|    Dec 17 Mon, 2018 11:24 am
FLASH NEWS
Home   >  Kerala   >  

ഹിന്ദു സമാജോല്‍സവത്തില്‍ സംഘാടകരായി കോണ്‍ഗ്രസ് ലീഗ് നേതാക്കള്‍; മുഖ്യാതിഥി യോഗി ആദിത്യനാഥ്

Published : 8th December 2018 | Posted By: mtp rafeek


കാസര്‍കോട്: യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പങ്കെടുക്കുന്ന ഹിന്ദു സമാജോത്സവ് പരിപാടിയുടെ സംഘാടക സമിതിയില്‍ കോണ്‍ഗ്രസ്, ലീഗ് നേതാക്കള്‍. ബദിയടുക്ക പഞ്ചായത്ത് പ്രസിഡന്റ് കൃഷ്ണഭട്ടും കുമ്പള പഞ്ചായത്ത് പ്രസിഡന്റ് പുണ്ടരീകാക്ഷയുമാണ് സംഘാടക സമിതി വൈസ് ചെയര്‍മാന്‍മാര്‍. ഡിസംബര്‍ 16ന് കാസര്‍കോട് മുനിസിപ്പല്‍ സ്റ്റേഡിയത്തിലാണ് പരിപാടി.

തീവ്ര ഹിന്ദു വികാരം ആളിക്കത്തിച്ച് കേരളത്തിലടക്കം ബിജെപിയുടെ വളര്‍ച്ച ലക്ഷ്യം വയ്ക്കുന്നതാണ് പരിപാടി. ഇതിന്റെ സംഘാടക സമിതി വൈസ് ചെയര്‍മാന്‍മാരാണ് കോണ്‍ഗ്രസിന്റെയും ദലിത് ലീഗിന്റെയും നേതാക്കളായ കൃഷ്ണഭട്ടും പുണ്ടരീകാക്ഷയും.

കക്ഷി രാഷ്ട്രീയത്തിനതീതമായി എല്ലാവരും ഹിന്ദു സമാജോത്സവത്തില്‍ പങ്കെടുക്കുന്നുണ്ടെന്നാണ് സംഘാടകരുടെ അവകാശ വാദം. എന്നാല്‍ പരിപാടിയുടെ പ്രാസംഗികരെല്ലാവരും സംഘ്പരിവാറുമായി ബന്ധപ്പെട്ടവരാണ്.

മംഗളുരു ആര്‍എസ്എസ് കാര്യവാഹക് സീതാരാമ, ചിന്മയ മിഷന്‍ കേരള മേധാവി വിവിക്താനന്ദ, കണ്ണൂര്‍ അമൃതാനന്ദമയി മഠത്തിലെ അമൃത കൃപാനന്ദ എന്നിവരാണ് മുഖ്യ പ്രാസംഗികര്‍. ഇതില്‍ സംഘ്പരിവാറിന് പുറത്തുനിന്നാരുമില്ല.

ഉത്തരേന്ത്യയില്‍ വര്‍ഗീയ വികാരം ആളിക്കത്തിക്കുന്ന പ്രസംഗങ്ങളിലൂടെ നേതൃപദവിയിലേക്കും അതുവഴി യുപി മുഖ്യമന്ത്രി പദത്തിലേക്കും ഉയര്‍ന്നു വന്നയാളാണ് യോഗി ആദിത്യ നാഥ്. യോഗി രൂപീകരിച്ച ഹിന്ദു യുവവാഹിനി എന്ന സംഘടനയാണ് യുപിയില്‍ നടക്കുന്ന മിക്ക കലാപങ്ങള്‍ക്കും നേതൃത്വം നല്‍കുന്നത്. കഴിഞ്ഞ ദിവസം പശുവിന്റെ പേരില്‍ പോലിസ് ഇന്‍സ്‌പെക്ടറെ കൊലപ്പെടുത്തിയ കേസിലും ഈ സംഘടനയ്ക്ക് പങ്കുണ്ടായിരുന്നു.

കഴിഞ്ഞ വര്‍ഷം ബദിയടുക്കയില്‍ വിഎച്ച്പി നേതാവ് സാധ്വി സരസ്വതി പങ്കെടുത്ത ഹിന്ദുസമാജോത്സവത്തിലും കോണ്‍ഗ്രസ് നേതാവായ കൃഷ്ണഭട്ട് പങ്കെടുത്തിരുന്നു. എന്നാല്‍, കൃഷ്ണഭട്ടിനെതിരെ കോണ്‍ഗ്രസ് നടപടിയൊന്നും സ്വീകരിച്ചിരുന്നില്ല. ഹിന്ദുക്കള്‍ സംഘടിപ്പിക്കുന്ന പരിപാടിയുടെ അധ്യക്ഷനായതില്‍ അപാകതയില്ലെന്നായിരുന്നു കൃഷ്ണഭട്ടിന്റെ അന്നത്തെ പ്രതികരണം.

ഈ പരിപാടിയില്‍ വിഎച്ച്പി നേതാവ് സ്വാതി ബാലിക സരസ്വതി നടത്തിയ വര്‍ഗീയ പ്രസംഗം വിവാദമായിരുന്നു. ലൗ ജിഹാദികളുടെയും ഗോമാതാവിനെ കൊല്ലുന്നവരുടെയും കഴുത്തുവെട്ടണം, ഇതിനായി വീട്ടിലെ സഹോദരിമാര്‍ക്ക് വാള്‍ വാങ്ങിക്കൊടുക്കണം എന്നായിരുന്നു പ്രസംഗം.

ബേളൂര്‍ തട്ടുമ്മലില്‍ ഹിന്ദു സമാജോത്സവത്തില്‍ കോണ്‍ഗ്രസ് മുന്‍ പനത്തടി മണ്ഡലം പ്രസിഡന്റ് എ കെ ദിവാകരനായിരുന്നു അധ്യക്ഷന്‍. ഇതിനെ തുടര്‍ന്ന് ദിവാകരനെതിരെ കോണ്‍ഗ്രസ് നടപടിയെടുത്തിരുന്നു ഇയാള്‍ പിന്നീട് ബിജെപിയില്‍ ചേര്‍ന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss