ട്രപതി പദവിയിലെത്തുന്നത് തടഞ്ഞതും ഇതേ ടീം തന്നെ.
അതേ യെച്ചൂരി  കോണ്‍ഗ്രസ് പിന്തുണയോടെ മല്‍സരിക്കാന്‍ തയ്യാറായപ്പോള്‍ വഴിമുടക്കിയത് കാരാട്ടും കൂട്ടരും. കോണ്‍ഗ്രസ് വിരോധം കാരാട്ടിന്റെ കൂടപ്പിറപ്പാണ്. വയറിനടിയിലൂടെ പൂണൂല്‍ തെളിഞ്ഞു കാണുന്ന കാരാട്ടിന്  ബിജെപി ഫാഷിസ്റ്റ് പാര്‍ട്ടിയാണെന്നോ ഇന്ത്യയില്‍ നിലവിലുളള ഭരണകൂടം ഫാഷിസ്റ്റ് നിയന്ത്രണത്തിലുളളതാണെന്നോ  തോന്നാതിരിക്കുക സ്വാഭാവികം.

സവര്‍ണ്ണ ഫാഷിസത്തിന്റെ കെടുതികള്‍ ഏറ്റവും കൂടുതല്‍ അനുഭവിക്കേണ്ടി വരുന്ന ദലിതുകളും ന്യൂനപക്ഷങ്ങളും സി പി എമ്മിന്റെ ഉന്നതസമിതികളുടെ തീണ്ടാപ്പാടകലെ നിര്‍ത്തപ്പെട്ടവരായത് കൊണ്ടാണ് ഫാഷിസം ഉമ്മറപ്പടിയും  കടന്ന് അടുക്കളയിലും കിടപ്പറയിലും വരെ പിടിമുറുക്കിയിട്ടും സവര്‍ണകുലജാതരായ കാരാട്ടിനെപ്പോലുളള ജെ എന്‍ യു മാര്‍ക്ക് വിപ്ലവകാരികള്‍ക്ക് നേരം വെളുക്കാത്തത്. അതുകൊണ്ടു തന്നെയാണ് മണ്ഡല്‍ കമ്മീഷന്‍ വിരുദ്ധ പ്രക്ഷോഭ കാലത്തിനു ശേഷം പൊതുവിലും ബിജെപി ഭരണകാലത്ത് വിശേഷിച്ചും രാജ്യത്ത് വ്യാപകമായ ദലിത് മുന്നേറ്റങ്ങള്‍ നടക്കുമ്പോഴും പാര്‍ട്ടി ഉപ്പുവെച്ച കലം കണക്കെ ആയിത്തീര്‍ന്നുകൊണ്ടിരിക്കുന്നത്. ഏറെ ദലിത് പ്രാധിനിധ്യമുളള  ബീഹാര്‍-യു.പി മേഖലകളില്‍ നടന്ന തിരഞ്ഞെടുപ്പുകളില്‍ ഒരു സീറ്റ് പോലും പാര്‍ട്ടിക്ക് ലഭിച്ചിട്ടില്ല.

പിന്നെങ്ങനെയാണ് പാര്‍ട്ടി ഫാഷിസത്തെ ചെറുക്കാന്‍ ഇടത് ശക്തികളെ ദേശീയാടിസ്ഥാനത്തില്‍ ശക്തിപ്പെടുത്താന്‍ പോകുന്നത്.

ബിജെപി ഭരണം സൃഷ്ടിച്ചിരിക്കുന്നതും ഇനിയും വരാനിരിക്കുന്നതുമായ ഭവിഷ്യത്തുകളെക്കുറിച്ചും അവയെ ഒറ്റക്കെട്ടായി നേരിടേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും  അവബോധമില്ലാത്തതു കൊണ്ടല്ല സിപിഎം കേരളഘടകം ഒറ്റക്കെട്ടായി കോണ്‍ഗ്രസ് ബാന്ധവത്തെ എതിര്‍ക്കുന്നത്. പ്രത്യുത കോണ്‍ഗ്രസുമായി ദേശീയാടിസ്ഥാനത്തില്‍ കൈകോര്‍ത്താല്‍ കേരളത്തില്‍ കോണ്‍ഗ്രസിനെതിരെ പാര്‍ട്ടി നിലക്കൊളളുന്നതിന്റെ പ്രസക്തി എന്തായിരിക്കും എന്ന ചിന്തയാണ് അവരെ പിറകോട്ടടിപ്പിക്കുന്നത്. പക്ഷെ പിണറായിയും കൂട്ടരും ഓര്‍ക്കേണ്ട ഒരു കാര്യമുണ്ട്. ജനാധിപത്യ ഇന്ത്യയില്‍ ഇന്ന് നിലവിലുളള സ്വതന്ത്രമായ തിരഞ്ഞെടുപ്പ് എന്ന സംവിധാനം നിലനിന്നാല്‍ മാത്രമേ പാര്‍ട്ടിക്ക് കോണ്‍ഗ്രസിനെതിരിലും മല്‍സരിക്കാന്‍ കഴിയൂ.

പ്രതിപക്ഷ കക്ഷികളുടെ അനൈക്യം മൂലം ബിജെപിക്ക് ഒരവസരം കൂടി ലഭിച്ചാല്‍ പിന്നെ കമ്യൂണിസ്റ്റ്‌ചൈനയിലും മറ്റും നിലവിലുളളതു പോലെ  ഏകകക്ഷി വ്യവസ്ഥയായിരിക്കും ഇന്ത്യയിലും നടപ്പാവുക. അത്തരമൊരു സംവിധാനം നിലവില്‍ വന്നാല്‍ നേരത്തേ തന്നെ ഫാഷിസ്റ്റുകളുടെ  രാജ്യദ്രോഹമുദ്ര നേടിയ സിപിഎം പോലുളളവരുടെ അവസ്ഥ എന്തായിരിക്കുമെന്ന് ഊഹിക്കുന്നത് നന്ന്.
Next Story

RELATED STORIES

Share it