|    Dec 17 Mon, 2018 6:53 am
FLASH NEWS
Home   >  Todays Paper  >  page 12  >  

മുസ്‌ലിംവിരുദ്ധതയില്‍ സിപിഎമ്മും ആര്‍എസ്എസും ഒരുമെയ്യാവുന്ന വിരോധാഭാസം

Published : 16th November 2018 | Posted By: kasim kzm

മുസ്‌ലിം  വിരുദ്ധതയുടെ മാര്‍ക്‌സിസ്റ്റ്  മാനങ്ങള്‍ – 5

പി സി അബ്ദുല്ല

മുസ്‌ലിംവിരുദ്ധതയെന്ന പൊതുഘടകത്തിനു മുന്നില്‍ ആര്‍എസ്എസും സിപിഎമ്മും ചേരുംപടി ചേരുന്ന നിരവധി അധ്യായങ്ങള്‍ കേരള ചരിത്രത്തിലുണ്ട്. അതിന്റെ നേര്‍സാക്ഷ്യമായിരുന്നു തലശ്ശേരി കലാപം. സിപിഎം, ആര്‍എസ്എസ് ധര്‍മം നിറവേറ്റിയതിന്റെ ചരിത്രം തലശ്ശേരിയാണെങ്കില്‍ അതിന്റെ ദുരന്തവര്‍ത്തമാനം നാദാപുരമാണ്. തലശ്ശേരി കലാപത്തെക്കുറിച്ചുള്ള വിതയത്തില്‍ കമ്മീഷന്‍ റിപോര്‍ട്ടില്‍ മൊഴികളായും നിരീക്ഷണങ്ങളായും കണ്ടെത്തലുകളായും നിഗമനങ്ങളായും സിപിഎമ്മിനെതിരേ ചരിത്രത്തില്‍ ഇടംനേടിയ പരാമര്‍ശങ്ങള്‍ ആ പാര്‍ട്ടിയുടെ സംഘപരിവാരത്തിന് സമാനമായ മുസ്‌ലിംവിരുദ്ധത തുറന്നു കാട്ടുന്നതാണ്.

കമ്മീഷന്‍ റിപോര്‍ട്ടിന്റെ പ്രസക്ത ഭാഗങ്ങള്‍:
ഖണ്ഡിക 20:
ഇഎംഎസ് സര്‍ക്കാരിന്റെ രാജിയെ തുടര്‍ന്ന് അച്യുതമേനോന്‍ സര്‍ക്കാരില്‍ മുസ്‌ലിം ലീഗ് ചേര്‍ന്നത് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി വഞ്ചനയായാണു വിലയിരുത്തിയത്. ഇതേത്തുടര്‍ന്ന് അവര്‍ കടുത്ത ലീഗ് വിരുദ്ധ വികാരം ആളിക്കത്തിച്ചു. ഇത് ഇരുപാര്‍ട്ടികളും തമ്മിലുള്ള സായുധസംഘര്‍ഷത്തിലേക്കു നയിച്ചു. ഇതിന്റെ ഭാഗമായി മാടായി, പയ്യന്നൂര്‍, കൂത്തുപറമ്പ് മേഖലകളില്‍ വ്യാപാരസ്ഥാപനങ്ങളും വീടുകളും വ്യാപകമായി കൊള്ളയടിക്കപ്പെട്ടു. പള്ളികള്‍ തകര്‍ക്കപ്പെട്ടു. കൊലപാതകങ്ങള്‍ അരങ്ങേറി. ഹിന്ദു വര്‍ഗീയവാദികളുടെ മുസ്‌ലിംവിരുദ്ധ പ്രചാരണം മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകരിലും വര്‍ഗീയവികാരം പടരാന്‍ ഇടയാക്കി. കലാപത്തിനു മുമ്പ് നഗരത്തില്‍ നടന്ന ചില സംഭവങ്ങള്‍ സാമുദായിക സംഘര്‍ഷാവസ്ഥ ശക്തിപ്പെടുത്താന്‍ ഇടയാക്കി.
(സിപിഐ കണ്ണൂര്‍ ജില്ലാ കൗണ്‍സില്‍ അംഗം നല്‍കിയ മൊഴി)
ഖണ്ഡിക 31:
മാര്‍ക്‌സിസ്റ്റ് നേതൃത്വത്തിലുള്ള സര്‍ക്കാര്‍ 1969ല്‍ രാജിവച്ചതിനെ തുടര്‍ന്ന് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി മുസ്‌ലിം ലീഗിനെതിരേ നടത്തിയ പ്രചാരണം ഹിന്ദു വര്‍ഗീയവാദികള്‍ക്ക് സഹായകമായി. മാടായി ഉപതിരഞ്ഞെടുപ്പ് മാര്‍ക്‌സിസ്റ്റ്-ലീഗ് തുറന്ന പോരാട്ടത്തിന് കളമൊരുക്കി. രണ്ടു പാര്‍ട്ടികളിലും ഉള്‍പ്പെട്ടവര്‍ കൊല്ലപ്പെടുകയും സാമൂഹികവിരുദ്ധര്‍ ഗുണ്ടായിസം കളിക്കുകയും ചെയ്തു. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നേതാക്കള്‍ക്ക് അവരുടെ അണികളെ നിയന്ത്രിക്കാന്‍ കഴിഞ്ഞില്ല. ലീഗിനെതിരേ ഈ ഘട്ടത്തില്‍ എ കെ ഗോപാലന്‍ സംഘടിപ്പിച്ച പ്രചാരണജാഥ സംസ്ഥാനമൊട്ടാകെ മുസ്‌ലിംവിരുദ്ധത ശക്തിപ്പെടുത്താന്‍ ഹിന്ദു വര്‍ഗീയവാദികള്‍ക്കു സഹായകമായി.
(തലശ്ശേരി കമ്മ്യൂണിസ്റ്റ് യൂനിറ്റി സെന്ററിനെ പ്രതിനിധീകരിച്ച അരയക്കണ്ടി അച്യുതന്‍ നല്‍കിയ മൊഴി)
ഖണ്ഡിക 84:
കലാപം പെട്ടെന്ന് പൊട്ടിപ്പുറപ്പെട്ടതല്ല. വളരെ മുന്‍കൂട്ടി ആസൂത്രണം ചെയ്തതും മുസ്‌ലിംവിരുദ്ധ വികാരം ആളിക്കത്തിക്കാന്‍ ജനസംഘവും ആര്‍എസ്എസും നടത്തിവന്ന നിരന്തര ശ്രമങ്ങളുടെ ഫലവുമാണ്. ഈ മുസ്‌ലിംവിരുദ്ധ വികാരം ചില മതേതര പാര്‍ട്ടികളിലും പ്രത്യേകിച്ച് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകരിലും ശക്തിപ്പെട്ടു. നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് സംസ്ഥാന കമ്മിറ്റി പുറപ്പെടുവിച്ച പ്രസ്താവനയില്‍, പാര്‍ട്ടിപ്രവര്‍ത്തകരില്‍ ശക്തിപ്പെട്ട ഈ വികാരം നേതാക്കള്‍ അംഗീകരിക്കുന്നുണ്ട്. മുസ്‌ലിംലീഗിനോടുള്ള രാഷ്ട്രീയവിരോധം മുസ്‌ലിംവിരുദ്ധ വികാരമായി പാര്‍ട്ടി അണികളില്‍ ശക്തിപ്പെട്ടു. തലശ്ശേരിയിലെ മാര്‍ക്‌സിസ്റ്റ് ശക്തികേന്ദ്രങ്ങളിലെയും പരിസരപ്രദേശങ്ങളിലെയും പാര്‍ട്ടിപ്രവര്‍ത്തകരും അനുഭാവികളും കലാപസമയത്ത് പൊതുവെ മുസ്‌ലിംവിരുദ്ധ നിലപാടാണു സ്വീകരിച്ചത്.
(എഐവൈഎഫ് സെക്രട്ടറി എന്‍ സി മമ്മൂട്ടിയുടെ മൊഴി)
ഖണ്ഡിക 171:
മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ഔദ്യോഗികമായി കമ്മീഷന്‍ മുമ്പാകെ ഹാജരായില്ല. എന്നാ ല്‍, അവരുടെ അനുഭാവികള്‍ ഹാജരാവുകയും മൊഴി നല്‍കുകയും ചെയ്തു.

നിഗമനങ്ങള്‍, കണ്ടെത്തലുകള്‍:
ഖണ്ഡിക 174:
പ്രതിപക്ഷ പാര്‍ട്ടികള്‍ ലീഗിനെതിരേ രാഷ്ട്രീയായുധമാക്കിയ പരിപാടികളും സംഭവങ്ങളും തലശ്ശേരിയിലെ ഹിന്ദുക്കള്‍ക്കിടയില്‍ മുസ്‌ലിംവിരുദ്ധ വികാരം സൃഷ്ടിക്കുന്നതിന് ഇടയാക്കി.
ഖണ്ഡിക 176:
മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ ലീഗ് വിരുദ്ധ വികാരം അവരുടെ പ്രവര്‍ത്തകരില്‍ മുസ്‌ലിംവിരുദ്ധതയായി വികസിക്കുകയായിരുന്നുവെന്നാണു പറയപ്പെടുന്നത്. ഇത്തരം സംഭവങ്ങള്‍, അതുവരെ പരസ്പരം സഹകരിക്കാതിരുന്ന ജനസംഘത്തിനും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്കും ലീഗിനെതിരായ പ്രചാരണത്തില്‍ യോജിച്ചുപോവാന്‍ സഹായകമായി.
ഖണ്ഡിക 211:
നേരത്തേ സൂചിപ്പിച്ചപോലെ, 1969ല്‍ ഇഎംഎസ് മന്ത്രിസഭയുടെ വീഴ്ചയെ തുടര്‍ന്ന് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയും മുസ്‌ലിംലീഗും തമ്മിലുള്ള ബന്ധം വഷളാവുകയും ഇരുപാര്‍ട്ടികളുടെയും പ്രവര്‍ത്തകര്‍ തമ്മില്‍ നിരവധി തവണ സംഘര്‍ഷമുണ്ടാവുകയും ചെയ്തു. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി മുസ്‌ലിംകള്‍ കൂടി അംഗങ്ങളായ മതേതര കക്ഷിയായിട്ടും അവരുടെ ലീഗ് വിരുദ്ധ സമീപനം അണികളില്‍ മുസ്‌ലിംവിരുദ്ധ വികാരം സൃഷ്ടിച്ചു. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നടത്തിയ പ്രക്ഷോഭങ്ങള്‍ പ്രത്യക്ഷത്തില്‍ സര്‍ക്കാരിനും പോലിസിനുമെതിരേയായിരുന്നെങ്കിലും മുസ്‌ലിം ലീഗിനെ വിചാരണ ചെയ്യുന്ന രീതിയാണ് പൊതുവെ പ്രതിഫലിച്ചത്.
ഖണ്ഡിക 212:
പ്രതിപക്ഷ പാര്‍ട്ടിയെന്ന നിലയില്‍ സംഘടനാ കോണ്‍ഗ്രസ്സും ജനസംഘത്തിനും മാര്‍ക്‌സിസ്റ്റുകള്‍ക്കുമൊപ്പം മുസ്‌ലിംലീഗ് വിരുദ്ധ പ്രചാരണത്തില്‍ പങ്കാളിയാവുകയും ഹിന്ദുക്കള്‍ക്കിടയില്‍ മുസ്‌ലിംവിരുദ്ധ വികാരം സൃഷ്ടിക്കുന്നതില്‍ തങ്ങളുടേതായ പങ്കു വഹിക്കുകയും ചെയ്തു.
ഖണ്ഡിക 213:
ഭരണകക്ഷിയായ കോണ്‍ഗ്രസ്സും സിപിഐയും രാഷ്ട്രീയപ്രക്ഷോഭങ്ങളില്‍ പങ്കെടുക്കുകയും അതു മുസ്‌ലിംവിരുദ്ധ വികാരം സൃഷ്ടിച്ചുവെന്നതും വസ്തുതയാണ്.
ഖണ്ഡിക 220:
എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളിലെയും ഹിന്ദുക്കള്‍ മുസ്‌ലിംകള്‍ക്കെതിരായ ആക്രമണത്തില്‍ പങ്കെടുത്തു. പങ്കാളിത്തത്തിന്റെ തോതില്‍ മാത്രമാണ് വ്യത്യാസമുണ്ടായിരുന്നത്. മാര്‍ക്‌സിസ്റ്റുകളുടെ ശക്തികേന്ദ്രങ്ങളില്‍ മാര്‍ക്‌സിസ്റ്റ് അനുഭാവികളായിരുന്നു കലാപത്തില്‍ പങ്കാളികളായത്.
തലശ്ശേരി കലാപത്തോടനുബന്ധിച്ച് സിപിഐ വടക്കുമ്പാട് ബ്രാഞ്ച് കമ്മിറ്റി 1972 ഫെബ്രുവരി 20ന് ഇറക്കിയ നോട്ടീസിലെ പരാമര്‍ശങ്ങള്‍ സിപിഎമ്മിന്റെ പങ്കാളിത്തം തുറന്നുകാട്ടുന്നതാണ്.

സിപിഐ നോട്ടീസിന്റെ പൂര്‍ണ രൂപം:
പ്രിയപ്പെട്ട നാട്ടുകാരെ, തലശ്ശേരിയിലും പരിസരങ്ങളിലും ഈയിടെ നടന്ന ആക്രമണങ്ങളെ തുടര്‍ന്ന് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയും അതിന്റെ പ്രവര്‍ത്തകരില്‍ ഒരു വിഭാഗവും തങ്ങളുടെ കറുത്ത കൈകള്‍ മറച്ചുപിടിക്കുന്നതിന് എന്തും പറയാനും എന്തും ചെയ്യാനും മടിക്കാത്ത സ്ഥിതിയില്‍ എത്തിയിരിക്കുകയാണ്. ഇതിനുള്ള ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് പിണറായി വിജയന്‍ എന്ന മാന്യന്റെ അസംബ്ലി പ്രസംഗം.


ഉമ്മന്‍ചിറ പള്ളി കത്തിക്കുന്നതിനും കൊള്ള നടത്തുന്നതിനും നേതൃത്വം കൊടുത്തത് വലതന്മാരായ കെ കൃഷ്ണന്‍ നായര്‍, ഫാല്‍ഗുനന്‍, അനന്തന്‍ എന്നിവരല്ലേ എന്ന് സ. ബല്‍റാമിന്റെ നേരെ വിരല്‍ചൂണ്ടിക്കൊണ്ട് പിണറായി വിജയന്‍ അസംബ്ലിയില്‍ ചോദിച്ചതായി ദേശാഭിമാനി റിപോര്‍ട്ട് ചെയ്തിരിക്കുന്നു. വിജയനും അദ്ദേഹത്തിന്റെ പാര്‍ട്ടിയും സംഭവം കഴിഞ്ഞ മൂന്നാംദിവസം മുതല്‍ തുടങ്ങിയതാണ് ഈ മുറവിളി. അതിന്റെ ഭാഗമാണ് അസംബ്ലിയിലെ പ്രസംഗവും. ഉമ്മന്‍ചിറ ഭാഗത്ത് ഈ ഗീബല്‍സിയന്‍ നുണ വിശ്വസിക്കാന്‍ ആളെ കിട്ടില്ലെന്നു ഞങ്ങള്‍ക്കറിയാം. എങ്കിലും ചില വസ്തുതകള്‍ നിഷ്പക്ഷമതികളായ ജനങ്ങളുടെ മുമ്പില്‍ അവതരിപ്പിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു.
ഉമ്മന്‍ചിറ പള്ളിയും വീടും കത്തിക്കുകയും കൊള്ള നടത്തുകയും ചെയ്തു. അതില്‍ പങ്കെടുത്തവരും കൊള്ളമുതല്‍ പങ്കുവയ്ക്കുകയും ചെയ്തവര്‍ ആരായിരുന്നു? ഉമ്മന്‍ചിറ പ്രദേശം വലതന്മാരുടെ സ്വാധീനമുള്ള പ്രദേശമാണെന്ന് ഈ പ്രദേശം കൂടി അടങ്ങിയ നിയോജകമണ്ഡലത്തിന്റെ പ്രതിനിധിയായ വിജയനും ഇ കെ നായനാരും ആവര്‍ത്തിച്ചു പറയുന്നുണ്ടല്ലോ. ആ യാഥാര്‍ഥ്യം ആവര്‍ത്തിച്ചുപറയുന്നതിന്റെ ഉദ്ദേശ്യം കൂടി ഞങ്ങള്‍ക്കു മനസ്സിലാവുന്നുണ്ട് എന്നറിയിച്ചുകൊണ്ട് വിജയനോട് ചിലതു ചോദിച്ചുകൊള്ളട്ടെ:
1. ആലിയമ്പത്ത് മമ്മൂട്ടിയുടെ പീടികയില്‍ നിന്നും കോമത്ത് മമ്മൂക്കയുടെ പീടികയില്‍ നിന്നും പകല്‍ ഒരുമണിനേരത്ത് അരി, പഞ്ചസാര, സോപ്പ് മുതലായ സാധനങ്ങള്‍ കൊള്ളയടിച്ചു കൊണ്ടുപോയതിന്റെ ആറാംദിവസം നിങ്ങള്‍ക്കു കിട്ടിയ അരിയും മറ്റും തീര്‍ന്നുപോയോ എന്ന് വിജയന്റെ പാര്‍ട്ടിയില്‍പ്പെട്ട പ്രമുഖ നേതാവിനോട് അതേ പാര്‍ട്ടിയില്‍പ്പെട്ട ഒരു പ്രവര്‍ത്തകന്‍ തൊട്ടുമ്മല്‍ ബസാറില്‍ വച്ച് പരസ്യമായി ചോദിച്ചത് വിജയന്‍ മറന്നുപോയോ?
2. കൊള്ളയ്ക്കും കൊള്ളിവയ്പിനും ഇരയായ പാവപ്പെട്ട മുസ്‌ലിംകളുടെ കണ്ണീരൊപ്പാന്‍ എന്ന വ്യാജേന വിജയനൊപ്പം ഈ പ്രദേശത്ത് ചുറ്റിനടക്കുന്നവര്‍ തലേദിവസം കൊള്ളയടിച്ച സോപ്പുകൊണ്ട് വെളുപ്പിച്ച വസ്ത്രം ധരിച്ചവരും കൊള്ളചെയ്ത അരിയുടെ ചോറ് വയറുനിറയെ തിന്നവരും ആയിരുന്നു എന്നത് വിജയന്‍ മറന്നുപോയോ?
3. പള്ളിക്കു തീവച്ചു തികച്ചും നശിപ്പിക്കാന്‍ ആവാത്തതുകൊണ്ട് ചുവര് പൊട്ടിക്കുന്നതിനു വീട്ടില്‍ നിന്ന് ഡയനാമിറ്റ് കൊണ്ടുവന്ന തന്റെ പാര്‍ട്ടിയിലെ പ്രവര്‍ത്തകരെയും വിജയന്‍ മറന്നുപോയോ?
4. മാര്‍ക്‌സിസ്റ്റുകാരനായ മമ്മദ് മാസ്റ്ററുടെ വീട്ടില്‍ നിന്ന് താങ്കളുടെ ലോക്കല്‍ പാര്‍ട്ടി സെക്രട്ടറിയും മറ്റും കൂടി ലിസ്റ്റ് തയ്യാറാക്കുമ്പോള്‍ കൃഷ്ണന്‍ നായര്‍ നിരപരാധിയാണെന്നും അദ്ദേഹത്തിന്റെ പേര് ലിസ്റ്റില്‍ ചേര്‍ക്കരുതെന്നും നിങ്ങളുടെ പാര്‍ട്ടിയില്‍പ്പെട്ടവര്‍ തന്നെ പറഞ്ഞതും ഈ സംഗതി പള്ളിക്കു സമീപം വച്ചതും തൊട്ടുമ്മല്‍ ബസാറില്‍ വച്ചു മമ്മദ് മാസ്റ്റര്‍ തന്നെ പരസ്യമായി പറഞ്ഞതും വിജയനറിയുകയില്ലേ?
5. നിങ്ങളും നിങ്ങളുടെ പ്രവര്‍ത്തകരും അബൂട്ടി ഹാജിയുടെ വീട്ടില്‍ പോവുമ്പോള്‍ കൂട്ടത്തിലുണ്ടായിരുന്ന ഞങ്ങളുടെ പാര്‍ട്ടി സഖാക്കളായ വാദവതി അച്യുതനെയും മേക്കിലേറി പൊക്കനെയും ഹാജിയുടെ വീട്ടില്‍ കയറുന്നതില്‍ നിന്നു നിങ്ങള്‍ തടഞ്ഞത് എന്തിനായിരുന്നു? നിങ്ങളുടെ പാര്‍ട്ടിക്കാര്‍ ചെയ്ത ക്രൂരതകള്‍ അവര്‍ ചെയ്യേണ്ട എന്നു കരുതിയോ? അതല്ല നിരപരാധികളുടെ പേര് ലിസ്റ്റില്‍പ്പെടുത്തുന്നത് അവര്‍ അറിയേണ്ട എന്നതുകൊണ്ടോ?
ഇനിയും കൂടുതല്‍ കാര്യങ്ങള്‍ നിരത്തിവയ്ക്കാന്‍ ഞങ്ങള്‍ ഉദ്ദേശിക്കുന്നില്ല. അന്തസ്സുള്ള രാഷ്ട്രീയപ്രവര്‍ത്തകനാണെങ്കില്‍ മുകളില്‍ പറഞ്ഞ കാര്യങ്ങളെക്കുറിച്ച് പരസ്യവും നിഷ്പക്ഷവുമായ ഒരു അന്വേഷണം സംഭവസ്ഥലത്തു വച്ചു നടത്താന്‍ വിജയനോ അദ്ദേഹത്തിന്റെ പാര്‍ട്ടിക്കാരോ തയ്യാറുണ്ടോ എന്നു ഞങ്ങള്‍ വെല്ലുവിളിക്കുന്നു.
ക്രൂരവും ഹീനവുമായ കാര്യങ്ങള്‍ ചെയ്യാന്‍ നേതൃത്വംകൊടുത്ത് ഒടുവില്‍ പാവപ്പെട്ട മുസ്‌ലിംകളുടെ കണ്ണീരൊപ്പാന്‍ ശ്രമിക്കുന്നവരാണെന്നു കാണിച്ച് ഞെളിയുന്നതു കാണുമ്പോള്‍ സത്യസന്ധരും നിഷ്പക്ഷമതികളുമായ ജനങ്ങളുടെ ചുണ്ടില്‍ പുച്ഛത്തിന്റെയും പരിഹാസത്തിന്റെയും ചിരി വിടരുന്നത് ഇവര്‍ കാണുന്നുണ്ടോ?
പിണറായി വിജയനോടും സിപിഎമ്മിനോടുമുള്ള സിപിഐയുടെ തലശ്ശേരിയിലെ ചോദ്യങ്ങള്‍ക്ക് മാര്‍ക്‌സിസ്റ്റുകാര്‍ ഇതുവരെ മറുപടി പറഞ്ഞതായി അറിവില്ല.

(അവസാനിച്ചു)

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss