|    Nov 21 Wed, 2018 4:50 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

തകര്‍ത്തത് 63 മുസ്‌ലിം മതസ്ഥാപനങ്ങളെന്ന് അന്വേഷണ കമ്മീഷന്‍ റിപോര്‍ട്ട്; തലശ്ശേരി വര്‍ഗീയകലാപത്തിന്റെ ഓര്‍മകള്‍ സിപിഎമ്മിനെ വേട്ടയാടുന്നു

Published : 6th November 2018 | Posted By: kasim kzm

ബഷീര്‍ പാമ്പുരുത്തി

കണ്ണൂര്‍: അരനൂറ്റാണ്ടു പിന്നിടുമ്പോഴും തലശ്ശേരി വര്‍ഗീയകലാപത്തിന്റെ ഓര്‍മകള്‍ സിപിഎമ്മിനെ വേട്ടയാടുന്നു. സ്വാതന്ത്ര്യത്തിനു ശേഷം കേരളത്തി ല്‍ നടന്ന ആദ്യ വര്‍ഗീയകലാപമെന്നു വിലയിരുത്തപ്പെടുന്ന തലശ്ശേരി കലാപം അരങ്ങേറിയതു കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ചെങ്കോട്ടയില്‍ തന്നെയാണെന്നതും അതില്‍ സിപിഎമ്മിന്റെ പങ്കാളിത്തവുമാണു ദിവസങ്ങളായി സാമൂഹിക മാധ്യമങ്ങളിലെ പ്രധാന ചര്‍ച്ച.

‘മാര്‍ക്‌സിസം, വര്‍ഗീയത, ഇസ്‌ലാം: പണ്ഡിതന്‍മാര്‍ നിലപാടു വ്യക്തമാക്കുന്നു’ എന്ന പ്രമേയത്തില്‍ ഓള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ഹാഫിസ് അഫ്‌സല്‍ ഖാസിമിയുടെ പ്രസംഗത്തിലെ പരാമര്‍ശത്തെ ചൊല്ലിയാണു വാദപ്രതിവാദങ്ങള്‍ പൊടിപൊടിക്കുന്നത്. കലാപത്തില്‍ ആകെ 33 പള്ളിക ള്‍ തകര്‍ക്കപ്പെട്ടെന്നും അതില്‍ 15ഉം ഇപ്പോഴും ആര്‍എസ്എസ് പ്രവര്‍ത്തനമില്ലാത്ത സ്ഥലങ്ങളാണെന്നും തുടങ്ങിയ പരാമര്‍ശങ്ങളാണു സൈബര്‍ സഖാക്കളെ വിറളി പിടിപ്പിച്ചത്.

മതപ്രഭാഷകനായ അഫ്‌സല്‍ ഖാസിമിക്കെതിരേ ഭീഷണികളും അശ്ലീല പരാമര്‍ശമുള്ളതുമായ പ്രതികരണങ്ങളാണു സിപിഎം പ്രവര്‍ത്തകരില്‍ നിന്നും അനുഭാവികളില്‍ നിന്നും സൈബറിടങ്ങളിലുണ്ടായത്. എന്നാല്‍, ഇതോടെ കലാപത്തെക്കുറിച്ച് അന്വേഷിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് ജോസഫ് വിതയത്തില്‍ കമ്മീഷന്റെ റിപോര്‍ട്ടുകളും അന്നത്തെ മന്ത്രിസഭാ രേഖകളുമെല്ലാം പുറത്തുവന്നതോടെ സിപിഎം കൂടുതല്‍ പ്രതിരോധത്തിലായി. മുസ്‌ലിംപള്ളികളും മദ്്‌റസകളുമായി 63 മതസ്ഥാപനങ്ങള്‍ തകര്‍ക്കപ്പെട്ടെന്നാണു മന്ത്രിസഭയില്‍ സമര്‍പ്പിച്ച റിപോര്‍ട്ടിലുള്ളത്.

മുസ്‌ലിംകള്‍ക്കെതിരേ ഏകപക്ഷീയമായുണ്ടായ കലാപത്തില്‍ ഒരാള്‍ പോലും കൊല്ലപ്പെട്ടിട്ടില്ലെങ്കിലും വന്‍ നാശനഷ്ടമാണ് ഉണ്ടായത്. ജസ്റ്റിസ് വിതയത്തില്‍ റിപോര്‍ട്ട് പ്രകാരം തലശ്ശേരി കലാപത്തില്‍ 569 കേസുകളാണ് റിപോര്‍ട്ട് ചെയ്തിട്ടുള്ളത്. പോലിസ് സ്റ്റേഷന്‍ തിരിച്ചുള്ള കണക്കുകള്‍ ഇങ്ങനെ: തലശ്ശേരി-334, ചൊക്ലി-47, കൂത്തുപറമ്പ്-51, പാനൂര്‍-62, എടക്കാട്-12, കണ്ണൂര്‍-1, മട്ടന്നൂര്‍-3, ധര്‍മ്മടം-59. ഇതില്‍ 480 കേസുകളിലും മുസ്്‌ലിംകളാണ് ഇരകള്‍. 247 വീടുകള്‍, 147 കടകള്‍, 63 പള്ളികളും മദ്്‌റസകളും, 3 സ്‌കൂളുകള്‍ എന്നിവയാണു മുസ്്‌ലിംകള്‍ക്കു നഷ്ടപ്പെട്ടത്. 89 കേസുകളില്‍ ഹിന്ദുക്കളാണ് ഇരകള്‍.

72 കടകള്‍, 4 വീടുകള്‍, 3 ആരാധനാലയങ്ങള്‍ എന്നിവയാണു നശിപ്പിക്കപ്പെട്ടത്. ഇപ്പോഴത്തെ കേരള മുഖ്യമന്ത്രിയായ പിണറായി വിജയന്‍ കൂത്തുപറമ്പ് എംഎല്‍എ ആയിരുന്ന സമയത്താണു പരിസര പ്രദേശങ്ങളെയാകെ കലുഷിതമാക്കിയ തലശ്ശേരി കലാപം നടന്നത്. ജനസംഘത്തിന്റെയും ആര്‍എസ്എസിന്റെയും പങ്കാളിത്തത്തോടെ നടന്ന കലാപത്തില്‍ സിപിഎം പ്രവര്‍ത്തകര്‍ പങ്കെടുത്തിരുന്നതായി ഘടകകക്ഷിയായ സിപിഐയുടെ നേതാക്കള്‍ തന്നെ കമ്മീഷന് മൊഴി നല്‍കിയിട്ടുണ്ട്. മാത്രമല്ല, പിണറായി വിജയനെയും സിപിഎം നേതൃത്വത്തെയും പ്രതിക്കൂട്ടിലാക്കി സിപിഐ അന്നു പുറത്തിറക്കിയ ലഘുലേഖകളും കലാപത്തിലെ സിപിഎം പങ്കു വെളിപ്പെടുത്തുന്നതാണ്. ഇതിനുപുറമെ, കാലങ്ങളായി സിപിഎം വേദികളിലും മറ്റും പ്രസംഗിച്ചു നടക്കുന്ന യു കെ കുഞ്ഞിരാമന്റെ കൊലപാതകം സംബന്ധിച്ച വസ്തുതകളും പൊളിച്ചടുക്കുന്നുണ്ട്.

അതേസമയം, കലാപം അടിച്ചമര്‍ത്താന്‍ കെ കരുണാകരന്‍ നിയോഗിച്ച അന്നത്തെ തലശ്ശേരി എഎസ്പി അജിത് ദോവല്‍ ഇപ്പോള്‍ നരേന്ദ്രമോദി സര്‍ക്കാരിന്റെ സുരക്ഷാ ഉപദേഷ്ടാവാണ്. റഫേല്‍ ഇടപാടു സംബന്ധിച്ച രേഖകള്‍ മോദിക്കു വേണ്ടി സിബിഐയില്‍ നിന്ന് നേരിട്ട് ആവശ്യപ്പെട്ടെന്ന ആരോപണവും ദോവലിന് നേരെ ഈയിടെ ഉയര്‍ന്നിരുന്നു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss