|    Nov 21 Wed, 2018 3:03 am
FLASH NEWS
Home   >  National   >  

അലോക് വര്‍മയെ നീക്കിയതിനെതിരേ കോണ്‍ഗ്രസും സുപ്രിംകോടതിയില്‍

Published : 3rd November 2018 | Posted By: G.A.G

ന്യൂഡല്‍ഹി: സി.ബി.ഐ ഡയറക്ടര്‍ സ്ഥാനത്തുനിന്ന് അലോക് വര്‍മയെ മാറ്റിയതിനെതിരായ സുപ്രിംകോടതിയിലെ കേസില്‍ കോണ്‍ഗ്രസ് കക്ഷി ചേരും. അലോക് വര്‍മയുടെ കാലാവധി വെട്ടിക്കുറക്കാന്‍ സര്‍ക്കാരിനോ കേന്ദ്രവിജിലന്‍സ് കമ്മീഷനോ (സി.വി.സി) അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടി പാര്‍ട്ടിയുടെ പാര്‍ലമെന്ററി കക്ഷി നേതാവ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ സുപ്രിംകോടതിയില്‍ ഹരജി നല്‍കി. അര്‍ധരാത്രിയില്‍ സി.ബി.ഐയുടെ തലപ്പത്തുനിന്ന് അലോക് വര്‍മയെ മാറ്റിയ സര്‍ക്കാര്‍ നടപടി ഏകപക്ഷീയവും നിയമവിരുദ്ധവുമാണെന്ന് ഹരജി ചൂണ്ടിക്കാട്ടുന്നു.
സി.ബി.ഐ മേധാവിയെ നിയമിക്കാനും മാറ്റാനും പ്രധാനമന്ത്രി, സുപ്രിംകോടതി ചീഫ്ജസ്റ്റിസ്, ലോക്‌സഭയിലെ പ്രതിപക്ഷനേതാവ് എന്നീ മൂന്നുപേരടങ്ങുന്ന സെലക്ഷന്‍ കമ്മിറ്റിക്കാണ് അധികാരം. എന്നാല്‍, ഈ നടപടിക്രമം പാലിക്കാതെ ചീഫ് ജസ്റ്റിസിനെയും പ്രതിപക്ഷനിരയിലെ ഏറ്റവും വലിയകക്ഷിയുടെ ലോക്‌സഭാ കക്ഷിനേതാവായതന്നെയും അറിയിക്കാതെയാണ് അലോക് വര്‍മ്മയെ മാറ്റിയത്. സര്‍ക്കാരിന്റെ ഈ നടപടി സി.ബി.ഐ ആക്ടിനു വിരുദ്ധമാണ്. സെലക്ഷന്‍ കമ്മിറ്റി എന്ന നിലക്ക് സി.ബി.ഐ മേധാവിയെ നീക്കുന്നതു സംബന്ധിച്ച് തന്നെ അറിയിക്കുകയോ കൂടിയാലോചന നടത്തുകയോ ചെയ്തില്ല. സുപ്രധാനമായ കേസിന്റെ അന്വേഷണത്തിനു മേല്‍നോട്ടം വഹിക്കുന്നതിനിടെ അസാധാരണമായാണ് അലോക് വര്‍മയെ നീക്കിയതെന്നും അദ്ദേഹം ഹരജിയില്‍ വ്യക്തമാക്കി. ഡയറക്ടര്‍ സ്ഥാനത്ത് അലോക് വര്‍മയ്ക്ക് കാലാവധി പൂര്‍ത്തീകരിക്കാന്‍ അവസരം നല്‍കണമെന്നും ഖാര്‍ഗെ ആവശ്യപ്പെട്ടു.
സി.ബി.ഐ ഡയറക്ടര്‍ സ്ഥാനത്തുനിന്നു പ്രതികാരനടപടിയുടെ ഭാഗമായി നീക്കംചെയ്യപ്പെട്ട നടപടി ചോദ്യംചെയ്ത് അലോക് വര്‍മ്മ സമര്‍പ്പിച്ച ഹരജി സുപ്രിംകോടതിയുടെ പരിഗണനയിലാണ്. കഴിഞ്ഞയാഴ്ച കേസ് പരിഗണിക്കവെ അലോക് വര്‍മയ്‌ക്കെതിരായ അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സി.വി.സിക്ക് ചീഫ്ജസ്റ്റിസിന്റെ ബെഞ്ച് നിര്‍ദേശംനല്‍കിയിരുന്നു. ഈ മാസം 12നാണ് അലോക് വര്‍മയുടെ ഹരജി കോടതി ഇനി പരിഗണിക്കുക. അതോടൊപ്പമാവും കോണ്‍ഗ്രസ്സിന്റെ ഹരജിയും പരിഗണനയ്‌ക്കെടുക്കുക.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss