|    Dec 14 Fri, 2018 8:14 pm
FLASH NEWS
Home   >  Kerala   >  

രാജ്യാന്തര വിമാനത്താവളം സ്വകാര്യവല്‍ക്കരിക്കാനുള്ള നീക്കം ഉപേക്ഷിക്കണം: സിപിഎം

Published : 29th November 2018 | Posted By: afsal ph

തിരുവനന്തപുരം: അന്താരാഷ്ട്ര വിമാനത്താവളം സ്വകാര്യവത്ക്കരിക്കാനുള്ള നീക്കം കേന്ദ്രസര്‍ക്കാര്‍ ഉപേക്ഷിക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. തിരുവനന്തപുരം ഉള്‍പ്പെടെ രാജ്യത്തെ 6 വിമാനത്താവളങ്ങള്‍ സ്വകാര്യവ്യക്തികള്‍ക്ക് നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരിക്കുകയാണ്. ദില്ലി, മുംബൈ എയര്‍പോര്‍ട്ടുകള്‍ നേരത്തെ തന്നെ ബിജെപി സര്‍ക്കാര്‍ സ്വകാര്യ മേഖലയ്ക്ക് നല്‍കിയിരുന്നു. എയര്‍പോര്‍ട്ട് അതോറിറ്റിയുടെ വരുമാനത്തിന്റെ പകുതിയിലധികവും ലഭിച്ചുകൊണ്ടിരുന്നത് ദില്ലി, മുംബൈ എയര്‍പോര്‍ട്ടുകളില്‍ നിന്നായിരുന്നു. മിനി നവരത്ന പദവിയിലുള്ള പൊതുമേഖലാ സ്ഥാപനമായ എയര്‍പോര്‍ട്ട് അതോറിറ്റി നവരത്ന പദവയിലേക്ക് കുതിച്ചുകൊണ്ടിരിക്കുകയാണ്. വന്‍ലാഭം ലഭിച്ചു കൊണ്ടിരിക്കുന്ന പൊതുമേഖലാ സ്ഥാപനമാണെന്ന് കണ്ടാണ് കോര്‍പ്പറേറ്റുകള്‍ ഇതു കൈയടക്കാന്‍ ശ്രമിക്കുന്നത്. രാജ്യത്തിന്റെ സ്വത്ത് കൊള്ളയടിക്കാന്‍ കോര്‍പ്പറേറ്റുകള്‍ക്ക് സൗകര്യം ചെയ്തുകൊടുക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്യുന്നത്. ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ സ്വകാര്യവത്ക്കരിച്ച് ഖജനാവില്‍ പണമെത്തിച്ച് സാമ്പത്തിക പ്രതിസന്ധി മറികടക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തില്‍ ബിജെപിയുടെ തിരഞ്ഞെടുപ്പ് ഫണ്ട് ലക്ഷ്യമിട്ടാണ് ധൃതിപിടിച്ച് ഈ തീരുമാനമെടുത്തത്. വിമാനത്താവളം സ്ഥിതി ചെയ്യുന്ന 685 ഏക്കര്‍ സ്ഥലം പലപ്പോഴായി സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്ത് നല്‍കിയതായിരുന്നു. 30% വാര്‍ഷിക വളര്‍ച്ചയുള്ള വിമാനത്താവളമാണ് തിരുവനന്തപുരം. കഴിഞ്ഞ 6 വര്‍ഷത്തെ കണക്കെടുത്താല്‍ യാത്രക്കാരുടെ എണ്ണത്തില്‍ 100% വര്‍ധനവാണ് ഉണ്ടായത്. 600 കോടിരൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് എയര്‍പോര്‍ട്ട് അതോറിറ്റി അംഗീകാരം നല്‍കി മുന്നോട്ടു പോവുകയാണ്. അതോടൊപ്പം 18 ഏക്കര്‍ ഭൂമി സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്ത് നല്‍കി വികസന നടപടികള്‍ പുരോഗമിക്കുന്നതിനിടെയാണ് വിമാനത്താവളം സ്വകാര്യവത്ക്കരിക്കാനുള്ള തീരുമാനം വരുന്നത്. ഏത് കാലാവസ്ഥയിലും വിമാനമിറങ്ങാന്‍ കഴിയുന്ന രാജ്യത്തെ തന്നെ മികച്ച വിമാനത്താവളത്തെയാണ് സ്വകാര്യവത്ക്കരിക്കാന്‍ നീക്കം നടത്തുന്നത്. ഇതിനെതിരെ കേരളത്തിലെ പൊതുസമൂഹം ഒറ്റക്കെട്ടായി പ്രതിഷേധിക്കണമെന്ന് കോടിയേരി ബാലകൃഷ്ണന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss