|    Nov 13 Tue, 2018 3:41 am
FLASH NEWS
Home   >  Kerala   >  

കേന്ദ്ര സഹായം അപര്യാപ്തം; ധനസമാഹരണത്തില്‍ പ്രവാസികള്‍ വാശിയോടെ പങ്കാളികളാകണമെന്ന് മുഖ്യമന്ത്രി

Published : 24th October 2018 | Posted By: afsal ph

തിരുവനന്തപുരം: കേന്ദ്രാനുമതി ലഭിക്കാത്തതിനാല്‍ മന്ത്രിമാരുടെ വിദേശ സന്ദര്‍ശനം മുടങ്ങിയ സാഹചര്യത്തില്‍ കേരള പുനര്‍നിര്‍മാണത്തിനുളള ധനസമാഹരണത്തില്‍ പ്രവാസി മലയാളികള്‍ വാശിയോടെ പങ്കാളികളാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭ്യര്‍ത്ഥിച്ചു. അമേരിക്കയിലെ മലയാളി സംഘടനാ പ്രതിനിധികളുമായി ധനസമാഹരണം സംബന്ധിച്ച് വീഡിയോ കോണ്‍ഫറന്‍സിലൂടെ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. പുനര്‍നിര്‍മാണത്തിനുള്ള ചെലവ് പരിഗണിക്കുമ്പോള്‍ സഹായമായി ജനങ്ങളില്‍ നിന്ന് ലഭിച്ച തുക ചെറുതാണ്. പതിനേഴായിരത്തിലേറെ വീടുകള്‍ പൂര്‍ണമായി തകര്‍ന്നിട്ടുണ്ട്. തകര്‍ന്ന വീടിന് കേന്ദ്ര സര്‍ക്കാര്‍ 95,000 രൂപയാണ് നല്‍കുന്നത്. എന്നാല്‍ സംസ്ഥാനം നല്‍കുന്നത് നാല് ലക്ഷം രൂപയാണ്. ഒരു കിലോമീറ്റര്‍ റോഡിന് കേന്ദ്രം അനുവദിക്കുന്നത് ഒരു ലക്ഷം രൂപ മാത്രമാണ്. എന്നാല്‍ മികച്ച റോഡ് പണിയാന്‍ കിലോമീറ്ററിന് രണ്ട് കോടി രൂപ വേണ്ടിവരും. ഈ സാഹചര്യത്തിലാണ് ലോകത്താകെയുളള മലയാളി സഹോദരങ്ങളില്‍ നിന്ന് ഫണ്ട് സമാഹരിക്കാന്‍ തീരുമാനിച്ചത്.

മലയാളി സംഘടനകള്‍ എന്ന നിലയില്‍ ധനസമാഹരണത്തിനും സ്‌പോണ്‍സര്‍ഷിപ്പിനും ശ്രമിക്കുമ്പോള്‍ എല്ലാവരെയും വ്യക്തിപരമായി പങ്കാളികളാക്കാന്‍ ശ്രമിക്കണം. ഈ രീതിയില്‍ പ്രവര്‍ത്തിച്ചാല്‍ ധനസമാഹരണം നല്ല വിജയമാക്കാന്‍ കഴിയും. യു.എ.ഇ സന്ദര്‍ശിച്ചപ്പോള്‍ ഏറെ പ്രതീക്ഷയുളവാക്കുന്ന പ്രതികരണമാണുണ്ടായത്. യു.എ.ഇ ഭരണാധികാരികളുമായി സംസാരിച്ചിരുന്നു. അവരുടെയൊക്കെ ഹൃദയത്തിലെ നാടാണ് കേരളം. യു.എ.ഇയില്‍ ഒരു മാസത്തെ ശമ്പളം നല്‍കാന്‍ മലയാളികള്‍ വലിയ താല്പര്യമാണ് കാണിച്ചത്. സര്‍ക്കാരിനെ സംബന്ധിച്ച് എത്ര ചെറിയ തുകയും വലുതാണ്. ഓരോരുത്തരും അവരുടെ കഴിവിനനുസരിച്ച് പങ്കാളികളാവട്ടെ.

ക്രൗഡ്ഫണ്ടിംഗ് പോര്‍ട്ടല്‍ സജ്ജമായതിനാല്‍ സഹായം നല്‍കാന്‍ ഉദ്ദേശിക്കുന്ന പദ്ധതികള്‍ തെരഞ്ഞെടുക്കാന്‍ കഴിയും. നാശനഷ്ടത്തിന്റെ വിശദാംശം പോര്‍ട്ടലിലുണ്ട് (rebuild.kerala.gov.in). സ്‌കൂളോ അംഗന്‍വാടിയോ പ്രാഥമികാരോഗ്യകേന്ദ്രമോ വീടോ സ്‌പോണ്‍സര്‍ ചെയ്യാം. മന്ത്രിമാരുടെ വിദേശ സന്ദര്‍ശനം നടക്കാത്തതുകൊണ്ട് ധനസമാഹരണത്തില്‍ ഒരു കുറവും വരാന്‍ പാടില്ല. സംഘടയ്ക്ക് പുറത്തുളളവരെയും ബന്ധപ്പെടണമെന്നും ഓരോ പ്രദേശത്തും നല്ല കൂട്ടായ്മ ഉണ്ടാകണമെന്നും അമേരിക്കന്‍ മലയാളികളോട് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.

നോര്‍ക്ക റൂട്ട്‌സ് ഡയറക്ടര്‍ ഡോ.എം. അനിരുദ്ധന്‍, പോള്‍ ഇഗ്‌നേഷ്യസ് (ബോസ്റ്റണ്‍), റയിസ് നമ്പത്ത് പൊന്നന്‍ (സാന്‍ഫ്രാന്‍സിസ്‌കോ), ജോണ്‍ ഐസക്, തോമസ് പി. മാത്യു, ഫിലിപോസ് ഫിലിപ്പ്, യു.എ. നസീര്‍ (ന്യൂയോര്‍ക്ക്), അനിയന്‍ ജോര്‍ജ് (ന്യൂജഴ്‌സി), എ.പി. ഹരിദാസ് (ഡള്ളസ്), കെ.എസ്. ഷിബു (നാഷ് വില്‍), പീറ്റര്‍ കുളങ്ങര, അരുണ്‍ സൈമണ്‍, റോയ് മുളങ്കുന്ന് (ഷിക്കാഗോ), നരേന്ദ്രകുമാര്‍ (ഡെട്രോയ്റ്റ്), ജോസ് എബ്രഹാം തുടങ്ങിയവര്‍ വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുത്ത് ഓരോ മേഖലയിലും നടക്കുന്ന ധനസമാഹരണ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss