|    Oct 16 Tue, 2018 3:14 am
FLASH NEWS

മതംമാറ്റത്തെ ഭയക്കുന്നതെന്തിന്?

Published : 29th September 2017 | Posted By: G.A.G

വി.ആര്‍. അനൂപ്

ഞാന്‍ തൃശൂര്‍ ലോ കോളജില്‍ വിദ്യാര്‍ഥിയും ആര്‍.എസ്.യുവിന്റെ ജില്ലാ നേതൃത്വത്തില്‍ സജീവമായിരിക്കുകയും ചെയ്യുന്ന സമയത്താണ് കോണ്‍ഗ്രസ് നേതാവ് വയലാര്‍ രവിയുടെ മകന്‍, ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയപ്പോള്‍, അശുദ്ധി ആരോപിച്ചു പുണ്യാഹശുദ്ധി നടത്തിയ സംഭവമുണ്ടായത്. അന്നു ഭരിക്കുന്നത് എല്‍.ഡി.എഫ് നാമനിര്‍ദേശം ചെയ്ത ഭരണസമിതിയായിരുന്നു. രവിയാണെങ്കില്‍ കോണ്‍ഗ്രസ്സിന്റെ മുതിര്‍ന്ന നേതാവും. ക്ഷേത്രത്തിനകത്തു നടന്നത് അയിത്തത്തിന്റെ പ്രകടമായ ഉദാഹരണമായിരുന്നു.

സ്വാഭാവികമായും വലിയ രീതിയിലുള്ള പ്രതിഷേധങ്ങള്‍ ഉയര്‍ന്നുവരേണ്ടതാണ്. പക്ഷേ, സവര്‍ണതാല്‍പ്പര്യങ്ങള്‍ ഭരിക്കുന്ന ഏതു സാമ്പ്രദായിക പാര്‍ട്ടിയിലും സംഭവിക്കുന്നതുപോലെ, വിഷയത്തില്‍ വലിയ രീതിയില്‍ ഒരു പ്രതികരണവും ഉണ്ടായില്ല എന്നുമാത്രമല്ല അതിനെ പൂര്‍ണമായും അവഗണിക്കുന്ന സമീപനമാണുണ്ടായത്. അതേത്തുടര്‍ന്ന് ആ വിഷയത്തില്‍, സ്വന്തമായി സമരം ചെയ്യാന്‍ ഞാന്‍ തീരുമാനിച്ചു. കൊച്ചിന്‍ ദേവസ്വം ബോര്‍ഡിനു മുന്നില്‍ ഒറ്റയ്ക്കു കുത്തിയിരിപ്പു സമരം നടത്തുമ്പോള്‍ മുന്നോട്ടുവച്ച മുദ്രാവാക്യം ‘ക്ഷേത്രമതിലുകള്‍ക്കുള്ളിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ അവസാനിപ്പിക്കുക’, ‘തുല്യത ഉറപ്പുവരുത്തുക’ എന്നിവയായിരുന്നു. അതു കഴിഞ്ഞ് ഒരു ദശകത്തിലേറെ പിന്നിടുമ്പോള്‍ കാര്യങ്ങള്‍ കുറച്ചുകൂടി ഗുരുതരമായ അവസ്ഥയിലാണെന്നതാണു സത്യം.
ചെട്ടിക്കുളങ്ങര ക്ഷേത്രത്തില്‍ പൂജ ചെയ്തുകൊണ്ടിരുന്ന ഒരു ഈഴവ ചെറുപ്പക്കാരനെ അവിടത്തെ സവര്‍ണസംഘികള്‍ കൂട്ടംചേര്‍ന്ന് ഓടിച്ചിരിക്കുന്നു. അതിനും ഒരാഴ്ച മുമ്പ് അതേപോലെ പാലക്കാട് പട്ടാമ്പിക്കടുത്തുള്ള വിളയൂരില്‍ ഒരു ക്ഷേത്രത്തിലെ പൂജാരിക്കെതിരേയും ഇതേ രൂപത്തിലുള്ള ആക്രമണമുണ്ടായി.

അതായത് കേരളത്തിലെ ഈഴവ പെണ്‍കുട്ടികള്‍ക്ക് മുസ്‌ലിം ചെറുപ്പക്കാരില്‍ നിന്നു പരിരക്ഷ വേണമെന്ന്, സംഘി സമുദായസ്‌നേഹികള്‍ പറഞ്ഞുകൊണ്ടിരിക്കുന്ന അതേ സന്ദര്‍ഭത്തിലാണ്, അവരില്‍നിന്നുതന്നെ ഒരുകൂട്ടം ഈഴവ ചെറുപ്പക്കാര്‍ക്ക്, പരിരക്ഷണം ആവശ്യമായി വന്നിരിക്കുന്നത്.
വൈക്കം സത്യഗ്രഹം നടക്കുന്നത്, ക്ഷേത്രപ്രവേശനത്തിനു വേണ്ടിയല്ല, ക്ഷേത്രത്തിനു മുന്നിലെ റോഡില്‍കൂടിയുള്ള സഞ്ചാരസ്വാതന്ത്ര്യത്തിനു വേണ്ടിയായിരുന്നു എന്നത് ചരിത്രം. അതു നടക്കുന്ന സമയത്ത്, ഗാന്ധിജിയോട് അലി സഹോദരന്മാര്‍ നടത്തിയ പ്രശസ്തമായ ഉപദേശം ഉണ്ട്. ആ പാവങ്ങളെ നിങ്ങള്‍ വഴിനടത്തുന്നില്ലെങ്കില്‍, അവരെ ഞങ്ങള്‍ ഇസ്‌ലാമിലെടുത്തോളാം’എന്ന്. ഗാന്ധിജിയെ സമരത്തില്‍ സജീവമായി ഇടപെടാന്‍ പ്രേരിപ്പിച്ച ഘടകങ്ങളില്‍ ഒന്ന് ഇതുകൂടിയായിരുന്നു. അതിനു മുന്നേ, ഈഴവസമുദായത്തിനകത്ത്, ശ്രീനാരായണഗുരുവിന്റെ ആശീര്‍വാദത്തോടുകൂടി മതപരിവര്‍ത്തനത്തെകുറിച്ചുള്ള സജീവമായ ചര്‍ച്ചകള്‍ ആരംഭിച്ചിരുന്നു.

ഇതൊക്കെ സൃഷ്ടിച്ച മതപരിവര്‍ത്തനാനുകൂലമായ പരിസരത്തിലേക്ക് പൊടുന്നനെ, ക്ഷേത്രപ്രവേശം തിരുവിതാംകൂര്‍ രാജകുടുംബം പ്രഖ്യാപിക്കുകയായിരുന്നു. അത് പൊതുവെ കരുതുന്നതുപോലെ, രാജാവിന്റെ രാജകീയ ഉദാരതയുടെ ഫലമായിരുന്നില്ല. മറിച്ച്, തന്റെ രാജ്യത്തിലെ ഹിന്ദു ജനസംഖ്യ കുറയുമോ എന്ന രാജഭീതിയുടെ ഉല്‍പ്പന്നമായിരുന്നു. അതായത്, മതപരിവര്‍ത്തനം ചെയ്യാനുള്ള അവകാശം ഉണ്ടായതുകൊണ്ടാണ്, വൈക്കം ക്ഷേത്രത്തിനു മുന്നിലൂടെ നടക്കാനുള്ള അവകാശം, അശോകന്‍ എന്ന ഹാദിയയുടെ പിതാവിന്റെ പൂര്‍വികര്‍ക്ക് അനുവദനീയമായത്. അത് ഈഴവര്‍ ഉള്‍പ്പെടെയുള്ള എല്ലാ പിന്നാക്ക ദലിത് സമൂഹങ്ങളുടെയും പൊതു പശ്ചാത്തലമാണ്.
ഇന്ന് മുസ്‌ലിംകളില്‍ ഉള്‍പ്പെടെയുള്ള വലിയൊരു വിഭാഗം, ആ സൗകര്യം ഉപയോഗിച്ചു പരിവര്‍ത്തിതരായവരാണ്. അത് അവരുടെ സാമൂഹികവും സാമ്പത്തികവുമായ അവസ്ഥകളില്‍ പുരോഗമനപരമായ മാറ്റങ്ങളുണ്ടാക്കി. അതേസമയം, അകന്നുനില്‍ക്കുന്ന വിഭാഗത്തിനും താരതമ്യേന ഗുണപരമായ മാറ്റങ്ങളുണ്ടായി. മതപരിവര്‍ത്തനം രണ്ടു തരത്തിലാണ്. ഈഴവ-ദലിത് വിഭാഗങ്ങളെ പരിവര്‍ത്തനപ്പെടുത്തിയത്. ഒരുവിഭാഗം പരിവര്‍ത്തിത മതങ്ങളിലേക്കു സഞ്ചാരം നടത്തിയപ്പോള്‍, അവശേഷിക്കുന്നവര്‍, അത്തരമൊരു സാഹചര്യം അതിനകത്തെ അവരുടെ മെച്ചപ്പെട്ട നിലനില്‍പ്പിനു വിലപേശല്‍ ശക്തിയായി ഉപയോഗിച്ചു. ആ അര്‍ഥത്തില്‍, മതപരിവര്‍ത്തനത്തിന്റെ ഏറ്റവും വലിയ ഗുണഭോക്താക്കള്‍ ആ സമുദായങ്ങള്‍ തന്നെയാണ്. ഈഴവ പെണ്‍കുട്ടികള്‍ മുസ്‌ലിം ചെറുപ്പക്കാരുടെ വലയില്‍ വീഴുന്നവരാണെന്നു പ്രചരിപ്പിക്കുന്നവര്‍, ചെറുതാക്കിക്കാണുന്നത്, ആ സമുദായത്തിനകത്തെ പെണ്‍കുട്ടികളുടെ സത്യാഭിമാനത്തെയും സ്വയംനിര്‍ണയാവകാശത്തെയുമാണ്.
1950കളില്‍, ടി.വി. തോമസിനെ സ്വതന്ത്രമായി കല്യാണം കഴിക്കുകയും അതിനും എത്രയോ മുമ്പ്, കഠിനമായ രാഷ്ട്രീയവഴികള്‍ സ്വയം തിരഞ്ഞെടുക്കുകയും ചെയ്ത, കെ.ആര്‍. ഗൗരിയമ്മയെ സാധ്യമാക്കിയ സമുദായത്തില്‍നിന്ന്, 50 വര്‍ഷങ്ങള്‍ക്കിപ്പുറം, അഖിലയും ആതിരയുമൊക്കെ, ഇസ്‌ലാം അവരുടെ വിമോചന മാര്‍ഗമായി തിരഞ്ഞെടുക്കുകയും ഹാദിയയും ആഇശയുമായി മാറിയിട്ടുണ്ടെങ്കില്‍, അതിന് അദ്ഭുതത്തിന് അവകാശമില്ല. അതേസമയം, ഇസ്‌ലാം മതത്തിലേക്കുള്ള മതംമാറ്റത്തിനു മറ്റെന്തിനെക്കാളും പ്രകോപനമൂല്യമുണ്ട് എന്നുള്ളതിനു മമ്പുറം തങ്ങളുടെ കാലത്തെ മുതല്‍ മാധവിക്കുട്ടിയുടെ മതംമാറ്റം വരെ ഉദാഹരണങ്ങളാണ്. അതുകൊണ്ടുതന്നെയാണ് ഫൈസല്‍ വധിക്കപ്പെടുന്നത്. ഹാദിയയും ആഇശയും പീഡിപ്പിക്കപ്പെടുന്നത്. മതപ്രബോധകര്‍ ആക്രമിക്കപ്പെടുന്നത്.
അതേസമയം, ഇതൊക്കെ നടക്കുമ്പോഴും നമ്മുടെ മതേതരത്വത്തിന് ഇതിനോടൊക്കെയുള്ള സമീപനം രസകരമാണ്. നമ്മുടെ മതേതരത്വത്തിനു മറ്റെന്തിനെക്കാള്‍ കൂടുതലുള്ളത് മാപ്പിളപ്പേടിയാണെന്നു വീണ്ടും തെളിയിക്കപ്പെട്ടിരിക്കുന്നത്. ഒരു യുക്തിയുമില്ലാത്തവരാണെന്ന്, യുക്തിവാദികള്‍ ഒരിക്കല്‍കൂടി തെളിയിച്ചിരിക്കുന്നു. പാട്രിയാര്‍ക്കിയെ കുറിച്ച് നാഴികയ്ക്കു നാല്‍പതുവട്ടം പ്രസംഗിക്കുന്ന ഫെമിനിസ്റ്റുകള്‍, വീട്ടില്‍ പീഡിപ്പിക്കപ്പെടുന്ന രണ്ടു പെണ്‍കുട്ടികളെപ്പറ്റി അര്‍ഥഗര്‍ഭമായ നിശ്ശബ്ദത പാലിക്കുന്നു. ഹിന്ദുത്വ യുക്തിവാദികള്‍ എന്നും ഹിന്ദുത്വ ഫെമിനിസ്റ്റുകള്‍ എന്നുമുള്ള പരികല്‍പ്പനകള്‍ ഏതാണ്ട് പൂര്‍ണാര്‍ഥത്തില്‍ പാലിക്കപ്പെട്ടിരിക്കുന്നു. അത്തരം പ്രതികൂലതകള്‍ക്കിടയിലും മതംമാറാനുള്ള അവകാശം നിലനില്‍ക്കേണ്ടത് ആവശ്യമാണ്. അതു മാറുന്ന മതത്തിന്റെ അവകാശമല്ല, ആ മതത്തിലേക്കു മാറാനുള്ള അവകാശം തന്നെയാണ്. അതാണ് ഫൈസല്‍… അതാണ് ഹാദിയ… അതെ, ഞാനതിനെ നോക്കിക്കാണുന്നത്, വൈക്കം ക്ഷേത്രത്തിനു മുന്നിലുള്ള റോഡിന്റെ ആ പഴയ ചരിത്രം മുതല്‍, വയലാര്‍ രവിയുടെ മകന് നേരിട്ട ദുരനുഭവങ്ങളുടെ സമകാലിക ചരിത്രം വരെയുള്ള… ഇപ്പോഴും പല രീതിയില്‍ തുടര്‍ന്നുകൊണ്ടിരിക്കുന്ന നൈരന്തര്യങ്ങളുടെ പശ്ചാത്തലത്തില്‍ തന്നെയാണ്.
രാഷ്ട്രീയമായും ആത്മീയമായും സ്വയം മാറ്റിപ്പണിയാനുള്ള ഒരു മനുഷ്യന്റെ അവകാശം എന്ന നിലയ്ക്ക് മതപരിവര്‍ത്തന സ്വാതന്ത്ര്യത്തിന്റെ കൂടെ നിരുപാധികം നില്‍ക്കുക എന്നതു മാത്രമാണ് ചെയ്യാനുള്ളത്. അതുതന്നെയാണ് ചെയ്യാന്‍ ശ്രമിക്കുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss