|    Dec 15 Sat, 2018 12:55 am
FLASH NEWS
Home   >  Kerala   >  

ഹാദിയയെ കൊല്ലുമെന്ന് പറഞ്ഞ കര്‍സേവകന്‍ മുഖ്യമന്ത്രിയുടെ വനിതാ മതിലിന്റെ തലപ്പത്ത്

Published : 2nd December 2018 | Posted By: afsal ph


കോഴിക്കോട്: കോഴിക്കോട്: ബാബരി മസ്ജിദ് പൊളിക്കുന്നതില്‍ നേരിട്ട് പങ്കെടുക്കുകയും ഹാദിയയെ കൊല്ലുമെന്ന് സാമൂഹ്യ മാധ്യമത്തില്‍ പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്ത ഹിന്ദു പാര്‍ലമെന്റ് നേതാവ് സി പി സുഗതന്‍ സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന വനിതാ മതിലിന്റെ ജോയിന്റ് കണ്‍വീനര്‍. കടുത്ത വര്‍ഗീയ വാദിയും സ്ത്രീ വിരുദ്ധനുമായ ഇയാളെ വനിതാ മതിലിന്റെ ജോയിന്റ് കണ്‍വീനര്‍ ആക്കിയതില്‍പ്രതിഷേധം ശക്തം. ഹാദിയയുടെ അച്ഛന്റെ സ്ഥാനത്ത് താനായിരുന്നെങ്കില്‍ അവളുടെ തട്ടം വലിച്ചുകീറി ഉടലും തലയും രണ്ടാക്കി ജയിലില്‍ പോകുമായിരുന്നു എന്ന് പറഞ്ഞ ഹിന്ദു പാര്‍ലമെന്റ് നേതാവാണ് സി.പി. സുഗതന്‍. തീവ്ര ഹിന്ദുത്വ വാദിയും സ്ത്രീ വിരുദ്ധനുമായ വ്യക്തിയെയാണോ വനിതാ മതിലിന്റെ മുഖ്യ ചുമതലക്കാരനാക്കിയതെന്ന ചോദ്യമുയരുന്നുണ്ട്.
വനിതാ മതിലിന്റെ ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെട്ട വെള്ളാപ്പള്ളി നടേശനെതിരേയും സോഷ്യല്‍ മീഡിയയില്‍ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്. അവസരവാദിയും താല്‍കാലിക നേട്ടത്തിനായി ബിജെപിക്കൊപ്പം ചേര്‍ന്നയാളുമാണ് വെള്ളാപ്പള്ളിയെന്ന് വിമര്‍ശകര്‍ കുറ്റപ്പെടുത്തി. രക്ഷാപ്രവര്‍ത്തനത്തിനിടെ അപകടത്തില്‍ മരിച്ച നൗഷാദിന് സര്‍ക്കാര്‍ സഹായം ലഭിച്ചത് മുസ്്‌ലിമായത് കൊണ്ടാണെന്ന് പറഞ്ഞ വര്‍ഗീയ വാദിയാണ് വെള്ളാപ്പള്ളിയെന്നും സോഷ്യല്‍മീഡിയയില്‍ വിമര്‍ശനമുണ്ട്.


‘സിപി സുഗതനേപ്പോലുള്ള വര്‍ഗീയ ഭ്രാന്തന്മാരെ മുന്നില്‍ നിര്‍ത്തി നാവോത്ഥാന പൊറാട്ട് നാടകം കളിക്കുമ്പോള്‍ അതിനെതിരെ ഒരക്ഷരം ഉരിയാടാന്‍ ഒരെണ്ണത്തിനും നാവ് പൊങ്ങൂല’ എന്ന് വിടി ബല്‍റാം എംഎല്‍എ വിമര്‍ശിച്ചു. ‘ഹാദിയയെ തെരുവില്‍ ഭോഗിക്കണം’, ‘ഭരണഘടനയുടെ നീതിയല്ല, ധര്‍മ്മശാസ്ത്രങ്ങളുടെ അനുമതിയുള്ള സ്വാഭാവിക നീതിയാണ് നടപ്പാവേണ്ടത്’, ‘ഹിന്ദുക്കളുടെ ഭിക്ഷയാണ് മതേതരത്വമൊക്കെ’ എന്നും മറ്റും ഉദ്‌ഘോഷിക്കുന്ന ഒരു കൊടും വര്‍ഗീയവാദിയെ കണ്‍വീനറാക്കിയാണ് പിണറായി വിജയന്‍ വനിതാമതിലും ചൈനാ വന്‍മതിലുമൊക്കെ നടപ്പാക്കുന്നതെങ്കില്‍ അത് ആര്‍ക്കൊക്കെ സ്വീകാര്യത ഒരുക്കാന്‍ വേണ്ടിയാണെന്നും ആര്‍ക്കൊക്കെ എതിരെയുള്ള പടപ്പുറപ്പാടാണെന്നും തിരിച്ചറിയാന്‍ മതേതര കേരളത്തിന് കഴിയേണ്ടതുണ്ട്’. ബല്‍റാം തന്റെ ഫേസ് ബുക്ക് പോസ്റ്റില്‍ കുറിച്ചു.


മതം മാറിയ ഹാദിയയെ കൊല്ലാന്‍ പിതാവിന് അവകാശമുണ്ടെന്ന ആഹ്വാനവും സുഗതന്‍ നടത്തിയിരുന്നു. അഖിലയുടെ (ഹാദിയ) പിതാവിന്റെ സ്ഥാനത്ത് താനായിരുന്നെങ്കില്‍ അവളുടെ തട്ടം വലിച്ചൂരി ഉടലും തലയും രണ്ടാക്കി ജയിലില്‍ പോകുമായിരുന്നെന്നും ഇവിടെ ഭരണഘടനയുടെ നീതിയല്ല ധര്‍മ്മ ശാസ്ത്രങ്ങളാണ് നോക്കേണ്ടതെന്നും സുഗതന്‍ പറഞ്ഞിരുന്നു.
ഒക്ടോബര്‍ പത്താംതിയ്യതി ഫേസ്ബുക്കിലിട്ട കുറിപ്പിലാണ് സുഗതന്‍ കൊലപാതകത്തിന് ആഹ്വാനം ചെയ്തിരുന്നത്. ജിഹാദി ഭീകരന്മാരുടെ വെപ്പാട്ടിയാകാന്‍ ഇറങ്ങിത്തിരിച്ചവളാണ് ഹാദിയയെന്നും തന്റെ സംസ്‌കാരത്തോടും, മാതൃപിതൃത്തത്തോടും ശത്രുപക്ഷത്തു ചേര്‍ന്നു യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണെന്നും സുഗതന്‍ പറഞ്ഞിരുന്നു.


‘ജന്മം നല്‍കി സ്‌നേഹിച്ചു വളര്‍ത്തിയ തന്റെതന്നെ രക്തമായ അച്ഛനേയും അമ്മയേയും നരകതുല്ല്യമായ മാനസികാവസ്ഥയിലാക്കി, നാടിനും നാട്ടാര്‍ക്കും സ്വസ്ഥത ഇല്ലാതാക്കി സമൂഹത്തെ തമ്മില്‍ തല്ലിച്ച് ജിഹാദി ഭീകരന്മാരുടെ വെപ്പാട്ടിയാകാന്‍ കച്ച കെട്ടിയിറങ്ങിയിരിക്കുന്ന ഒരു മകള്‍ തന്റെ സംസ്‌കാരത്തോടും, മാതൃപിതൃത്തത്തോടും ശത്രുപക്ഷത്തു ചേര്‍ന്നു യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ്.
യുദ്ധത്തില്‍ നീതി നടപ്പാക്കുന്നത് ഭരണഘടന നോക്കിയല്ല. ഇവിടെ ഭരണഘടനയുടെ നീതിയല്ല വേണ്ടത്. സ്വാഭാവിക നീതിയാണ്. അതുകൊണ്ട് ആ അച്ഛന് സ്വാഭാവിക നീതി നടപ്പാക്കി ജയിലില്‍ പോകാന്‍ ധര്‍മ ശാസ്ത്രങ്ങള്‍ അനുമതി നല്കുന്നുണ്ട്’. സുഗതന്‍ പറഞ്ഞിരുന്നു.
മറ്റൊരു ഫേസ്ബുക്ക് കുറിപ്പില്‍ ബാബരി മസ്ജിദ് തകര്‍ത്തതില്‍ പങ്കെടുത്തതിനെ കുറിച്ചും സി പി സുഗതന്‍ അഭിമാനത്തോടെ വിശദീകരിക്കുന്നുണ്ട്.


‘ഒരു ദേശീയവാദിയുടെ കഠിന മനസ്സോടെ അയോധ്യയില്‍ അന്നു കര്‍സേവയില്‍ ഞാന്‍ പങ്കെടുത്തു. അയോധ്യയിലേക്ക് ട്രെയിനില്‍ പുറപ്പെടുന്നതിന് മുന്‍പ് എന്റെ സ്വന്തം അമ്മ എന്നോട് ചോദിച്ചു എന്ന് തിരിച്ചുവരുമെന്ന്?. തിരിച്ചു വരുമെന്നൊന്നും ഉറപ്പില്ലാത്ത പണിക്കാണ് അമ്മേ, പോകുന്നത് എന്നു പറയാന്‍ എന്റെ നാവില്‍ വന്നതാണ്. പക്ഷെ കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ വരുമമ്മേ എന്നു പറഞ്ഞു ഞാന്‍ അമ്മയെ സമാധാനിപ്പിച്ചു. ഞാന്‍ കര്‍സേവയില്‍ പങ്കെടുത്തു തിരിച്ചു വന്നു. (ഒരു കല്ലിന്‍ കഷണവുമായി). ഭാരതാംബയുടെ നെറുകയില്‍ ദേശീയ നാണക്കേടായി നിന്ന അടിമത്വത്തിന്റെ ആ ചിഹ്നം(ബാബ്രി കെട്ടിടം) പൊളിച്ചു നീക്കിയപ്പോള്‍ അതില്‍ നിന്നെടുത്ത ഒരു കല്ലിന്‍ കഷണം. ഒരു മഹായുദ്ധം ജയിച്ച വീറോടെ എന്ന് ഞങ്ങള്‍ സ്വയം സേവകര്‍ ഹര ഹര മഹാദേവ മുഴക്കി തുള്ളിച്ചാടി’. സി പി സുഗുതന്റെ നവംബര്‍ 26ലെ ഫേസ് ബുക്ക് പോസ്റ്റിലെ വരികളാണിത്.
‘കോടാനുകോടി ഭക്തരുടെ വിശ്വാസവും ഹൃദയവും തകര്‍ത്തു ശബരിമല ദര്‍ശനം നടത്തി ഇവിടെ സ്വസ്ഥമായി ജീവിക്കാമെന്ന് ഒരു തേവശ്ശിയും വിചാരിക്കേണ്ട. ആചാര ലംഘനം നടത്തിയാല്‍ ശിക്ഷ ഉറപ്പാണ്. അതു എങ്ങനെ വരുമെന്ന് കണ്ടറിയണം’. സി പി സുഗതന്റെ നവംബര്‍ അഞ്ചിലെ ഫേസ്ബുക്ക് പോസ്റ്റിലെ വരികളാണിത്.
ഇത്തരത്തില്‍ കടുത്ത വര്‍ഗീയ-സ്ത്രീ വിരുദ്ധ നിലപാട് സ്വീകരിക്കുന്നയാളെയാണ് സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന വനിതാ മതിലിന്റെ സംഘാടക സമിതിയുടെ തലപ്പത്ത് പ്രതിഷ്ഠിച്ചിരിക്കുന്നത്. ‘കേരളം വീണ്ടും ഭ്രാന്താലയമാക്കരുത്, ഇരുണ്ട യുഗത്തിലേക്ക് തിരികെ പോകാനാകില്ല’ എന്ന പ്രഖ്യാപനത്തോടെയാണ് വനിതാ മതില്‍ സംഘടിപ്പിക്കുന്നത്. കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെയാണ് വനിതാ മതില്‍ സംഘടിപ്പിക്കുന്നത്. വെള്ളാപ്പള്ളി ചെയര്‍മാനായും പുന്നല ശ്രീകുമാര്‍ കണ്‍വീനറായുമാണ് സംഘാടക സമിതി.

അതേസമയം, ശബരിമല വിഷയവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത ഹിന്ദു സമുദായ-സാമുഹ്യ സംഘടനാ പ്രധിനിധികളുടെ യോഗത്തില്‍ പങ്കെടുത്തെങ്കിലും ശബരിമല വിഷയത്തില്‍ നിലപാട് മാറ്റമില്ലെന്ന് സുഗുതന്‍ ഫേസ്ബുക്കില്‍ കുറിച്ചു. ‘ഇന്നലത്തെ മീറ്റിങ്ങിലും ശബരിമല വിഷയത്തില്‍ ഞങ്ങള്‍ ഞങ്ങളുടെ നിലപാടില്‍ ഉറച്ചു നിന്നു. അവസാന സുപ്രീം കോടതി വിധി വരുന്നതുവരെ യുവതികള്‍ അവിടെ പ്രവേശിക്കാന്‍ പാടില്ല. പിന്നെ ഇന്നലത്തെ യോഗം നവോത്ഥാന ചരിത്രവും ഭാവിയും എന്ന വിഷയത്തെപ്പറ്റി ആയിരുന്നു. അതിനു മുഖ്യമന്ത്രി ഒരു കമ്മിറ്റി പ്രഖ്യാപിച്ചു. എല്ലാം പെട്ടെന്ന് ആയതുകൊണ്ട് എന്റെ പേരും ദേവദാസ് സാറിന്റെ പേരും പ്രഖ്യാപിച്ചു. ശബരിമലയുമായി ബന്ധമില്ലാത്ത നവോത്ഥാന ചരിത്ര പരിപാടി ആയതുകൊണ്ടാണ് എന്നു വിശദീകരണം വന്നു’. സുഗുതന്‍ ഫേസ്ബുക്കില്‍ തന്റെ നിലപാട് വ്യക്തമാക്കി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss