|    Dec 18 Tue, 2018 12:44 am
FLASH NEWS
Home   >  Todays Paper  >  page 12  >  

അഫ്‌സല്‍ ഖാസിമി പറഞ്ഞതും കാലം പറയാന്‍ ബാക്കിവച്ചതും

Published : 12th November 2018 | Posted By: kasim kzm

മുസ്‌ലിം  വിരുദ്ധതയുടെ മാര്‍ക്‌സിസ്റ്റ്  മാനങ്ങള്‍ – 1

പി സി അബ്ദുല്ല

ഉള്ളതു പറഞ്ഞാല്‍ ഉറിയും ഉറഞ്ഞുതുള്ളുമെന്നാണ്. പക്ഷേ, ഇമാം കൗണ്‍സിലിന്റെ അഫ്‌സല്‍ ഖാസിമിയെന്ന പ്രഭാഷകന്‍ ചില കാര്യങ്ങള്‍ ഉറക്കെ വിളിച്ചുപറഞ്ഞപ്പോള്‍ സിപിഎം നേതൃത്വത്തിന് ഉത്തരം മുട്ടുകയാണ് ചെയ്തത്. “മാപ്പിള സഖാക്കളെ’ സൈബര്‍ ലോകത്തിറക്കി നാണം മറക്കാന്‍ ശ്രമിച്ചെങ്കിലും “ചരിത്ര’ത്തിന്റെ പെരുവഴിയില്‍ പാര്‍ട്ടിയുടെ ഉടുമുണ്ടുരിഞ്ഞുപോയി. തലശ്ശേരിയിലെ ധീരരക്തസാക്ഷി കുഞ്ഞിരാമന്‍ വെറും കുഞ്ഞിരാമനായി മാറിയതാണ് കാലം പറയുന്ന കഥ:


“”’മുസ്‌ലിം പള്ളികള്‍ക്ക് സഖാക്കള്‍ കാവലിരുന്നു’ അക്കാലത്ത് ഒരു രാത്രി രണ്ടു സഖാക്കള്‍ പള്ളിക്ക് കാവലിരിക്കയാണ്… രാത്രിയുടെ ഏതോ യാമത്തില്‍ അവരൊന്ന് മയങ്ങിപ്പോയി… അല്‍പം കഴിഞ്ഞപ്പോള്‍ ഇരുളില്‍ നിന്നു മിന്നുന്ന വാളും മഴുവുമൊക്കെയായി ആര്‍എസ്എസുകാര്‍ ചാടിവീണ് പള്ളിക്ക് കാവല്‍ നിന്ന സഖാക്കളെ തലങ്ങും വിലങ്ങും വെട്ടി…

യു കെ കുഞ്ഞിരാമന്‍ എന്ന ഒന്നാമത്തെ സഖാവ് വെട്ടേറ്റ് മരിച്ചുവീണു… രണ്ടാമത്തെയാളും പിടഞ്ഞുവീണു… അവര്‍ മരിച്ചെന്ന് ഉറപ്പുവരുത്തിയാണ് ആ നരാധമസംഘം സ്ഥലം വിട്ടത്…
എന്നാല്‍, രണ്ടാമത്തെയാള്‍ക്ക് പ്രാണന്‍ പോയിരുന്നില്ല. എവിടെയോ ഒരു നേര്‍ത്ത ജീവന്റെ തുടിപ്പ് ബാക്കി കിടന്നിരുന്നു… ആരായിരുന്നു അന്ന് മരണത്തെ തോല്‍പിച്ച സഖാവ്? മറ്റാരുമല്ല, പിണറായി വിജയന്‍!’’

മാര്‍ക്‌സിസ്റ്റ് ചരിത്രത്തിലെ ഇന്നലെ വരെ തിരുത്തപ്പെടാതിരുന്ന ഒരേടാണ് മുകളിലത്തെ വരികള്‍. ഓരോ കാലത്തും പാണസഖാക്കള്‍ അങ്ങനെ പാടിനടന്നു. ആര്‍എസ്എസില്‍ നിന്നു മുസ്‌ലിംകളെ കാക്കാന്‍ സിപിഎമ്മിനെ കഴിയൂ എന്ന രാഷ്ട്രീയ കാപട്യത്തെ മറയ്ക്കാന്‍ കുഞ്ഞിരാമന്റെ ഇല്ലാത്ത രക്തസാക്ഷിത്വത്തെ പാര്‍ട്ടി സമര്‍ഥമായി ഉപയോഗിച്ചു. അതിന്റെ മറവില്‍, തലശ്ശേരി കലാപത്തിലടക്കം സിപിഎം മുസ്‌ലിം സമുദായത്തിനെതിരേ നടത്തിയ അരുംകൊലകളും കൊള്ളകളുമൊക്കെ മറച്ചുവയ്ക്കാനും നാളിതുവരെ പാര്‍ട്ടിക്കു കഴിഞ്ഞു.
എന്നാല്‍, കള്ളുഷാപ്പിലെ അടിപിടിയില്‍ പരിക്കേറ്റ് മരിച്ച കുഞ്ഞിരാമനെ രക്തസാക്ഷിയാക്കിയ കഥ പൊളിഞ്ഞതോടെ, തലശ്ശേരി കലാപത്തിലടക്കം വലിയ വിചാരണകളാണ് സമൂഹമനസ്സില്‍ സിപിഎം നേരിടുന്നത്. ആര്‍എസ്എസാണ് തലശ്ശേരി കലാപത്തിനു തുടക്കം കുറിച്ചതെങ്കിലും സിപിഎമ്മാണ് കലാപത്തില്‍ മുഖ്യപങ്കു വഹിച്ചതെന്നാണ് തലശ്ശേരി കലാപത്തെപ്പറ്റി അന്വേഷിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച ജോസഫ് വിതയത്തില്‍ കമ്മീഷന്‍ ചൂണ്ടിക്കാട്ടിയത്.

നാലു ദിവസം നടന്ന കലാപത്തില്‍ ഒരാള്‍ക്കു പോലും ജീവഹാനി സംഭവിച്ചില്ല. മുസ്‌ലിംകളെ സാമ്പത്തികമായി തകര്‍ക്കുക എന്നതായിരുന്നു മുഖ്യലക്ഷ്യം. നൂറുകണക്കിനു മുസ്‌ലിം വീടുകള്‍ കൊള്ളയടിക്കുകയും ആയിരക്കണക്കിനു പവന്‍ സ്വര്‍ണാഭരണങ്ങളും കറന്‍സികളും കൊള്ളയടിച്ച ശേഷം വീടുകള്‍ക്ക് തീയിടുകയുമായിരുന്നു. എല്ലായിടത്തും ഒരേ രീതിയിലുള്ള കൊള്ളയാണ് നടന്നത്.

ചില വലിയ തറവാടുവീടുകളില്‍ ചെങ്കൊടിയും പിടിച്ച് കാവല്‍ നില്‍ക്കുന്നവരാണെന്ന് തെറ്റിദ്ധരിപ്പിച്ച് വീട്ടില്‍ കയറി ഉള്ളത് മുഴുവനും കൊള്ളയടിച്ചു. സ്വര്‍ണാഭരണങ്ങള്‍ ചുവപ്പുകൊടിയില്‍ പൊതിഞ്ഞുകൊണ്ടുപോയ സംഭവങ്ങള്‍ പോലും ഉണ്ടായിട്ടുണ്ട്. മുസ്‌ലിം വീടുകള്‍ കൊള്ളയടിക്കുന്നതില്‍ ആര്‍എസ്എസും പാര്‍ട്ടി സഖാക്കളും മല്‍സരിച്ചു. മുസ്‌ലിംലീഗ് ഇഎംഎസ് മന്ത്രിസഭയില്‍ നിന്നു പുറത്തുപോയതോടെ മാര്‍ക്‌സിസ്റ്റ് കേന്ദ്രങ്ങളില്‍ സിപിഎമ്മുകാരും ലീഗ് പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം പതിവായി. ഇതിനെ അതിജീവിക്കാന്‍ സിപിഎമ്മിനു കഴിയാതെവന്നപ്പോള്‍ അവര്‍ തേടിയ കുറുക്കുവഴിയായിരുന്നു കലാപമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.
കലാപത്തില്‍ മാര്‍ക്‌സിസ്റ്റ് ഗ്രാമമായ പിണറായിയിലെ പുരാതനമായ വലിയ പള്ളി തകര്‍ന്നു. ഇടതു മുന്നണിയിലെ ഘടകകക്ഷിയായ സിപിഐ ആണ് സിപിഎമ്മിനു തലശ്ശേരി വര്‍ഗീയ കലാപത്തില്‍ മുഖ്യപങ്കുണ്ടെന്ന് ജോസഫ് വിതയത്തില്‍ മുമ്പാകെ തെളിവു സഹിതം മൊഴി നല്‍കിയത്.

സിപിഎം പാര്‍ട്ടി ഗ്രാമങ്ങളിലായിരുന്നു കലാപം രൂക്ഷമായത്. സിപിഎം അറിയാതെ ഇലയനങ്ങാത്ത പാര്‍ട്ടി ഗ്രാമങ്ങളില്‍ മുസ്‌ലിംകള്‍ ഇരകളായപ്പോള്‍ ഒറ്റ സഖാവു പോലും രംഗത്തുവന്നില്ല. സിപിഎമ്മിലെ മുസ്‌ലിം സഖാക്കള്‍ക്കും നേതാക്കള്‍ക്കു പോലും രക്ഷ കിട്ടിയില്ല. കലാപത്തിനിരയായ പാര്‍ട്ടി ഗ്രാമങ്ങളിലെ മുസ്‌ലിം കുടുംബങ്ങള്‍ അടുത്ത പ്രദേശങ്ങളിലേക്കും ബന്ധുവീടുകളിലേക്കും പലായനം ചെയ്യേണ്ടിവന്നു. യഥാര്‍ഥത്തില്‍ പാര്‍ട്ടി ഗ്രാമങ്ങളില്‍ മുസ്‌ലിം കുടുംബങ്ങള്‍ തുടച്ചുമാറ്റപ്പെടുകയാണുണ്ടായത്.

സിപിഎം കോട്ടകളായ കോടിയേരി, പിണറായി, കതിരൂര്‍, എരഞ്ഞോളി, പാറപ്പുറം, തട്ടാരി തുടങ്ങിയ പ്രദേശങ്ങളിലും മുസ്‌ലിം സഖാക്കളടക്കം ഒരൊറ്റ മുസ്‌ലിമിനും രക്ഷ കിട്ടിയില്ല. സിപിഎം പാര്‍ട്ടി ഗ്രാമങ്ങളില്‍ ആര്‍എസ്എസുകാര്‍ വന്നു പള്ളി തകര്‍ക്കുമെന്നു കരുതാനാവില്ല. സിപിഎം മുസ്‌ലിം രക്ഷകരായിരുന്നുവെങ്കില്‍ പാര്‍ട്ടി ഗ്രാമങ്ങളില്‍ കലാപം നടക്കുകയുമില്ല. കലാപത്തില്‍ പിണറായി പാറപ്പുറത്തെ വലിയ പള്ളികള്‍ തകര്‍ക്കപ്പെട്ട കേസില്‍ പിണറായി വിജയന്റെ മൂത്ത സഹോദരന്‍ കുമാരന്‍ പ്രതിയായിരുന്നു.

(അവസാനിക്കുന്നില്ല)

നാളെ:
നാദാപുരം പ്രേതങ്ങള്‍
ഗതികിട്ടാതലയുന്ന
കണാരന്‍മാരുടെ പാര്‍ട്ടി

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss