|    Dec 14 Fri, 2018 11:47 am
FLASH NEWS
Home   >  Todays Paper  >  page 12  >  

രക്തസാക്ഷികളെ വര്‍ഗീയമായി വേര്‍തിരിക്കുന്ന പാര്‍ട്ടി !

Published : 15th November 2018 | Posted By: kasim kzm

മുസ്‌ലിം  വിരുദ്ധതയുടെ മാര്‍ക്‌സിസ്റ്റ്  മാനങ്ങള്‍ – 4

പി സി അബ്ദുല്ല

2001 ജൂണ്‍ 2ന് കല്ലാച്ചിയില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ കൊല്ലപ്പെടുന്നു. പാറക്കടവ് കൊലപാതകത്തെ തുടര്‍ന്നുള്ള സംഘര്‍ഷത്തിന്റെ മറവില്‍ തെരുവന്‍പറമ്പില്‍ വീട്ടമ്മ മാനഭംഗം ചെയ്യപ്പെട്ട കേസില്‍ അടക്കം ആരോപണവിധേയനായിരുന്നു യുവാവ്. ഇരയാക്കപ്പെട്ട വീട്ടമ്മയെ സോണിയാഗാന്ധിക്കു മുമ്പില്‍ പ്രദര്‍ശിപ്പിച്ച് 25,000 രൂപ വാങ്ങിയ ലീഗ്, തെരുവന്‍പറമ്പില്‍ അങ്ങനെയൊരു സംഭവം നടന്നില്ലെന്നു പറഞ്ഞ് പിന്നീട് മലക്കം മറിഞ്ഞു. പക്ഷേ, സംഭവം സാധൂകരിച്ച് വനിതാ കമ്മീഷന്‍ അന്നു നടത്തിയ വെളിപ്പെടുത്തലൊക്കെ ചരിത്രത്തിന്റെ ഭാഗം.

ബിനു വധക്കേസില്‍ പോലിസ് അറസ്റ്റ് ചെയ്തതില്‍ ഒന്നു മുതല്‍ ആറു വരെ പ്രതികളെ കുറ്റക്കാരെന്ന് കണ്ടെത്തി വിചാരണക്കോടതി ശിക്ഷ വിധിച്ചു. വെറുതെ വിട്ടവരെ ശിക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിലും സുപ്രിംകോടതിയിലും സിപിഎം ഹരജി ഫയല്‍ ചെയ്തു. പക്ഷേ, ഹൈക്കോടതിയും സുപ്രിംകോടതിയും കേസ് തള്ളി. കീഴ്‌ക്കോടതി ശിക്ഷിച്ചവരെയും നിരപരാധികളെന്നു കണ്ടെത്തി മേല്‍ക്കോടതി വെറുതെ വിട്ടു. പക്ഷേ, ‘മുസ്‌ലിം തീവ്രവാദികളാല്‍’ കൊല ചെയ്യപ്പെട്ടു എന്നു പ്രചരിപ്പിച്ച് ബിനുവിനു വേണ്ടി പ്രദേശത്ത് സിപിഎം രക്തസാക്ഷി സ്തൂപം സ്ഥാപിച്ചു.

അതേസമയം, 2008 ഒക്ടോബര്‍ 14ന് കാസര്‍കോട് പെരിയടുക്കത്ത് മുഹമ്മദ് റഫീഖ് എന്ന ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കൊലപ്പെടുത്തി. പോലിസ് അറസ്റ്റ് ചെയ്ത പ്രതികളെ തെളിവില്ലെന്ന കാരണത്താല്‍ കോടതി വെറുതെ വിട്ടു. വിധിക്കെതിരേ സിപിഎം മേല്‍ക്കോടതിയിലേക്ക് പോയില്ല. കേസിനു തുടര്‍ച്ചയുമുണ്ടായില്ല. മാത്രമല്ല, റഫീഖിനെ കൊന്ന ആര്‍എസ്എസുകാരെ ‘ഹിന്ദു തീവ്രവാദികള്‍’ എന്നു പ്രചരിപ്പിച്ച് എവിടെയും രക്തസാക്ഷി സ്തൂപവും പണിതില്ല.

അഭിമന്യു കൊല്ലപ്പെട്ട് ഏതാനും നാള്‍ കഴിയും മുമ്പാണ് കാസര്‍കോട്ട് അബൂബക്കര്‍ സിദ്ദീഖെന്ന ഡിവൈഎഫ്‌ഐക്കാരന്‍ കൊല്ലപ്പെട്ടത്. സിദ്ദീഖിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് മുഴുവന്‍ പ്രതികളും ഇനിയും അറസ്റ്റിലായിട്ടില്ല. ഗൂഢാലോചനക്കേസില്‍ അന്വേഷണം മരവിക്കുകയും ചെയ്തു. എന്നാല്‍, സിദ്ദീഖ് വധത്തിന്റെ പേരില്‍ ഒരു ആര്‍എസ്എസ്-ബിജെപി നേതാവിനെയും പോലിസ് കരുതല്‍ തടങ്കലിലാക്കിയില്ല. ഒരു സംഘപരിവാര നേതാവിന്റെ വസതിയും റെയ്ഡ് ചെയ്തതുമില്ല. അഭിമന്യു വധം മാസങ്ങള്‍ പിന്നിട്ടിട്ടും ദിനേന കൊണ്ടാടുന്ന സിപിഎം, അബൂബക്കര്‍ സിദ്ദീഖിനെ നാലാം നാള്‍ മറന്നതിന്റെ ചേതോവികാരമെന്താണ്?

ബിജെപി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍പിള്ള സിദ്ദീഖ് കൊല്ലപ്പെട്ട ദിവസം കാസര്‍കോട്ട് ഉണ്ടായിരുന്നു. വാര്‍ത്താസമ്മേളനം നടത്തി സിദ്ദീഖ് വധം മദ്യവില്‍പനത്തര്‍ക്കമാക്കി വളച്ചൊടിച്ച പിള്ളയെ, ഗൂഢാലോചനയുടെ പേരില്‍ പ്രസ്‌ക്ലബ്ബില്‍ നിന്നിറങ്ങുമ്പോള്‍ പിണറായിയുടെ പോലിസ് വളഞ്ഞിട്ടു പിടിച്ചില്ലെന്നു മാത്രമല്ല, രക്തസാക്ഷി സിദ്ദീഖിനെ അപമാനിച്ച പിള്ളക്കെതിരേ ഒരു സിപിഎം നേതാവും വായ തുറന്നതുമില്ല.

എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം സംഘപരിവാരം കൊലപ്പെടുത്തിയ 17ാമത്തെ സിപിഎമ്മുകാരനാണ് കാസര്‍കോട് ഉപ്പളയിലെ സിദ്ദീഖ് എന്നാണ് കോടിയേരി ബാലകൃഷ്ണന്‍ തന്നെ വെളിപ്പെടുത്തിയത്. എന്നാല്‍, മുസ്‌ലിംകള്‍ പ്രതിസ്ഥാനത്തായ 18ാമത്തെ അഭിമന്യു കേസ് മാത്രമാണ് സിപിഎം രാഷ്ട്രീയ പ്രചാരണത്തിനായി ചരിത്രത്തിലില്ലാത്തവിധം ആയുധമാക്കിയത്. ആര്‍എസ്എസ് കൊലക്കത്തിയില്‍ പിടഞ്ഞുവീണ മറ്റു 17 സഖാക്കള്‍ക്കില്ലാതെപോയ പ്രത്യേകതയും പാര്‍ട്ടി പരിഗണനയും എന്തുകൊണ്ട് അഭിമന്യുവിനു ലഭിച്ചുവെന്നതിന്റെ ലളിതമായ ഉത്തരം ആ കേസിലെ പ്രതികള്‍ മുസ്‌ലിംകളാണ് എന്നതു മാത്രമാണ്.

കൊലപാതകക്കേസുകളില്‍ പിണറായിയുടെ പോലിസ് നടപടികളിലും മുസ്‌ലിം വിരുദ്ധതയുടെ വിവേചനങ്ങള്‍ പ്രകടമായി. തിരൂരില്‍ സ്വമേധയാ ഇസ്‌ലാം മതം സ്വീകരിച്ച യുവാവിനെ കൃത്യമായ ആസൂത്രണത്തോടെ ആര്‍എസ്എസുകാര്‍ ക്രൂരമായി കൊലപ്പെടുത്തിയ സംഭവം. ആ കേസില്‍ പോലിസ് ഉണര്‍ന്നു പ്രവര്‍ത്തിക്കാന്‍ ശക്തമായ ബഹുജന പ്രക്ഷോഭങ്ങളും പ്രതിഷേധങ്ങളും വേണ്ടിവന്നു. പ്രദേശത്തെ ആര്‍എസ്എസ് കാര്യാലയത്തിലാണ് ഗൂഢാലോചന നടന്നതെന്നു വ്യക്തമായിട്ടും പോലിസ് ആ വഴിക്ക് തിരിഞ്ഞുനോക്കിയില്ല. ആര്‍എസ്എസുകാരായ കൊലയാളികള്‍ കൃത്യം കഴിഞ്ഞ് അവരുടെ വീടുകളിലും ബന്ധുവീടുകളിലും ശാന്തരായുറങ്ങിയിട്ടും പോലിസ് അവരുടെ നിദ്രയ്ക്ക് ഭംഗം വരുത്തിയതുമില്ല.

കൊടിഞ്ഞി ഫൈസല്‍, ബിപിന്‍

അതേസമയം, ആ കേസിലെ മുഖ്യപ്രതിയായ ഒരു ആര്‍എസ്എസുകാരന്‍ ദിവസങ്ങള്‍ക്കുള്ളില്‍ കൊല്ലപ്പെട്ടപ്പോള്‍ പോലിസ് സടകുടഞ്ഞുണര്‍ന്നു. ചാര്‍ത്താവുന്ന വകുപ്പുകളൊക്കെ ചാര്‍ത്തി. ഗൂഢാലോചനക്കുറ്റവും ചുമത്തി. കുറ്റാരോപിതരെ പെട്ടെന്ന് പിടികിട്ടിയില്ലെങ്കിലും പോലിസ് അടങ്ങിയിരുന്നില്ല. പ്രതികളാക്കപ്പെട്ടവരുടെ ബന്ധുക്കളെ തേടി പിണറായിയുടെ പോലിസ് പാതിരാവുകളിലും അവരുടെ വീടുകളില്‍ കയറിയിറങ്ങി. ഒരു കുറ്റാരോപിതന്റെ യുവതിയായ ഭാര്യയെ ഭക്ഷണം വിളമ്പിക്കൊടുത്തെന്ന പേരില്‍ പോലിസ് പിടിച്ചുകൊണ്ടുപോയി ജയിലിലടച്ചു. കേരളത്തില്‍ കേട്ടുകേള്‍വിയില്ലാത്തതായിരുന്നു ആ സംഭവം.

സിപിഎമ്മുകാര്‍ കൊല്ലപ്പെടുന്ന കേസുകളില്‍ പോലും കൊലയാളികള്‍ ആര്‍എസ്എസ് ആണെങ്കില്‍ പോലിസിന് ഒച്ചിന്റെ വേഗത. പ്രതിപ്പട്ടികയില്‍ മുസ്‌ലിംകളാണെങ്കില്‍ പ്രതികളെന്ന് പോലിസ് ആരോപിക്കുന്നവരെ കണ്ടവരും കേട്ടവരും ഭക്ഷണം വിളമ്പിയവരുമൊക്കെ പ്രതിപട്ടികയില്‍ വരും. ഗൂഢാലോചന എന്നു പറഞ്ഞ് ഒരിക്കലും അവസാനിക്കാത്ത പോലിസ് പീഡനങ്ങളും നിരന്തര റെയ്ഡുകളും പോലിസ് കഥകളും പിന്നാലെയും.

മാര്‍ക്‌സിസ്റ്റ് സര്‍ക്കാരുകള്‍ അധികാരത്തിലുള്ള കാലങ്ങളില്‍ മുസ്‌ലിം വിരുദ്ധരെന്ന് ആക്ഷേപം നേരിടുകയോ മുസ്‌ലിം വേട്ടയ്ക്ക് നേതൃത്വം നല്‍കുകയോ ചെയ്യുന്ന ചില പോലിസ് ഉദ്യോഗസ്ഥര്‍ക്ക് അമിത പരിഗണന ലഭിക്കാറുണ്ടെന്നത് കാലങ്ങളായുള്ള ആക്ഷേപമാണ്. അതില്‍ മുന്‍ഗണനീയനാണ് എ വി ജോര്‍ജ്.

അബ്ദുന്നാസിര്‍ മഅ്ദനിയെ ഒരു പെറ്റിക്കേസിന്റെ പേരില്‍ ഒരു പാതിരാവില്‍ അറസ്റ്റ് ചെയ്ത് നാടുകടത്തി ഒമ്പതര വര്‍ഷം ജയിലാക്കിയതു മുതല്‍ തുടങ്ങുന്നു അത്തരം മാര്‍ക്‌സിസ്റ്റ്-പോലിസ് അന്തര്‍നാടകങ്ങള്‍. ‘മഅ്ദനിയെ ഞങ്ങള്‍ സമര്‍ഥമായി കെണിയിലാക്കി’ എന്നാണ് അന്നത്തെ മുഖ്യമന്ത്രി ഇ കെ നായനാര്‍ പിന്നീട് അവകാശപ്പെട്ടത്.

കുമളിയില്‍ കാര്‍പെറ്റ് വ്യാപാരിയായിരുന്ന അല്‍താഫിനെ തീവ്രവാദിയാക്കി കള്ളക്കേസെടുത്ത് അറസ്റ്റ് ചെയ്തു. ഇയാളെ നിരപരാധി എന്നുകണ്ട് കോടതി പിന്നീട് വിട്ടയക്കുകയായിരുന്നു. കോഴിക്കോട്ട് ഇസ്‌ലാമിക വിജ്ഞാനകോശത്തില്‍ കശ്മീരിനെ പാകിസ്താന്റെ ഭാഗമാക്കി എന്ന ആരോപണം ഉന്നയിച്ച് പ്രഫ. പി കോയയെ അറസ്റ്റ് ചെയ്തതും എ വി ജോര്‍ജെന്ന മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ പ്രിയ പോലിസ് ഉദ്യോഗസ്ഥനാണ്.

എക്കാലത്തും ദലിത്-മുസ്‌ലിം വിരുദ്ധ സമീപനങ്ങള്‍ സ്വീകരിച്ചതിന്റെ ദീര്‍ഘ ചരിത്രമുണ്ട് എ വി ജോര്‍ജിന്. നാദാപുരത്ത് സിപിഎം പ്രവര്‍ത്തകനായ അമ്മാവന്‍ സ്വന്തം വീട്ടില്‍ സൂക്ഷിച്ച ബോംബ് എടുത്ത് കളിച്ച എട്ടു വയസ്സുകാരി നീതു സ്‌ഫോടനത്തില്‍ മരിച്ചപ്പോള്‍ ‘മുസ്‌ലിംലീഗുകാര്‍ ബോംബെറിഞ്ഞു കുഞ്ഞിനെ കൊന്നു എന്ന കള്ളക്കഥ സിപിഎം കെട്ടിപ്പടച്ചതും ചില പോലിസുകാരുടെ പിന്തുണയോടെയായിരുന്നു. ഈ കഥ പൊളിഞ്ഞതിനെ തുടര്‍ന്നാണ് ജോര്‍ജിനെ ക്രമസമാധാന ചുമതലയില്‍ നിന്ന് അന്നു നീക്കം ചെയ്തത്.

സിറ്റി പോലിസ് കമ്മീഷണര്‍ എസ് ഗോപിനാഥ് അവധിയിലായ സമയത്താണ് ബീമാപള്ളിയില്‍ പോലിസ് നടപടിക്രമങ്ങള്‍ പാലിക്കാതെ വെടിവയ്പ് നടത്തിയത്. ആറു പേര്‍ കൊല്ലപ്പെട്ടു. ഔദ്യോഗിക ചുമതലകള്‍ ഇല്ലാതിരുന്ന എ വി ജോര്‍ജ് വെടിവയ്പ് നടന്ന സമയം എന്തിനു സമീപത്തെ ഒരു പോലിസ് സ്‌റ്റേഷനില്‍ ക്യാംപ് ചെയ്തു എന്നത് ഉത്തരം കിട്ടാത്ത ചോദ്യമാണ്. കോഴിക്കോട് ജെഡിടി ഇസ്‌ലാം യത്തീംഖാന മാനേജറായിരുന്ന കെ പി ഹസന്‍ ഹാജിയെ അഴിമതിക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തതും അന്ന് കസബ സിഐ ആയിരുന്ന എ വി ജോര്‍ജ് ആയിരുന്നു.

ജോര്‍ജിന്റെ പിന്നാക്ക-ന്യൂനപക്ഷവിരുദ്ധ കള്ളക്കേസുണ്ടാക്കല്‍ മിക്കപ്പോഴും നടന്നിട്ടുള്ളത് ഇടതു ഭരണമുള്ളപ്പോഴാണ്. വിഎസ് മുഖ്യമ്രന്തിയും കോടിയേരി ആഭ്യന്തരമന്ത്രിയും ആയിരുന്നപ്പോഴായിരുന്നു ബീമാപ്പള്ളി സംഭവം. നായനാ ര്‍ മുഖ്യമന്ത്രി ആയിരുന്നപ്പോഴാണ് മഅ്ദനിയെ അറസ്റ്റ് ചെയ്തത്. ഇപ്പോള്‍ ശ്രീജിത്തിന്റെ കസ്റ്റഡി മരണം നടന്നതാകട്ടെ പിണറായി ഭരിക്കുമ്പോഴും.

(അവസാനിക്കുന്നില്ല)

നാളെ: മുസ്‌ലിം വിരുദ്ധതയില്‍ സിപിഎമ്മും
ആര്‍എസ്എസും
സമാനമാവുന്ന വിധം

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss